Asianet News MalayalamAsianet News Malayalam

Death for Watching K-Pop : കെ പോപ്പ് വീഡിയോ കണ്ടതിന് ഉത്തരകൊറിയയില്‍ ഏഴ് പേരെ പരസ്യമായി തൂക്കിക്കൊന്നു

ദക്ഷിണ കൊറിയന്‍ ജനപ്രിയ സംഗീത വീഡിയോകള്‍ (K-Pop) കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് പത്തുവര്‍ഷത്തിനിടെ ഉത്തരകൊറിയയില്‍ പരസ്യമായി വധശിക്ഷയ്ക്ക് വിധേയരായത് ഏഴ്‌പേര്‍. 

North Korea executed 7 people for watching K pop videos
Author
Pyongyang, First Published Dec 17, 2021, 6:15 PM IST

ദക്ഷിണ കൊറിയന്‍ ജനപ്രിയ സംഗീത വീഡിയോകള്‍ (K-Pop) കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് പത്തുവര്‍ഷത്തിനിടെ ഉത്തരകൊറിയയില്‍ പരസ്യമായി വധശിക്ഷയ്ക്ക് വിധേയരായത് ഏഴ്‌പേര്‍. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ട്രാന്‍സിഷനല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് 
പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. 2015 മുതല്‍ സംഘടന നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് റിപ്പോര്‍ട്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഉത്തരകൊറിയയില്‍നിന്നും അതിര്‍ത്തികടന്നു പുറത്തുവന്ന 638 പേരുമായി സംഘടന അഭിമുഖം നടത്തി. കൊലകള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും അന്വേഷണത്തില്‍ വ്യക്തമായ വിവരം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉത്തരകൊറിയയില്‍ പത്തുവര്‍ഷത്തിനിടെ വിവിധ കുറ്റങ്ങള്‍ക്ക് പരസ്യ വധശിക്ഷയ്ക്ക് വിധേയരായ ആളുകളെക്കുറിച്ച് റിപ്പോര്‍ട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതിലാണ്, കെ പോപ്പ് കണ്ടതിന് വധശിക്ഷയ്ക്ക് വിധേയരായ ഏഴ് പേരുടെ വിവരങ്ങളുള്ളത്. ദക്ഷിണ കൊറിയന്‍ സംഗീത ആല്‍ബങ്ങള്‍, ദക്ഷിണ കൊറിയന്‍ സിനിമകള്‍, സീരിയലുകള്‍ എന്നിവയുടെ വീഡിയോകള്‍ വില്‍പ്പന നടത്തി എന്നാരോപിച്ചാണ് ഒരാളെ പരസ്യമായി തൂക്കിലേറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-2014 കാലത്താണ് ബാക്കി ആറുപേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.  കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍ വെച്ചാണ് പരസ്യമായി ഇവരെ തൂക്കിക്കൊന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വധശിക്ഷ നടപ്പാക്കുന്ന വിവരങ്ങള്‍ പ്രദേശവാസികളെ നേരത്തെ തന്നെ അറിയിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വിവരം കിട്ടിയതിനെ തുടര്‍ന്ന് 2013-ല്‍ താന്‍ അയല്‍പ്പക്കത്തുള്ള 20 സ്ത്രീകളെ പരസ്യ വധശിക്ഷ കാണാന്‍ കൊണ്ടുപോയതായി അന്വേഷണ സംഘത്തോട് ഒരു സ്ത്രീ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഉത്തരകൊറിയയില്‍നിന്നും ആളുകളെ അതിര്‍ത്തികടന്ന് രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റത്തിന് ഒരാളെ തൂക്കിലേറ്റിയതിന്റെ വിവരവും റിപ്പോര്‍ട്ടിലുണ്ട്. ശത്രുരാജ്യവുമായി ബന്ധം പുലര്‍ത്തി എന്നാരോപിച്ചാണ് ഇയാളെ വധിച്ചത്. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതിനാണ് മറ്റൊരാളെ തൂക്കിലേറ്റിയത്. വേശ്യാവൃത്തി, മനുഷ്യക്കടത്ത്, കൊലപാതകം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളില്‍ 2012 വരെ 23 പേരെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അഭിപ്രായത്തില്‍ കെ പോപ്പ് അടക്കമുള്ള ദക്ഷിണ കൊറിയന്‍ കലാരൂപങ്ങള്‍ തന്റെ ജനതയുടെ മനസ്സുകളില്‍ 'വിഷം കലക്കുന്ന പൈശാചിക പ്രവൃത്തികള്‍ ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് കെ പോപ്പ് കാണുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കുന്നത്. 

എന്നാല്‍, 2018-ല്‍ ഉത്തരകൊറിയന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്നുള്ള പ്രശസ്തരായ കെ പോപ്പ് സംഗീതജ്ഞര്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്‌യാങില്‍ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. പ്രസിഡന്റ് കിം അടക്കമുള്ള ഉന്നതര്‍ ആ പരിപാടി കാണുകയും ചെയ്തു. ആവേശഭരിതനായ കിം അന്ന് കൈയടികളോടെയാണ് കെ പോപ്പ് സംഗീതത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഉത്തരകൊറിയന്‍ സംസ്‌കാരത്തെ തകിടം മറിക്കുന്ന ഒന്നായാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ അന്നതിനെ വിശേഷിപ്പിച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios