Asianet News MalayalamAsianet News Malayalam

Opinion : ഉറക്കം പോലുമില്ലാത്ത ജീവിതം, ഇങ്ങനെയുമുണ്ട് നമ്മുടെ നാട്ടില്‍ ചില അമ്മമാര്‍!

ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ അനുഭവിക്കുന്ന ജീവിതം നമ്മള്‍ കാണാതെ പോവരുത്. അത്തരം ഒരമ്മയുടെ അനുഭവക്കുറിപ്പ്. മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു

opinion  caregiver mothers of special needs kid by Murshida Parveen
Author
Thiruvananthapuram, First Published Mar 5, 2022, 7:21 PM IST

മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു: രാവിലെ ഉറങ്ങി എഴുന്നേറ്റു പല്ല് തേക്കുന്നത് മുതല്‍ ഈ കുട്ടികള്‍ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ ഈ അമ്മമാരുടെ ചുമതലയില്‍ വരും. (ചിലര്‍ക്കെങ്കിലും അറിയുമോ എന്നറിയില്ല, ഓട്ടിസം ബാധിതരായ ഹൈപ്പര്‍ ആക്ടീവ് ആയ ചില കുട്ടികള്‍ക്ക്  ഉറക്കവും കുറവാണ്, കുട്ടികള്‍ ഉറങ്ങാതിരുന്നാല്‍  അവരുടെ അമ്മമാര്‍ക്കും ഉറക്കം ഇല്ല എന്നുള്ളതാണ് മറ്റാര്‍ക്കും അറിയാത്ത സത്യം).

 

opinion  caregiver mothers of special needs kid by Murshida Parveen

 

കുഞ്ഞിന്റെയും സുരക്ഷയും ആരോഗ്യപരിപാലനവും ഏത് അമ്മയുടെയും മനസ്സില്‍  ആധി പടര്‍ത്തുന്ന കാര്യങ്ങള്‍ തന്നെയാണ്. മക്കള്‍ ആരോഗ്യത്തോടെ നല്ല അന്തരീക്ഷത്തില്‍ ജീവിച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ രക്ഷിതാവും.

എന്നാല്‍ അങ്ങനെയല്ലാത്ത കുറച്ച് മാതാപിതാക്കളുണ്ട്. ഒരു സാധാരണ രക്ഷിതാവിനേക്കാള്‍ നൂറിരട്ടി ആശങ്കയും ഭയവും കരുതലും ഉള്ള വിഭാഗം. മക്കളുടെ അവസ്ഥയിലുള്ള വ്യത്യാസമാണ് ഞാനടങ്ങുന്ന ആ രക്ഷിതാക്കളെ വേറിട്ടതാക്കുന്നത്. ഞങ്ങള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ആണ്. പല തരത്തിലുള്ള വെല്ലുവിളികള്‍ ദിവസവും നേരിടേണ്ടി വരുന്നവര്‍. വെല്ലുവിളികള്‍ എന്ന് പറയുമ്പോള്‍ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും പരിപാലനവും മാത്രമല്ല, ചിലരെങ്കിലും നിസ്സാരമാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി അതിന്റെ ഭാഗമാണ്.

ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ പരിചരണം മിക്കവാറും അമ്മമാരുടെ ചുമതലയാവാറാണ് പതിവ്.  എന്നാല്‍, അപൂര്‍വ്വമായെങ്കിലും പിതാക്കന്‍മാരുടെ കരുതലില്‍ വളരുന്ന മക്കളുമുണ്ട്. രണ്ടു കൂട്ടരും ഒരുപോലെ പരിചരിക്കുന്ന കുട്ടികളെയും കാണാറുണ്ട്. എങ്കിലും, 90% കുട്ടികളും മാതാവിന്റെ നിഴലില്‍ വളര്‍ന്നുവരുന്നവരാണ് എന്നതാണ് എന്റെ അനുഭവം. 

രാപ്പകല്‍ പണികള്‍

ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയില്‍ ഉള്ളവരെ ഒരുപക്ഷേ ബാധിക്കില്ല. കാരണം അവര്‍ക്ക് സഹായത്തിന്  ചിലപ്പോള്‍ ഒരു ജോലിക്കാരി എങ്കിലും ഉണ്ടായേക്കാം. പക്ഷേ സാധാരണക്കാരില്‍ പലരുടെയും അവസ്ഥ ഇനി ഞാന്‍ പറയുന്ന പോലെയാണ്. 

വീട്ടിലുള്ള സാധാരണ ജോലികള്‍ എല്ലാം അമ്മമാര്‍ ചെയ്യേണ്ടി വരും. ഭക്ഷണം പാകം ചെയ്യല്‍, വീടു വൃത്തിയാക്കല്‍, അലക്ക് എന്നിങ്ങനെ രാപ്പകല്‍ പണികള്‍. ഭര്‍തൃവീട്ടില്‍ ആണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും ഇതുതന്നെ അവസ്ഥ. മാതാപിതാക്കള്‍ കൂടെയുണ്ടെങ്കില്‍ അവരുടെ പരിപാലനവും ഇതേ സ്ത്രീയുടെ ഉത്തരവാദിത്തം ആയിരിക്കും. ഇവര്‍ ഒരു ജോലിക്കാരിയും ഭര്‍ത്താവ് വേറെ സ്ഥലത്തും കൂടി ആണെങ്കില്‍ ഈ പണികളെല്ലാം ഇരട്ടിയുമാവും.


ഉറക്കം പോലുമില്ലാത്ത ജീവിതം

ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരമ്മയ്ക്ക് ഭിന്നശേഷിയുള്ള ഒരു കുട്ടി ജനിച്ച് കഴിഞ്ഞാല്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയുമോ?

ഞാന്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്റെ കൂടെ ഈ കുട്ടിയുടെ സകല കാര്യങ്ങളും കൂടി അവര്‍ക്ക് ചെയ്യേണ്ടി വരും. ഭിന്നശേഷി എന്ന് പറയുമ്പോള്‍ പലതരത്തിലുള്ള അവസ്ഥകളുമുണ്ട്. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരും മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരും. ശാരീരിക വെല്ലുവിളികള്‍ ഉള്ള കുട്ടികള്‍ക്ക് സ്വബോധം ഉണ്ടാവാം, സ്വന്തം ആവശ്യങ്ങള്‍ പറഞ്ഞോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗ്ഗം വിനിയോഗിച്ചോ രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ അതിനു കഴിഞ്ഞുവെന്ന് വരില്ല. അവര്‍ക്ക് പ്രാഥമിക കാര്യങ്ങളോ ആവശ്യങ്ങളോ  സൂചിപ്പിക്കാന്‍ പോലും പറ്റിയെന്നു വരില്ല. അവിടെയാണ് ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാരുടെ ജീവിതം നൂല്‍പ്പാലത്തിലാവുന്നത്. 

രാവിലെ ഉറങ്ങി എഴുന്നേറ്റു പല്ല് തേക്കുന്നത് മുതല്‍ ഈ കുട്ടികള്‍ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ ഈ അമ്മമാരുടെ ചുമതലയില്‍ വരും. (ചിലര്‍ക്കെങ്കിലും അറിയുമോ എന്നറിയില്ല, ഓട്ടിസം ബാധിതരായ ഹൈപ്പര്‍ ആക്ടീവ് ആയ ചില കുട്ടികള്‍ക്ക്  ഉറക്കവും കുറവാണ്, കുട്ടികള്‍ ഉറങ്ങാതിരുന്നാല്‍  അവരുടെ അമ്മമാര്‍ക്കും ഉറക്കം ഇല്ല എന്നുള്ളതാണ് മറ്റാര്‍ക്കും അറിയാത്ത സത്യം). അത്തരം കുട്ടികളുടെ കാര്യങ്ങളില്‍ ചികിത്സാ ആവശ്യാര്‍ത്ഥമായുള്ള തെറാപ്പികള്‍ ഉള്‍പ്പെടും. സ്‌പെഷല്‍ സ്‌കൂളുകളിലും റീഹാബിലിറ്റേഷന്‍ സെന്ററുകളിലൊക്കെ പോകുന്നുണ്ടെങ്കില്‍ അവിടെയും കുട്ടികളെ കൂടെ ഇതേ അമ്മ തന്നെ വേണ്ടിവരും.

ഈ അമ്മമാരുടെ മനസ്സില്‍ എന്തായിരിക്കും?

അങ്ങനെയൊരു അമ്മയുടെ  ഒരു മാനസികാവസ്ഥ  പുറമേ നിന്ന് ഒരാള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. അതേ സാഹചര്യത്തില്‍ കൂടി കടന്നുപോകുന്ന മറ്റൊരു അമ്മയ്ക്ക് മാത്രം ഒരു പക്ഷേ തിരിച്ചറിയാന്‍ കഴിയുമായിരിക്കും. കുഞ്ഞിന്റെ മാനസിക വെല്ലുവിളികള്‍ക്കുള്ള ചികിത്സയും അംഗപരിമിതികള്‍ ഉണ്ടെങ്കില്‍ അതിനുള്ള ചികിത്സയും പുനരധിവാസവും എല്ലാം അവര്‍ക്കു മുന്നില്‍ വെല്ലുവിളിയായി നില്‍ക്കും. അവയെല്ലാം യഥാസമയം എത്തിപ്പിടിക്കാന്‍ കഴിയുമോ എന്നൊരു ആശങ്ക ആയിരിക്കും എന്നെപ്പോലെയുള്ള  അമ്മമാര്‍ സദാ നേരിടുന്നത്. അതിനിടയില്‍ സ്വന്തം മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഒരു പ്രാധാന്യവും കൊടുക്കാന്‍ അവര്‍ക്ക് കഴിയാതെ വരും.

അക്കാര്യമാണ് ഞാനിവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങളുടെ സൗഖ്യത്തിന് മുന്‍ഗണന കൊടുക്കുന്നത് പോലെ തന്നെ അമ്മമാര്‍ സ്വന്തം ആരോഗ്യത്തിനും വേണ്ടത്ര ശ്രദ്ധ ചെലുത്തണം. കാരണം മക്കളെ എന്നും പരിപാലിക്കാന്‍ നമ്മള്‍ മാത്രമേ ഉണ്ടാകൂ. മക്കള്‍ക്ക് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കണമെങ്കില്‍ നമുക്ക് ആരോഗ്യം ഉണ്ടായിരിക്കണം. ശാരീരിക ആരോഗ്യസ്ഥിതിയെ പോലെ തന്നെ നമ്മുടെ മാനസികാരോഗ്യത്തിനും തുല്യ പ്രാധാന്യമുണ്ട്.

സ്വന്തം ആരോഗ്യം ഉറപ്പാക്കണം

അംഗപരിമിതരായ മക്കളുടെയും സ്വയം ചലനശേഷിയില്ലാത്ത  മക്കളുടെയും രക്ഷിതാക്കള്‍ക്ക് മറ്റു ചില വെല്ലുവിളികള്‍ കൂടിയുണ്ടാവും. ചിലപ്പോള്‍ ഒരുപാട് കാലത്തോളം ആ കുഞ്ഞുങ്ങളെ എടുത്തു നടക്കേണ്ട ഒരു സാഹചര്യം ഉണ്ടാവാം. അതിനാല്‍ ശാരീരികക്ഷമത എന്നത് അവരെ സംബന്ധിച്ച് അനിവാര്യമാണ് അവിടെ. അത് ശ്രദ്ധിച്ചില്ലെങ്കില്‍, സ്‌പോണ്ടിലൈറ്റിസ്, ആര്‍ത്രൈറ്റിസ് പോലെയുള്ള രോഗങ്ങള്‍  മധ്യവയസ്സ് കടക്കുന്നതിന് മുന്നേ തന്നെ വന്നുചേരും. ദിവസേന സാധ്യമാവുന്ന സമയത്ത് ഒരു ലഘു വ്യായാമത്തിനെങ്കിലും സമയം കണ്ടെത്തണം. അത് നമുക്ക് ഒരേസമയം മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരും.

നമുക്ക് ചുറ്റുമുള്ള സൗകര്യങ്ങളെക്കുറിച്ചും സര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന സാദ്ധ്യതകളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നേരത്തെ തന്നെ കുട്ടികളുടെ ജീവിതങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള  പരിമിതിയോ പ്രശ്‌നമോ ഉണ്ടെന്ന  സംശയമുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാന്‍ മടിക്കരുത്. എന്തെങ്കിലും പ്രശ്‌നം നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓരോന്നിനും അനുയോജ്യരായ പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകളുടെ സഹായം തേടണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാഹചര്യമുണ്ടെങ്കില്‍ സാമൂഹ്യ നീതി മന്ത്രാലയം ആവിഷ്‌കരിച്ച നിരാമയ ഇന്‍ഷുറന്‍സ് എന്ന ഒരു സൗകര്യമുണ്ട്. അത് ഉപയോഗപ്പെടുത്താനാവും. 

സ്വയംപര്യാപ്തതയ്ക്കുള്ള വഴി തുറക്കുക

മറ്റൊന്ന് സ്വയം പര്യാപ്തത നേടാന്‍ കുട്ടികളെ സഹായിക്കലാണ്. പ്രായത്തിനും കാലത്തിനും അനുസരിച്ചുള്ള പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനോടൊപ്പം കുഞ്ഞിനെ  സ്വയം പര്യാപ്തത നേടാന്‍ സഹായിക്കണം. സ്വയം വാരി കഴിക്കാന്‍ കഴിവുള്ള ഒരു കുട്ടിക്ക് ഒരിക്കലും ഭക്ഷണം വായില്‍ വച്ച് കൊടുക്കരുത്. അവരെക്കൊണ്ട് അത് സ്വയം ചെയ്യിപ്പിക്കുക. സംസാരത്തില്‍ പിറകോട്ട് നില്‍ക്കുന്ന കുട്ടിയാണെങ്കില്‍ മുഖത്ത് നോക്കി സംസാരിക്കുക. കഥകള്‍ പറഞ്ഞു കൊടുക്കുക. പാട്ടുകള്‍ പാടി കൊടുക്കുക.

ചില സാഹചര്യത്തില്‍ നമുക്ക് തോന്നാം, നമ്മുടെ മക്കള്‍ക്ക് നമ്മള്‍ പറഞ്ഞു കൊടുക്കുന്നത് മനസ്സിലാവുമോ എന്ന്. എന്നാല്‍ ഒരു സംശയം വേണ്ട, അവര്‍ക്ക് തീര്‍ച്ചയായും മനസ്സിലാവും. ഹൃദയത്തിന്റെ ഭാഷ മനസ്സിലാവാന്‍ ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമായ മനസ്സല്ലാതെ വേറൊന്നും വേണ്ട.

തെറാപ്പികള്‍ പഠിച്ചെടുക്കണം

സ്പീച്ച് തെറാപ്പി ആണെങ്കിലും ഫിസിയോതെറാപ്പി ആണെങ്കിലും പരിശീലന സമയത്ത് രക്ഷിതാക്കള്‍ കൂടെ നില്‍ക്കണം. ചില തെറാപ്പിസ്റ്റുകള്‍ വ്യക്തമായി എല്ലാം പറഞ്ഞു തരണമെന്നില്ല. നമ്മള്‍ തന്നെ എല്ലാം ചോദിച്ചറിഞ്ഞ് മനസ്സിലാക്കി എടുക്കണം. ലോക്ക് ഡൗണ്‍ എന്നൊരു സാഹചര്യം മുന്നില്‍ വന്നുനിന്നപ്പോള്‍ പെട്ടെന്നൊരു ദിവസം തെറാപ്പികള്‍ എല്ലാം നിര്‍ത്തി വെക്കേണ്ടി വന്ന കുട്ടികളുണ്ട്. (എല്ലാവരും അല്ല പൂര്‍ണ്ണമായും തെറാപ്പിസ്റ്റുകളെ മാത്രം ആശ്രയിക്കേണ്ടി വന്നിട്ടുള്ള രക്ഷിതാക്കളുടെ കാര്യമാണ് സൂചിപ്പിച്ചത്) നിര്‍ത്തി വെക്കേണ്ട സാഹചര്യം വന്നത് രക്ഷിതാക്കള്‍ക്ക്  അതെങ്ങനെ വീട്ടില്‍ നിന്ന് പരിശീലിപ്പിക്കണം എന്ന കൃത്യമായ അവബോധം ഇല്ലാത്തതുകൊണ്ട് ആയിരുന്നു. അതിനാല്‍ ഃത്തരത്തില്‍ സാഹചര്യം മുന്‍കൂട്ടിക്കണ്ട് കുട്ടികളെ പരിശീലിപ്പിക്കാനുള്ള കഴിവ് സ്വയം ആര്‍ജിക്കേണ്ടതുണ്ട്. 

എന്നാല്‍, ഫിസിയോതെറാപ്പിയിലേക്ക് അടുക്കുമ്പോള്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ തെറ്റായ രീതിയില്‍ ചെയ്താല്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളും നമ്മളും ആയിരിക്കും. അതുകൊണ്ട് ഫിസിയോതെറാപ്പിസ്റ്റില്‍ നിന്നും വ്യക്തമായി കാര്യങ്ങള്‍ പഠിച്ചു എടുക്കണം. 

ഓരോ പ്രായത്തിലും ഓരോ തരത്തിലുള്ള ബിഹേവിയര്‍ തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ ഉണ്ടാവാം. അതിനനുസരിച്ച് ഒരു സൈക്കോളജിസ്റ്റിന്റെ സഹായവും തേടാം. ബിഹേവിയറല്‍ തെറാപ്പിയും കൗണ്‍സലിംഗും  കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും ആവശ്യമാകുന്ന സാഹചര്യങ്ങളും ഉണ്ട്. അതും ശ്രദ്ധിക്കണം. 

കുട്ടികള്‍ മുതിര്‍ന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ ആണെങ്കിലും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരുപാട് ശാരീരിക മാനസിക വ്യത്യാസങ്ങള്‍ വരും. പെണ്‍കുട്ടികള്‍ക്ക് പീരിയഡ്‌സ് തുടങ്ങിക്കഴിഞ്ഞാല്‍ അവരെ വ്യക്തിശുചിത്വം പാലിക്കാന്‍ പ്രാപ്തരാക്കണം. സ്വന്തമായി അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്തവര്‍ ആണെങ്കില്‍  മാത്രം രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചെയ്തു കൊടുക്കുക.

ആണ്‍കുട്ടികള്‍ക്കും അവരുടേതായ മാറ്റങ്ങള്‍ ഉണ്ട്. പെണ്‍കുട്ടികളെപ്പോലെ അല്ലെങ്കിലും ആണ്‍കുട്ടികളില്‍ സെക്‌സ് ഹോര്‍മോണുകള്‍ ആക്ടീവ് ആവുകയും മാസ്റ്റര്‍ബേഷന്‍ എന്ന സ്റ്റേജിലേക്ക് എത്തുകയും ചെയ്‌തേക്കാം. ഒരു പക്ഷേ പരസ്യമായി ആളുകളുടെ മുന്നില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്ന കുട്ടികളുമുണ്ടാവാം. അവിടെ ആണ് നമ്മള്‍ രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ഒരു ബിഹേവിയറല്‍ തെറാപ്പിസ്റ്റിന്റെ സഹായം അത്തരം സാഹചര്യങ്ങളില്‍ ആവശ്യമാണ്. മാസ്റ്റര്‍ബേഷന്‍  ചെയ്യുന്നതിനെ കുറ്റകരമായി ചിത്രീകരിക്കേണ്ട കാര്യമില്ല. കാരണം അത് ജീവശാസ്ത്രപരമായ ആവശ്യമാണ്. അതിനെ അത്തരത്തില്‍ മനസ്സിലാക്കി, അതു പോലെയുള്ള കാര്യങ്ങള്‍ക്ക് പ്രൈവസി വേണമെന്ന് കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത്.

അവഗണിക്കേണ്ടവ അവഗണിക്കുക

പിന്നെ ഓരോ രക്ഷിതാക്കളും  മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. നമ്മളെ പോലെയുള്ളവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് സമൂഹത്തിന്റെ ഒരു പിന്തുണയാണ്. സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും എല്ലാമുള്ള സപ്പോര്‍ട്ട് നാം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, അവയൊന്നും കിട്ടുന്നില്ല എന്ന് കരുതി കുട്ടികളുടെ  പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കരുത്.

നമ്മളെ അവഗണിക്കുന്നവരെ നമ്മളും അങ്ങ് അവഗണിച്ചേക്കുക. നമ്മളെ പരിഗണിക്കുന്നവരോട് ചേര്‍ന്നു നടക്കുക. ഈ ലോകത്ത് ജീവിച്ച് മരിച്ച് പോകുന്നതിനിടയില്‍ ഒരടയാളം ഈ സമൂഹത്തില്‍ പതിപ്പിച്ച്  പോകാന്‍ ശ്രമിക്കുക. കഠിനമായ പാതകളിലൂടെ ജീവിത യാത്രയുമായി പോകേണ്ടിവരും. കുത്തുവാക്കുകള്‍ ഉണ്ടാവാം, തുറിച്ചു നോട്ടങ്ങള്‍ ഉണ്ടാവാം. മറുപടി അര്‍ഹിക്കാത്തവര്‍ക്ക് മൗനം സമ്മാനിക്കുക. നമ്മുടെ വിലപ്പെട്ട സമയം നമ്മളെ അര്‍ഹിക്കാത്തവര്‍ക്കായി നഷ്ടപ്പെടുത്താതിരിക്കുക. നമ്മുടെ സമയം നമുക്കും നമ്മുടെ മക്കളുടെ ഉന്നമനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുക.

Follow Us:
Download App:
  • android
  • ios