രാജ്യത്ത് ഉള്ളിവില വര്‍ദ്ധിച്ച് കിലോഗ്രാമിന് 200 രൂപ വരെ എത്തിയ സാഹചര്യത്തിലും കര്‍ഷകരുടെ വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി ഐ.ഡി.എഫ്.സി എന്ന അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ശ്രീജിത്ത് ബാലസുബ്രഹ്മണ്യം. ഈ പണം ആരുടെ കൈകളിലേക്കാണ് ഒഴുകിയത്?

പലസ്ഥലങ്ങളിലും ഒരു കിലോ ഉള്ളിക്ക് 200 രൂപ വരെ വില കുതിച്ചുയര്‍ന്നു. ഇവിടെ ലാഭമുണ്ടാക്കിയത് ഇടനിലക്കാരാണെന്ന് ശ്രീജിത്ത് വിശദമാക്കുന്നു. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി എന്ന അവസ്ഥയാണ് കര്‍ഷകര്‍ക്ക് ഇപ്പോഴും. ഉള്ളിവില നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതും വില ഉയരുമ്പോള്‍ ലാഭത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രം ലഭിക്കുന്നതും കര്‍ഷകര്‍ക്കാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ശേഖരിച്ചുവയ്ക്കാനുള്ള സ്ഥലപരിമിതി മൂലം പലപ്പോഴും ഇടനിലക്കാര്‍ പറയുന്ന പൈസക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് കര്‍ഷകര്‍ക്ക്. കഷ്ടപ്പെട്ട് കൃഷി ചെയ്‍തുണ്ടാക്കുന്ന വിളകള്‍ കേടായി  നശിച്ചു പോകാതിരിക്കാനാണ് കര്‍ഷകര്‍ ഇങ്ങനെ നഷ്‍ടം സഹിക്കുന്നത്.

കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും?

ഉള്ളിവില കൂടുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുന്നതും വില കുറയുമ്പോള്‍ നിഷ്ക്രിയമായിരിക്കുന്നതും ശരിയായ സമീപനമല്ലെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു ഈ സ്ഥിതിവിശേഷം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കയറ്റുമതി നിയന്ത്രണത്തിലൂടെയും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല.

സുരക്ഷിതമായ രീതിയില്‍ ഉള്ളി സംഭരിക്കാനുള്ള സൗകര്യം കണ്ടെത്തുക എന്നതാണ് കര്‍ഷകരെ സഹായിക്കാനുള്ള പോംവഴിയെന്ന് ശ്രീജിത്ത് ഓര്‍മിപ്പിക്കുന്നു. 'ഇത്തവണ വൈകി ലഭിച്ച മണ്‍സൂണ്‍ രാജ്യത്തെ കൃഷിയെ പ്രതികൂലമായി ബാധിച്ചു. അതുപോലെ തന്നെ കര്‍ണാടകയിലും മഹാരാഷ്ട്രയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ വിളകള്‍ നശിച്ചുപോയതും ഉല്‍പ്പാദനത്തില്‍ വലിയ ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചില ഇടപെടലുകള്‍ നടത്തി. ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സാഹചര്യം തുടരുമ്പോള്‍ 2020 ഫെബ്രുവരി വരെ ഉള്ളിവില ഇങ്ങനെ തുടരും. ജനുവരി പകുതി ആകുമ്പോഴേക്കും ഗുജറാത്തില്‍ നിന്നുള്ള ഖാരിഫ് വിളകള്‍ വിപണിയില്‍ എത്താന്‍ തുടങ്ങും.' ശ്രീജിത്ത് പറയുന്നു.

ഉള്ളിവില ഉയര്‍ന്നും താഴ്ന്നും

കഴിഞ്ഞ ദിവസം ബംഗളുരുവിലെ യശ്വന്തപുരയിലെ ഉള്ളിസംഭരിക്കുന്ന സ്ഥലത്ത് വിദേശത്ത് നിന്ന് ഉള്ളിയെത്തിയപ്പോളാണ് മൊത്തവിപണിയില്‍ ഉള്ളിവില കുറയാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്തത് 3000 ടണ്‍ ഉള്ളിയാണ്.  ഇതുകൂടാതെ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉള്ളി ബംഗളൂരുവില്‍ എത്തി.

അതിനിടയില്‍ ചെന്നൈയിലെ കോയമ്പേട് മൊത്തവ്യാപാര വിപണിയില്‍ ഉള്ളിവില 100 രൂപയിലേക്ക് താഴ്ന്നു. ഇവിടെ ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന ഉള്ളിക്ക് 60 രൂപയാണ് വില. ഈജിപ്തില്‍ നിന്നുള്ള ഉള്ളിക്ക് 100 രൂപയും.

ഭക്ഷ്യവകുപ്പ് നല്‍കിയ നിര്‍ദേശപ്രകാരം മൊത്തവ്യാപാരികള്‍ 10 ടണ്‍  ഉള്ളിയും ചെറുകിട വ്യാപാരികള്‍ രണ്ടുടണ്‍ ഉള്ളിയും മാത്രമേ കൈവശം വെക്കാവൂ എന്ന് നിര്‍ദേശമുണ്ട്. ചെറിയ ഉള്ളിയുടെ വരവ് കുറയുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വില 130 മുതല്‍ 150 വരെ തുടരുന്നു.

കേരളത്തില്‍ മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറ് രൂപയിലെത്തി നില്‍ക്കുമ്പോള്‍ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഉള്ളി കൂടുതലായി ഉത്പാദിപ്പിക്കുന്ന നാസികില്‍ നിന്നും പൂനെയില്‍ നിന്നും കേരളത്തിലേക്ക് ഉള്ളിയെത്തുന്നതുകൊണ്ടാണ് വില കുറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

പലയിടങ്ങളിലും ഉള്ളിവില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വില വര്‍ധന ബാധിക്കുന്നത് പാചകമേഖലയെയുംകൂടിയാണ്. ഉള്ളി പൂര്‍ണമായും ഒഴിവാക്കി തക്കാളി ഉപയോഗിച്ച് ബിരിയാണി വെച്ച് പ്രതിഷേധം അറിയിക്കുകയാണ് പലയിടങ്ങളിലും പാചകത്തൊഴിലാളികള്‍.