കാലാവസ്ഥാ വ്യതിയാനം തടയാന്‍ ബ്ലാ ബ്ലാ ബ്ലാ വര്‍ത്തമാനം മതിയാവില്ലെന്ന് കാലാവസ്ഥാ മാറ്റത്തിനെതിരെ പൊരുതുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്  

കാലാവസ്ഥാ വ്യതിയാനം (climate change) തടയാന്‍ ബ്ലാ ബ്ലാ ബ്ലാ വര്‍ത്തമാനം മതിയാവില്ലെന്ന് കാലാവസ്ഥാ മാറ്റത്തിനെതിരെ പൊരുതുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് (Greta Thunberg). ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ (COP26 ) നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെയാണ് ഗ്രെറ്റ ആഗോള നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. സമ്മേളനം വെറും പ്രഹസനമാണെന്ന് ഗ്രെറ്റ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ലോകത്തിന്റെ ഭാവിയെ ഗൗരവത്തോടെ കാണുന്നുവെന്ന് അഭിനയിക്കുക മാത്രമാണെന്നും ഗ്രെറ്റ പറഞ്ഞു. 

ഉച്ചകോടി നടക്കുന്നതിനിടെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗ്ലാസ്‌ഗോയിലെ ഉച്ചകോടി വേദിക്കടുത്തുനിന്നും ക്ലൈഡ് നദിയുടെ എതിര്‍ കരയിലേക്ക് മാര്‍ച്ച് നടത്തി. 'ഞങ്ങള്‍ നിങ്ങളെ കാണുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. 

''മാറ്റമുണ്ടാവേണ്ടത് ഉള്ളില്‍ നിന്നാണ്. നമ്മുടെ നേതാക്കള്‍ക്ക് അത് സംഭവിക്കുന്നില്ല.''-മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഗ്രെറ്റ പറഞ്ഞു. കൂടുതല്‍ വിടുവായത്തങ്ങളല്ല വേണ്ടതെന്നും ഭൂമിയെ രക്ഷിക്കാന്‍ അടിയന്തിരമായ നടപടികളാണ് ഉണ്ടാവേണ്ടതെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ പറഞ്ഞു. ''ഇനിയും പരിസ്ഥിതി ചൂഷണമല്ല ഉണ്ടാവേണ്ടത്. ഇനിയും ജനചൂഷണമല്ല ഉണ്ടാവേണ്ടത്. അതു കണ്ടുകണ്ട് നമ്മള്‍ തളര്‍ന്നു കഴിഞ്ഞു.''-ഗ്രെറ്റ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ ഉച്ചകോടി കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ലോകമെങ്ങുമുള്ള രാഷ്ട്രത്തലവന്‍മാരും ഉദ്യോഗസ്ഥ പ്രമുഖരും മറ്റും പങ്കെടുക്കുന്ന ഉച്ചകോടി കാര്‍ബണ്‍ ഡേയാക്‌സൈഡിന്റെ ആഗോള പുറന്തള്ളല്‍ ഈ പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഏഴ് ശതമാനമായി കുറയ്ക്കുക, 1.5 ഡ്രിഗ്രീ സെല്‍ഷ്യസില്‍ ആഗോള താപനം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. എന്നാല്‍, ഇത് വെറും പ്രഹസനം ആണെന്നും 2014-ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ എടുത്ത സമാനമായ തീരുമാനങ്ങളിലൊന്ന് പോലും നടപ്പാക്കാന്‍ ആരും ശ്രമിച്ചില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 


ആഗോളതാപന ദുരിതം അനുഭവിക്കുന്നവരെ കാണാന്‍ ഇനിയെങ്കിലും തയ്യാറാവണമെന്ന് കെനിയന്‍ കാലാവസ്ഥാ പ്രവര്‍ത്തക എലിസബത്ത് വാതുറ്റി അഭ്യര്‍ത്ഥിച്ചു. തന്റെ രാജ്യത്തെ 20 ലക്ഷത്തിലധികം മനുഷ്യര്‍ കാലാവസ്ഥാ വ്യതിയാനം കാരണം പട്ടിണിയിലാണെന്നും അവര്‍ പറഞ്ഞു. കെനിയയില്‍ കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ വരള്‍ച്ച കാരണം പലരും പട്ടിണിയിലാണെന്നും അവര്‍ വ്യക്തമാക്കി. 

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ഗ്ലാസ്‌ഗോയില്‍ നടക്കുന്നത്. ഈ വിഷയത്തില്‍ നടക്കുന്ന 26-ാമത് ആഗോള ഉച്ചകോടി ആണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 26 (COP26 ) എന്ന ഈ ഉച്ചകോടി. ഒക്ടോബര്‍ 31 ന് ആരംഭിച്ച ഉച്ചകോടി ഈ മാസം 12 -നാണ് സമാപിക്കുന്നത്. 

കാര്‍ബണ്‍ ഡേയാക്‌സൈഡിന്റെ ആഗോള പുറന്തള്ളല്‍ ഈ പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഏഴ് ശതമാനമായി കുറയ്ക്കുക, 1.5 ഡ്രിഗ്രീ സെല്‍ഷ്യസില്‍ ആഗോള താപനം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉച്ചകോടി മുന്നോട്ട് വെക്കുന്നത്. 2050 ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് കൂടതല്‍ രാജ്യങ്ങളെ എത്തിക്കുകയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. അന്തരീക്ഷത്തില്‍ ബഹിര്‍ഗമിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അളവ് ഏതാണ്ട് തുല്യമാവുന്നതിനെയാണ് നെറ്റ് സീറോ എന്ന് പറയുന്നത്. കല്‍ക്കരി ഉപയോഗം കുറക്കുക, മീഥൈന്‍ വാതകത്തിന്റെ ബഹിര്‍ഗമനം ഇല്ലാതാക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പാരിസ്ഥിതികമായി നേരിടുക, ദരിദ്രരാജ്യങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള ധനസഹാലയം ലഭ്യമാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളും ഈ ഉച്ചകോടിക്കുണ്ട്.