ലോകത്തെല്ലായിടത്തും വരള്‍ച്ചയും, വെള്ളപ്പൊക്കവും, കാട്ടുതീയും അടക്കം പല പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ആഗോളതാപനവും മനുഷ്യരുടെയും സര്‍ക്കാരിന്‍റെയും തെറ്റായ നടപടികളുമെല്ലാം ഇതിന് കാരണമാകുന്നുമുണ്ട്. പക്ഷേ, വരള്‍ച്ചയും മറ്റും കാരണം ആവശ്യത്തിന് ജലം കിട്ടാത്ത, കിലോമീറ്ററുകള്‍ നടന്നാല്‍ തന്നെയും വളരെ കുറച്ച് ജലം മാത്രം കിട്ടുന്ന പല സ്ഥലങ്ങളും ലോകത്ത് പലയിടത്തുമുണ്ട്. ഓര്‍മ്മയില്ലേ, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ വെള്ളം അമിതമായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ ദേഷ്യം കൊണ്ട് വിറച്ച സുഡുവിനെ. വരള്‍ച്ചയും ശുദ്ധജലം കിട്ടായ്‍മയും ഒന്നും വെറും കഥകളല്ല. നമ്മുടെ രാജ്യവും അയല്‍രാജ്യങ്ങളുമെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് എന്ന് ഇപ്പോള്‍ നമുക്ക് ഒന്നുകൂടി ബോധ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ, ഇന്തോനേഷ്യന്‍ പ്രവിശ്യയായ കിഴക്കന്‍ ജാവയിലെ klepu അടക്കമുള്ള ഗ്രാമത്തില്‍ ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഒരു ഗുഹയെ ആണ്. 33 അടി താഴ്‍ചയിലുള്ള ഈ ഗുഹയിലിറങ്ങിയാണ് ഇവിടെ ആളുകള്‍ വെള്ളമെടുക്കുന്നതും അതും ചുമന്ന് കിലോമീറ്റര്‍ പോലും അപ്പുറമുള്ള വീട്ടിലേക്ക് നടന്ന് പോകുന്നതും. 

വേനല്‍ക്കാലത്ത് ആളുകള്‍ക്ക് വെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ട് തന്നെ ബക്കറ്റുമായി അവര്‍ പത്ത് മീറ്റര്‍ താഴ്‍ചയിലുള്ള ഈ ഗുഹയിലിറങ്ങുന്നു. വേനല്‍ അതിന്‍റെ പാരമ്യത്തിലെത്തുന്നതോടെ ഇവിടെ കുടിക്കാന്‍ പോലും വെള്ളം കിട്ടാതാകും. സര്‍ക്കാരിന്‍റെ ജലവുമായുള്ള ട്രക്കെത്തുന്നത് മാസത്തില്‍ രണ്ട് തവണ മാത്രമാണ്. 

മിറാട്ടിന്‍ എന്ന യുവതി ഇങ്ങനെ ഒരു കിലോമീറ്റര്‍ നടന്ന് വെള്ളം ശേഖരിക്കേണ്ടി വരുന്നവരിലൊരാളാണ്. അവര്‍ പറയുന്നു, ആ ഗുഹയിലെ വെള്ളം ശുദ്ധമാണ്. അതുകൊണ്ട് തന്നെ ഞാനും ആ ഗുഹയില്‍ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. ഒരു കിലോമീറ്റര്‍ നടക്കണം ഗുഹയിലേക്ക്. എന്‍റെ ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ ഞങ്ങള്‍ മോട്ടോര്‍ബൈക്കുപയോഗിച്ചാണ് വെള്ളം കൊണ്ടുവരുന്നത്. അല്ലാത്തപ്പോള്‍ ഞാന്‍ തന്നെ ബക്കറ്റുകളില്‍ ശേഖരിച്ച് അതും തൂക്കിയാണ് വരുന്നത്. കുന്നിന് താഴെ താമസിക്കുന്നവര്‍ക്ക് എത്തിക്കുന്നത് പോലെത്തന്നെ സര്‍ക്കാര്‍ നമുക്ക് ആവശ്യമുള്ള വെള്ളവുമെത്തിച്ചിരുന്നുവെങ്കിലെന്ന് ഞാനെല്ലായ്പ്പോഴും ചിന്തിക്കാറുണ്ട്. അതാണ് ഞങ്ങളുടെ ആഗ്രഹം. 

ആവശ്യക്കാരേറുന്നതോടെ ഇന്തോനേഷ്യയില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. സര്‍ക്കാര്‍ പറയുന്നത്, 2024 ആകുന്നതോടു കൂടി ജാവയിലെ എല്ലാ ജനങ്ങള്‍ക്കും ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കും എന്നാണ്. അപ്പോഴേക്കും 12 പുതിയ ഡാം കൂടി ജാവയില്‍ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഏതായാലും അതുവരെ ഇവര്‍ ഈ ഗുഹയിലിറങ്ങി വെള്ളം ശേഖരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. 
 

കടപ്പാട്: ബിബിസി