അയർലാൻഡിൽ നിന്നുള്ള ഒരു അനാഥനാണ് താനെന്നും പേര് ആർതർ നൈറ്റ് ആണെന്നും അവകാശപ്പെട്ടെങ്കിലും ടാറ്റൂ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്.

മുൻകാമുകിയെ ബലാത്സംഗം ചെയ്ത ശേഷം താൻ മരിച്ചതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് സ്കോട്ട്ലൻഡിലേക്ക് മുങ്ങി. അമേരിക്കക്കാരന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ. 17 വർഷം മുമ്പാണ് ഇയാൾ മുൻകാമുകിയെ പീഡിപ്പിച്ച് പിടിയിലാകുമെന്നറിഞ്ഞപ്പോൾ നാടുവിട്ടത്. 2008 -ലാണ് യൂട്ടായിൽ വച്ച് 38 -കാരനായ നിക്കോളാസ് റോസി യുവതിയെ ബലാത്സംഗം ചെയ്തത്. സാൾട്ട് ലേക്ക് സിറ്റി കോടതിയാണ് തിങ്കളാഴ്ച ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

'യുവതിയോട് അതിക്രമം കാണിച്ച ശേഷം ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാനായി ഇയാൾ രാജ്യം തന്നെ വിട്ടു. മറ്റൊരു പേര് സ്വീകരിച്ചു. ഈ അന്വേഷണം നടക്കുമ്പോൾ പോലും താൻ ആരാണെന്നത് സമ്മതിക്കാൻ അയാൾ വിസമ്മതിക്കുകയായിരുന്നു' എന്നാണ് സ്റ്റേറ്റ് ജഡ്ജി ബാരി ലോറൻസ് പറഞ്ഞത്. 'ഈ കേസിൽ ഉചിതമായ ഒരേയൊരു ശിക്ഷ നിങ്ങളെ ജയിലിലേക്ക് അയയ്ക്കുക എന്നതാണ് എന്ന് ഞാൻ കരുതുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കോളാസ് റോസിക്കെതിരെ മറ്റൊരു ബലാത്സം​ഗക്കേസ് കൂടിയുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. മുൻ കാമുകിയെ ബലാത്സം​ഗം ചെയ്തതിന് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ തനിക്ക് അസുഖമാണ് എന്ന് പറയുകയും പിന്നീട് സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്തു. പിന്നീട്, ഇയാൾ പേരുമാറ്റി സ്കോട്ട്ലാൻഡിലേക്ക് കടന്നു. പല തവണ ഇയാൾ പേരും വിലാസവും മാറ്റി. എന്നാൽ, 2021 -ൽ സ്കോട്ലാൻഡിലെ ഒരു ആശുപത്രിയിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.

അയർലാൻഡിൽ നിന്നുള്ള ഒരു അനാഥനാണ് താനെന്നും പേര് ആർതർ നൈറ്റ് ആണെന്നും അവകാശപ്പെട്ടെങ്കിലും ടാറ്റൂ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇന്റർപോൾ നേരത്തെ തന്നെ ടാറ്റൂവിന്റെ വിവരണങ്ങൾ നൽകിയിരുന്നു. ഒടുവിൽ, പൊലീസും മെഡിക്കൽ സ്റ്റാഫും ഇത് നിക്കോളാസ് റോസിയാണ് എന്ന് തിരിച്ചറിയുകയായിരുന്നു.