Asianet News MalayalamAsianet News Malayalam

ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ ഏഴാം ഭാഗം

notes from a covid 19 treatment centre by jaseena rahim part 7
Author
Thiruvananthapuram, First Published May 18, 2021, 9:16 PM IST

മതം, ജാതി, കുടുബം, ഗോത്രം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി യാതൊരു മാനദണ്ഡങ്ങളുമില്ലാതെ എല്ലാ ചിന്തകളേയും മാറ്റി വെച്ച്, കോവിഡ് രോഗികള്‍ എന്ന ഒറ്റ ലേബലില്‍ ഭക്ഷണം വാങ്ങാനായി നിശ്ചിത അകലം പാലിച്ച് നില്‍ക്കുമ്പോള്‍, എനിക്ക് ലോകത്തോടെ തന്നെ വിളിച്ചുകൂവാന്‍ തോന്നി, ലോകമേ, ഇതാ എന്റെ നാവിലെ മധുരം തിരിച്ചുവന്നിരിക്കുന്നു!

 

notes from a covid 19 treatment centre by jaseena rahim part 7

 


''അല്ലയോ മുസംബി പഴങ്ങളെ ഈ അവസരത്തില്‍ നിങ്ങളുടെ ചാറെനിക്ക് അമ്യതാകുന്നു, നിങ്ങളുടെ സ്വര്‍ണ്ണവര്‍ണ്ണ നിറം കണ്ട് എന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ നിറയുന്നു...''

സംശയിക്കേണ്ട, മുസംബി പഴങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ഈ ഡയലോഗ് എന്‍േറതാണ്. പുരാണ നാടകങ്ങളിലെ പോലെ മുസംബി പഴങ്ങള്‍ കൈയിലെടുത്ത്, ഇങ്ങനെ ആത്മഗതം ചെയ്യുമ്പോള്‍ സത്യത്തില്‍ എനിക്കു തന്നെ അതിശയം തോന്നുന്നുണ്ടായിരുന്നു.

ഒരുപക്ഷേ, ഇത്രയും വായിച്ച് നിങ്ങള്‍ക്കും അതിശയം തോന്നിയേക്കാം.. പക്ഷേ, അറിയുക, ചുമ്മാതല്ല ഈ മുസംബി പ്രണയം, കൊവിഡ് കാരണമാണ്. കൊവിഡ് രോഗത്തിന് മുസംബി പഴങ്ങള്‍ അത്യുത്തമം എന്ന അറിവിലാണ് ഞാനവയെ ജീവിതത്തിലാദ്യം പഴം കാണുന്നതുപോലെ നോക്കിനോക്കിയിരിക്കുന്നത്! 

ഒരിക്കലുമെന്നെ കൊതിപ്പിച്ചിട്ടില്ലാത്ത പഴങ്ങളാണ് മുസംബിയും ഓറഞ്ചും. കിലോക്ക് ഇരുപത്തിയഞ്ചിന് കിട്ടുമ്പോള്‍ പോലും ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല. ആ മുസംബിയാണ്, ഇപ്പോള്‍ എന്റെ കൈകളില്‍ അമൂല്യവസ്തുവെന്നപോലെ നിന്നു തുളുമ്പുന്നത്. ഇതിന്റെ മൂല്യം കൂട്ടിയത് കൊവിഡ് മാത്രമല്ല, കിട്ടാനില്ലാത്ത അവസ്ഥ കൂടിയാണ്. കോവിഡ് കാലത്തെ വിശിഷ്യ ഭോജ്യമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഓറഞ്ചിനും മുസംബിക്കും മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ്.  രോഗം ബാധിച്ച് കൊട്ടാരക്കര മേഴ്‌സി ഹോസ്പിറ്റലില്‍ കിടക്കവേ, ആഗ്രഹവും ദാഹവും മൂത്ത്, ചില നല്ല മനുഷ്യരെ കണക്ട് ചെയ്ത് നടത്തിയ അശ്രാന്ത പരിശ്രമമാണ് എന്റെ കൈയിലിപ്പോള്‍ മുസംബി പഴമായി നിന്നു ചിരിക്കുന്നത്. 

വേപ്പറൈസറും മുസംബി പഴങ്ങളും കൊറോണാ കാലത്തെ മിന്നും താരങ്ങളാണ്. സുഖവിവരങ്ങളന്വേഷിച്ചെത്തുന്ന ഫോണ്‍ കോളുകളിലുടനീളം മുസംബി കഥകളാണ്. മുസംബി ചാറിന്റെ ശക്തിയാല്‍ കൊറോണാക്ഷീണത്തെ പമ്പ കടത്തിയ കഥകള്‍. അതു കേട്ടുകേട്ടാണ് എന്റെ അബോധ മനസ്സ് പോലും മുസംബി പഴങ്ങള്‍ക്കായി മുറവിളി കൂട്ടിയത്. 

'കാശുണ്ടേല്‍ എന്തും വാങ്ങാം' എന്ന അവസ്ഥയില്‍ നിന്നും കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന ആഹാരം കഴിച്ച് സംത്യപ്തി പൂണ്ട് കഴിയുന്ന ലളിത മനോജ്ഞ കാലത്ത് മുസംബി എന്നത് അതിവിദൂരമായ ഒരു സ്വപ്നം തന്നെയായിരുന്നു. 

'എന്ത് വേണേലും വാങ്ങി കൊണ്ട് വന്ന് സെക്യൂരിറ്റിയെ ഏല്‍പ്പിക്കാം' എന്ന് പല പ്രാവശ്യം ആങ്ങള പറഞ്ഞിട്ടും ഏകദേശം നാല്‍പത്തിയെട്ട് കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റവും ഇറക്കവുമൊക്കെ താണ്ടി വേണം, പുറത്തിറങ്ങാന്‍ ഏറെ ഭയക്കേണ്ട കൊവിഡ്കാലത്ത്, ആശുപത്രിയില്‍ എത്താനെന്ന് കൂട്ടുകാരി രഞ്ചു വിളിച്ച് പറഞ്ഞ ഓര്‍മ്മയില്‍, ആങ്ങളയുടെ ശ്രമത്തെ ഞാന്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. 

എങ്കിലും, കടലിലെ ഓളവും കരയിലെ മോഹവും അടങ്ങിയില്ല എന്നു വന്നപ്പോഴാണ് വാളകത്ത് നിന്ന് തന്നെ മുസംബി സംഘടിപ്പിക്കാമെന്ന ചിന്ത വന്നത്. ക്ഷീണം വല്ലാതെ വര്‍ദ്ധിച്ച് വരുന്ന അവസ്ഥ അതിന് തീവ്രത കൂട്ടി. 

എങ്ങനെ മുസംബി കിട്ടും? ഈ ചിന്തയില്‍ ഉഴറി നടന്നപ്പോഴാണ് മുന്നിലൊരു വഴി തെളിഞ്ഞത്. 

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സെക്രട്ടറി വിജയകുമാര്‍ സാര്‍! 

ഈ കാര്യത്തില്‍ സാറിന് എന്നെ സഹായിക്കാനാകും എന്ന ഉറപ്പോടെ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നും നമ്പറെടുത്ത്  അദ്ദേഹത്തെ വിളിക്കുന്നു. എന്റെ മുസംബി അനിവാര്യത ഒരു ചരിത്രവിഷയമായി അവതരിപ്പിക്കുന്നു. വിഷയത്തിന്റെ ഗൗരവം ശരിക്കും ഉള്‍ക്കൊണ്ട അദ്ദേഹമാവട്ടെ, കൊട്ടാരക്കരയിലെ സി.പി.എം ഏരിയാ സെക്രട്ടറി ജോണ്‍സണ്‍ സാറിനെ വിളിക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തണമെന്ന അഭ്യര്‍ത്ഥനയോടെ എന്റെ മൊബൈല്‍ നമ്പര്‍ നല്‍കുന്നു. മുസംബി വരുമെന്ന പ്രതീക്ഷ ആദ്യമായി എന്നില്‍ മൊട്ടിടുന്നു. 

താമസിച്ചില്ല, ജോണ്‍സണ്‍ സാറിന്റെ ഫോണ്‍ വിളി വരുന്നു. ''മുസംബി മേടിച്ചു. ആയത് ഹോസ്പിറ്റലിലെ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ട്. വാര്‍ഡും പേരും ഫോണ്‍ നമ്പറും മുസംബിക്കൊപ്പം ഒരു കടലാസിലെഴുതി നല്‍കിയിട്ടുള്ളതിനാല്‍, ഉച്ചഭക്ഷണം വാങ്ങാന്‍ പോകുന്ന നേരത്ത് ക്യത്യമായി ആളെ കണ്ടെത്തി സെക്യൂരിറ്റി മുസംബി പൊതി കൈമാറും.'' 

അങ്ങനെ കാത്തുകാത്ത് ഉച്ചഭക്ഷണ സമയമാവുന്നു. സെക്യൂരിറ്റി ചേട്ടന്‍ കൃത്യമായി ആ പൊതി എന്നെ ഏല്‍പ്പിക്കുന്നു. നിധി കിട്ടിയ കടല്‍ക്കൊള്ളക്കാരനെപ്പോലെ പൊതിയുമായി ഞാന്‍ വാര്‍ഡിലേക്ക് നടക്കുന്നു. രണ്ട് നല്ല മനുഷ്യരുടെ കനിവില്‍ എനിക്ക് ലഭിച്ച മുസംബി പഴങ്ങള്‍ എനിക്കൊപ്പമുള്ളവര്‍ക്ക് കൂടി പങ്ക് വെക്കുന്നു. അവരുടെയും കണ്ണുകളില്‍ മുസംബിചാറിന്റെ തിളക്കം നിറയുന്നു. 

ഇനിയാണ് ഒരു ചെറിയ ട്രാജഡി. സംഗതി മുസംബിയാണെങ്കിലും അതിന് രുചി ഇല്ല! എരിയും പുളിയും മധുരവുമൊക്കെ, കവര്‍ന്നെടുത്ത് രുചി മുകുളങ്ങള്‍ക്ക് മേല്‍  കൊറോണ അടയിരിക്കുന്ന കാലമായതിനാല്‍ നാവ് തടിക്കഷണം എന്ന് തോന്നിപ്പിക്കുന്ന മരവിപ്പിലായിരുന്നു. അതിനാല്‍, കഠിന പ്രയത്‌നങ്ങള്‍ക്കൊടുവില്‍ വിജയകുമാര്‍ സാറും ജോണ്‍സണ്‍ ചേട്ടനും എത്തിച്ച മുസംബിയെ ചുരുട്ടിക്കൂട്ടിയ നൂലുണ്ട പോലെ കഴിക്കേണ്ടി വന്നു.   

മുസംബിയാണ് കഴിക്കുന്നതെന്ന് ദഹനരസങ്ങളെ പറഞ്ഞോര്‍മ്മപ്പെടുത്തേണ്ട അവസ്ഥ. ഒരു ദിനം ഒരു മുസംബി എന്ന കണക്കില്‍ പുറംതോടൊഴികെയുള്ള ഭാഗങ്ങള്‍ ഒട്ടും ബാക്കിവെക്കാതെ കഴിച്ചുകൊണ്ടിരുന്നു. കൊറോണാ ക്ഷീണമകറ്റാനുള്ള കഠിനശ്രമം. 

 

notes from a covid 19 treatment centre by jaseena rahim part 7

 

ഇനിയാണ് അടുത്ത മോഹം! 

വേപ്പറൈസര്‍!

കൊവിഡ് രോഗിക്ക് അടുത്ത അനിവാര്യത അതാണെന്നാണ് എന്നെ വിളിച്ചവരെല്ലാം സദാ ഓര്‍മ്മപ്പെടുത്തിയിരുന്നത്. 

അതിനാല്‍, ഒരു വേപ്പറൈസറിനായി എന്റെ അന്തരംഗം കൊതിച്ചു, സുഹൃത്തുക്കളെ. 

എന്നാല്‍, വേപ്പറൈസര്‍ ക്ഷാമം അതിരൂക്ഷമായതിനാലും അതിനായി ഇനിയും പലരുടേയും സഹായം തേടേണ്ടി വരും എന്നതിനാലും തല്‍ക്കാലം വീടെത്തുന്നത് വരെ ഒരു അഡ്ജസ്റ്റ്‌മെന്റിലങ്ങ് പോകാന്‍  തീരുമാനിച്ചു.

എന്നാലും ആ തീരുമാനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തേടി നടന്ന വേപ്പറൈസര്‍ വന്നു കാലില്‍ ചുറ്റി!

പുതിയ ഒരു രോഗിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഞങ്ങളുടെ വാര്‍ഡിലേക്ക് വേപ്പറൈസര്‍ കിരണവുമായി വന്ന ഒരു യുവതി. സര്‍ക്കാരുദ്യോഗസ്ഥയായ അവര്‍ അവര്‍ കൊവിഡ് ബാധിച്ച് വളരെ അവശയായിരുന്നു. 
 
ഡ്യൂട്ടി  കഴിയാറായ നേരത്ത് കോവിഡ് പോസിറ്റീവ് എന്ന റിസല്‍റ്റ് കിട്ടിയതാണ്. നേരെ മെഴ്‌സി ഹോസ്പിറ്റലില്‍ വന്ന് അഡ്മിറ്റായി.     

ആവശ്യ സാധനങ്ങളടക്കം പലതും മറന്നിട്ടും വേപ്പറൈസര്‍ കയ്യില്‍ കരുതിയ അവരുടെ ദീര്‍ഘവീക്ഷണത്തെ  ഞാന്‍ മനസ്സാല്‍ അഭിനന്ദിച്ചു.  ആവിയില്‍ കൊറോണയെ പുഴുങ്ങി കൊല്ലാനൊരു വഴി തെളിഞ്ഞെന്ന് ഞാനും എനിക്കൊപ്പമുണ്ടായിരുന്ന നാല് പേരും ഒരേ നേരം ആശ്വാസം കൊണ്ടു. 

ഏറെ കാത്തിരുന്ന ശേഷം പിറന്ന നാല് വയസ്സുകാരി മകള്‍ ഇപ്പോഴും മുലകുടിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. അവള്‍ക്ക് തന്നില്‍ നിന്ന് കൊറോണ പടര്‍ന്നിട്ടുണ്ടാവുമോ എന്നായിരുന്നു അവരുടെ ഭീതി. ആധി കൂടിക്കൂടി കൂടുതല്‍ ക്ഷീണിതയും ദു:ഖിതയുമായി അവളെ കാണപ്പെട്ടു.

അതൊക്കെ കൊണ്ടാവണം, നെടുനീളത്തില്‍ അലങ്കോലമായി കിടക്കുന്ന ഒന്നാം വാര്‍ഡിനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായത്.  കുറച്ചു കഴിഞ്ഞപ്പോള്‍ ഒന്നുകൂടി മെച്ചമായ മറ്റൊരു വാര്‍ഡില്‍ ബെഡ് തരപ്പെടുത്തി വേപ്പറൈസറുമായി അവര്‍ മന്ദംമന്ദം നടന്നകന്നു. അതോടെ ആവി എന്ന  ഞങ്ങളുടെ മഹാസ്വപ്നം തകര്‍ന്നടിഞ്ഞു.

ആ അവസ്ഥയുണ്ടാക്കിയ അതികഠിനമായ നിരാശയെ മറികടക്കാന്‍ സഹായിച്ചത് മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരനായിരുന്നു-ബെന്യാമിന്‍! ആടു ജീവിതം മുതല്‍ ഞാന്‍ സ്‌നേഹത്തോടെ വായിച്ചുപോരുന്ന ബെന്യാമിന്‍ പക്ഷേ ഈ കഥ അറിയാന്‍ ഒരു ചാന്‍സുമില്ല. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചക്ക ഹല്‍വയുടെ പടം മേഴ്‌സി ഹോസ്പിറ്റലില്‍ കിടക്കുന്ന ഒരു കൊവിഡ് രോഗിയോട് ചെയ്തതെന്തെന്ന് അദ്ദേഹം എങ്ങനെയറിയാനാണ്! 

അക്കാര്യം പറയും മുമ്പ്, മധുരവും ഞാനും തമ്മിലുള്ള 'വൈരുധ്യാധിഷ്ഠിത ഭൗതികബന്ധത്തെ' കുറച്ചു കൂടി വ്യക്തമാക്കേണ്ടതുണ്ട്. 

മധുരം എന്നു കേട്ടാല്‍ നാവില്‍ കപ്പലോടിക്കാവുന്ന അവസ്ഥയിലായിരുന്നു എന്റെ കൊവിഡ് പൂര്‍വ്വ ജീവിതം. മധുരമെന്ന വാക്ക് ഓര്‍ത്താല്‍ നാവ് അറിയാതെ പുറത്തേക്കു വരും. ആ എന്നെയാണ് ദുഷ്ടന്‍ കൊറോണ വൈറസ്, 'മധുരമോ അതെന്തരപ്പി' എന്ന പുച്ഛം കലര്‍ന്ന അതിശയത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇനിയൊരിക്കലും മധുരമുള്ള ഒന്നും എന്റെ ജീവിതത്തിലുണ്ടാവില്ലെന്നു പോലും തോന്നിയ സാഹചര്യത്തിലാണ്, ഇതൊന്നും അറിയാത്ത ബെന്യാമിന് ഒരു ഫോട്ടോ ഫേസ്ബുക്കിലിടാന്‍ തോന്നിയത്.  

 

 

ഫോട്ടോ എന്നു പറഞ്ഞാല്‍, നല്ല അസ്സല്‍ ചക്ക ഹല്‍വയുടെ പടം. എന്നെ തോണ്ടി കഴിക്കൂ എന്ന് ക്ഷണിക്കുംവിധം ഒരു സ്പൂണിനെ കുത്തി നിര്‍ത്തി, അപ്പോള്‍ വരട്ടിയെടുത്തത് എന്ന് തോന്നിപ്പിച്ച ഒരു ഹലുവയുടെ ചിത്രം. അതു കണ്ടതും കൊറോണ കുഴിച്ചുമൂടിയ കുഴിയില്‍നിന്നും മധുരത്തിന്റെ അല്‍പ്പമാത്രമായ ഓര്‍മ്മ അതാ വന്ന് നാവില്‍ തൊടുന്നു. പല പല മധുരങ്ങളും ആ ഒരൊറ്റ നിമിഷത്തില്‍ എന്റെ നാവില്‍ വന്ന് കുത്തിയിരിപ്പ് സത്യഗ്രഹമാരംഭിച്ചു. 

അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു. കൊറോണ തോറ്റു, നാക്ക് ജയിച്ചു എന്ന തിരിച്ചറിവ്. 'തോറ്റിട്ടില്ല തോറ്റിട്ടില്ല, തോറ്റ  ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യത്തിന്റെ താളത്തില്‍, അതേ ആവേശത്തില്‍ രാത്രി ഭക്ഷണം വാങ്ങാന്‍ ചെന്നു. 

മതം, ജാതി, കുടുബം, ഗോത്രം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി യാതൊരു മാനദണ്ഡങ്ങളുമില്ലാതെ എല്ലാ ചിന്തകളേയും മാറ്റി വെച്ച്, കോവിഡ് രോഗികള്‍ എന്ന ഒറ്റ ലേബലില്‍ ഭക്ഷണം വാങ്ങാനായി നിശ്ചിത അകലം പാലിച്ച് നില്‍ക്കുമ്പോള്‍, എന്റെ ഉള്ളില്‍, കൊവിഡ് മാഞ്ഞ് മധുരം നാവിലേക്ക് തിരിച്ചുവരുന്നൊരു നാളിന്റെ സ്വപ്‌നമായിരുന്നു.

Follow Us:
Download App:
  • android
  • ios