അസമിലെ ജോർഹാട്ടിലുള്ള ടിയോക്ക് ടീ എസ്റ്റേറ്റിലെ ഡോക്ടറായിരുന്ന ദേബേൻ ദത്ത എന്ന 73 - കാരനെ, ഒരു രോഗി മരണപ്പെട്ട സംഭവത്തിന് പിന്നാലെ ഉയർന്ന ജനരോഷത്തിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്ന കേസിൽ ഒരാൾക്ക് വധശിക്ഷയും 24 കൂട്ടുപ്രതികൾക്ക് ജീവപര്യന്തം കഠിനതടവും വിധിച്ചുകൊണ്ട് സെഷൻസ് കോടതി ഉത്തരവിട്ടു. സഞ്ജയ് രജോവർ എന്ന ഒന്നാം പ്രതിക്കാണ് വധശിക്ഷ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 -നാണ് ഈ വിധിക്കാധാരമായ സംഭവം നടക്കുന്നത്. 

സംഭവം നടന്നതിന് പിന്നാലെ ഈസ്റ്റേൺ റേഞ്ച് ഡിഐജി ശിവപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ട 32 പേരെ അറസ്റ്റു ചെയ്യുകയും, അന്വേഷണം സമയാനുസൃതമായി പൂർത്തിയാക്കി 602 പേജുകളുള്ള ഒരു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. സാക്ഷികളുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വെച്ചുകൊണ്ട് നടന്ന രാജ്യത്തെ ആദ്യ വിചാരണകളിൽ ഒന്നായിരുന്നു ഇതെന്ന് പൊലീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഒരു കുറ്റാരോപിതൻ വിചാരണക്കാലയളവിൽ മരണപ്പെടുകയും, ആറു പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. ശേഷിക്കുന്നവരെയാണ് കോടതി ശിക്ഷിച്ചത്. ജോർഹാട്ട് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോർട്ട് ജഡ്ജി റോബോൺ ഫുക്കാൻ ആണ് ഈ വിധി പുറപ്പെടുവിച്ചത്. 

ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട് വയോധികയായ ഭാര്യ

"ഞാനിനി ആർക്കുവേണ്ടിയാ ജീവിക്കേണ്ടേ..? ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഒരു ഡോക്ടറെ ഇങ്ങനെ തീരെ ദയയില്ലാതെ തല്ലുന്നതെങ്ങനെയാ..? മുമ്പൊരിക്കൽ എന്റെ ഭർത്താവ് ഇതേ തേയിലത്തോട്ടത്തിലെ ഒരു തൊഴിലാളിയെ സ്വന്തം ചോര കൊടുത്ത് രക്ഷിച്ചിട്ടുണ്ട്, 1984-ൽ. ശരിയല്ലേ എന്ന് നിങ്ങൾ അദ്ദേഹത്തെ തല്ലിക്കൊന്നവരോട് തന്നെ ഒന്ന് ചോദിച്ചുനോക്കൂ... " പറഞ്ഞു തീരുമ്പോഴേക്കും വിതുമ്പിപ്പോകുകയാണ് അറുപത്തൊന്നുകാരിയായ അപരാജിതാ ദത്ത. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഭർത്താവ് ദേബേൻ ദത്തയുടെ ചിത്രത്തിലേക്ക് കൈചൂണ്ടി പൊട്ടിക്കരയുന്നുണ്ട് അവരിടയ്ക്കിടെ. കഴിഞ്ഞ ശനിയാഴ്ച, ഒരുകൂട്ടം തേയിലത്തൊഴിലാളികൾ ചേർന്ന് മർദ്ദിച്ചുകൊന്ന ഡോക്ടർ കഴിഞ്ഞ മുപ്പതുകൊല്ലത്തിലധികമായി തന്റെ ജീവിതം ഉഴിഞ്ഞിട്ടത് ആ തോട്ടത്തിലെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാൻ തന്നെയാണ്.

മലമുകളിലെ ഏക ആശുപത്രി

ജോർഹാട്ടിലൂടെ കടന്നുപോകുന്ന NH-37 ടിയോക്കിൽ എത്തുമ്പോൾ ഇടത്തോട്ട് ചെറിയൊരു പഞ്ചായത്തുറോഡ് കാണാം. അതിലെ കഷ്ടി അരക്കിലോമീറ്റർ ദൂരം ചെന്നാൽ ടിയോക്ക് ടീ എസ്റ്റേറ്റ് എന്നൊരു ബോർഡ് കാണാം.

തോട്ടം തൊഴിലാളികളെ ചികിത്സിക്കാനായി കമ്പനി എസ്റ്റേറ്റിനുള്ളിൽ തന്നെ ഒരു ചെറിയ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യങ്ങൾ തീരെ കഷ്ടിയായ ആ എസ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരു തൊഴിലാളി മരണപ്പെട്ടതിനാണ് മറ്റു തൊഴിലാളികൾ ചേർന്ന് ആശുപത്രിയിലെ ഏക റസിഡന്റ് ഡോക്‌ടറായ ദേബേൻ ദത്ത എന്ന എഴുപത്തിമൂന്നുകാരനെ നിർദ്ദയം തല്ലിക്കൊന്നത്. ദത്തയുടെ കൊലപാതകത്തിന് ശേഷം ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. ചായക്കമ്പനി ആശുപത്രിക്കെട്ടിടത്തിന്റെ രണ്ടു മുറികളിലായി ഓരോ സ്ത്രീ പുരുഷ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. ആകെ 12 കിടക്കകളുള്ള ഈ രണ്ടു വാർഡിന്റെയും നടുക്ക് സ്ഥിതി ചെയ്യുന്ന ആശുപത്രിയിലെ ഏക ഡോക്ടറുടെ മുറി ഇപ്പോൾ പൊലീസ് സീൽ ചെയ്ത നിലയിലാണ്.


ആൾക്കൂട്ടം തല്ലിത്തകർത്ത ആ മുറിയുടെ ജനലിലൂടെ നോക്കിയാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ഡോക്ടർ ദേബേൻ ദത്ത തൊഴിലാളികളെ പരിശോധിച്ചിരുന്ന കൺസൾട്ടേഷൻ ടേബിൾ കാണാം. അവിടെയിരുന്നുകൊണ്ടാണ് അദ്ദേഹം തോട്ടത്തിലെ സുഖമില്ലാത്ത തൊഴിലാളികൾക്ക് വേണ്ട മരുന്നുകൾ കുറിച്ച് കൊടുത്തുകൊണ്ടിരുന്നത്. ഇന്ന് അതേ മേശപ്പുറത്ത് കിടക്കുന്നത് ചോരയിൽ കുളിച്ച ഒരു നീലത്തുണി മാത്രമാണ്. മുറിയുടെ ജനാലയിൽ തൂക്കിയിരിക്കുന്ന കർട്ടണിൽ പതിഞ്ഞിട്ടുള്ള ചോരത്തുള്ളികൾ തന്നെ മർദ്ദനത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നതാണ്. ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിക്കുന്ന വാതിലിന്റെ മുകളിലായി ആതുരസേവനത്തിന് നൊബേൽ സമ്മാനം നേടിയിട്ടുള്ള മദർ തെരേസയുടെ ഒരു ചിത്രം ഒരു ആണിയിൽ തൂക്കിയിട്ടിട്ടുണ്ട്. ആ ചിത്രത്തെ സാക്ഷിനിർത്തിയാണ് കഴിഞ്ഞ ദിവസം ഒരു കൂട്ടമാളുകൾ മനുഷ്യപ്പറ്റില്ലാതെ ഒരാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതും.
 
വിധവയുടെ സങ്കടം

ആ തേയിലത്തോട്ടത്തിലേക്ക് തന്റെ ഭർത്താവിന്റെ കൈപിടിച്ചുകൊണ്ട് ആദ്യമായി കടന്നുവന്ന ദിവസം അപരാജിത ഓർത്തെടുത്തു,
"എന്റെ ഭർത്താവിന്റെ ഡോക്ടർ ജീവിതത്തിന്റെ തുടക്കം ഈ ആശുപത്രിയിലായിരുന്നു. ഇവിടെ ജോലിചെയ്യുന്ന കാലത്താണ് അദ്ദേഹം റിട്ടയറായത്. അദ്ദേഹത്തിന്റെ ജോലിയോടുള്ള അർപ്പണമനോഭാവം കണ്ട തേയിലക്കമ്പനി തന്നെയാണ് തുടർന്നും ഇവിടെ ജോലിചെയ്യാൻ അദ്ദേഹത്തെ നിർബന്ധിച്ചത്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലത്തിനിടയ്ക്ക് ഈ ചായത്തോട്ടത്തിൽ ജ്വരം പിടിച്ചും, വീണു പരിക്കേറ്റും, പാമ്പുകടിച്ചും ഒക്കെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന എത്ര തോട്ടം തൊഴിലാളികളുടെ ജീവൻ അദ്ദേഹം രക്ഷിച്ചിട്ടുണ്ടെന്നോ..! എന്നിട്ട് അതിനവർ പകരം അദ്ദേഹത്തോട് ചെയ്തതോ..?"

എന്താണ് അന്ന് നടന്നത്

അതീവഗുരുതരാവസ്ഥയിലാണ്, ശനിയാഴ്ച സാംരാ മാജി എന്ന മുപ്പത്തിമൂന്നുകാരനെ, എസ്റ്റേറ്റ് ആശുപത്രിയിൽ എത്തിക്കുന്നത്. അവർ പട്ടണത്തിലേക്ക് കൊണ്ടുപോകാൻ ഒരു ആംബുലൻസിനു വേണ്ടി ശ്രമിച്ചിട്ട് നടന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ്, സൗകര്യങ്ങൾ കുറവാണ് എന്നറിഞ്ഞിട്ടും തൊഴിലാളികൾ മാജിയെ എസ്റ്റേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ദേബേൻ ദത്ത ഊണുകഴിച്ച് വരേണ്ട സമയം 3.00 മണി ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും ഡോക്ടർ പരിശോധിക്കാനെത്താത്തതിൽ തൊഴിലാളികൾ കുപിതരായിരുന്നു. ഡോക്ടർ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ സമയം 3.30 മണി. വന്നപാടേ ഡോക്ടർ, നഴ്‌സിനോട് രോഗിയ്ക്ക് ഡ്രിപ്പിടാൻ നിർദേശിച്ചു. ഒരു ഇന്ജെക്ഷനും നൽകി. എന്നാൽ, അപ്പോഴേക്കും രോഗിയുടെ അവസ്ഥ വളരെ മോശമായിക്കഴിഞ്ഞിരുന്നു. പുറത്ത് തടിച്ചുകൂടിയ ആളുകളുടെ എണ്ണവും നിമിഷം പ്രതി ഇരട്ടിച്ചുവന്നു. അതിനിടയിൽ ആരൊക്കെയോ ഡോക്ടർ വൈകിവന്ന കാര്യം എടുത്തിട്ടു. അതുംപറഞ്ഞ് അവർ ഡോക്ടറെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു പുറത്ത്. അങ്ങനെ ആകെ പ്രക്ഷുബ്ധമായ അന്തരീക്ഷം നിലനിൽക്കെയാണ് രോഗി മരിച്ചുപോകുന്നത്.

ഡോക്ടർ മരണം സ്ഥിരീകരിച്ച് ബന്ധുക്കളെ അറിയിച്ചതോടെ അത്രയും നേരം മുറുമുറുത്തുകൊണ്ട് നിന്നിരുന്ന ജനം അക്രമത്തിലേക്ക് വഴിമാറുന്നത്. അവർ ആ ആശുപത്രിയുടെ സകല ചില്ലുകളും അടിച്ചു തകർത്തു. വയോധികനായ ആ ഡോക്ടറെ നിർദ്ദയം മർദ്ദിച്ചു. അദ്ദേഹത്തിന്റെ കാലിൽ പൊട്ടിയ ചില്ലുകൾ കുത്തിക്കേറി ഞരമ്പ് മുറിഞ്ഞു. ചോര വാർന്നൊഴുകാൻ തുടങ്ങി. ടിയോക്ക് പോലീസ് സ്ഥലത്തു വന്നെങ്കിലും, പത്തുമുന്നൂറു പേരടങ്ങുന്ന ജനക്കൂട്ടത്തിനു മുന്നിൽ അവർ നിസ്സഹായരായിരുന്നു. ആകെ അവശനായ ഡോക്ടറെ പട്ടണത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വന്നു. 'തങ്ങളിൽ ഒരുത്തന്റെ ജീവൻ രക്ഷിക്കാൻ സമയത്തിന് വരാതിരുന്ന ആംബുലൻസ് അങ്ങനെ ഡോക്ടറെ കൊണ്ടുപോകേണ്ട' എന്നായി തൊഴിലാളികൾ. അവർ ആ ആംബുലന്സിനെ തിരിച്ചയച്ചു. സ്വന്തം ആശുപത്രിക്കുള്ളിൽക്കിടന്ന് ചികിത്സ നിഷേധിക്കപ്പെട്ട് ഡോക്ടർ ചോരവാർന്നുമരിച്ചുപോയി.

അക്രമസംഭവം ഇതാദ്യത്തേതല്ല

അസമിലെ ചായത്തോട്ടങ്ങളിൽ തൊഴിലാളികളുടെ ഭാഗത്തുനിന്നും സംഘടിതമായ അക്രമങ്ങൾ ഇതാദ്യമായല്ല ഉണ്ടാകുന്നത്. 2012 -ൽ തിൻസുഖിയയിലെ ബോർദുംസാ ടീ എസ്റ്റേറ്റിന്റെ ഉടമയായ മുദുൽ കുമാർ ഭട്ടാചാര്യയെയും, പത്നിയെയും തോട്ടം തൊഴിലാളികൾ ജീവനോടെ ചുട്ടുകൊന്ന സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു. ദിബ്രുഗഢിലെ ഡികാം ടീ എസ്റ്റേറ്റിലെ തൊഴിലാളികൾ അവിടത്തെ ഡോക്ടറായ പ്രവീൺ താക്കൂറിനെയും ക്രൂരമായ മർദ്ദനമേൽപ്പിച്ചിരുന്നു. ഒരു ചുഴലികൊടുങ്കാറ്റിൽ മരം മറിഞ്ഞുവീണു പരിക്കുപറ്റിയ തോട്ടം തൊഴിലാളിയായ സ്ത്രീ ആശുപത്രിയിലേക്കുള്ള വഴിയിൽ തന്നെ മരിച്ചിരുന്നു. അബോധാവസ്ഥയിൽ എന്നു പറഞ്ഞു കൊണ്ടുവന്ന സ്ത്രീ മരിച്ചിട്ടുണ്ട് എന്ന് പറഞ്ഞതുമാത്രം പ്രവീൺ ഡോക്ടർക്ക് ഓർമ്മയുണ്ട്. പിന്നെ നാലുപാടുനിന്നും അടിയായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു കൈകളും മർദ്ദനത്തിൽ ഒടിഞ്ഞു പോയിരുന്നു. എന്തോ ഭാഗ്യത്തിന് ജീവൻ നഷ്ടമായില്ല. അന്ന് ഡോക്ടറുടെ സഹപ്രവർത്തകർ മർദ്ദനത്തിനിടെ ഒരുവിധം വലിച്ചെടുത്ത് ആശുപത്രിയിലെ ഒരു മുറിയിലിട്ട് പൂട്ടിയാണ് മരണത്തിനു വിട്ടുകൊടുക്കാതെ അദ്ദേഹത്തെ കാത്തത്.

എന്താണ് തോട്ടം തൊഴിലാളികൾ ഇങ്ങനെ അക്രമാസക്തരാകാനുളള കാരണം

തൊഴിലാളികൾക്കിടയിൽ അസ്വസ്ഥതകൾ കൊല്ലം തോറും വർധിച്ചുകൊണ്ടു വരികയാണെന്നാണ് ഡോ. താക്കൂറിന്റെ നിരീക്ഷണം. തേയിലത്തോട്ടങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ ഏറെ ദയനീയമാണ്. കടുത്ത കാലാവസ്ഥയെ എതിരിട്ടുകൊണ്ട്, ദീർഘനേരം ജോലിചെയ്താലും കിട്ടുന്ന ശമ്പളം തുച്ഛമാണ്. അതിൽ ഏരിയ പങ്കും തൊഴിലാളികൾ മദ്യത്തിനും, മയക്കുമരുന്നിനും ചെലവിടുന്നു. അക്രമം ഡോക്ടർമാരോട് മാത്രമല്ല, ചെറിയ പ്രകോപനത്തിന്റെ പുറത്ത് അവർ സ്വന്തം കുഞ്ഞുങ്ങളോടും, ഭാര്യയോടും, സഹപ്രവർത്തകരോടും ഒക്കെ ഇതുപോലെ വളരെ അക്രമാസക്തമായി പെരുമാറിയ കേസുകളുണ്ട്.

അസമിലെ തോട്ടങ്ങളിൽ കുറഞ്ഞ കൂലിക്ക് തൊഴിലെടുപ്പിക്കാനായി ഝാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാൾ, തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ആദിവാസികളെ കൂട്ടത്തോടെ കൊണ്ടുവന്നത് 1860-90 കാലത്താണ്. അന്ന് ഇവിടെ വന്നു കൂടിയവരുടെ പിന്മുറക്കാർ തന്നെയാണ് ഇപ്പോഴും തോട്ടങ്ങളിലെ തൊഴിലാളികൾ. അവരുടെ ജീവിതസാഹചര്യങ്ങളിൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അവരുടെ ലയങ്ങൾ പലതും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ നിലയിലാണ്. നല്ല ശൗചാലയങ്ങളില്ല, കുടിക്കാൻ നല്ല വെള്ളമില്ല. ആശുപത്രിയിലാണെങ്കിൽ പരിമിതമായ സൗകര്യം മാത്രമേയുള്ളൂ.

അമാൽഗമേറ്റഡ് പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ടാറ്റയുടെ നിയന്ത്രണത്തിലുള്ള തേയിലക്കമ്പനിയുടേതാണ് അസമിലെ തോട്ടങ്ങളിൽ പലതും. കേരളത്തിലെ കണ്ണൻ ദേവൻ തേയിലത്തോട്ടങ്ങളും ഇവരുടേതുതന്നെയാണ്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കാര്യമായ പ്രയത്നങ്ങളൊന്നും തന്നെ ഉടമകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാണ് തൊഴിലാളികളുടെയും ആശ്രിതരുടെയും പരാതി.

സോംരാ മാജിയ്ക്ക് പരിക്കേൽക്കുന്നത് കുളിമുറിക്കുള്ളിൽ വഴുതിവീണിട്ടാണ്. തലയടിച്ചാണ് വീണത്. കമ്പനി ഓഫീസിൽ വിളിച്ചുപറഞ്ഞിട്ട് ആംബുലൻസ് പറഞ്ഞയച്ചില്ല എന്ന് ബന്ധുക്കൾ പരാതിപ്പെടുന്നുണ്ട്. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് അവർ മാജിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നത്. അവിടെ ചെന്നപ്പോൾ ഡോക്ടർ പോലും സ്ഥലത്തില്ല എന്ന് കണ്ട തൊഴിലാളികൾ അക്രമാസക്തരാകുകയായിരുന്നു. കമ്പനി മുതലാളിമാരോടുള്ള തോട്ടം തൊഴിലാളികളുടെ ക്രോധത്തിന് ഇരയായത് അത്രയും കാലമായി തൊഴിലാളികളുടെ ജീവൻ രക്ഷിച്ചുകൊണ്ടിരുന്ന ഡോക്ടർ ആയിരുന്നു എന്നുമാത്രം.

അക്രമം നടന്ന ആശുപത്രിയിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും പൊലീസിന് ഡോക്ടറെ രക്ഷപ്പെടുത്താനായില്ല. NRC ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതിന്റെ തലേന്നായിരുന്നു ഈ അക്രമം നടന്നത്. ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് പലയിടത്തായി ബന്തവസ്സ് ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ അക്രമം നടന്നിടത്തേക്ക് പെട്ടെന്ന് വേണ്ടത്ര പോലീസിനെ അയക്കാനായില്ല എന്നതാണ് വാസ്തവം. പിന്നീട് പട്ടാളത്തിന്റെ സഹായത്തോടെയാണ് ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഡോക്ടർ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു.