ഭാനു : ബിഎസ്എഫിന്റെ ഭാനുവിലുള്ള നാഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ്സ്(NTCD) -ൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്(ITBP)യുടെ K9 യൂണിറ്റിലെ മൂന്നു നായ്ക്കൾ ഉണ്ടിപ്പോൾ. മാലിനോയിസ് എന്ന ഇനത്തിൽ പെട്ട ഓൾഗ, ഒലേയ്ഷ എന്നീ രണ്ടു പെൺപട്ടികൾ, പിന്നെ ഗാല എന്നുപേരുള്ള ഒരു ആൺ പട്ടിയും. ഇവർ മൂന്നും ITBP യുടെ നുഴഞ്ഞു കയറ്റ വിരുദ്ധ സ്‌ക്വാഡിന്റെ കുന്തമുനകളായ ശ്വാന ഭടന്മാരാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മണലിൽ അടൽ ടണൽ ഉദ്‌ഘാടനത്തിന് ചെന്നപ്പോൾ അവിടെ ആന്റി സബോട്ടാഷ്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കനൈൻ മെമ്പർ ഗാല ആയിരുന്നു. കെയ്‌റോ എന്ന് പേരായ ഒരു മലിനോയിസ് പട്ടിയാണ് 2011 -ൽ ഒസാമ ബിൻ ലാദനെ വധിക്കാൻ ചെന്ന രഹസ്യ സംഘത്തിന്റെ കൂടെ ഉണ്ടായിരുന്നത്. കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകളിൽ വളരെ സുപ്രധാനമായ പങ്കുവഹിക്കാൻ പോന്ന വിശേഷയിനം പോർ പട്ടികളാണ് മലിനോയിസുകൾ.

മൂന്നുപേരും കഴിഞ്ഞ കുറച്ചാഴ്ചകളായി ഭാനുവിലെ NTCD സെന്ററിൽ വിശ്രമത്തിൽ ആയിരുന്നു. ഗാലയിൽ നിന്ന് ബീജം സ്വീകരിച്ച ഓൾഗയും, ഒലേയ്ഷയും നിറവയറുമായി അവിടെ പേറും കാത്ത്  കിടപ്പായിരുന്നു. ഒടുവിൽ എല്ലാവരും കാത്തുകാത്തിരുന്ന ആ പ്രസവങ്ങൾ നടന്നു. ഓൾഗ ഒമ്പതു പെറ്റു. ഒലേയ്ഷ എട്ടും. എല്ലാ കുഞ്ഞുങ്ങളും, രണ്ടമ്മമാരും പ്രസവാനന്തരവും പൂർണാരോഗ്യത്തോടെ ഇരിക്കുന്നു. അഞ്ചുവയസ്സാണ് ഓൾഗയുടെയും ഒലേയ്ഷയുടെയും പ്രായം. 

റോഡ് ഓപ്പണിങ് പാർട്ടികളുടെ വഴികൾ സുരക്ഷിതം എന്നുറപ്പിക്കുന്നത് കഴിഞ്ഞ കുറെ വർഷങ്ങളായി ഈ K9  മാലിനോയിസ് ശ്വാനസംഘത്തിന്റെ ചുമതലയാണ്. നിരവധി തവണ ഇവർ IED കൾ കണ്ടെടുത്ത കേസുകൾ ഉണ്ടായിട്ടുണ്ട്. പുതുതായി പിറന്നു വീണ പട്ടിക്കുഞ്ഞുങ്ങൾക്കും അവയുടെ അച്ഛനമ്മമാരെപ്പോലെ തികഞ്ഞ പെഡിഗ്രി ഉണ്ടെന്നും, അവയും പൂർണമായ ശൗര്യത്തോടെ തന്നെ നാടിനുവേണ്ടി സേവനം അനുഷ്ഠിക്കാൻ താമസിയാതെ പരിശീലനം നേടി തയ്യാറാകും എന്നും NTCD സെന്ററിലെ വെറ്ററിനറി ഡിഐജി സുധാകർ നടരാജൻ ട്രിബ്യുണിനോട് പറഞ്ഞു.