Asianet News MalayalamAsianet News Malayalam

'അമ്മേ, നമുക്ക് സ്വർ​ഗത്തിൽ വച്ചുകാണാം', കൊല്ലപ്പെട്ട അമ്മയ്ക്ക് യുക്രൈനിലെ ബാലികയുടെ കത്ത്

"അമ്മേ ഈ കത്ത് മാർച്ച് എട്ടിന് അമ്മയ്ക്കുള്ള സമ്മാനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒമ്പത് വർഷത്തിന് നന്ദി" കത്തിൽ പെൺകുട്ടി പറഞ്ഞു. 

nine year old wrote a letter to mother who killed in Russia Ukraine war
Author
Ukraine, First Published Apr 11, 2022, 5:05 PM IST

റഷ്യ(Russia) യുക്രൈനി(Ukraine)ൽ അധിനിവേശം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. യുദ്ധ(War)ത്തെ തുടർന്ന്, ദശലക്ഷക്കണക്കിന് ആളുകൾ കുടിയേറിയപ്പോൾ, ഒന്നിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് ഹൃദയഭേദകമായ ഫോട്ടോകളും വാർത്തകളും തുടർച്ചയായി വന്നു കൊണ്ടിരിക്കയാണ്. ഒമ്പതു വയസ്സുള്ള ഒരു യുക്രേനിയൻ പെൺകുട്ടിയുടെ വികാരനിർഭരമായ ഒരു കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 

റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അമ്മയെ അഭിസംബോധന ചെയ്താണ് കുട്ടി കത്ത് എഴുതിയിരിക്കുന്നത്. താൻ ഒരു നല്ല കുട്ടിയാകാൻ ശ്രമിക്കുമെന്നും, അങ്ങനെ നമുക്ക് വീണ്ടും സ്വർഗത്തിൽ കണ്ടുമുട്ടാമെന്നുമാണ് പെൺകുട്ടി അതിൽ പറയുന്നത്. പെൺകുട്ടിയുടെ അമ്മ അവരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

തന്റെ അമ്മയെ താൻ ഒരിക്കലും മറക്കില്ലെന്നും ഒമ്പത് വയസുകാരി കത്തിൽ കുറിക്കുന്നു. "അമ്മേ ഈ കത്ത് മാർച്ച് എട്ടിന് അമ്മയ്ക്കുള്ള സമ്മാനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒമ്പത് വർഷത്തിന് നന്ദി" കത്തിൽ പെൺകുട്ടി പറഞ്ഞു. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് മാർച്ച് എട്ടിന് ട്വിറ്ററിൽ കത്ത് ഷെയർ ചെയ്തിരിക്കുന്നത്. അടിക്കുറിപ്പിൽ, അദ്ദേഹം എഴുതി, "#ബോറോജങ്കയിൽ മരിച്ച ഒരു അമ്മയ്ക്ക് അവരുടെ ഒമ്പത് വയസുള്ള മകൾ എഴുതിയ കത്ത് ഇതാ. 'അമ്മേ! അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഞാൻ അമ്മയെ ഒരിക്കലും മറക്കില്ല. അമ്മ സ്വർ​ഗത്തിൽ എത്തിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവിടെ സന്തോഷമായിരിക്കൂ. ഞാൻ ഇനി ഒരു നല്ല വ്യക്തിയാകാൻ ശ്രമിക്കും. എന്നാലല്ലേ എനിക്ക് സ്വർ​ഗത്തിൽ അമ്മയുടെ അടുത്ത് എത്താൻ കഴിയൂ. സ്വർ​ഗത്തിൽ കാണാം! ഉമ്മ. ഗാലിയ.'

പോസ്റ്റിനോട് പ്രതികരിച്ച് കൊണ്ട് പലരും എഴുതി. അതിലൊരാൾ ഇങ്ങനെ എഴുതി: "ഓരോ കുട്ടിക്കും അമ്മയാണ് എല്ലാം. എനിക്ക് അവളുടെ വേദന മനസ്സിലാകും. അമ്മയെ നഷ്ടപ്പെട്ടപ്പോൾ അവൾ എത്ര ബുദ്ധിമുട്ടി കാണും. അവളെപ്പോലെ നിരവധി കുട്ടികൾ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. എന്തുകൊണ്ടാണ് രാജ്യങ്ങൾ യുദ്ധം ചെയ്യുന്നത്? അവർക്ക് സമാധാനമായി ജീവിക്കാൻ കഴിയുന്നില്ലേ? മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കാത്തത് എന്ത് കൊണ്ടാണ്."

അതേസമയം, ഫെബ്രുവരി 24 -ന് റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം 4.5 ദശലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം, 4,503,954 ഉക്രൈനിയൻ അഭയാർഥികളുണ്ടെന്ന് യുഎൻഎച്ച്സിആർ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 62,291 പേർ കൂടുതലാണ് അതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ഇത്രയധികം അഭയാർത്ഥികളെ കാണുന്നത് ഇതാദ്യമാണെന്നാണ് യുഎൻ ഏജൻസി പറയുന്നത്. യുഎന്നിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പ്രകാരം ഏകദേശം 210,000 ഉക്രൈനിയക്കാരല്ലാത്തവരും രാജ്യം വിട്ടിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios