എന്തായാലും, ഇവിടെ എത്തിയ ദമ്പതികൾ ഒരു ഹോട്ടലിൽ കയറി കേബിൾ കാർ റൈഡിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത് എഐ നിർമ്മിച്ചതാണ് എന്ന് അറിയുന്നത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ ആകെ എഐ മയമാണ്. എന്തോരം വീഡിയോകളും ചിത്രങ്ങളുമാണ് നാം ദിവസേന കാണുന്നത്. എന്നാൽ, ഇതൊന്നും എഐ നിർമ്മിതമാണ് എന്ന് തിരിച്ചറിയാത്തവരും ഉണ്ടാകും. എന്നാൽ, ഈ ദമ്പതികൾക്ക് സംഭവിച്ചത് അതിലും വലിയ അബദ്ധമാണ്. ശത്രുക്കൾക്ക് പോലും സംഭവിക്കരുതേ എന്ന് നമ്മൾ ആഗ്രഹിച്ചു പോകും.
സോഷ്യൽ മീഡിയയിൽ കേബിൾ കാർ റൈഡിന്റെ ഒരു മനോഹരമായ വീഡിയോ കണ്ടതാണ് എല്ലാത്തിന്റെയും തുടക്കം. പിന്നാലെ, മലേഷ്യയിൽ നിന്നുള്ള ഈ ദമ്പതികൾ ക്വാലാലംപൂരിൽ നിന്ന് പെരാക്കിലേക്ക് 370 കിലോമീറ്ററിലധികം യാത്ര ചെയ്തു. ഈ കേബിൾ കാർ റൈഡ് തന്നെ ആയിരുന്നു ലക്ഷ്യം. എന്നാൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴാണ് ആകെ ഞെട്ടിയത്. അങ്ങനെ ഒരു സംഭവമേ ഇല്ല. അവർ കണ്ടുകൊതിച്ച ആ വീഡിയോ എഐ നിർമ്മിച്ചത് ആയിരുന്നു.
ദി ഇൻഡിപെൻഡന്റ് യുകെയുടെ റിപ്പോർട്ട് പ്രകാരം, ഈ വൃദ്ധ ദമ്പതികൾ കഴിഞ്ഞ മാസമാണ് പെരാക്കിലെ പെങ്‌കലൻ ഹുലുവിലേക്ക് യാത്ര ചെയ്തത്. കുവാക് ഹുലുവിലെ കേബിൾ കാർ റൈഡായ 'കുവാക് സ്കൈറൈഡി'നെ കുറിച്ച് ഒരു ലോക്കൽ ചാനലിൽ കണ്ടതിന് പിന്നാലെയാണ് ഇത്. വിനോദസഞ്ചാരികൾ ടിക്കറ്റ് ബൂത്തിൽ ക്യൂ നിൽക്കുന്നതും, ഫോട്ടോകൾ എടുക്കുന്നതും, ബാലിംഗ് പർവതത്തിനടുത്തുള്ള വനങ്ങളിലൂടെയും അരുവികളിലൂടെയും മറ്റും സവാരി നടത്തുന്നതും ഒക്കെ വീഡിയോയിൽ കാണാമായിരുന്നു.
എന്തായാലും, ഇവിടെ എത്തിയ ദമ്പതികൾ ഒരു ഹോട്ടലിൽ കയറി കേബിൾ കാർ റൈഡിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത് എഐ നിർമ്മിച്ചതാണ് എന്ന് അറിയുന്നത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. എന്നാൽ, ദമ്പതികൾ ഇത് വിശ്വസിക്കാൻ തയ്യാറായില്ല. ആ വീഡിയോയിൽ ഒരു റിപ്പോർട്ടർ ഉണ്ടായിരുന്നല്ലോ എന്നും അവർ ചോദിച്ചു. അതും എഐ നിർമ്മിതമാണ് എന്ന് റിസപ്ഷനിസ്റ്റ് മറുപടി നൽകി.
എന്തുകൊണ്ട് വരുന്നതിന് മുമ്പ് മക്കളോട് ഒന്ന് ചോദിച്ചില്ല എന്നും അവൾ ദമ്പതികളോട് അന്വേഷിച്ചു. ഇനി ഇങ്ങനെ ആർക്കും അബദ്ധം സംഭവിക്കരുത് എന്നും യുവതി പറയുന്നു. അധികൃതരും ഇവിടെ അങ്ങനെയൊരു കാർ റൈഡില്ല എന്നത് സ്ഥിരീകരിച്ചു. എന്നാൽ, ടൂറിസം സാധ്യതകളെ കുറിച്ച് പരാമർശിക്കുന്ന വീഡിയോ മനോഹരമായിരുന്നു എന്നും അവർ പറഞ്ഞു. നിലവിൽ വീഡിയോയുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ല എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


