78,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്‍കരിച്ചിരുന്ന ആ രീതിയെ നമ്മുടെ ഇന്നത്തെ ശവസംസ്‍കാര രീതിയുമായി ബന്ധപ്പെടുത്താം' എന്ന് പഠനസംഘത്തിലുണ്ടായിരുന്ന ആര്‍ക്കിയോളജിസ്റ്റും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ഓഫ് ഹ്യുമന്‍ ഹിസ്റ്ററി ഡയറക്ടറുമായ നിക്കോള്‍ ബോള്‍വിന്‍ പറയുന്നു. 

എന്ന് മുതലാണ് മനുഷ്യർ ശവസംസ്‍കാരം നടത്തി തുടങ്ങിയത്? ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായിട്ടാണ് ഇന്ന് നാം കാണുന്ന മനുഷ്യരുണ്ടായത്. നമ്മുടെ പല പെരുമാറ്റരീതികളിലും ആ മാറ്റം പ്രകടമായിരുന്നിരിക്കാം. ​ഗവേഷകരെ എന്നും ആകർഷിച്ചിട്ടുള്ള വിഷയമാണ് മനുഷ്യരുടെ ജീവിതവും മരണവും അതോടനുബന്ധിച്ച പെരുമാറ്റരീതികളും. എന്ന് മുതലാണ് ശവസംസ്കാരം നടത്തിത്തുടങ്ങിയത്, പ്രിയപ്പെട്ടവരുടെ മരണത്തിൽ അന്നത്തെ മനുഷ്യർ വേദനകളും നഷ്‍ടബോധവും അനുഭവിച്ച് കാണുമോ? ഏതൊക്കെ രീതിയിലാണ് മരിച്ചവരെ അടക്കിയിരുന്നത് എന്നതെല്ലാം നരവംശ ശാസ്ത്രജ്ഞരടക്കമുള്ളവർ എന്നും പഠിക്കാൻ ശ്രമിക്കുന്ന വിഷയങ്ങളാണ്. ഇപ്പോഴിതാ, രണ്ടര മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ഭൗതികാവശിഷ്‍ടങ്ങൾ ആഫ്രിക്കയിൽ അടക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഈ വിഷയത്തിൽ നിരവധി പുതിയ അറിവുകൾ തരാനാവുന്ന കണ്ടുപിടിത്തമാണ് ഇത്. 

ഒരു ഗുഹയുടെ അടിയിൽ അധികം ആഴമില്ലാത്ത ഒരു കുഴിമാടത്തിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിലാണ് കുഞ്ഞിന്റെ ഭൗതികാവശിഷ്‍ടം കണ്ടെത്തിയിരിക്കുന്നത്. തലയിണയുടെ മുകളിലാണ് തല വച്ചിരിക്കുന്നത്. ശരീരം ഒരു തുണിയില്‍ പൊതിഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ച് ബുധനാഴ്ച ​ഗവേഷകർ പറഞ്ഞത്, 'ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്നത് എന്ന് കരുതപ്പെടുന്ന ശ്‍മശാനം കണ്ടെത്തിയിരിക്കുന്നു' എന്നാണ്. കെനിയന്‍ തീരത്തുള്ള പാംഗ യാ സൈദി എന്ന ഗുഹാപ്രദേശത്താണ് 78,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത് എന്ന് കരുതപ്പെടുന്ന ഈ സംസ്‍കാരസ്ഥലം കണ്ടെത്തിയിരിക്കുന്നത് എന്നും ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ മൃതദേഹത്തിന് അവര്‍ 'മട്ടോട്ടോ' എന്ന് പേര് നല്‍കി. സ്വാഹിലിയില്‍ 'കുട്ടി' എന്നാണ് ഇതിന്റെ അര്‍ത്ഥം. 

ഹോമോസാപ്പിയന്‍സിനിടയിലെ സങ്കീര്‍ണമായ സാമൂഹിക പെരുമാറ്റത്തെ കുറിച്ചുള്ള പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തല്‍ എന്നും ഗവേഷകര്‍ പറയുന്നു. 'കുട്ടിയെ അടക്കം ചെയ്‍തിരിക്കുന്നത് അവര്‍ താമസിച്ചിരുന്ന സ്ഥലത്തോട് ചേര്‍ന്ന് തന്നെയാണ്. ജീവിതവും മരണവും എത്രമാത്രം ചേര്‍ന്നിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇത്. മനുഷ്യര്‍ മാത്രമാണ് മരിച്ചവരോടും ജീവിച്ചിരിക്കുമ്പോഴുള്ള അതേ ബഹുമാനവും പരിഗണനയും കാരുണ്യവും കാണിക്കാറുള്ളത്. നാം മരിച്ചാലും നമ്മുടെ കൂട്ടത്തിലുള്ളവരെ സംബന്ധിച്ച് നാമവര്‍ക്ക് എന്തെങ്കിലുമൊക്കെ ആയിരിക്കും' നരവംശശാസ്ത്രജ്ഞയും സ്പെയിനിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ ഹ്യൂമൻ എവല്യൂഷൻ (CENIEH) ഡയറക്ടറും, നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന രചയിതാവുമായ മരിയ മാർട്ടിനൻ-ടോറസ് പറയുന്നു. 

ആദ്യമായി 300,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയിലാണ് ഹോമോസാപ്പിയന്‍സുണ്ടാകുന്നത്. പിന്നീട്, ലോകത്തെല്ലായിടത്തും വ്യാപിച്ചു. വളരെ അഴുകിയ അസ്ഥികളാണ് വൃത്താകൃതിയിലുള്ള കുഴിയിൽ കണ്ടെത്തിയത്. ഇത് പഠനത്തിനായി CENIEH -ലേക്ക് കൊണ്ടുപോയി. കുട്ടി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനായിട്ടില്ല. ശവക്കുഴിയിൽ വളഞ്ഞ രീതിയില്‍, വലതുവശത്തായിട്ടാണ് കുട്ടി കിടക്കുന്നത്. നെഞ്ചിലേക്ക് കാല്‍മുട്ടുകള്‍ ചേര്‍ത്തുവച്ചിരിക്കുന്ന രീതിയില്‍. തലയിണ നിര്‍മ്മിച്ചിരിക്കുന്നത് നശിച്ചുപോകുന്ന വസ്‍തുക്കള്‍ കൊണ്ടാണ്. അതിനാല്‍ തന്നെ തലയോടിനും കഴുത്തിലെ മൂന്ന് എല്ലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തോളിലെ അസ്ഥിയും വാരിയെല്ലുകളും കാണിക്കുന്നത് ശരീരത്തിന്‍റെ മേല്‍ഭാഗവും പൊതിഞ്ഞത് ഏതോ നശിച്ചുപോകുന്ന വസ്‍തുകൊണ്ട് തന്നെയാണ് എന്നാണ്. മരിച്ച ഉടനെ തന്നെയാവണം ഗുഹയില്‍ കുട്ടിയെ സംസ്‍കരിച്ചിരിക്കുന്നത് എന്ന് അനുമാനിക്കാമെന്നും ​ഗവേഷകർ പറയുന്നു. 

'മിക്കവാറും കുറേപ്പേര്‍ ചേര്‍ന്നാവണം കുട്ടിയെ സംസ്‍കരിച്ചിട്ടുണ്ടാവുക. അത് കുട്ടിയുടെ കുടുംബത്തിലുള്ളവരാവാം. ഇന്നുള്ള നമ്മുടെ മനുഷ്യവര്‍ഗത്തിന്‍റേതുപോലെ അവരും ഒരുപോലെ പെരുമാറുന്നവരായിരുന്നിരിക്കാം. 78,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്‍കരിച്ചിരുന്ന ആ രീതിയെ നമ്മുടെ ഇന്നത്തെ ശവസംസ്‍കാര രീതിയുമായി ബന്ധപ്പെടുത്താം' എന്ന് പഠനസംഘത്തിലുണ്ടായിരുന്ന ആര്‍ക്കിയോളജിസ്റ്റും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ഓഫ് ഹ്യുമന്‍ ഹിസ്റ്ററി ഡയറക്ടറുമായ നിക്കോള്‍ ബോള്‍വിന്‍ പറയുന്നു. 

ഈ കുട്ടിയെ സംസ്കരിച്ച രീതി വളരെ ഗൗരവത്തോടെ തന്നെയാണ് ഗവേഷകര്‍ പഠിക്കുന്നത്. 'ഇത് കൗതുകകരമായ പഠനമാണ്. ചിലപ്പോള്‍ അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്നേഹിക്കുന്ന ആരെങ്കിലും മരിച്ചാല്‍ ആളുകള്‍ക്ക് സങ്കടവും നഷ്‍ടബോധവും ഉണ്ടായിരുന്നിരിക്കാം' എന്ന് മാര്‍ട്ടിനോണ്‍ ടോറസ് പറയുന്നു. ശവസംസ്‍കാര ചടങ്ങുകള്‍ എന്ന് മുതലാണ് തുടങ്ങിയത് എന്ന് പറയാനാവില്ല. എന്നാല്‍, പുരാതന ഹോമോസാപ്പിയന്‍സ്, നിയാണ്ടര്‍ത്താല്‍ സമൂഹങ്ങള്‍ അത് ചെയ്‍തിരുന്നതായി കാണാം. മാർട്ടിനൻ-ടോറസ് ഇതിനെ 'മരിച്ചവരുമായി ബന്ധം നിലനിർത്താനും വിടവാങ്ങൽ നൽകാനും അനുവദിക്കുന്ന ഒരു തരം പെരുമാറ്റം' എന്ന് വിശേഷിപ്പിക്കുന്നു. 

കണ്ടെടുക്കപ്പെട്ടവയില്‍ ഏറ്റവും പഴക്കം ചെന്ന നിയാണ്ടര്‍ത്താലുകളുടെ സംസ്‍കാരസ്ഥലം ഇസ്രായേലിലാണ്. 120,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്. അതുപോലെ, ഹോമോസാപ്പിയനുകളുടെ പഴക്കം ചെന്ന സംസ്‍കാരസ്ഥലവും കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ഇസ്രായേലിലാണ്. എന്നാല്‍, ഇങ്ങനെ ശവസംസ്‍കാരം നടത്തുന്ന പതിവ് ആഫ്രിക്കയിലാണോ ഉടലെടുക്കപ്പെട്ടത്, അതോ ആഫ്രിക്കയ്ക്ക് പുറത്ത് ഉണ്ടാവുകയും ആഫ്രിക്ക അത് തങ്ങളുടെ ജീവിതത്തിൽ പകര്‍ത്തുകയും ചെയ്‍തതാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. അതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 

കുട്ടിയുടെ ഭൗതികാവശിഷ്‍ടങ്ങൾക്കു പുറമെ ചില ജീവികളുടെ അവശിഷ്ടങ്ങളും സൈറ്റിൽ നിന്ന് കണ്ടെത്തി. ശിലായുധങ്ങളും, കുന്തത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ‌ കഴിയുന്ന കല്ലുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ അന്നത്തെ കാലത്തെ ജീവിതത്തെയും മരണത്തെയും കുറിച്ച് ഒരു ചിത്രം തങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു എന്നും ബോള്‍വിന്‍ പറയുന്നു.