ഫുഡ് ഡെലിവറി ആപ്പ് വഴി 505 രൂപ നൽകി 10 ഇഞ്ച് പിസ്സയാണ് പരാതിക്കാരൻ ഓർഡർ ചെയ്തത്. എന്നാൽ, ലഭിച്ച പിസ്സ അളന്നുനോക്കിയപ്പോൾ ഏഴ് ഇഞ്ച് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ആപ്പിന്റെ കസ്റ്റമർ സപ്പോർട്ട് ചാറ്റ് വഴി പരാതിപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ കമ്പനി തയാറായില്ല.

ഓൺലൈൻ ആപ്പിലൂടെ ഓർഡർ ചെയ്ത 10 ഇഞ്ച് പിസ്സയ്ക്ക് പകരം ഏഴ് ഇഞ്ച് പിസ്സ വിതരണം ചെയ്ത സംഭവത്തിൽ ഉപഭോക്താവിന് അനുകൂലമായി കോടതി വിധി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമും റെസ്റ്റോറന്റും ചേർന്ന് ഉപഭോക്താവിന് 10,520 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരാഖണ്ഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

ഓർഡർ ചെയ്തതിനേക്കാൾ മൂന്ന് ഇഞ്ച് വലുപ്പം കുറഞ്ഞ പിസ്സ നൽകിയത് സേവനത്തിലെ ഗുരുതരമായ വീഴ്ചയും അനുചിതമായ കച്ചവടരീതിയുമാണെന്ന് കമ്മീഷൻ പ്രസിഡന്റ് ഗഗൻ കുമാർ ഗുപ്ത, അംഗങ്ങളായ ഡോ. അമരേഷ് റാവത്ത്, രഞ്ജന ഗോയൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവ് വന്ന് 45 ദിവസത്തിനകം തുക സംയുക്തമായി പരാതിക്കാരന് കൈമാറണം. പിസ്സയുടെ വിലയായ 505 രൂപ, ഡെലിവറി ചാർജ് 15 രൂപ, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 5,000 രൂപ, കോടതി ചെലവുകളിലേക്ക് 5,000 രൂപ എന്നിവ ഉൾപ്പടെയാണ് ആകെ 10,520 രൂപ നൽകേണ്ടത്.

ഫുഡ് ഡെലിവറി ആപ്പ് വഴി 505 രൂപ നൽകി 10 ഇഞ്ച് പിസ്സയാണ് പരാതിക്കാരൻ ഓർഡർ ചെയ്തത്. എന്നാൽ, ലഭിച്ച പിസ്സ അളന്നുനോക്കിയപ്പോൾ ഏഴ് ഇഞ്ച് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ആപ്പിന്റെ കസ്റ്റമർ സപ്പോർട്ട് ചാറ്റ് വഴി പരാതിപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ കമ്പനി തയാറായില്ല. ഇതോടെ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലും കേന്ദ്ര സർക്കാരിന്റെ CPGRAMS പോർട്ടലിലും പരാതി നൽകുകയും ലീഗൽ നോട്ടീസ് അയക്കുകയും ചെയ്തു. ഇതിലും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം ഉപഭോക്തൃഫോറത്തെ സമീപിച്ചത്.

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ വാദം

തങ്ങൾ റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനിലക്കാർ മാത്രമാണെന്നും ഭക്ഷണം തയാറാക്കുന്നതിലോ പാക്ക് ചെയ്യുന്നതിലോ വിൽക്കുന്നതിലോ പങ്കില്ലെന്നുമായിരുന്നു ഫുഡ് ഡെലിവറി ആപ്പിന്റെ വാദം.

എന്നാൽ ഈ വാദം തള്ളിയ കമ്മീഷൻ, ഓർഡർ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതുമടക്കം സേവന ശൃംഖലയുടെ പ്രധാന ഭാഗമാണ് ആപ്പുകളെന്നും, പരസ്യം ചെയ്തതിൽ നിന്നും വേറിട്ട ഉൽപ്പന്നം നൽകിയതിൽ ഇരുഭാഗത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ കൃത്യതയുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികൾക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി.