Asianet News MalayalamAsianet News Malayalam

പൊയ്‌മുഖങ്ങൾ വലിച്ചുകീറിയ #MeToo ക്യാമ്പെയ്ൻ ഇന്ത്യയിൽ ഒരു വർഷം പിന്നിടുമ്പോൾ

അമേരിക്കയിലെ രാഷ്ട്രീയ നേതാവായ മൈക് പെൻസ് പറഞ്ഞത്, #MeToo വന്ന ശേഷം സ്വന്തം ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയോടുമൊപ്പം ഒറ്റയ്ക്ക് ഒരു ഡിന്നറിനു പോലും പോകാനുള്ള ധൈര്യമില്ല എന്നാണ്.

One year down the lane, Did Me Too Campaign in India get justice to victims
Author
Delhi, First Published Oct 5, 2019, 11:32 AM IST

നാനാ പടേക്കർ എന്ന ലബ്ധപ്രതിഷ്ഠനായ ഹിന്ദി സിനിമാ നടനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി കഴിഞ്ഞ വർഷം തനുശ്രീ ദത്ത എന്ന നടി പരസ്യമായി രംഗത്തുവന്നതോടെ, തൊട്ടുമുമ്പത്തെ വര്‍ഷം ഹോളിവുഡിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്ന 'മീ ടൂ' എന്ന കൊടുങ്കാറ്റ് ബോളിവുഡിലും ആഞ്ഞടിച്ചു. സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ്, 2009-ൽ ഹോൺ ഓക്കേ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന ആരോപണം ഉന്നയിക്കുന്നത്. 2009-ൽ തന്നെ അതേപ്പറ്റി തനുശ്രീ പലരോടും സൂചിപ്പിച്ചിരുന്നു എങ്കിലും, അന്നാരും അതിന് ചെവികൊടുത്തിരുന്നില്ല. എന്നാൽ 2018-ലെ സ്ഥിതി വ്യത്യസ്തമായിരുന്നു. തൊട്ടുമുന്നത്തെ വർഷം അമേരിക്കയിൽ, #MeToo എന്ന ഹാഷ്ടാഗിൽ ഒരു വെളിപ്പെടുത്തലിന് തുടക്കമായിരുന്നു. 

'Me Too' എന്ന വാചകം മൈ സ്‌പേസ് (MySpace) എന്ന സാമൂഹ്യമാധ്യമത്തിലൂടെ പ്രതിഷേധത്തിന്റെ സ്വരമാക്കുന്നത്, അമേരിക്കൻ ആക്ടിവിസ്റ്റായ 2006-ൽ തരാനാ ബുർക്ക് എന്ന അമേരിക്കൻ ആക്ടിവിസ്റ്റ് ആണെങ്കിലും, അത് വലിയ ഓളങ്ങൾ സൃഷ്ടിക്കുന്നത് 2017 ഒക്ടോബറിൽ #MeToo എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലൂടെ അലീഷ്യ മിലാനോ എന്ന നടി ഹാരി വെയ്ൻസ്റ്റീൻ എന്ന ഹോളിവുഡ് പ്രൊഡ്യൂസർക്കെതിരെ ഗുരുതരമായ പീഡനാരോപണങ്ങൾ ഉന്നയിക്കുന്നതോടെയാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ലൈംഗികമായി പല വട്ടം വെയ്ൻസ്റ്റീൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും, എന്നെങ്കിലും ഒരു ദിവസം തുറന്നുപറയണം എന്നുണ്ടായിരുന്നു എന്നും, അങ്ങനെ ചെയ്‌തപ്പോൾ ഏറെ മനസ്സമാധാനം കിട്ടി എന്നും അലീഷ്യ പറഞ്ഞു.

One year down the lane, Did Me Too Campaign in India get justice to victims

'തരാനാ ബുർക്ക്,  അലീഷ്യ മിലാനോ '

തുടർന്ന് തൊഴിലിടങ്ങളിൽ നടക്കുന്ന ലൈംഗികചൂഷണങ്ങളെപ്പറ്റിയുള്ള തുറന്നുപറച്ചിലുകൾക്കുള്ള ഒരു ഉപാധിയായി #MeToo മാറി. തന്റെ വഴി പിന്തുടർന്ന്,  #MeToo എന്ന ഹാഷ്ടാഗിൽ മനസ്സിൽ കെട്ടിക്കിടക്കുന്ന ഇത്തരത്തിലുള്ള ദുസ്വപ്നങ്ങളുടെ ഓർമകളെ കെട്ടഴിച്ചുവിടാൻ അലീഷ്യ തന്റെ സഹപ്രവർത്തകരോടും മറ്റുള്ള സ്ത്രീകളോടും ആഹ്വാനം ചെയ്തു.  ആ ദിവസം അവസാനിക്കുന്നതിനിടെ അതേ ഹാഷ് ടാഗ് ട്വിറ്ററിൽ രണ്ടു ലക്ഷത്തിലധികം തവണ ഉപയോഗിക്കപ്പെട്ടു. ഗ്വിന്നത് പെട്രോ, ആഷ്‌ലി ജൂഡ്, ജെന്നിഫർ ലോറൻസ്, ഉമാ തുർമൻ തുടങ്ങിയ പലരും ഒന്നിന് പിന്നാലെ ഒന്നായി തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു. റോമൻ പൊളാൻസ്കി, ബെൻ അഫ്‌ളെക്, കെവിൻ സ്‌പേസി, ഡസ്റ്റിൻ ഹോഫ്മാൻ, മൈക്കൽ ഡഗ്ലസ്, മോർഗൻ ഫ്രീമാൻ തുടങ്ങി പല പ്രമുഖർക്കുമെതിരെ ലൈംഗികാരോപണങ്ങൾ വന്നു.

ഈ മുന്നേറ്റമായിരുന്നു, തനുശ്രീ ദത്ത #MeToo എന്ന ഹാഷ് ടാഗിൽ തന്റെ അനുഭവം വിവരിച്ചപ്പോൾ അത് സൈബർലോകത്ത് വലിയ തരംഗമായി മാറാൻ കാരണം. എന്നാൽ, സൈബർ ലോകത്തെ തരംഗങ്ങൾ, ഇവിടെ ഭൂമിയിൽ തനുശ്രീക്ക് നീതി നൽകിയില്ല. അതേ വർഷം, ഇതേ കാരണം കാണിച്ചുകൊണ്ട് തനുശ്രീ പോലീസിൽ നൽകിയ പരാതി തെളിവില്ല എന്ന പേരിൽ തള്ളി. വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനങ്ങളെപ്പറ്റിയാണ് #MeToo പലപ്പോഴും പരാതികൾ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ, അതിനെ നിയമത്തിനുമുന്നിൽ തെളിയിക്കാനുതകുന്ന തെളിവുകൾ നൽകുക എന്നത് പ്രായോഗികമല്ല. എന്നാലും, സോഷ്യൽ മീഡിയക്ക് മുന്നിൽ തങ്ങൾ അനുഭവിച്ച പീഡനങ്ങളെപ്പറ്റിയും, അതിനു കാരണക്കാരായവരെപ്പറ്റിയും ഒക്കെ തുറന്നു പറയുമ്പോൾ കിട്ടുന്ന സമാധാനമാണ് പലപ്പോഴും #MeToo കാമ്പെയ്ൻ ഉപയോഗപ്പെടുത്തുന്നവർ ആഗ്രഹിക്കുന്നത്.

എന്നാൽ, തനുശ്രീക്ക് പിന്നാലെ ബോളിവുഡിൽ #MeToo ആരോപണങ്ങളുടെ ഒരു പെരുമഴ തന്നെയുണ്ടായി. നാനാപടേക്കർക്ക് പുറമേ, ക്വീൻ സിനിമയുടെ സംവിധായകൻ വികാസ് ബെഹൽ, ഓൾ ഇന്ത്യാ ബക്ചോദിലെ ഉത്സവ് ചക്രവർത്തി, ഹൗസ്ഫുൾ സിനിമയുടെ സംവിധായകൻ സാജിദ് ഖാൻ, ഫോക്സ് സ്റ്റാർ സിനിമയുടെ കാസ്റ്റിങ്ങ് ഡയറക്ടർ മുകേഷ് ഛബ്ര, സീരിയൽ/സിനിമാ നടൻ ആലോക് നാഥ്, വൈരമുത്തു, സൽമാൻ ഖാൻ, തമിഴ് നടൻ അർജുൻ, ഗായകൻ കൈലാഷ് ഖേർ, സംഗീത സംവിധായകൻ അനു മല്ലിക്, എം ജെ അക്ബർ, തെഹൽക മാസികയുടെ എഡിറ്റർ തരുൺ തേജ്‌പാൽ, എൻഎസ്‌യുഐ പ്രസിഡന്റ് ഫൈറോസ് ഖാൻ തുടങ്ങി പലരും #MeToo ആരോപണങ്ങൾക്ക് വിധേയരായി. ഇത്തരത്തിൽ ഒരു #MeToo ആരോപണം വരുമ്പോൾ പലപ്പോഴും പിച്ചിച്ചീന്തപ്പെടുന്നത് ലോകത്തിനു മുന്നിൽ വളരെ കഷ്ടപ്പെട്ട് പലരും നിലനിർത്തിയിരുന്ന പ്രതിച്ഛായകളാണ്. തകർന്നു വീഴുന്നത് അതുവരെ വിശുദ്ധമെന്നു കരുതപ്പെട്ടിരുന്ന ബിംബങ്ങളിൽ പലതുമാണ്.

പലരുടെയും യഥാർത്ഥ മുഖങ്ങൾ ലോകത്തിനുമുന്നിൽ തുറന്നു കാട്ടപ്പെട്ടു എന്നത് ശരിതന്നെ. എന്നാൽ അതുകൊണ്ട് സിനിമയടക്കമുള്ള പ്രൊഫഷണൽ തൊഴിൽ രംഗങ്ങളിൽ സ്ത്രീകളുടെ പ്രവർത്തനസാഹചര്യം ഏതെങ്കിലും തരത്തിൽ മാറിയോ..? ഇല്ലെന്നതാണ് വാസ്തവം. ഇന്നും പലരും തങ്ങളുടെ തൊഴിലിടങ്ങളിൽ പഴയപോലെ തന്നെ പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നുണ്ട്. അതേപ്പറ്റി പ്രതികരിക്കാനുള്ള ധൈര്യം കാണിക്കുന്നത് വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമാണ്. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന തൊഴിൽനഷ്ടവും, സാമൂഹികമായ അകൽച്ചകളും ഒക്കെയാവും കാരണം. പലപ്പോഴും ആരോപണം ഉന്നയിക്കുന്നവരെ അവിശ്വസിക്കുകയാണ് സമൂഹം ചെയ്യുന്നത്.

One year down the lane, Did Me Too Campaign in India get justice to victims

#MeToo കാമ്പെയ്ൻ കൊണ്ടുണ്ടായ ഒരു ഗുണം, 2013-ലെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങൾക്കെതിരെയുള്ള നിയമം പ്രകാരം, എല്ലാ സ്ഥാപനങ്ങളും അത്തരത്തിലുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു ഇന്റേണൽ കമ്മിറ്റി ഉണ്ടാക്കാൻ നിർബന്ധിതരായിട്ടുണ്ട്.  അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. ഈ കാമ്പെയ്ൻ കൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിന് കുറവുണ്ടായോ..? പൂർണമായും ഇല്ല. എന്നാൽ, ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്നത് സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. തൊഴിലിടങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള ചൂഷണങ്ങളെ അത് ചെയ്യുന്ന പുരുഷന്മാരുടെ നൈമിഷികമായ ധാർമികാധഃപതനം എന്ന് ലഘൂകരിക്കാതെ, ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ മനസ്സിൽ അതുണ്ടാക്കുന്ന ഒരിക്കലും മായാത്ത മുറിവുകളെ തിരിച്ചറിയാനും, അതിനെതിരെ പൊരുതാനും സമൂഹത്തെ നിർബന്ധിക്കാൻ ഈ മുന്നേറ്റത്തിനായി എന്നുള്ളതാണ് കാണേണ്ടത്.

എന്നാൽ പൂർണ്ണമായും പഴുതുകളടച്ച ഒരു മുന്നേറ്റമാണ് ഇതെന്നും പറയാനാവില്ല. ഇത്തരത്തിൽ ഒരു കാമ്പെയ്ൻ മുന്നോട്ടുവെക്കുന്ന സാധ്യതകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് കരുതുന്നവരുമുണ്ട്. ആന്തരികമായ വിമർശനങ്ങളുടെ അഭാവം ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താതെ പോയി എന്നാണ് സീമ മുസ്തഫ എന്ന മാധ്യമപ്രവർത്തക അഭിപ്രായപ്പെട്ടത്. തവ്‌ലീൻ സിങ്ങ് അടക്കമുള്ള പല മാധ്യമ പ്രവർത്തകരും ഈ കാമ്പെയ്‌നിന്റെ വസ്തുനിഷ്ഠതയിൽ സംശയങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ രാഷ്ട്രീയ നേതാവായ മൈക് പെൻസ് പറഞ്ഞത്, #MeToo വന്ന ശേഷം സ്വന്തം ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയോടുമൊപ്പം ഒറ്റയ്ക്ക് ഒരു ഡിന്നറിനു പോലും പോകാനുള്ള ധൈര്യമില്ല എന്നാണ്.

ഇങ്ങനെ ഒരു മുന്നേറ്റത്തിനും അതിന്റേതായ സാമൂഹികവും ചരിത്രപരവുമായ പ്രസക്തിയുണ്ട്. കാരണം, ഇതും ഒരു പ്രതിരോധമാണ്. പ്രതിരോധങ്ങളില്ലെങ്കിൽ, അക്രമങ്ങൾ നിർബാധം തുടരും. ഇരകളിൽ നിന്ന് ഇരകളിലേക്ക് നീങ്ങുമ്പോഴും അക്രമിക്ക് ഒരു മനശ്ചാഞ്ചല്യവും ഉണ്ടാവില്ല. #MeToo കൊണ്ടുവന്നിട്ടുള്ളതും അതുതന്നെയാണ്, ഇന്ന് പ്രവർത്തിക്കുന്ന ലൈംഗികമായ ചൂഷണങ്ങൾ, നാളെ ഒരു ദിവസം ഒരു #MeToo ആരോപണത്തിന്റെ രൂപത്തിൽ തന്റെ ലോകങ്ങളെ പൊളിച്ചടുക്കുമോ എന്ന ഭയം. അങ്ങനെ ഒരു ഭയം ആളുകളുടെ മനസ്സിൽ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണ്..!

Follow Us:
Download App:
  • android
  • ios