ജനിച്ചതും വളർന്നതും ഇന്ത്യയിലാണ്. എന്നാൽ, 18 വർഷമായി യുഎസ്സിലാണ് കഴിയുന്നത്. കസിൻസ് ഉൾപ്പടെ കുടുംബത്തിൽ പലരും യുഎസ്സിലാണ് താമസിക്കുന്നത്.
ജോലിസംബന്ധമായിക്കോട്ടെ, യാത്ര ആയിക്കോട്ടെ, റിലേഷൻഷിപ്പായിക്കോട്ടെ ആളുകൾ തങ്ങളുടെ ആശങ്കയും സംശയങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. അവിടെ ഷെയർ ചെയ്യപ്പെടുന്ന പല പോസ്റ്റുകളും ചർച്ചയായി മാറാറുണ്ട്. അതുപോലെ ഒരു എൻആർഐ യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
വളരെ അധികം വർഷങ്ങൾക്ക് ശേഷം താൻ തന്റെ കുടുംബവുമായി ഇന്ത്യയിലേക്ക് വരികയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. അതിനാൽ തന്നെ പല കാര്യങ്ങളിലും ഉള്ള തന്റെ സംശയങ്ങളാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.
ജനിച്ചതും വളർന്നതും ഇന്ത്യയിലാണ്. എന്നാൽ, 18 വർഷമായി യുഎസ്സിലാണ് കഴിയുന്നത്. കസിൻസ് ഉൾപ്പടെ കുടുംബത്തിൽ പലരും യുഎസ്സിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ വിസ പ്രശ്നങ്ങൾക്കപ്പുറം ഇന്ത്യയിലേക്ക് പോകേണ്ട കാര്യം ഇല്ല. കുറേയേറെ കാലമായി നാട്ടിൽ വന്നിട്ട്. 10 വർഷത്തിനിടയിൽ തന്നെ നാട്ടിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. അതുകൊണ്ടാണ് ഈ ചോദ്യം എന്നാണ് യുവാവ് പറയുന്നത്.
യുവാവിന് പ്രധാനമായും നാല് കാര്യങ്ങളാണ് അറിയേണ്ടിയിരുന്നത്. എത്തുന്ന ദിവസം തന്നെ എങ്ങനെ ഫോൺ കണക്ഷൻ ലഭിക്കും. പേടിഎം അല്ലെങ്കിൽ ഫോൺ പേ എങ്ങനെയെടുക്കും? ബാങ്ക് അക്കൗണ്ട് എങ്ങനെയെടുക്കാം, അവിടെ എത്തുന്നതിന് മുമ്പ് താൻ ചെയ്യേണ്ടുന്ന കുട്ടികൾക്കുള്ള വാക്സിനേഷനുകൾ പോലെ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ ഇത്രയുമാണ് യുവാവ് ചോദിച്ചിരിക്കുന്നത്.
വീടിന്റെ മുന്നിൽ അഴുക്കുജലമുള്ള കുളമാണ്, കൊതുകുകൾ ഉണ്ട് അതിനാലാണ് വാക്സിനേഷനെ കുറിച്ചുള്ള ചോദ്യം എന്നും യുവാവ് പറയുന്നുണ്ട്. എന്തായാലും പ്രവാസികളായ ഒരുപാടുപേരാണ് യുവാവിന്റെ സഹായത്തിനെത്തിയത്. എങ്ങനെ ബാങ്ക് അക്കൗണ്ട് എടുക്കാം, സിം കാർഡ് വന്നയുടനെ എങ്ങനെ റെഡിയാക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം യുവാവിന് ആളുകൾ സഹായകമാകുന്ന നിർദ്ദേശങ്ങൾ നൽകി.
