Asianet News MalayalamAsianet News Malayalam

കേരളത്തിൽ 28 വർഷമായി വധശിക്ഷ കാത്തിരിക്കുന്നത് നിരവധി പേർ, എന്നാൽ കാലതാമസത്തിന് ബദൽ എൻകൗണ്ടറോ?

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ആപ്‍തവാക്യം തന്നെ. അതിനുള്ള മുൻകരുതലുകൾ പലതും സ്വാധീനമുള്ളവർ ദുരുപയോഗപ്പെടുത്തുന്നുണ്ട്. 

No hangings in Kerala for the last 28 years, but does that make encounter killing an alternative?
Author
Trivandrum, First Published Dec 6, 2019, 10:56 AM IST

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്നത് നീതിപീഠത്തിന് മുന്നിലെത്തിയ കുറ്റവാളി ചെയ്തിരിക്കുന്ന കുറ്റം അപൂർവങ്ങളിൽ അപൂർവമാണ് എന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ്. ഒരിക്കൽ വിചാരണക്കോടതി വധശിക്ഷ പുറപ്പെടുവിച്ചാൽ പിന്നെയും പല തലങ്ങളിലായി അപ്പീലിന് പോകാനുള്ള വ്യവസ്ഥകൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ലഭ്യമാണ്. നിരപരാധികളായവർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങൾ എന്ന നിലയിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ, ഈ വകുപ്പുകൾ പലപ്പോഴും അനിശ്ചിതകാലത്തേക്ക് വധശിക്ഷ നടപ്പിലാക്കാതെ പോകുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കാറുണ്ട്. അതിന്റെ പേരിൽ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും പൊതുജനമധ്യത്തിലും പ്രതിഷേധങ്ങളും ഉയർന്നുവരാറുണ്ട്.

എൺപതുകളിൽ കേരളത്തിൽ ഭീതി പടർത്തിയ ഒരു സീരിയൽ കില്ലർ ഉണ്ടായിരുന്നു. പേര് ചന്ദ്രൻ.  കൊല്ലാനായി കണ്ടുവെച്ചിരുന്നവരുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് തലയോട്ടി പിളർത്തിയായിരുന്നു ചന്ദ്രൻ ആളെ കൊന്നിരുന്നത്. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടിയിലാകുമ്പോഴേക്കും പതിനാലു പേർ ചന്ദ്രന്റെ കൈകളാൽ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അമേരിക്കയിൽ അതിനുമുമ്പ് സമാനമായ രീതിയിൽ ആളെക്കൊന്നിരുന്ന 'ജാക്ക് ദ റിപ്പർ' എന്ന കൊലപാതകിയുടെ പേരിന്റെ ചുവടുപിടിച്ച് കേരളാ പൊലീസ് ചന്ദ്രനൊരു പേര് നൽകി. 'റിപ്പർ' ചന്ദ്രൻ. 1991 -ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് റിപ്പർ ചന്ദ്രൻ തൂക്കിലേറ്റപ്പെട്ടു. അതായിരുന്നു കേരളത്തിൽ നടപ്പിലാക്കപ്പെട്ട അവസാനത്തെ വധശിക്ഷ.

No hangings in Kerala for the last 28 years, but does that make encounter killing an alternative?No hangings in Kerala for the last 28 years, but does that make encounter killing an alternative?

കേരളത്തിലെ രണ്ടു ജയിലുകളിൽ തൂക്കിക്കൊല നടപ്പിലാക്കാനുള്ള സൗകര്യങ്ങളുണ്ട്. ഒന്ന്, വടക്ക് കണ്ണൂരിൽ. രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ. കണ്ണൂരിൽ കേരളത്തിലെ അവസാനത്തെ കഴുവേറ്റം നടത്തപ്പെട്ടത് 28 വർഷങ്ങൾക്ക് മുമ്പായിരുന്നു എങ്കിൽ, പൂജപ്പുര ജയിലിൽ ഒരു തൂക്ക് നടന്നത് 41 വർഷം മുമ്പാണ്. അക്കൊല്ലമാണ് അഴകേശൻ എന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട ദുർമന്ത്രവാദിയെ പൂജപ്പുരയിലെ കഴുമരത്തിൽ തൂക്കിലിട്ടത്. നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്നകുറ്റത്തിനാണ് അന്ന് അഴകേശനെ തൂക്കിക്കൊന്നത്. അതിനുശേഷം, പൂജപ്പുരജയിലിൽ ഇന്നുവരെ ആരെയും തൂക്കിലേറ്റിയിട്ടില്ല.

അവിടന്നിങ്ങോട്ട് വർഷാവർഷം കേരളത്തിലെ കോടതികൾ  പല കേസുകളിലായി പലരെയും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. എന്നാൽ, അവരൊന്നും തന്നെ കഴിഞ്ഞ ഇരുപത്തെട്ടു വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കോടതിമുറിയിൽ വധശിക്ഷാവിധിപ്രസ്താവത്തിൽ നിന്ന് കഴുമരത്തിലേക്കുള്ള ദൂരം പിന്നിട്ടിട്ടില്ല. അവർക്കും കഴുമരത്തിനുമിടയിൽ ഇന്നും നിയമത്തിന്റെ നൂലാമാലകൾ പ്രതിബന്ധമായി നിലനിൽക്കുന്നുണ്ട്. അവരിൽ റിപ്പർ ജയാനന്ദനും, പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട ആര്യനാട് രാജേഷും, പുത്തൂർ ഷീല വധക്കേസ് പ്രതി കനകരാജും, ഭാര്യയെയും നാലു കുഞ്ഞുങ്ങളെയും കൊന്ന ആമയൂരിലെ റെജികുമാറും, ദമ്പതികളെ വധിച്ച ആസാമിലെ തൊഴിലാളി പ്രദീപ് ബോറയും ഒക്കെയുണ്ട്.

No hangings in Kerala for the last 28 years, but does that make encounter killing an alternative?

ഇത്തരത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ അവസാന അപ്പീലിനുള്ള സാധ്യതയും തള്ളപ്പെട്ടുകഴിഞ്ഞാൽ പിന്നെ ശിക്ഷ നടപ്പിലാക്കാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കപ്പെടുന്നതോടെയാണ് അതിനു ഔപചാരികമായ തുടക്കമാവുന്നത്. അടുത്തതായി പ്രതിയെ 'കണ്ടെംന്‍‌ഡ് സെൽ' എന്ന ഏകാന്തതടവിലേക്ക് മാറ്റുകയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൂക്കിലേറ്റപ്പെടും എന്നറിഞ്ഞാൽ പ്രതി മാനസികമായി ആകെ തളർന്ന അവസ്ഥയിലാകും. അയാളെ വധശിക്ഷ സ്വബോധത്തോടെ ഏറ്റുവാങ്ങാൻ തയ്യാറെടുപ്പിക്കുക എന്നതാണ് ജയിൽ അധികൃതരുടെ അടുത്ത ദൗത്യം. ഈ ഹ്രസ്വകാലയളവിൽ പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ നൽകപ്പെടും. ആവശ്യപ്പെടുന്ന സന്ദർശകരെയും അനുവദിക്കപ്പെടും. എന്തെങ്കിലും ചികിത്സ വേണമെന്നുണ്ടെങ്കിൽ അതും നടത്തിക്കൊടുക്കും. വിൽപത്രം എഴുതാൻ താത്പര്യപ്പടുന്ന പ്രതികൾക്കു അതിനുവേണ്ട നിയമസഹായങ്ങളും ജയിലധികൃതരുടെ ഭാഗത്തുനിന്നുണ്ടാകും. പ്രതിയുടെ മതവിശ്വാസപ്രകാരം അവസാനമായി പശ്ചാത്തപിക്കാനുള്ള, പ്രാർത്ഥിക്കാനുള്ള, ചെയ്തകുറ്റത്തിന് ദൈവത്തോട് മാപ്പിരക്കാനുള്ള സൗകര്യങ്ങളും അതിനുവേണ്ട പുരോഹിതരുടെ സാന്നിധ്യവും ഉറപ്പുവരുത്തും.

ഒടുവിൽ ശിക്ഷ നടപ്പിലാക്കേണ്ട ദിവസവും വന്നുചേരും. സൂര്യോദയത്തോട് അടുപ്പിച്ചുള്ള സമയമാണ് സാധാരണ ശിക്ഷ നടപ്പിലാക്കാനാണ് തെരഞ്ഞെടുക്കാറുള്ളത്. ആളെ തൂക്കുന്നതിനു മുമ്പ് ആദ്യം അതേ ഭാരമുള്ള ഒരു ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. അതിനു ശേഷം ആളെ പതുക്കെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ കൊണ്ട് നിർത്തും. തലയിൽ കറുത്ത നിറത്തിലുള്ള ഒരു സഞ്ചി ധരിപ്പിച്ച് കെട്ടും. ഇരുകൈകളും കാലുകളും തമ്മിൽ ബന്ധിക്കും. അതിനു ശേഷം, ആരാച്ചാരായി നിയോഗിക്കപ്പെട്ടയാൾ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തറ പ്രതിയുടെ കാലടിയിൽ നിന്ന് തെന്നിമാറും. അതോടെ ശ്വാസം മുട്ടി, പ്രതി തൂങ്ങി മരിക്കും.

ഇനിയും സാങ്കേതികമായ കാരണങ്ങളാൽ നടപ്പിലാക്കാതെ ഇരിക്കുകയാണ് കേരളത്തിലെ വധശിക്ഷകൾ. പ്രതികൾ സമർപ്പിക്കുന്ന അപ്പീലുകളും ദയാഹർജികളും ഒക്കെത്തന്നെയാണ് കാലതാമസമുണ്ടാകാൻ പ്രധാനകാരണം. എപ്പോഴും നടക്കുന്ന ഒരു കൃത്യമല്ലാത്തതിനാൽ ആരാച്ചാന്മാരുടെ അഭാവവും ഇതിനെ വൈകിക്കുന്നുണ്ട്. അങ്ങനെ പല കാരണങ്ങളാൽ കേരളത്തിലെ വധശിക്ഷകൾ നടപ്പിലാക്കാതെ തുടരുകയാണ്. അതൊക്കെ നീങ്ങും വരെ, വധശിക്ഷകാത്ത് കേരളത്തിലെ ജയിലുകളിൽ കഴിയുന്നവർക്ക് അവരുടെ ആയുസ്സ് ഇനിയങ്ങോട്ടും നീട്ടിക്കിട്ടും. 

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ആപ്തവാക്യം തന്നെ. അതിനുള്ള മുൻകരുതലുകളാണ് ഈ സംവിധാനത്തിൽ നല്കപ്പെട്ടിട്ടുള്ള ഓരോ വ്യവസ്ഥകളും. അതിനെ സ്വാധീനമുള്ളവർ ദുരുപയോഗപ്പെടുത്തുന്നുണ്ട്, അതിന്റെ ആനുകൂല്യം മുതലെടുത്തുകൊണ്ട് നല്ല അഭിഭാഷകരെ വക്കാലത്തേൽപ്പിക്കാൻ ശേഷിയുള്ളവർ തങ്ങളുടെ അന്തിമവിധി പലപ്പോഴും ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടു പോകുന്നുണ്ട് എന്നതൊക്കെ ശരിതന്നെ, എന്നാൽ അതൊന്നും തന്നെ നീതിന്യായക്കോടതി എന്ന സംവിധാനത്തെ പൊലീസ് ഏറ്റെടുക്കാനും കുറ്റവാളിയെന്ന് തങ്ങൾക്ക് തോന്നുന്നവരെ അല്ലെങ്കിൽ സമൂഹം മുദ്രകുത്തുന്നവരെ തൽക്ഷണം 'എക്സ്ട്രാ ജുഡീഷ്യൽ' ആയ എൻകൗണ്ടർ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതും ഒന്നും ഒരു ജനാധിപത്യരാജ്യത്തിൽ ശുഭോദർക്കമായ ലക്ഷണങ്ങളല്ല..! 

Follow Us:
Download App:
  • android
  • ios