തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ, നടൻ ഉല്ലാസ് പന്തളത്തിന് രഹസ്യമായി സാമ്പത്തിക സഹായം നൽകിയെന്ന് അഭിമുഖത്തിൽ വെളിപ്പെടുത്തിയതിനെ തുടർന്ന് വിമർശനം നേരിടുന്നു. Akhil Marar, Ullas Pandalam

തൃക്കാക്കര നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുകയാണ് ബിഗ് ബോസ് വിജയ് അഖിൽ മാരാർ. മുൻപ് പലപ്പോഴും പരസ്യമായി കോൺഗ്രസ്സ് അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള അഖിൽ മാരാർ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോഴാണ് എൻഡിഎ ഘടകകക്ഷിയായ ട്വന്റി- 20 യിൽ ചേരുന്നത്. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ പലപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങുന്ന വ്യക്തി കൂടിയാണ് അഖിൽ മാരാർ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിനിടെ അഖിൽ മാരാർ പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തെ എയറിലാക്കിയിരിക്കുന്നത്.

നടനും മിമിക്രി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളത്തിനെ താൻ സഹായിച്ചതിനെ കുറിച്ചാണ് അഖിൽ മാരാർ പറയുന്നത്. ആരും അറിയാതെയാണ് താൻ അദ്ദേഹത്തിന് സാമ്പത്തിക സഹായം ചെയ്തതെന്നും, തനിക്ക് വേണമെങ്കിൽ ആളുകളെ കൂട്ടി അദ്ദേഹത്തെ പോയി കണ്ട് വീഡിയോ എടുത്ത് പണം നൽകാമായിരുന്നെന്നും എന്നാൽ താനത് ചെയ്യില്ലെന്നുമാണ് അഖിൽ മാരാർ പറയുന്നത്. ഇതിനേക്കാൾ നല്ലത് വീഡിയോ എടുക്കുന്നതായിരുന്നു എന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്. ഇങ്ങനെ സഹായം ചെയ്തിട്ട് ഇപ്പോൾ വിളിച്ച കൂവുന്നതിൽ അർത്ഥമില്ലെന്നും, വെറുതെയല്ല എൻഡിഎയിൽ എത്തിയതെന്നും നിരവധി പേർ പറയുന്നു.

"ഒരിക്കല്‍ ആര്‍ട്ടിസ്റ്റ് ഉല്ലാസ് പന്തളത്തിന്റെ വിഡിയോ കണ്ടു. അദ്ദേഹം വയ്യാതെ ഒരു പരിപാടിയില്‍ നില്‍ക്കുകയാണ്. 2017 ല്‍ ഞാനൊരു സ്റ്റേജ് ഷോ ചെയ്തപ്പോള്‍ ഡബ്ബിങ് ചെയ്തിട്ടുണ്ട്. ആ പരിചയത്തിന്റെ പുറത്ത് ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ ഒരു വേഷത്തിനായി ഞാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഞങ്ങള്‍ കണ്ടിട്ടില്ല. ബിഗ് ബോസ് കഴിഞ്ഞിട്ടും കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഞാന്‍ കാണുന്നത് അദ്ദേഹത്തിന്റെ ഈ വിഡിയോയാണ്. ഒരിക്കല്‍ പ്രേക്ഷകരെ രസിപ്പിച്ച എന്നെ ചിരിപ്പിച്ച കലാകാരന് വയ്യാത്തൊരു അവസ്ഥ കാണുകയാണ്." അഖിൽ മാരാർ പറയുന്നു.

'10000 രൂപ അയച്ചുകൊടുത്തിട്ട് വാട്‌സ് ആപ്പില്‍ മെസേജ് അയച്ചു'

"ഞാന്‍ ആ സ്‌പോട്ടില്‍ തന്നെ അദ്ദേഹത്തിന് 10000 രൂപ അയച്ചുകൊടുത്തിട്ട് വാട്‌സ് ആപ്പില്‍ മെസേജ് അയച്ചു. ഉല്ലാസേട്ടാ ഇതേപോലെ ചെറിയ സഹായം ചെയ്തിട്ടുണ്ടെന്ന്. മെസ്സേജ് അയച്ചതിനു ശേഷം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുന്നു. എനിക്ക് ഇതേ കാര്യം നൂറിന്റെ 100 കെട്ടുകളുമായിട്ട് ആള്‍ക്കാരെയൊക്കെ കാണിച്ച് ഉല്ലാസേട്ടന്റെ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞിട്ട് വീഡിയോ ഇട്ട് ബാക്ഗ്രൗണ്ട് സ്‌കോറും കേറ്റി അദ്ദേഹത്തെ പോയി കണ്ടു കെട്ടിപ്പിടിച്ചു ചേട്ടാ ഇതാണ് എന്റെ വക ഒരു സഹായം ഇരിക്കട്ടെ ചേട്ടാ എന്ന് പറഞ്ഞു കാണിച്ച് ഒരു റീല്‍ ഇട്ടിരുന്നെങ്കില്‍ ഞാന്‍ നന്മയുള്ളവനാണ്." അഖിൽ മാരാർ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.