സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയെ വിമർശിച്ചുകൊണ്ട് പുതിയ സോഷ്യല്‍ മീഡിയ പേജ്. ഓഗി ജനത പാർട്ടി (ഒജെപി)യാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാറ്റകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് ഒജെപി പറയുന്നത്. 

കുറച്ച് ദിവസമായി ഇന്റർനെറ്റിൽ തരം​ഗമാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി. എന്നാൽ ഇപ്പോഴിതാ അതിന് പിന്നാലെ ഒജെപി അഥവാ ഓ​ഗി ജനതാ പാർട്ടി കൂടി രൂപമെടുത്തിരിക്കയാണ്. 'കോക്രോച്ച് ജനത പാർട്ടി'യെ വിമർശിച്ചുകൊണ്ടാണ് ഒജെപി പ്രധാനമായും വന്നിരിക്കുന്നത്. എന്നാൽ, സിജെപിയുടെ സ്വീകാര്യത നേടാൻ ഒജെപിക്ക് കഴിഞ്ഞിട്ടില്ല. കോക്രോച്ച് ജനത പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ഓഗി ജനതാ പാർട്ടി ആരോപിക്കുന്നത്. എഎപിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്ന് ഒജെപി ആരോപിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതുപോലെ, എല്ലാത്തരം പ്രാണികളെയും (പാറ്റകളെ) ഇല്ലാതാക്കുക എന്നതാണ് ഈ പാർട്ടിയുടെ പ്രധാന ലക്ഷ്യമായി ഒജെപി തന്നെ പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു കൊളാഷും ഇവർ പങ്കുവെച്ചു. 'വാളുകളുടെ മൂർച്ചയാൽ രൂപപ്പെട്ട ഒരു മണ്ണിലെ യുവാക്കൾ, തങ്ങളെ 'പാറ്റകൾ' എന്ന് വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ഇത് യഥാർത്ഥത്തിൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ ലക്ഷണമാണ്' എന്നാണ് ഒജെപിയുടെ പരിഹാസം.

മൃഗങ്ങളുടെ അവകാശങ്ങൾക്കായി ഒരു 6 ഇന പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്. തെരുവ് മൃഗങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെ കർശന നിയമങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലും ഒജെപിയുടെ പ്രതികരണം വന്നിട്ടുണ്ട്. അതുപോലെ, തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയല്ല പ്രവർത്തിക്കുന്നതെന്നും ഒജെപി ഇൻസ്റ്റാഗ്രാം ബയോയിൽ കുറിച്ചിട്ടുണ്ട്. 9000 -ത്തിലധികം ഫോളോവേഴ്സിനെ ഒജെപി നേടി.

എന്താണ് കോക്രോച്ച് ജനത പാർട്ടി (CJP)?

ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെയും മറ്റും പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഒരു സറ്റയർ പേജാണ് കോക്രോച്ച് ജനത പാർട്ടി അഥവാ CJP. രാജ്യത്തെ രാഷ്ട്രീയക്കാരുടെ നിലപാടുകളെയടക്കം ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും വിമർശിക്കുകയാണ് സിജെപി ചെയ്യുന്നത്. സിജെപി ഇന്റർനെറ്റിൽ വൻ ഫോളോവേഴ്സിനെ നേടിയിരുന്നു. എന്നാൽ, പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു. പക്ഷേ, Cockroach is Back എന്ന പേരിൽ ഉടനെ തന്നെ മറ്റൊരു പേജ് ഇവർ ആരംഭിച്ചിരുന്നു. അതിനും വൻ ആരാധകരാണ്. എന്തായാലും, സിജെപിയുടെ ആരാധകരെ തകർക്കാൻ ഒജെപിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.