'ഞാൻ ഒറാങ്ങ് ഉട്ടാനുകൾക്കുവേണ്ടി പാടുകയായിരുന്നു അപ്പോഴാണ് ഇത് സംഭവിച്ചത്' എന്ന് വീഡിയോയിൽ തന്നെ കുറിച്ചിരിക്കുന്നതും കാണാം.
ഇന്നത്തെ ദിവസം നിങ്ങൾ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതിൽ അങ്ങേയറ്റം ഹൃദയസ്പർശിയായ വീഡിയോകളുടെ കൂട്ടത്തിൽ വയ്ക്കാൻ പറ്റുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു യുവാവും കുറച്ച് ഒറാങ്ങ്ഉട്ടാനുകളുമാണ് വീഡിയോയിൽ ഉള്ളത്. അവയ്ക്ക് വേണ്ടി പാടുകയാണ് യുവാവ്. ബുദ്ധിശക്തി കൂടിയ മൃഗങ്ങളാണ് ഒറാങ്ങ്ഉട്ടാൻ. അതിനാൽ തന്നെ അവ പലപ്പോഴും മനുഷ്യരെ അനുകരിക്കുകയും, അതുപോലെ പെരുമാറുകയും ഒക്കെ ചെയ്യാറുണ്ട്. ഏതായാലും, ഈ വീഡിയോ ശരിക്കും ഞെട്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
plumesofficiel എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'അവൻ കയ്യടിക്കാൻ ആരംഭിക്കുമ്പോൾ' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഞാൻ ഒറാങ്ങ് ഉട്ടാനുകൾക്കുവേണ്ടി പാടുകയായിരുന്നു അപ്പോഴാണ് ഇത് സംഭവിച്ചത്' എന്ന് വീഡിയോയിൽ തന്നെ കുറിച്ചിരിക്കുന്നതും കാണാം.
വീഡിയോയിൽ കാണുന്നത്, യുവാവ് ഒറാങ്ങ് ഉട്ടാനുകൾക്കുവേണ്ടി പാടുന്നതാണ്. യുവാവ് പാടിത്തുടങ്ങുമ്പോഴേക്കും അവയെല്ലാം പാട്ട് ആസ്വദിക്കാനെന്നവണ്ണം കൃത്യമായി ഓരോരിടത്ത് ഇരിക്കുന്നതും സാകൂതം പാട്ട് കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അതുകൊണ്ടും തീർന്നില്ല, പാടുന്ന യുവാവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ഒറാങ്ങ് ഉട്ടാൻ കയ്യടിക്കുന്നതാണ് കാണുന്നത്.
'ഒറാങ്ങ് ഉട്ടാനുകൾക്കൊപ്പം പാടാനും ഒപ്പം കുറച്ച് നേരം ചെലവഴിക്കാനും കഴിഞ്ഞത് വളരെ മനോഹരമായ നിമിഷമായിരുന്നു. വളരെ മനോഹരവും പ്രത്യേകതയുള്ളതുമായവയാണ് അവ. നിർഭാഗ്യവശാൽ, അവ വേട്ടയാടൽ, നിയമവിരുദ്ധമായ കച്ചവടം തുടങ്ങിയ അനേകം ഭീഷണികൾ നേരിടുന്നുണ്ട്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
എന്തായാലും, ഈ അതിമനോഹരമായ വീഡിയോയ്ക്ക് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. ഇത്രയും നല്ല ഓഡിയൻസിനെ വേറെ കിട്ടാനില്ല എന്നാണ് പലരുടേയും അഭിപ്രായം.
