വിവാഹപരസ്യങ്ങളില്‍ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഹിന്ദിയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ദൈനിക് ഭാസ്‌കര്‍. ഇനി മുതല്‍ തങ്ങളുടെ വിവാഹ പരസ്യങ്ങളില്‍ വധുവിന്റെ നിറവും ചര്‍മ്മവും വെളുപ്പും ഒന്നും ഉണ്ടാവില്ല എന്നാണ് ദൈനിക് ഭാസ്‌കര്‍ തീരുമാനിച്ചത്. അത്തരം പരസ്യങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നും പത്ര മാനേജ്‌മെന്റ് അറിയിച്ചു.  

ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളുടെ പ്രധാന സവിശേഷതയാണ് വിവാഹ പരസ്യങ്ങള്‍. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം നല്ലൊരു വരുമാന മാര്‍ഗമാണ് വൈവാഹിക മാര്‍ക്കറ്റിംഗ് പംക്തി. അതേസമയം, പല ഭാഗങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്ത തലങ്ങളിലുള്ള സ്ത്രീപുരുഷന്‍മാരെ കൂട്ടിയിണക്കാനുള്ള സവിശേഷമായ മാര്‍ഗം കൂടിയാണ് ഇന്ത്യക്കാര്‍ക്ക് ഈ വിവാഹ പരസ്യങ്ങള്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളിലെല്ലാം വിവാഹപരസ്യങ്ങള്‍ സാധാരണമാണ്. പരസ്യ വരുമാനത്തിലെ നിര്‍ണായക ഘടകവുമാണ്. 

ഇത്തരം വിവാഹ പരസ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഒരു നിറം. വെളുത്ത നിറമുള്ള വരനും വധുവിനും വേണ്ടിയുള്ള അന്വേഷണമാണ് അതിലെ പ്രധാന ഡിമാന്റ് തന്നെ. ജാതിയും ഉപജാതിയും മതവും സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ യോഗ്യതയും തൊഴിലും പാരമ്പര്യവുമെല്ലാം വിഷയമാകുന്നുവെങ്കിലും, എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും പരസ്യങ്ങളില്‍ നിറം ഒരു പ്രധാന സംഗതിയായി തുടരുകയാണ്. വെളുത്ത നിറം, ഇരുണ്ട നിറം, ഇരുനിറം എന്നിങ്ങനെയാണ് പരസ്യം നല്‍കുന്ന വധൂവരന്‍മാരെ പരസ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്. തങ്ങള്‍ തേടുന്ന ഇണകള്‍ക്ക് ഉണ്ടായിരിക്കേണ്ട നിറങ്ങള്‍ വ്യക്തമാക്കുകയും ചെയ്യാറുണ്ട് ഈ പരസ്യങ്ങള്‍. 

അങ്ങനെയൊക്കെയുള്ള വിവാഹപരസ്യങ്ങളില്‍ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഹിന്ദിയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ദൈനിക് ഭാസ്‌കര്‍. ഇനി മുതല്‍ തങ്ങളുടെ വിവാഹ പരസ്യങ്ങളില്‍ വധുവിന്റെ നിറവും ചര്‍മ്മവും വെളുപ്പും ഒന്നും ഉണ്ടാവില്ല എന്നാണ് ദൈനിക് ഭാസ്‌കര്‍ തീരുമാനിച്ചത്. അത്തരം പരസ്യങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നും പത്ര മാനേജ്‌മെന്റ് അറിയിച്ചു. 

Scroll to load tweet…

വെള്ള നിറം, ഗോതമ്പു നിറം, ഇരുനിറം, ഇരുണ്ട നിറം എന്നിങ്ങനെയുള്ള വിവരണങ്ങള്‍ ഇനി മുതല്‍ തങ്ങളുടെ പത്രത്തിലെ വൈവാഹിക പരസ്യങ്ങളില്‍ ഉണ്ടാവില്ല എന്നാണ് ദൈനിക് ഭാസ്‌കര്‍ അറിയിച്ചത്. നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്ക് അത്തരം പരസ്യങ്ങള്‍ കാരണമാവുന്നതായും ഒരു പുരോഗമന സമൂഹത്തില്‍ അത്തരം കാഴ്ചപ്പാടുകള്‍ എതിര്‍ക്കേണ്ടതുണ്ട് എന്നും ദൈനിക് ഭാസ്‌കര്‍ മാനേജിംഗ് ഡയരക്ടര്‍ സുധീര്‍ അഗര്‍വാള്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താ കുറിപ്പിലാണ് അഗര്‍വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ പെണ്‍മക്കള്‍ക്ക് നിറത്തിനും ചര്‍മ്മത്തിന്റെ ഭംഗിക്കുമപ്പുറം പോവാനുള്ള ത്രാണിയും അവരുടേതായ സവിശേഷ വ്യക്തിത്വവും ഉണ്ട്. ഈ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ദൈനിക് ഭാസ്‌കര്‍ ഇത്തരമൊരു നിലപാട് എടുത്തത് എന്നും ഹിന്ദിയിലുള്ള പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. 

Scroll to load tweet…

ഈ ട്വീറ്റ് വന്നതിനു പിന്നാലെ നിരവധി പേരാണ് അതിനെ അഭിനന്ദിച്ച് രംഗത്തുവന്നത്. കാലോചിതമായ തീരുമാനം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. തുടച്ചുനീക്കേണ്ട ദുരാചാരമാണ് ഇതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ പത്രങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും അതിനുള്ള മാതൃക കാട്ടുകയാണ് ദൈനിക് ഭാസ്‌കര്‍ എന്നും അഭിപ്രായം ഉയര്‍ന്നു.