Asianet News MalayalamAsianet News Malayalam

'കേരള ഡയലോഗ്' പരിപാടിയിൽ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നോം ചോംസ്കിയും അമർത്യ സെന്നും

കേരളം കൊവിഡ് മഹാമാരിയോട് പ്രതികരിച്ച രീതി ലോകത്തെ  അമ്പരപ്പിച്ചു കളഞ്ഞ ഒന്നാണ് എന്ന് നോം ചോംസ്കി പറഞ്ഞു.

Noam Chomsky and Amartya Sen praise Kerala Model of Covid Response
Author
Kerala, First Published Jun 27, 2020, 10:45 AM IST

കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃക അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസക്ക് പത്രമായിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ. അതിനിടെ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ ചില ചിന്തകന്മാർ കൂടി കൊവിഡിനെതിരായ പോരാട്ടത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നടത്തിയ കൂടുതൽ ഫലപ്രദവും ഏകോപിതവുമായ പരിശ്രമങ്ങളെ ശ്ലാഘിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. കൊവിഡ് മഹാമാരികൊണ്ട് അലങ്കോലമായ നാടിനെ എങ്ങനെ വീണ്ടും സമൃദ്ധിയിലേക്ക് നയിക്കാം എന്നതിലേക്കുള്ള ആലോചനകൾക്കായി കേരള ഗവൺമെന്റ് സംഘടിപ്പിച്ച 'കേരള ഡയലോഗ്' എന്ന പരിപാടിയിൽ സംബന്ധിച്ചുകൊണ്ടാണ് നോബൽ സമ്മാന ജേതാവും സാമ്പത്തികശാസ്ത്ര പണ്ഡിതനുമായ അമർത്യ സെൻ, അമേരിക്കൻ ചിന്തകനായ നോം ചോംസ്കി, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ.സൗമ്യ സ്വാമിനാഥൻ എന്നിവർ പ്രതിരോധത്തിന്റെ കേരള മാതൃകയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത്. ഇനിയങ്ങോട്ടുള്ള നാടിന്റെ മുന്നേറ്റത്തിന് ശക്തമായൊരു അടിത്തറ പാകാൻ; നയരൂപീകർത്താക്കൾ, ചിന്തകർ, അതാതു രംഗത്തെ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, പൊതുജനങ്ങളുടെ പ്രതിനിധികൾ എന്നിവരെ ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്ന വിശാലമായ ഒരു സംവാദ പദ്ധതിയാണ് കേരള ഡയലോഗിലൂടെ സംസ്ഥാനം വിഭാവനം ചെയുന്നത് എന്ന് പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

 

Noam Chomsky and Amartya Sen praise Kerala Model of Covid Response



കേരളത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്ന ഒരു ദശാസന്ധിയാണ് ഈ കൊവിഡ് മഹാമാരി എന്നും, ചുവപ്പുനാടയുടെ പ്രതിബന്ധങ്ങളെ ഫലപ്രദമായി നേരിട്ടുകൊണ്ട് കേരള സർക്കാർ ഈ മഹാമാരിയോട് പോരാടുന്നത് മറ്റേതൊരു ഭരണകൂടത്തിനും മാതൃകയാണ് എന്നും അമർത്യാസെൻ പറഞ്ഞു. കേന്ദ്രം ഇന്ത്യയൊട്ടുക്കും നടപ്പാക്കിയ ലോക്ക് ഡൗണിന്റെ അശാസ്ത്രീയതയെ അമർത്യ സെൻ നിശിതമായി വിമർശിച്ചു. ഒരു മുന്നൊരുക്കങ്ങളും കൂടാതെ, പൊടുന്നനെ നടപ്പിലാക്കിയ ലോക്ക് ഡൗൺ ജനങ്ങളെ വല്ലാതെ വലച്ചു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കൊവിഡ് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ ദേശീയ തലത്തിലുള്ള നയങ്ങളുടെ പൊള്ളത്തരങ്ങൾ സംസ്ഥാനത്തിന്റെ പദ്ധതികളെ തകിടം മരിക്കാതിരിക്കാൻ സവിശേഷ ശ്രദ്ധ വേണം, അമർത്യ സെൻ കൂട്ടിച്ചേർത്തു.

കേരളം കൊവിഡ് മഹാമാരിയോട് പ്രതികരിച്ച രീതി ലോകത്തെ  അമ്പരപ്പിച്ചു കളഞ്ഞ ഒന്നാണ് എന്ന് നോം ചോംസ്കി പറഞ്ഞു. കേരളം പ്രതികരിച്ചത്ര പോസിറ്റീവ് ആയി, വിഹഗവീക്ഷണത്തോടെ പ്രതികരിച്ച ഭരണകൂടങ്ങൾ ലോകത്തു തന്നെ വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയോ ലിബറൽ കാലഘട്ടത്തിന്റെ ഉപോത്പന്നമായ സമൂഹത്തിലെ അസമത്വത്തെ ഈ മഹാമാരി തുറന്നു കാട്ടി എന്നും ചോംസ്കി പറഞ്ഞു.  കൊവിഡ് ഈ ലോകത്ത് എന്തെങ്കിലും കാതലായ മാറ്റങ്ങളുണ്ടാക്കുമോ എന്ന ചോദ്യത്തിന് ചോംസ്കി പറഞ്ഞ മറുപടി, " ഈ മഹാമാരിക്ക് കാരണമായ അതേ ലോകത്തിലേക്കുതന്നെ കൊവിഡാനന്തരവും ലോകത്തെ തിരികെ കൊണ്ടുവരാൻ, ഒരു പക്ഷെ കുറേക്കൂടി ലിബറൽ ആയ, കുറേക്കൂടി ഭരണകൂടത്തിന്റെ ഇടപെടലുകൾ കുറഞ്ഞ, കുറേക്കൂടി നിരീക്ഷണങ്ങൾ ഉള്ളൊരു നിയോലിബറൽ വ്യവസ്ഥ സമൂഹത്തിലേക്ക് ഇനിയും തിരിച്ചുവരും. അതിനുവേണ്ടിയാണ് അവർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഉയർന്ന സാക്ഷരതാ നിരക്കിനെയും, ആരോഗ്യ രംഗം കൈവരിച്ച പുരോഗതിയെയും ഡോ. അമർത്യ സെൻ പ്രശംസിച്ചു. സമൂഹവുമായി ചർച്ച ചെയ്ത് നടപ്പിലാക്കുന്നതിന് പകരം ഒരു സുപ്രഭാതത്തിൽ അങ്ങ് നടപ്പിലാക്കിയ ലോക്ക് ഡൗൺ നിരവധിപേരുടെ ജീവനെടുത്തു എന്നും ഡോ. സെൻ പറഞ്ഞു. അത് ഏറ്റവും അധികം ബാധിച്ചത് അന്നന്നത്തെ ആഹാരത്തിനുള്ള വക അന്നന്ന് അധ്വാനിച്ച് കണ്ടെത്തുന്ന കൂലിപ്പണിക്കാരെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ പൊതുസംവിധാനങ്ങൾ കൊവിഡ് കാലത്ത് തകർന്നടിഞ്ഞപ്പോൾ കേരളത്തിൽ അത് സംഭവിക്കാതെ പിടിച്ചു നിർത്താൻ ആയതാണ് സംസ്ഥാനത്തിന്റെ വിജയമെന്നും ഡോ. സെൻ ചൂണ്ടിക്കാട്ടി.
 

Noam Chomsky and Amartya Sen praise Kerala Model of Covid Response

ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പുകൾക്ക് അനുസൃതമായി തയ്യാറെടുപ്പുകൾ നടത്തി മുൻകരുതലുകളെടുത്ത രാജ്യങ്ങൾ കൊവിഡ് പ്രതിരോധത്തിൽ വിജയിച്ചു എന്ന് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ജനുവരി 30 -ന് തന്നെ WHO കൊവിഡ് 19 -നെതിരായ ആഗോള അലർട്ട് പുറപ്പെടുവിച്ചിരുന്നു. അന്നുതൊട്ടുതന്നെ മുൻകരുതലുകൾ എടുക്കാൻ കഴിഞ്ഞതാണ് കേരളത്തിന്റെ വിജയത്തിന് കാരണം എന്ന് ഡോ. സ്വാമിനാഥൻ പറഞ്ഞു.

വിയറ്റ്നാം, തായ്‌വാൻ, ഹോങ്കോങ്, ന്യൂസിലാൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ കേരളത്തെപ്പോലെ തന്നെ കൊവിഡ് പ്രതിരോധം വിജയകരമായി നടപ്പിലാക്കിയവരാണ് എന്ന് നോം ചോംസ്കി പറഞ്ഞു. അമേരിക്കൻ സാമ്പത്തിക ഒറ്റപ്പെടുത്തൽ ദീർഘകാലം അനുഭവിച്ച ക്യൂബ തങ്ങളുടെ ഡോക്ടർമാരെ കൊവിഡ് സംഹാര നൃത്തം ചവിട്ടിയ ഇറ്റലിയെ സഹായിക്കാൻ പറഞ്ഞയച്ചത് നല്ലൊരു മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡാനന്തര വികസനത്തിന്റെ സുസ്ഥിര മാതൃകകൾ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഗവണ്മെന്റ് 'കേരള ഡയലോഗ്' എന്ന സംവാദം വിഭാവനം ചെയ്തിട്ടുള്ളത്. വരും ദിനങ്ങളിൽ കൂടുതൽ വിദഗ്ധർ പങ്കെടുക്കുന്ന ഓൺലൈൻ സംവാദങ്ങളുടെ ഒരു പരമ്പര തന്നെ ഈ പരിപാടിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios