ഏകദേശം 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലേക്ക് ബൊളീവിയയില്‍ നിന്ന് ഒരു വിശേഷപ്പെട്ട സമ്മാനമെത്തി. അത്, 500 വര്‍ഷം പഴക്കമുള്ള ഒരു മമ്മിയായിരുന്നു. എന്നാല്‍, ഒരു നൂറ്റാണ്ടിനും ഇപ്പുറം ആ പെണ്‍കുട്ടിയുടെ മമ്മി അമേരിക്കന്‍ എംബസിയുടെയും മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ വില്ല്യം എ ലൊവിസിന്‍റെയും സഹായത്തോടെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. അനവധിയായ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ മടക്കിനല്‍കല്‍. 

നുസ്‍ത എന്നാണ് മമ്മിയുടെ പേര്. ഇന്‍കന്‍ ഭാഷയില്‍ നുസ്‍തയുടെ അര്‍ത്ഥം രാജകുമാരി എന്നാണ്. 2019 ജനുവരിയിലാണ് നുസ്‍ത, ബൊളീവിയന്‍ എംബസിയിലേക്ക് മടക്കിയയക്കപ്പെട്ടത്. യു എസ് ആര്‍ട്ട് എന്ന സ്ഥാപനം വഴിയാണ് നുസ്‍തയെ സ്വന്തം നാട്ടിലെത്തിച്ചത്. അമൂല്യമായ പുരാവസ്തുക്കള്‍ കേടുകൂടാതെ എത്തിക്കുന്നതില്‍ പ്രശസ്തമായ സ്ഥാപനമാണ് യു എസ് ആര്‍ട്ട്. 

എന്നാല്‍, പേര് നുസ്‍ത എന്നാണെങ്കിലും അര്‍ത്ഥം രാജകുമാരി എന്നാണെങ്കിലും ആ പെണ്‍കുട്ടി രാജകുമാരി തന്നെയായിരുന്നോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍, രാജകുമാരിയായിരുന്നുവെന്ന സംശയിക്കത്തക്കതായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വില്ല്യം എ ലൊവിസ് പറയുന്നത്. ഒരു കല്ലറയില്‍ ഇരുത്തിയ നിലയിലായിരുന്നു പെണ്‍കുട്ടിയെ സംസ്‍കരിച്ചിരുന്നത്. കൈ മടിയില്‍ വിശ്രമിക്കുന്ന നിലയിലായിരുന്നു. ഒപ്പം വിവിധ ചെടികളും ഒരു ജോഡി ചെരിപ്പും ഒരു മണ്‍പാത്രവും ഉണ്ടായിരുന്നു. മാത്രവുമല്ല, പെണ്‍കുട്ടിയുടെ മുടി പിന്നിയിട്ട നിലയിലും മനോഹരമായി അലങ്കരിച്ച നിലയിലുമായിരുന്നു. ബൊളീവിയയില്‍ കണ്ടുവരുന്ന ലാമയുടെയോ അല്‍പാകയുടെയോ രോമങ്ങള്‍ കൊണ്ടുള്ളതായിരുന്നു വസ്ത്രങ്ങള്‍. എട്ട് വയസ്സ് പ്രായം തോന്നിക്കുമായിരുന്നു പെണ്‍കുട്ടിക്ക്. പെണ്‍കുട്ടിയെ ബലി നല്‍കിയിരുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. 

പെണ്‍കുട്ടിയുടെ ശരിക്കുള്ള പ്രായവും മറ്റ് വിവരങ്ങളും അറിയാനുള്ള DNA പരിശോധന പുരോഗമിക്കുന്നുണ്ട്. കഴിച്ചിരുന്ന ഭക്ഷണമടക്കമുള്ള വിവരങ്ങള്‍ ഇതില്‍ നിന്നും അറിയാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. നവംബര്‍ ഒന്‍പതിന് ഈ മമ്മിയെ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ഉചിതമായ രീതിയില്‍ ശവസംസ്കാരം നടത്തുമെന്നും ബൊളീവിയന്‍ അധികാരികള്‍ അറിയിക്കുന്നു.