രാജ്യത്തുടനീളമുള്ള വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും ആയുധമേന്തിയ താലിബാൻകാരുടെ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പരക്കെ പ്രചരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ അമ്യൂസ്‌മെന്റ് പാർക്കുകളിലും മേളകളിലും മറ്റും തോക്കുമായി ചെന്ന് ആളുകളെ പേടിപ്പിക്കരുതെന്ന് താലിബാൻ(Taliban) ആളുകൾക്ക് മുന്നറിയിപ്പ് നൽകി. താലിബാൻ അനുയായികൾ അമ്യൂസ്‌മെന്റ് പാർക്കു(Amusement Parks)കളിൽ തോക്കുമായി പ്രവേശിക്കുകയും, ആയുധങ്ങൾ കൈമാറാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് താലിബാൻ ഇപ്പോൾ ആയുധങ്ങളുമായി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നത്. പലപ്പോഴും ആയുധങ്ങളുമായി എത്തുന്ന അവരെ ജനങ്ങൾ ഭീതിയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാൽ, ഇനി അത്തരം ഷോ ഓഫ് ഒന്നും വേണ്ടെന്ന് താലിബാൻ തന്റെ ആളുകൾക്ക് താക്കീത് നൽകിയിരിക്കയാണ്.
ഇതുകൂടാതെ, സൈനിക യൂണിഫോമിലും വാഹനങ്ങളിലും പൊതുവിടങ്ങളിൽ പ്രവേശിക്കുന്നതും താലിബാൻ വിലക്കുന്നു. താലിബാനികളോട് പൊതുജനങ്ങൾക്ക് സ്വീകാര്യമായ വസ്ത്രങ്ങൾ ധരിക്കാനും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിന് തങ്ങളെ കുറിച്ചുളള കാഴ്ചപ്പാട് മാറ്റി എടുക്കാനും, കുറച്ചുകൂടി മൃദുലഹൃദയരായി സ്വയം ചിത്രീകരിക്കാനുമുള്ള ഒരു നീക്കമായി ഈ നിയമത്തെ വിലയിരുത്തപ്പെടുന്നു. “ഇസ്‌ലാമിക് എമിറേറ്റിലെ മുജാഹിദീൻ ആയുധങ്ങളുമായി അമ്യൂസ്‌മെന്റ് പാർക്കുകളുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നതും സൈനിക യൂണിഫോമിൽ പ്രവേശിക്കുന്നതും വാഹനങ്ങളിൽ പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു” അഫ്ഗാനിസ്ഥാന്റെ മാധ്യമ, സാംസ്കാരിക ഡെപ്യൂട്ടി മന്ത്രി സബിഹുള്ള മുജാഹിദ് പറഞ്ഞു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ മുജാഹിദുകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളമുള്ള വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും ആയുധമേന്തിയ താലിബാൻകാരുടെ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പരക്കെ പ്രചരിച്ചിരുന്നു. പെഡൽ ബോട്ടുകളിലും ബമ്പർ കാറുകളിലും, റൈഫിളുകൾക്ക് പകരം ഐസ്ക്രീമുമായി ഇരിക്കുന്ന അവരുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ചിത്രങ്ങൾക്ക് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. വിനോദത്തിനായുള്ള സ്ഥലങ്ങളിൽ കാക്കി ധരിച്ച് കൈയിൽ ആയുധവുമായി കറങ്ങി നടക്കുന്ന താലിബാനികളെ കാണുമ്പോൾ മറ്റ് സന്ദർശകർക്ക് ഭയം തോന്നിയേക്കാമെന്ന ആശങ്ക പലരും പങ്കുവച്ചു. അതുപോലെ പ്രായം നോക്കാതെ എല്ലാത്തിലും ഇരുന്ന് സവാരി നടത്തുന്നതും ശരിയാണോ എന്നൊരു സംശയവും ഉയർന്നിരുന്നു. "കുട്ടികളും പ്രായമായവരും എന്നിങ്ങനെ ഭാരം കൂടി നോക്കിയാണ് ഈ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ, ചില സായുധരായ ആളുകൾ നിയമങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഇത് ഉപയോഗിക്കുന്നു" തലസ്ഥാനമായ കാബൂളിലെ ഹബീബുള്ള സസായ് പാർക്കിലെ ഒരു തൊഴിലാളി പറഞ്ഞു.
രണ്ടാമത് അധികാരത്തിൽ തിരിച്ചെത്തിയതുമുതൽ, തങ്ങൾ കൂടുതൽ മിതത്വം പാലിച്ചുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് താലിബാനികൾ. പക്ഷേ, അത് രാജ്യത്ത് വളർന്നുവരുന്ന മാനുഷിക പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനും, അന്താരാഷ്ട്ര സാമ്പത്തിക സഹായം തേടാനുമുള്ള ഒരു മാർഗ്ഗമായി പൊതുവെ കരുതപ്പെടുന്നു.
