Asianet News MalayalamAsianet News Malayalam

സവാളയ്ക്കും മുരിങ്ങയ്ക്കും വില കൂടിയോ?  എങ്കില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യാം

സവാളയും ചെറിയ ഉള്ളിയും ഇത്തിരി ശ്രദ്ധിച്ചാല്‍ വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം. എറണാകുളത്തെ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണം ഉള്ളിക്കൃഷിയുടെ സാധ്യത കേരളത്തിലുമുണ്ടെന്ന് സൂചിപ്പിക്കുന്നു. 

onion farming possible in kerala
Author
Thiruvananthapuram, First Published Nov 27, 2019, 2:18 PM IST

സവാളയ്ക്ക് ഇപ്പോള്‍ നൂറു രൂപ. മുരിങ്ങ കിലോയ്ക്ക് 350 രൂപ! കേരളത്തില്‍ മുരിങ്ങ കിട്ടാക്കനി ആയി മാറിയിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടു വരുന്ന മുരിങ്ങയുടെ അളവിലും കുറവു വന്നു.കാലം തെറ്റി മഴ പെയ്തതാണ് സവാളയുടെ വിളവെടുപ്പിനെ ബാധിച്ചതെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ടണ്‍ കണക്കിന് ഉള്ളിയാണ് ഇത്തവണ അന്യസംസ്ഥാനങ്ങളില്‍ മഴ ചതിച്ചപ്പോള്‍ നഷ്ടമായത്. ഇത്രയും വില കൊടുത്ത് പച്ചക്കറികള്‍ വാങ്ങുമ്പോള്‍ ഇതെല്ലാം വീട്ടില്‍ത്തന്നെ കൃഷി ചെയ്ത് ഉണ്ടാക്കിയാല്‍ എന്താ കുഴപ്പം? ഒന്ന് ശ്രമിച്ചു നോക്കാമല്ലോ.

 

സവാള കൃഷി ചെയ്യാം

നമ്മള്‍ അത്ര വ്യാപകമായി കൃഷി ചെയ്യാന്‍ ശ്രമിക്കാത്ത സവാളയും ചെറിയ ഉള്ളിയും ഇത്തിരി ശ്രദ്ധിച്ചാല്‍ വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം. എറണാകുളത്തെ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണം ഉള്ളിക്കൃഷിയുടെ സാധ്യത കേരളത്തിലുമുണ്ടെന്ന് സൂചിപ്പിക്കുന്നു.

തണുപ്പ് കൂടുതലുള്ള സമയമാണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ കൃഷി ചെയ്യാം. ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ തണുത്ത കാലാവസ്ഥയില്‍ ഉള്ളി നന്നായി വളരും.

മണ്ണും വളവും

വിത്ത് പാകി മുളപ്പിച്ച് വിളവെടുക്കാന്‍ ഏകദേശം 140 ദിവസങ്ങള്‍ വേണം. ഒരു കിലോഗ്രാം വിത്തുകൊണ്ട് 10 കി.ഗ്രാം ഉള്ളി വിളവെടുക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരടി വീതിയിലുള്ള വാരങ്ങള്‍ എടുത്താണ് കൃഷി ചെയ്യേണ്ടത്. അടിവളമായി കാലിവളം ചേര്‍ക്കണം. രണ്ടു കി.ഗ്രാം കുമ്മായവും ചേര്‍ക്കാം.

ഉള്ളിവിത്ത് പാകുമ്പോള്‍ ശ്രദ്ധിക്കണം. 750 സെ.മീ നീളവും 100 സെ.മീ വീതിയുമുള്ള ബെഡ്ഡുകളാണ് നിര്‍മിക്കേണ്ടത്. 15 സെ.മീ ഉയരവും വേണം. വരി വരിയായാണ് വിത്ത് പാകേണ്ടത്.

വിത്ത് പാകി മുളച്ചു കഴിഞ്ഞാല്‍ ഏകദേശം ഏഴ് ആഴ്ചയാകുമ്പോള്‍ മാറ്റിനടാം. കൃഷിയിടത്തില്‍ കാലിവളം ചേര്‍ത്ത് 10 സെ.മീ അകലത്തിലാണ് നടേണ്ടത്.

രാസവളം അല്‍പം ചേര്‍ത്താലും കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. വിത്ത് പാകിയ ഉടനെ നനച്ചുകൊടുക്കണം. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്ഫോസ്, 500ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കാവുന്നതാണ്.

ബയോഗ്യാസ് സ്ളറിയാണ് വലിയ ഉള്ളിക്കൃഷിക്ക് നല്ലത്. ആറ് ആഴ്ച കഴിഞ്ഞാല്‍ 600 ഗ്രാം യൂറിയ ചേര്‍ക്കാം. മണ്ണ് ഉണങ്ങാതിരിക്കാന്‍ നനച്ചുകൊടുക്കണം.

140 ദിവസം കഴിഞ്ഞ് മൂപ്പെത്തി പറിച്ചെടുത്താല്‍ ഉണങ്ങിയ ഇലകളോടുകൂടിത്തന്നെ ഉണക്കിയെടുക്കാം.


വീട്ടുവളപ്പില്‍ മുരിങ്ങ കൃഷി

മുരിങ്ങയില്‍ വിറ്റാമിന്‍ എ,സി,ഫോസ്ഫറസ്, ഇരുമ്പ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. മുരിങ്ങ കൃഷി ചെയ്യാന്‍ മഴ അല്‍പ്പം കുറവുള്ള പ്രദേശങ്ങളായാലും പ്രശ്നമില്ല. മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുരിങ്ങയ്ക്ക് ഏറ്റവും യോജിച്ചത്.

കൃഷിരീതി

വിത്ത് ഉപയോഗിച്ച് മുരിങ്ങ നടാം. വിത്തുകള്‍ പോളിത്തീന്‍ കവറില്‍ പാകി മുളപ്പിക്കാം.ഏകദേശം 30സെന്റീമീറ്റര്‍ വലുതാകുമ്പോള്‍ കുഴികളിലേക്ക് മാറ്റി നടാം.ശിഖരങ്ങള്‍ കുഴിച്ചിട്ടും മുരിങ്ങ വളര്‍ത്താം. അത്യാവശ്യം വീതിയുള്ള തണ്ട് എടുക്കുന്നതാണ് നല്ലത്.

മുരിങ്ങ നടുമ്പോള്‍ 45 സെ.മീറ്റര്‍ ആഴമുള്ള സമചതുരത്തിലുള്ള കുഴികളാണ് നല്ലത്. വിത്ത് നടുമ്പോള്‍ 15 കി.ഗ്രാം ജൈവവളം ചേര്‍ത്തിളക്കണം. 2.5 മീറ്റര്‍ ഇടയകലം വരികള്‍ തമ്മില്‍ നല്‍കണം. 600 ഗ്രാം വിത്തുണ്ടെങ്കില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് നടാം. മൂന്ന് മാസം കഴിഞ്ഞാല്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 100:100:50 ഗ്രാം എന്ന അളവില്‍ നല്‍കാം. യൂറിയ ചേര്‍ക്കുന്നത് ആറുമാസം കഴിഞ്ഞാകുന്നതാണ് നല്ലത്. വളപ്രയോഗം മാത്രം പോര. നന്നായി നനയ്ക്കുകയും വേണം. മുരിങ്ങ പരിചരണമൊന്നും കൂടാതെ വളരുമെങ്കിലും ഏകദേശം 75 സെ.മീ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരത്തിലെത്തിയാല്‍ അഗ്രമുകുളം നുള്ളിക്കളഞ്ഞാല്‍ ധാരാളം ശിഖരങ്ങള്‍ പന്തലിച്ച് വളരും.

മുരിങ്ങ കൃഷി ചെയ്യുമ്പോള്‍ ഇടവിളയായി തക്കാളി,വെണ്ട, പയര്‍ എന്നിവ കൃഷി ചെയ്യാം. വാട്ടരോഗം മുരിങ്ങയെ ബാധിക്കുന്ന പ്രധാന രോഗമാണ്. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ വാട്ടരോഗത്തെ പ്രതിരോധിക്കാം.

ശരിയായ പരിചരണം നല്‍കിയാല്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിളവ് ലഭിക്കും.ഏകദേശം 30 മുതല്‍ 35 കി.ഗ്രാം വരെ വിളവ് ഒരു ചെടിയില്‍ നിന്നും ലഭിക്കും. ഓരോ വിളവെടുപ്പിന് ശേഷവും 90 സെ.മീ ഉയരത്തില്‍ ചെടി മുറിക്കണം. പിന്നീട് വളപ്രയോഗം നടത്തണം.

ഇങ്ങനെയൊക്കെ പരിപാലിച്ചാല്‍ വീട്ടുവളപ്പില്‍ നിന്ന് നല്ല പോഷകഗുണമുള്ള മുരിങ്ങ പറിച്ചെടുത്ത് ഭക്ഷിക്കാം. ഏതാണ്ട് ആറു വര്‍ഷത്തോളം വിളവും കിട്ടും. പിന്നെന്തിന് തീപ്പിടിച്ച പോലെ വില കത്തിക്കയറുന്ന വിപണിയെ ആശ്രയിക്കണം?

മുരിങ്ങ പശുക്കള്‍ക്ക് തീറ്റയാക്കാം

മുരിങ്ങയിലയുടെ തണ്ടും കായും 2-3 സെ.മീറ്റര്‍ നീളത്തില്‍ മുറിച്ച് പശുക്കള്‍ക്ക് നല്‍കാം. ഇത് വൈക്കോലുമായോ പച്ചപ്പുല്ലുമായോ ചേര്‍ത്താണ് നല്‍കേണ്ടത്. കരോട്ടിനോയിഡിന്റെ രൂപത്തില്‍ ജീവകം-എ മുരിങ്ങയിലയിലും കായിലും അടങ്ങിയിരിക്കുന്നതുകൊണ്ട് ഗര്‍ഭസ്ഥ കിടാവിന്റെ വളര്‍ച്ചയ്ക്കും മുരിങ്ങ നല്‍കുന്നത് ഫലം ചെയ്യും.

Follow Us:
Download App:
  • android
  • ios