ഇന്ന് വിശ്രുത പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ ജന്മദിനമാണ്.

ഫൈസിനെ ഒരു പക്ഷേ പലരും അറിഞ്ഞെന്നുവരില്ലേ, എന്നാൽ, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യമെമ്പാടും ആളിക്കത്തിയ നാളുകളിൽ ദില്ലി മുതൽ കേരളം വരെ രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും നടന്ന പ്രകടനങ്ങളിൽ ഉയർന്നു കേട്ട ഒരു ഗാനം ഉറപ്പായും എല്ലാവരും ഓർക്കുന്നുണ്ടാകും. കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്ക് 'ഹം ദേഖേംഗേ'യുടെ ആലാപനം മിഴിവേകി. ടിഎം കൃഷ്ണയും പുഷ്പവതിയും അയിഷയും ദാനയും അടക്കമുള്ള പലരും അത് സ്വതസിദ്ധമായ ശൈലികളിൽ ആലപിച്ച് ജനസഹസ്രങ്ങൾക്ക് ആവേശം പകർന്നു.

" ദൈവത്തിന്റെ ഭവനത്തിൽ നിന്ന് 
  എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും,
  അവർ ഇന്നുവരെ അയിത്തം കല്പിച്ചു 
   മാറ്റിനിർത്തപ്പെട്ടിരുന്നവർ 
  നമ്മൾ തന്നെ ഇനി നാട് ഭരിക്കും, 
  അവരുടെ സ്വർണ്ണക്കിരീടങ്ങൾ 
  വലിച്ചെറിയപ്പെടും. 
  ആ സിംഹാസനങ്ങൾ തച്ചു തകർക്കപ്പെടും,
  കാണാം, നമുക്ക് തീർച്ചയായും അത് കാണാം..! "

എന്നാണ് തന്റെ തൂലികയാൽ ഫൈസ് എഴുതിയത്. ആർക്കെതിരെ? തന്റെ കഴുത്തിൽ ഏതുനിമിഷവും കൊലക്കയർ ചാർത്താവുന്ന പാകിസ്താനിലെ ഏകാധിപതി, ജനറല്‍ സിയാ ഉൾ ഹഖിനെതിരെ. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നിനെത്തന്നെ, സ്വേച്ഛാധിപതികളോടുള്ള പ്രതിഷേധത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് അദ്ദേഹം ഈ കവിതയിലൂടെ ചെയ്തത്. പ്രവാചകനായ മുഹമ്മദ് നബിയുടെ മക്കാ പ്രവേശമാണ് കവിതയിലെ സാഹചര്യം. ഇസ്ലാമിക സൈന്യം മക്ക കീഴടക്കിയശേഷം പ്രവാചകൻ ആദ്യം ചെയ്തത്, ഇബ്രാഹിം നബി പണിതീർത്ത ലോകത്തിലെ ആദ്യത്തെ പള്ളിയായ കഅബയ്ക്കുള്ളിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എടുത്ത് പുറത്തെറിയുകയാണ്. ഇബ്രാഹിം നബിയുടെ നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് പ്രദേശവാസികളായ പ്രമാണിമാരാണ് കാലങ്ങളായി ഈ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ പ്രതിഷ്ഠിച്ചിരുന്നത്. "സത്യം പുലർന്നിരിക്കുന്നു, അസത്യം അസ്തമിച്ചിരിക്കുന്നു" എന്നാണ് പ്രവാചകനായ മുഹമ്മദ് നബി അന്ന് പറഞ്ഞത്. 

ഈ കവിത പാകിസ്താനിലെ ജനങ്ങൾക്ക് ആവേശവും ഉന്മാദവും പകർന്നതെങ്ങനെ? 

ഈ കവിതയ്ക്ക് വിപ്ലവവുമായുള്ള ബന്ധം മനസ്സിലാകണമെങ്കിൽ പാകിസ്ഥാനിൽ അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ചെറിയൊരു പരിചയം വേണം. ഫൈസ് ഈ കവിതയെഴുതുന്നത് 1979 -ലാണ്. അതിനു രണ്ടു വർഷം മുമ്പ്, എഴുപത്തേഴിൽ ഇന്ത്യ അടിയന്തരാവസ്ഥയില്‍ നിന്നും ഏതാണ്ട് മോചിതമായപ്പോൾ പാകിസ്ഥാൻ അതിലേക്ക്‌ കാലെടുത്ത്‌ വെക്കുന്ന നേരമായിരുന്നു. പട്ടാളത്തലവനായ ജനറല്‍ സിയാ ഉൾ ഹഖ് ,  'ഓപ്പറേഷന്‍ ഫെയര്‍പ്ളേ' എന്ന ഒരു പട്ടാള അട്ടിമറിയിലൂടെ, പാകിസ്ഥാനിലെ ജനപ്രിയ നേതാവായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ പ്രധാനമന്ത്രിപദത്തിൽ നിന്നും നീക്കുന്നു. തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും എന്നായിരുന്നു വാദമെങ്കിലും അതുണ്ടായില്ല.  

'മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ' എന്ന സങ്കല്പമാണ് മുഹമ്മദലി ജിന്നയ്ക്ക് ഉണ്ടായിരുന്നത് എങ്കിലും, മറ്റുമതക്കാർക്കും അവിടെ ജീവിക്കാൻ കാര്യമായ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. സുൾഫിക്കർ അലി ഭൂട്ടോയുടെ കാലത്തും പാകിസ്ഥാൻ അതിന്റെ മതേതര നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നത് ജനറൽ സിയാ ഉൽ ഹഖ് ആണ്. തന്റെ അധികാരം ബലപ്പെടുത്താനായി  ജനറൽ സിയാ ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനെ കൂട്ടുപിടിച്ച്‌  'ഹുദൂദ്‌ ഓര്‍ഡിനന്‍സ്‌' എന്നൊരു പുതിയ നിയമം ഉണ്ടാക്കുന്നു. ആ നിയമത്തിന്റെ പരിധിയിൽ, എപ്പോൾ വേണമെങ്കിലും എതിരാളികള്‍ക്കുമേല്‍ ഉപയോഗിക്കാനായി എങ്ങനെയും വളച്ചൊടിക്കാവുന്ന 'മതനിന്ദ', 'പരസ്ത്രീഗമനം' പോലെയുള്ള വകുപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തുന്നു. ‍അതിനോടുള്ള പ്രതിഷേധമായിട്ടാണ്  സ്ഥാനഭ്രഷ്ടനായ സുൾഫിക്കർ അലി ഭൂട്ടോ നാടൊട്ടുക്കും നടന്ന് ജനങ്ങളെ സംഘടിപ്പിച്ച് പട്ടാള അട്ടിമറിക്കെതിരെ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നത്. ജനരോഷം ആളിക്കത്തുന്നതും, ഭൂട്ടോയ്ക്ക് പിന്തുണ ഏറിവരുന്നതും കണ്ടപ്പോൾ ഒടുവിൽ തന്റെ എതിരാളിയെ ഇല്ലാതാക്കാൻ തന്നെ സിയാ ഉൾ ഹഖ് തീരുമാനിച്ചു. 1977 സെപ്തംബർ 3 -ന്, രാഷ്ട്രീയ എതിരാളികളിൽ ഒരാളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാർത്തി സിയയുടെ പോലീസ്  ഭൂട്ടോയെ അറസ്റ്റു ചെയ്യുന്നു. 

ശത്രുക്കളെ ഇല്ലാതാക്കുന്ന കൂട്ടാതെ ജനറൽ സിയാ ഭൂട്ടോയെ വധശിക്ഷക്ക് വിധിക്കുന്നു. തൂക്കിലേറ്റപ്പെടുന്നതും കത്ത് ജയിലിൽ കിടക്കുമ്പോൾ, ജയിലിൽ നിന്നും തന്റെ മകൾ ബേനസീറിന് എഴുതിയ കത്തിൽ ഭൂട്ടോ ഇങ്ങനെ കുറിച്ചു, " ഞാൻ ആ മനുഷ്യനെ കൊന്നിട്ടില്ല, കൊല്ലാൻ ആർക്കും നിർദ്ദേശവും  നൽകിയിട്ടില്ല. എന്റെ ദൈവത്തിന് അത് കൃത്യമായി അറിയാം.ഖോട്ട് ലഖ്‍പതിലെ ഈ കാരാഗൃഹത്തിലും എന്റെ മനസ്സാക്ഷി അചഞ്ചലമാണ്. എനിക്ക് മരണത്തെ പേടിയില്ല.. ഞാൻ കടന്നുവന്നിട്ടുള്ള നരകത്തീകളെപ്പറ്റി നിനക്ക് അറിയാമല്ലോ.." ഈ കത്തെഴുതി അധികം താമസിയാതെ, കൃത്യമായി പറഞ്ഞാൽ 1979  ഏപ്രിൽ 4 ന്  സിയാ ഉൾ ഹഖ്, സുൾഫിക്കർ അലി ഭൂട്ടോയെ കഴുമരത്തിലേറ്റുന്നു.

ഫൈസിന്റെ അടുത്ത സ്നേഹിതനായിരുന്നു ഭൂട്ടോ. അടുപ്പിച്ചടുപ്പിച്ചു നടന്ന പല സുഹൃത്തുക്കളുടെയും കഴുവേറ്റങ്ങള്‍ ഫൈസിനെ ഏറെ കുപിതനാക്കിയിരുന്നു. സിയക്കെതിരെ പ്രതികരിക്കാന്‍ വീര്‍പ്പുമുട്ടി നിന്ന അക്കാലത്ത്‌ അദ്ദേഹം, 'തീവ്ര മതാഭിനിവേശം' എന്ന സിയയുടെ തന്നെ നയം ഉപയോഗിച്ച്‌ എഴുതിയ കവിതയാണ്‌, 'ഹം ദേഖേംഗേ' - അതായത്, 'നമുക്ക് കാണാം.. ' എന്ന്. ഇസ്ലാമിക ബിംബങ്ങളെ നിയമത്തിന്റെ ഭാഗമാക്കി ശത്രുക്കൾക്കെതിരെ ദുരുപയോഗം ചെയ്ത സിയ എന്ന സ്വേച്ഛാധിപതിയ്‌ക്കെതിരെ, അതേ ബിംബങ്ങളുടെ സൂചന പ്രയോജനപ്പെടുത്തി ഫൈസ് തിരിച്ചൊരു കവിത എഴുതുകയായിരുന്നു. സൃഷ്ടിച്ച ദൈവം മനുഷ്യന്‌ ചിന്തിക്കാന്‍ ഒരു തലച്ചോറും വഴികാട്ടിയായൊരു പുണ്യഗ്രന്ഥവും, അതുപയോഗിച്ച്‌ ഈ ഭൂമിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും തന്നു . പക്ഷേ, അന്ത്യനാളില്‍ ദൈവത്തിന്റെ മുന്നില്‍ നമുക്ക്‌ ഹാജരാവേണ്ടി വരുമെന്നും, ചെയ്തതിനൊക്കെയും അന്ന്  നമുക്ക്‌ ന്യായം ബോധിപ്പിക്കേണ്ടി വരുമെന്നും ആണല്ലോ മതം പറയുന്നത്‌. അതേ നാണയത്തില്‍ തന്നെ സിയയ്ക്കുള്ള മറുപടി നല്‍കുകയാണ്‌ ഫൈസ്‌ കവിതയിലൂടെ.സിയ ഇന്ന് കാണിക്കുന്നതിനെല്ലാം ഖയാമന്നാളിൽ ദൈവത്തിനുമുന്നിൽ മറുപടി നൽകേണ്ടി വരും എന്നാണ് കവിതയിൽ പറയുന്നത്. 

ഇഖ്ബാൽ ബാനോയുടെ ആലാപനം 

ഫൈസിന്റെ ഈ കവിത പ്രതിഷേധത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നത്‌, 1986  - ലാണ്. അക്കൊല്ലമാണ്  നിർബന്ധിത ഇസ്ലാമൈസേഷൻ നയത്തിന്റെ ഭാഗമായി, അന്നുവരെ അവിടത്തെ സ്ത്രീകള്‍ സർവ്വസാധാരണമായി ധരിച്ചുപോന്നിരുന്ന 'സാരി'ക്ക്‌ പാക്കിസ്താനില്‍ നിരോധനമേര്‍പ്പെടുത്തിയത്. 1985  നവംബർ 24 -ന് കറുത്ത സാരി ഞൊറിഞ്ഞുടുത്തുകൊണ്ട് ഒരു യുവതി ലാഹോറിലെ അൽഹംബറാ ഹാളിലെ ആർട്സ് കൗൺസിൽ ഹാളിലെ സ്റ്റേജിലേക്ക് കയറി. അവരുടെ കയ്യിൽ  'ഹം ദേഖേംഗേ...'യുടെ വരികൾ എഴുതിവെച്ച ഒരു കടലാസുണ്ടായിരുന്നു.ആ ഹാളിനുള്ളിൽ  നിറഞ്ഞു കവിഞ്ഞ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി, അന്ന് ആ കവിത ഈണമിട്ടു പാടിയ യുവതി പാകിസ്താനിലെ  പ്രസിദ്ധയായൊരു ഗസൽ ഗായികയായിരുന്നു. അവരുടെ പേര് ഇഖ്ബാൽ ബാനോ എന്നായിരുന്നു.  നിരവധി സിനിമാ ഗാനങ്ങളും ഗസലുകളും നസ്മുകളും ഒക്കെ പാടി പാകിസ്ഥാനിലെ ലക്ഷോപലക്ഷം പേരുടെ ഹൃദയങ്ങളിൽ അവർ ഇടം പിടിച്ചിരുന്നു എങ്കിലും, അത് ഒരിക്കലും മായാത്ത രീതിയിൽ അവിടെ കൊത്തി വെക്കപ്പെട്ടത് ഈ ഒരൊറ്റ കവിതാ കവിതാലാപനത്തിന്റെ പേരിലായിരുന്നു. ആ കവിത എഴുതിയ ഫൈസ് അഹമ്മദ് ഫൈസ് അടക്കമുള്ള പല നേതാക്കളും തുറുങ്കിലടക്കപ്പെട്ടിരുന്നു എന്നത് ആ ആലാപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിച്ചു. 


 
അന്നത്തെ ആ രാഷ്ട്രീയ സാഹചര്യത്തില്‍ വിക്ഷുബ്ധരായിരുന്ന ജനങ്ങള്‍  ഈ കവിതയിലെ വരികള്‍ ഉള്ളിലേറ്റുവാങ്ങി 'ഇങ്ക്വിലാബ്‌..' വിളികള്‍ മുഴക്കുകയും പാട്ടിനൊത്ത്‌ ‌ കയ്യടിക്കുകയും ചെയ്യുന്നത്‌ ഈ റെക്കോര്‍ഡിങ്ങില്‍ നമുക്ക്‌ കേള്‍ക്കാം. ബാനോവിന്റെ ഈ പെർഫോർമൻസ്‌ അന്ന് ഒരു ബൂട്ട് ലെഗ് കാസറ്റിൽ  റെക്കോർഡ്‌ ചെയ്യപ്പെടുകയും തുടർന്ന് അതിന്റെ പ്രതികൾ രാജ്യമെമ്പാടും രഹസ്യമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സിയാ ഉൾ ഹഖിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങൾക്കും പിന്നീട് സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ എന്ന നേതാവിന്റെ ഉയർച്ചയ്ക്കും ഏറെ പ്രചോദനമേകി ഇത്തരത്തിൽ പ്രചരിക്കപ്പെട്ട പാട്ടുകൾ. 

പൗരത്വ നിയമഭേദഗതി വിരുദ്ധ സമരങ്ങളിലെ 'ഹം ദേഖേംഗേ'യുടെ റോൾ 

ഈ അതിപ്രസിദ്ധമായ നസം രാജ്യത്തെ പൗരത്വ പ്രതിഷേധങ്ങളുടെ പ്രതീകമായി മാറിയിരുന്നു. ആവർത്തിച്ചാവർത്തിച്ച് ഇത് ആലപിക്കപ്പെട്ടത് പൗരത്വ പ്രതിഷേധവേദിയിൽ ആയതുകൊണ്ട് ഇതിൽ എന്തെങ്കിലുമൊക്കെ ദേശീയതാ വിരുദ്ധമായി കാണും എന്നാവും മോദി-ഷാ പിന്തുണക്കാരുടെ തോന്നൽ. അതുകൊണ്ട് ഈ നസമിന് എതിരായും ചോദ്യങ്ങൾ പല അക്കാഡമിക് കോണുകളിൽ നിന്നുപോലും ഉയർന്നു. ഉദാ. കവിതയുടെ ചില വരികൾ ഹിന്ദു മതത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു ഐഐടി കാൺപൂരിലെ ഒരു പ്രൊഫസറുടെ വാദം. 

" ദൈവത്തിന്റെ ഭവനത്തിൽ നിന്ന് 
  എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും,
  അവർ ഇന്നുവരെ അയിത്തം കല്പിച്ചു 
   മാറ്റിനിർത്തപ്പെട്ടിരുന്നവർ 
  നമ്മൾ തന്നെ ഇനി നാട് ഭരിക്കും, 
  അവരുടെ സ്വർണ്ണക്കിരീടങ്ങൾ 
  വലിച്ചെറിയപ്പെടും. 
  ആ സിംഹാസനങ്ങൾ തച്ചു തകർക്കപ്പെടും,
  കാണാം, നമുക്ക് തീർച്ചയായും അത് കാണാം..! "

ഈ വരികളായിരുന്നു പ്രൊഫസറുടെ സന്ദേഹത്തിന് കാരണം. കവിതയിൽ 'വിഗ്രഹം' എന്നു പറഞ്ഞിരിക്കുന്നത് അമ്പലത്തിലെ വിഗ്രഹങ്ങളാണ് എന്നമട്ടിലായിരുന്നു അദ്ദേഹത്തിന്റെ രോഷപ്രകടനം. എന്നാൽ, പാകിസ്താനിലെ രാഷ്ട്രീയസാഹചര്യത്തിൽ അന്ന് എഴുതിയ ഈ കവിതയിൽ, കവി സൂചിപ്പിച്ചത് ഇസ്ലാം മതത്തിന്റെ പതാകാവാഹകർ എന്നു പറയപ്പെടുന്നവർ തന്നെ അധികാര കേന്ദ്രങ്ങളിൽ 'വിഗ്രഹ'ങ്ങളായി സ്വയം അവരോധിക്കുന്നതിനെപ്പറ്റിയാണ്. മതവിശ്വാസികൾക്ക് ദൈവം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ആ അന്ത്യനാളിൽ,  സ്വേച്ഛാധിപതികളായ ഈ 'വിഗ്രഹ'ങ്ങൾ ഒക്കെയും തകർത്തെറിയപ്പെടും എന്നാണു ഫൈസ് കവിതയിലൂടെ പറഞ്ഞത്. വിശ്വാസപ്രകാരം തന്നെ ഇസ്ലാമിൽ വിഗ്രഹാരാധന ശിക്ഷാർഹവുമാണല്ലോ. എന്തായാലും, ഈ വരികളിലെ ഹൈന്ദവവിരുദ്ധത പരിശോധിക്കാൻ ഐഐടി ഒരു ഉന്നതതല സമിതിയെ നിയോഗിക്കുക വരെ ചെയ്തു അന്ന്.

ഫൈസ് കവിതകളുടെ കാലാതിവർത്തിയായ രാഷ്ട്രീയപ്രസക്തി 

ഒരു കാലഘട്ടത്തിൽ എഴുതപ്പെട്ട ഫൈസ് കവിത മറ്റൊരു സാഹചര്യത്തിൽ, മറ്റൊരു കാലഘട്ടത്തിൽ വീണ്ടും ചർച്ചയാവുകയും, വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നത് ഇതാദ്യമായിട്ടല്ല. ഇതേപ്പറ്റി ആരോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്, " ഞാൻ അന്നത്തെ സാഹചര്യത്തിനനുസരിച്ച് എഴുതേണ്ടത് എഴുതി. കാലം മാറിയിട്ടും ഇവിടത്തെ സാഹചര്യം മാറാത്തതിന് ഞാൻ എന്ത് ചെയ്യാനാണ്?" എന്നാണ് ഫൈസ് പറഞ്ഞത്. ഫൈസ് ആ പറഞ്ഞതുതന്നെയാണ് അദ്ദേഹത്തിന്റെ കാവ്യപ്രതിഭയെ അടയാളപ്പെടുത്തുന്നത്. മതവിദ്വേഷം, വംശീയത, ലിംഗവിവേചനം എന്നിവയ്ക്കെതിരെ നിരന്തരം പോരാടുകയും, എഴുതുകയും ചെയ്തയാളാണ് ഫൈസ് അഹമ്മദ് ഫൈസ്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ കവിതകളിലെ വരികളുടെ പ്രസക്തി ഏറിവരികയാണ് ചെയ്യുന്നത്. 

വിപ്ലവകാരിയായ കാല്പനികൻ, കാല്പനികനായ വിപ്ലവകാരി 

വിപ്ലവത്തിന്റെ അനശ്വര ഗീതികൾ എഴുതുന്നതിനിടയിൽ തന്നെ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് 'മുഝ്‌സേ പെഹലി സി മൊഹബ്ബത് മേരി മെഹബൂബ് നാ മാംഗ്‌' പോലുള്ള ഭഗ്നപ്രണയത്തിന്റെ ഭാവഗീതങ്ങളും ഉടലെടുത്തു. കാല്പനികതയും വിപ്ലവചിന്തയും ചുറ്റിപ്പിണർന്നു രതിയിലേർപ്പെട്ടിരുന്ന രണ്ടിണപ്പാമ്പുകൾ പോലെയായിരുന്നു കവിയുടെ ജീവിതത്തിൽ. അതിട്നെ ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹമെഴുതി മെഹ്ദി ഹസ്സൻ പാടി അനശ്വരമാക്കിയിട്ടുള്ള, 'ഗുലോം മേം രംഗ് ഭരേ' എന്ന ഗസൽ.അതിന്റെ മഖ്‌തയിൽ ഫൈസ് ഇങ്ങനെ പാടുന്നുണ്ട്,"മകാം ഫൈസ് കോയി രാഹ് മേം ജചാ ഹി നഹീ, ജോ കൂ-എ-യാർ സെ നിക്‌ലേ തോ സൂ-എ-ധാർ ചലേ". എന്നുവെച്ചാൽ, "വഴിയിൽ പിന്നെ മറ്റൊരിടവും എനിക്ക് ബോധിച്ചില്ല, ഫൈസ്. പ്രിയമുള്ളവളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്ന ഞാൻ നേരെ നടന്നു കയറിയത് കഴുമരത്തിലേക്കായിരുന്നു." എന്നർത്ഥം. വളരെ പൊളിറ്റിക്കൽ ആയിട്ടുള്ള രണ്ടു വരികളാണിത്. പല അർത്ഥങ്ങളും വ്യാഖ്യാനിച്ചെടുക്കാൻ പറ്റും. ലളിതമായി വായിച്ചാൽ, സ്നേഹിതയുടെ വീടിരിക്കുന്ന ഗലി, അതാണ് കവിക്ക് ഏറ്റവും ഇഷ്ടമുള്ളിടം. അവിടെ നിന്ന് ഇറങ്ങിപ്പോന്നപ്പോൾ, അഥവാ പോരേണ്ടി വന്നപ്പോൾ, അല്ലെങ്കിൽ അവിടം നിഷിദ്ധമായപ്പോൾ, പിന്നെ മറ്റൊരിടത്തിനും കവിയുടെ മനസ്സിനെ സ്വാധീനിക്കാനായില്ല. അവിടെ നിന്ന് നേരെ ചെന്ന് കഴുമരത്തിലേറുകയായിരുന്നു കവി. അതായത്, പ്രേയസി വേണ്ടെന്നു പറഞ്ഞപ്പോൾ, അവളുടെ ജീവിതത്തിൽ നിന്ന് ആട്ടിയിറക്കപെട്ടപ്പോൾ, കവി ആത്മാഹുതി ചെയ്തു കളഞ്ഞു എന്ന്.

അത് ഏറെക്കുറെ ഉപരിപ്ലവമായ വായന. ഇനി ഒന്നുകൂടി ആഴത്തിൽ വ്യാഖ്യാനിച്ചാലോ? കവിക്ക് ഏറ്റവും പ്രിയമുള്ളത് പിറന്ന നാടാണ്. അവിടെ യഥേഷ്ടം ജീവിക്കാനുള്ള അവകാശം ഇല്ലെന്നു വന്നാൽ പിന്നെ നല്ലത് കഴുമരത്തിൽ ഏറുന്നതാണ് എന്നാണ് കവി പറയുന്നത്. അക്കാലത്ത് പാകിസ്ഥാനിൽ പൊതുവേ പ്രചാരത്തിലുണ്ടായിരുന്ന ഒരു പരിപാടിയെ പരിഹസിച്ചതാണ് കവി. പാകിസ്ഥാനിൽ നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ സജീവരാഷ്ട്രീയത്തിൽ കത്തി നിന്നിരുന്ന പലരും ഗൾഫിലേക്കോ, അമേരിക്കയിലേക്കോ കടന്ന് അവിടെ സ്ഥിരതാമസമാക്കും. പിന്നീട് ഒരിക്കലും തിരിച്ചു ജന്മനാട്ടിലേക്ക് എത്താൻ സാധിക്കില്ല, ആ മണ്ണിനെ ചുംബിക്കാനാകില്ല എങ്കിലും അവർ അതിൽ സംതൃപ്തി കണ്ടെത്തി കാലം കഴിക്കും. കവി പറഞ്ഞത്, സ്വന്തം നാടിന് തന്നെ വേണ്ട എന്ന് പറഞ്ഞാൽ, അല്ലെങ്കിൽ സ്വന്തം നാട്ടിൽ സ്വൈര്യമായി ജീവിക്കാൻ വിടാതെ അവർ വേട്ടയാടിയാൽ, അതിന്റെ പേരും പറഞ്ഞ് മറ്റേതെങ്കിലും പറുദീസയിൽ പോയി ശിഷ്ടകാലം കഴിക്കാൻ കവിക്കാകില്ല എന്നാണ്. അതിലും ഭേദം ഈ സ്വേച്ഛാധിപതികൾ നൽകുന്ന മരണശിക്ഷ ഏറ്റുവാങ്ങി ഇതേ മണ്ണിലടിയുന്നതാണ് എന്നാണ്. അങ്ങനെയാണ് കവി ചെയ്തത് എന്നാണ് ശേർ പറയുന്നത്. 

കവിയുടെ ജീവിത രേഖ 

ഒരു കവിക്ക് എന്തുമാത്രം രാഷ്ട്രീയപ്രസക്തി ഉണ്ടാകാമോ അത്രയും നേടിയ ആളാണ് ഫൈസ്. 1911 ഫെബ്രുവരി 13 പാകിസ്താനിലെ പഞ്ചാബിൽ ജനനം. ഗവണ്മെന്റ് കോളേജിലും ഓറിയന്റൽ കോളേജിലുമായി പഠനം.1930 -ൽ അറബി ഭാഷയിൽ ബിരുദം. പിന്നീട് ഇംഗ്ലീഷ്, അറബി എന്നിവയിൽ ബിരുദാനന്തര ബിരുദം. പഠനത്തിനിടെ എം എൻ റോയ്, മുസഫർ അഹമ്മദ് എന്നിവരുടെ ആശയങ്ങളിൽ അനുരക്തനായി കമ്യൂണിസ്റ്റായി മാറുന്നു. വിവാഹം കഴിച്ചത് ബ്രിട്ടീഷുകാരിയായ ആലീസ് ഫൈസിനെ. ഫൈസ് ഉർദു പഠിപ്പിച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാർഥിനിയായിരുന്ന ആലീസ് അദ്ദേഹത്തിന്റെ കവിതയുടെ ആരാധിക എന്നതിനൊപ്പം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗവും കൂടി ആയിരുന്നു.

ഫൈസ് ആദ്യമായി അറസ്റ്റുചെയ്ത് തുറുങ്കിൽ അടക്കപ്പെടുന്നത് 1951 -ൽ ആണ്. ലിയാഖത്ത് അലി ഖാന്റെ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അന്ന് ചുമത്തപ്പെട്ട കുറ്റം. നാലുവർഷത്തെ കാരാഗൃഹവാസത്തിനു ശേഷം ഫൈസിനെ അവർ വിട്ടയച്ചു. അതിനു ശേഷം പാകിസ്താനിലെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു ഏറെക്കാലം ഫൈസ്. സുൾഫിക്കർ അലി ഭൂട്ടോയുമായി കാത്തുസൂക്ഷിച്ചിരുന്ന അടുപ്പത്തിന്റെ പേരിൽ ജനറൽ സിയാ ഉൽ ഹഖും ഏറെക്കാലം ഫൈസിനെ തടങ്കലിൽ ഇട്ടു പീഡിപ്പിച്ചു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയായപ്പോൾ, നാടുവിട്ട് ബെയ്‌റൂട്ടിൽ ചെന്ന് പലായനജീവിതം നയിച്ചു ഫൈസ്.

എഴുപതുകളിൽ പാകിസ്താനിലെ ഭരണകൂടത്തിന്റെ ഇസ്ലാമിക യാഥാസ്ഥിതികത്വത്തിന്റെ നടുമ്പുറത്ത്  ഊക്കനടിയായി വന്നുപതിച്ച ഫൈസ് കവിതകൾ പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യയിൽ ഹൈന്ദവാഭിമുഖ്യമുള്ള ഗവൺമെന്റിന്റെ മുസ്ലിം വിരുദ്ധമായ നയങ്ങൾക്കെതിരെ നടത്തപ്പെടുന്ന പ്രതിഷേധങ്ങളുടെയും പ്രതിഷേധഗീതമായി മാറിയത്  ഏറെ കൗതുകമുളവാക്കിയ ഒരു സംഗതിയായിരുന്നു. കാൺപൂർ ഐഐടിയിലെ പ്രൊഫസർക്ക് ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്നു തോന്നിയ അതേ വരികളാണ് അന്ന് സിയാ ഉൽ ഹഖിന്റെ ഭരണകാലത്തും ഇസ്ലാം മതവിരുദ്ധമെന്നും പറഞ്ഞു കൊണ്ട് നിരോധിക്കപ്പെട്ടത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.