Asianet News MalayalamAsianet News Malayalam

ആ അച്ഛന്‍റെ വേദനയ്ക്ക് ഒരുവര്‍ഷം കൂടി, കക്കയം ക്യാമ്പിലെ പീഡനങ്ങളുടെ ഓര്‍മ്മയ്ക്കും

ആദ്യമാദ്യമൊക്കെയും രാജന്റെ വീട്ടിലേക്ക് അവന്റെ സ്നേഹിതർ വന്നുകൊണ്ടിരുന്നു എങ്കിലും അമ്മ രാധയുടെ രാജനെക്കുറിച്ചുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിഷമം കൊണ്ട് അവരുടെ സന്ദർശനങ്ങൾ നിലച്ചു. മകനെ കാണാതായതോടെ അവരുടെ മനസ്സിന്റെ പിടി കൈവിട്ടുപോയി. 

p rajan case and the Journey of a father in search of his son
Author
Thiruvananthapuram, First Published Mar 1, 2020, 10:14 AM IST

ഇന്ന് മാർച്ച് ഒന്ന്. പലരുടെയും നെഞ്ചിൽ ഇന്നും ആറാതെ കിടക്കുന്ന ഒരു  മുറിവുകൂടിയാണ് ഈ ദിവസം. 1976 മാർച്ച് ഒന്നിന്, അതായത് ഇന്നേക്ക്  44 വർഷം മുമ്പ് ഒരു പുലർച്ചയ്ക്കാണ് കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് പി രാജൻ എന്ന അവസാനവർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്ന് അടിയന്തരാവസ്ഥ നിലവിലുള്ള കാലമാണ്. കേരളത്തിൽ നക്സലിസം ചുവടുറപ്പിച്ച കാലവും. ജയറാം പടിക്കലിന്റെ പൊലീസിന് REC എന്ന അന്നത്തെ കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളേജ് നക്സലിസത്തിന്റെ വിളനിലമാണ് എന്ന രഹസ്യവിവരം കിട്ടുന്നു. 

പിന്നെ വേട്ടയാണ്. ആ വേട്ടയ്ക്ക് കൂട്ടായി ഇന്നത്തെ UAPA -ക്ക് തുല്യമായ ഒരു നിയമമുണ്ട് അന്ന്. MISA അഥവാ Maintenance of Internal Security Act. സംശയം തോന്നിയവരെ ഒക്കെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്താതെ ദിവസങ്ങളോളം കക്കയം ക്യാമ്പിൽ ഇട്ട് ഉരുട്ടി. അതിനിടെ രാജൻ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോലും ഇന്നോളം കണ്ടുകിട്ടിയിട്ടില്ല. നക്സലൈറ്റ് വർഗീസിന്റെ കാര്യത്തിൽ 'അയാളെ വെടിവെച്ചു കൊന്നത് ഞാനാണ്' എന്ന് പറയാൻ വയസ്സാംകാലത്തെങ്കിലും ഒരു കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ ഉണ്ടായി. അതുകൊണ്ട് വർഗീസ് മരിച്ചത് എങ്ങനെ, മരിക്കും മുമ്പയാൾ അനുഭവിച്ച നരകയാതനകൾ എന്തൊക്കെ എന്ന് നമ്മൾ അറിഞ്ഞു. രാജന്റെ കാര്യത്തിൽ അതുണ്ടായില്ല.

ദുഖങ്ങളിൽ ഏറ്റവും വലുത് പുത്രദുഃഖമാണ് എന്ന് പറയും. സന്താന ദുഃഖം ഉമിത്തീയിൽ വെന്തുനീറലാണ്. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യിക്കലാണ് പുത്രധർമ്മം. എന്നാൽ പ്രൊഫ. ഈച്ചരവാരിയർ എന്ന കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഹിന്ദി പ്രൊഫസറെ സംബന്ധിച്ചിടത്തോളം അത് നേരെ തിരിച്ചായി. മകൻ എവിടെപ്പോയി, അവൻ മരിച്ചോ? എങ്കിൽ എങ്ങനെങ്ങനൊക്കെയാണ് പടിക്കലിന്റെയും പുലിക്കോടന്റെയും കൈകളാൽ അവൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക? അവനെ അവർ ഒടുവിൽ എങ്ങനെയാകും കൊന്നിട്ടുണ്ടാവുക? ശവം എന്തുചെയ്തു? ഈ ചോദ്യങ്ങളുമായി ഈച്ചരവാര്യർ നിരന്തരം അധികാരത്തിന്റെ ഇടനാഴികൾ കയറിയിറങ്ങി. അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ ഒരു അദ്ധ്യാപകൻ മാത്രമായിരുന്നില്ല. ഒരു പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനും കൂടിയായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു ഹേബിയസ് കോർപ്പസ് റിട്ട് ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെടുന്നത് രാജനുവേണ്ടി ഈച്ചരവാര്യർ ആണ്. ഈ കേസിലെ ഈച്ചരവാര്യരുടെ തുടർച്ചയായ ഇടപെടലുകൾക്കൊടുവിൽ കരുണാകരന് ആഭ്യന്തരമന്ത്രിപദം വിട്ടൊഴിയേണ്ടി വന്നു. രാജന്റെയമ്മ മകന്റെ തിരോധനത്തെത്തുടർന്ന് മാനസികമായി ഏറെ തളർന്നു. അവർ ഒരു മനോരോഗിയായി മാറി. തന്റെ ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ കേസുനടത്താൻ ചെലവിട്ടെങ്കിലും ഈച്ചരവാര്യർക്ക് തന്റെ മകനെപ്പറ്റി ഒരുവിവരവും കിട്ടിയില്ല.  

p rajan case and the Journey of a father in search of his son

 

സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസിലും സിപിഐയിലും പ്രതിപക്ഷത്തിരുന്ന സിപിഎമ്മിലും ഈച്ചരവാര്യർ സാറിന്റെ സുഹൃത്തുക്കൾ എമ്പാടുമുണ്ടായിരുന്നു. എന്നിട്ടുപോലും, തന്റെ മകനെ രക്ഷിച്ചെടുക്കാനോ അവന്റെ വിവരം അറിയാനോ സാധിക്കാതെയാണ് ആ അച്ഛൻ മരിച്ചത്. ഈച്ചരവാര്യർ പെൻഷൻ പറ്റി തൃശൂരിൽ കഴിയവെയാണ് അദ്ദേഹത്തിന്‍റെ മകനെ പൊലീസ് കൊണ്ടുപോയി എന്ന വിവരം അന്നത്തെ REC പ്രിൻസിപ്പൽ പ്രൊഫ. ബഹാവുദ്ദീൻ വിളിച്ച് ഈച്ചരവാര്യരെ അറിയിക്കുന്നത്. പ്രദേശത്തുള്ള കായണ്ണ എന്ന പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളുടെ കൂട്ടത്തിലാണ് രാജനെയും അവർ തിരഞ്ഞു കൊണ്ടിരുന്നതത്രെ. എന്തായാലും മകനെ കൊണ്ടുപോയത് പൊലീസുകാരാണ് എന്നാണറിഞ്ഞപ്പോൾ ആ അച്ഛൻ തന്റെ ശിഷ്യനായ സുരേന്ദ്രന്റെയും വെണ്ണല സ്വദേശിയും ആഭ്യന്തരമന്ത്രി കരുണാകരനെ അടുത്തറിയുന്ന ആളുമായ ഒരു പ്രൊഫസറെയും കൂട്ടിയാണ് സഹായം അഭ്യർത്ഥിച്ച് അന്ന് കരുണാകരൻ പാർത്തിരുന്ന മൻമോഹൻ ബംഗ്ലാവിൽ ചെല്ലുന്നത്. മന്ത്രിമന്ദിരത്തിന്റെ അകത്തളങ്ങളിലേക്ക് പോലും പ്രവേശനമുണ്ടായിരുന്ന വളരെ അടുത്ത സുഹൃത്തായിരുന്നു ആ പ്രൊഫസർ. അദ്ദേഹത്തെ കണ്ടപ്പോഴേക്കും കരുണാകരൻ നിറപുഞ്ചിരിയോടെ എതിരേറ്റു. "എന്നെക്കണ്ടപ്പോൾ ആ മുഖത്തെ ചിരി ഒന്ന് മങ്ങി. ഒക്കെ എന്റെ തോന്നലാകും എന്ന് ഞാൻ ആശ്വസിച്ചു" എന്ന് ഈച്ചരവാര്യർ തന്റെ ആത്മകഥയിൽ എഴുതുന്നുണ്ട്. "എന്തുകൊണ്ട് എന്നോടിതിനെപ്പറ്റി നേരത്തെ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ ഞാൻ നേരത്തെ പരിഹാരം കണ്ടിരുന്നേനെ" എന്നായിരുന്നു കരുണാകരന്റെ ആദ്യ പ്രതികരണം. "രാജൻ... ആ പേര് നല്ല പരിചയം തോന്നുന്നു. എന്തോ കാര്യമായ കുഴപ്പത്തിലൊക്കെ ചെന്ന് പെട്ടിട്ടുണ്ടെന്നു തോന്നുന്നു" എന്ന് അടുത്ത ആത്മഗതം. അതിനു മറുപടിയായി "ഇല്ല... രാജൻ അങ്ങനെയൊന്നും ചെയ്യില്ല. അവർ പറയുന്ന സമയത്ത് അവൻ ഫാറൂഖ് കോളേജിൽ ഡി സോൺ യൂത്ത് ഫെസ്റ്റിവലിൽ അവന്റെ കോളേജ് ടീമിനെയും കൊണ്ട് പോയതായിരുന്നു." എന്ന് ഈച്ചരവാര്യർ പറഞ്ഞപ്പോൾ "എന്നെക്കൊണ്ടാവുന്ന സഹായങ്ങളൊക്കെ ഞാൻ ചെയ്യാം. ചെയ്യും, അതാണ് ഞാനും സാറും തമ്മിലുള്ള ബന്ധം" എന്ന് പ്രൊഫസറെ ചേർത്തുപിടിച്ചുകൊണ്ട് കരുണാകരൻ പറഞ്ഞത്രേ. ആ പറഞ്ഞതൊക്കെയും വീൺവാക്കായിരുന്നു. ഈച്ചരവാര്യർക്ക് പിന്നീടൊരിക്കലും തന്റെ മകനെ കാണാനുള്ള യോഗമുണ്ടായില്ല.

കരുണാകരനുമായുള്ള ഈച്ചരവാര്യരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം മാതൃഭൂമിയുടെ സാദിരിക്കോയ എന്ന റിപ്പോർട്ടറില്‍ നിന്ന് അദ്ദേഹത്തിനൊരു ഫോൺ വന്നു. കരുണാകരന്റെ വിശ്വസ്തശിഷ്യരിൽ ഒരാളായിരുന്നു സാദിരിക്കോയ. ഈച്ചരവാര്യർ മകനെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടിയാൽ അറിയിക്കണേ എന്ന് പറഞ്ഞേൽപ്പിച്ചിരുന്ന പലരിലൊരാൾ. സാധാരണ ചോദിച്ചാൽ "ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്" എന്ന് പറയാറുള്ള സാദിരിക്കോയ അന്ന് പറഞ്ഞ വിവരം "രാജൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി ഏതോ സീനിയർ നക്സലിന്റെ കൂടെ ഒളിവിലാണ്" എന്നായിരുന്നു. എവിടുന്ന് കിട്ടി വിവരം എന്ന് ഈച്ചരവാര്യർ ചോദിച്ചപ്പോൾ "വിശ്വസിക്കാവുന്ന" സോഴ്സിൽ നിന്നാണ് എന്ന് മറുപടി. ആ സോഴ്സ് കരുണാകരൻ തന്നെയാണ് എന്ന് തനിക്കറിയാമായിരുന്നു എന്ന് ഈച്ചരവാര്യർ എഴുതിയിട്ടുണ്ട്. ആ വിവരം ഈച്ചരവാര്യർക്ക് പ്രതീക്ഷകളേകിയെങ്കിലും, ആ 'ചാടിപ്പോകൽ' പൊലീസ് ഭാഷ്യത്തിൽ എന്തിനു പകരമായി ഉപയോഗിക്കപ്പെടുന്നതാണെന്ന് അദ്ദേഹത്തിന് അപ്പോൾ മനസിലായില്ല. പ്രൊഫ. ബഹാവുദ്ദീൻ എന്ന REC പ്രിൻസിപ്പൽ രാജനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് കക്കയം ക്യാമ്പിൽ ചെന്ന് ജയറാം പടിക്കലിനെ കണ്ടിരുന്നെങ്കിലും അവിടെ നിന്നുള്ള മറുപടി വളരെ പരുക്കനായിരുന്നു. അവിടെ അപ്പോൾ കസ്റ്റഡിയിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ കൂട്ടത്തിൽ രാജനുണ്ടായിരുന്നില്ല. 

ആദ്യമാദ്യമൊക്കെയും രാജന്റെ വീട്ടിലേക്ക് അവന്റെ സ്നേഹിതർ വന്നുകൊണ്ടിരുന്നു എങ്കിലും അമ്മ രാധയുടെ രാജനെക്കുറിച്ചുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിഷമം കൊണ്ട് അവരുടെ സന്ദർശനങ്ങൾ നിലച്ചു. മകനെ കാണാതായതോടെ അവരുടെ മനസ്സിന്റെ പിടി കൈവിട്ടുപോയി. ആദ്യത്തെ പെൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ മുതൽക്കുതന്നെ രാധക്ക് മാനസികമായി ചില പ്രശ്‍നങ്ങള്‍ തുടങ്ങിയിരുന്നു. അത് രാജന്റെ തിരോധനത്തോടെ അധികരിച്ചു എന്നുമാത്രം.  ഭർത്താവ് കാണാൻ വരുമ്പോഴൊക്കെ അവർ പത്തുരൂപ ചോദിച്ചു വാങ്ങും. അത് പിള്ളേരുടെ കയ്യിൽ കൊടുത്തുവിട്ട് രാജനുവേണ്ടി ഒരു കൂട് ബിസ്കറ്റ് വാങ്ങിപ്പിക്കും. അത് സൂക്ഷിച്ചെടുത്തുവെച്ച് കേടുവന്നുതുടങ്ങിയാൽ മാത്രമാണ് അവരത് മറ്റുള്ള കുട്ടികൾക്ക് കൊടുക്കുക. അവരാണെങ്കിൽ രാജന്റെ അമ്മയെ കാണിക്കാതെ അത് കൊണ്ടുകളയുകയും ചെയ്തു. രാജനെ പൊലീസ് കൊണ്ടുപോയതാണെന്നൊന്നുമുള്ള വിവരങ്ങൾ ഈച്ചരവാര്യർ അവന്റെ അമ്മയെ അറിയിച്ചിരുന്നില്ല. രാജനെ കാണാതായി 24 വർഷങ്ങൾക്കു ശേഷം ആ അമ്മ സ്വന്തം മകനെ ഒരു നോക്കു കാണാനാവാതെ മരിച്ചു. മരിക്കുന്നതിന് ഒരാഴ്ച മുമ്പൊരുദിവസം, ഈച്ചരവാര്യർ അവരുടെ അടുത്ത് ചെന്നിരുന്നപ്പോൾ തന്റെ ഭർത്താവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പതിവിൽ കവിഞ്ഞ മനസ്സാന്നിധ്യത്തോടെ അവർ ചോദിച്ചു, "ഇനി വരുമ്പോൾ രാജനെ കൊണ്ടുവരുമോ നിങ്ങൾ?" അവരുടെ മുഖത്ത് നോക്കാൻ ഈച്ചരവാര്യർക്ക് ആവുന്നുണ്ടായിരുന്നില്ല. അത്രയും കാലം നുണകൾ മാത്രം മകനെക്കുറിച്ച് ആ അമ്മയോട് പറയേണ്ടി വന്നതിന്റെ കുറ്റബോധം അയാളെ നീട്ടിക്കൊണ്ടിരുന്നു. അന്നത്തെ അനുഭവം അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ അടയാളപ്പെടുത്തി.

രാധ ചോദിക്കുന്നു,
"ഞാനൊരു കാര്യം ഏല്പിച്ചാൽ ചെയ്യുമോ?'
ചെയ്യാം, ഞാൻ മറുപടി നൽകി.
അപ്പോൾ ചില്ലറത്തുട്ടുകളടങ്ങിയ അവളുടെ സമ്പാദ്യമായ ഒരു കടലാസുപൊതി അവളെന്റെ കൈകളിൽ വച്ചു.
'ഇതു മോനു നൽകണം. നിങ്ങളെ മാത്രമേ എനിക്കു വിശ്വാസമുള്ളു.'
പിന്നെ അവരൊന്നും സംസാരിച്ചില്ല. മരണത്തിന്റെ തണുപ്പ് അവളെ തൊട്ടു കഴിഞ്ഞിരുന്നു. പിറ്റേന്നു പുലർച്ചെ ചാരുകസേരയിലിരുന്ന് ഞാനൊന്നു മയങ്ങി. എന്റെ ദുർബലമായ കൈകളിൽ രാജന്റെ അമ്മ ഏല്പിച്ച ചില്ലറത്തുട്ടുകളുടെ ഭാരം അപ്പോഴുമുണ്ടായിരുന്നു."

p rajan case and the Journey of a father in search of his son

 

മകനെ കണ്ടെത്താൻ സഹായം തേടി അന്നത്തെ മുഖ്യമന്ത്രിയും ഒരുകാലത്ത് പൊലീസിന്റെ വേട്ടയാടലുകൾ വേണ്ടുവോളം സഹിക്കേണ്ടി വന്നിട്ടുള്ളയാളുമായ സി അച്യുതമേനോന്റെ അടുക്കലും ചെന്നിരുന്നു ഈച്ചരവാര്യർ. ഇടയ്ക്കിടെ വന്നു പരാതിപ്പെട്ടിരുന്ന ഈച്ചരവാര്യരോട് ഒടുവിൽ ഒരു സന്ദർഭത്തിൽ പ്രകടമായ നീരസത്തോടെ മേനോൻ ടെലിഫോണിൽ പറഞ്ഞ ഒരു വാചകമുണ്ട്, "നിങ്ങളുടെ മകനെയും തിരഞ്ഞ് നാട്ടിലെ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങണം ഞാനെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്..?" അതുകേട്ടപ്പോൾ ഈച്ചരവാര്യർക്ക് സങ്കടവും ദേഷ്യവും കരച്ചിലും ഒക്കെ ഒന്നിച്ചുവന്നു. എന്നാലും ഇടറാത്ത സ്വരത്തോടെ അദ്ദേഹം മറുപടി പറഞ്ഞു, "കേരളത്തിലെ മുഖ്യമന്ത്രിക്ക് കീഴ്‍ജീവനക്കാരിൽ നിന്ന് വിവരം തേടാനുള്ള ചുരുങ്ങിയ കഴിവേ ഉള്ളൂ എന്നെനിക്ക് അറിയില്ലായിരുന്നു. എങ്കിൽ, ഞാൻ അങ്ങയുടെ അടുക്കൽ സഹായവും തേടി വരില്ലായിരുന്നു." അധികാരം ഒരു കമ്യൂണിസ്റ്റിൽ ഏൽപ്പിച്ച അപചയം അന്ന് താൻ നേരിട്ട് അനുഭവിച്ചറിഞ്ഞു എന്ന് ഈച്ചരവാര്യർ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി.

1976   ഫെബ്രുവരി 28 -നാണ് കെ വേണുവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നക്‌സലൈറ്റുകൾ കൂരാച്ചുണ്ടിനടുത്തുളള കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകൾ കവരാൻ ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടു. പൊലീസ് സ്റ്റേഷൻ തീവെക്കപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ടാണ് രാജനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതെങ്കിലും, കേസിൽ രാജന് നേരിട്ട് പങ്കുണ്ടായിരുന്നില്ല എന്നാണ് ഈച്ചരവാര്യർ അടക്കമുള്ളവർ പറയുന്നത്. രാജനോടൊപ്പം അന്നത്തെ REC ഹോസ്റ്റല്‍ മെസ്സ് ജീവനക്കാരും രാജന്റെ സുഹൃത്തുക്കളുമായ കോരു, ഗംഗാധരകുറുപ്പ്  എന്നിവരും ചാലി, ജോണ്‍ കെ പോള്‍ എന്നീ സഹപാഠികളും അറസ്റ്റിലായി. കാര്യമായി തിരഞ്ഞുകൊണ്ടിരുന്ന മറ്റൊരു REC വിദ്യാർത്ഥിയും സജീവ നക്സലൈറ്റ് പ്രവർത്തകനുമായിരുന്ന മുരളി കണ്ണമ്പിള്ളിയെ മാത്രം പൊലീസിന് കിട്ടിയില്ല. മുരളി താമസിച്ചിരുന്ന മുറിയിൽ രാജനും മറ്റുപല വിദ്യാർത്ഥികളും സ്ഥിരമായി വന്നുപോയിരുന്നു എന്നതാണ് അവരെ കായണ്ണ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്യാനുള്ള പ്രധാന കാരണം. അന്ന് മുരളി താമസിച്ചിരുന്ന മുറിയുടെ ചുവട്ടിൽ ഒരു ടാപ്പർ രാജനും ഭാര്യ ദേവകിയും പാർത്തിരുന്നു. ഹോസ്റ്റലിനടുത്തുള്ള ഒരു മരത്തിന്റെ രണ്ടുചില്ലകളിന്മേൽ തൂങ്ങി ആ ദമ്പതികൾ ജീവനൊടുക്കി. പൊലീസിന്റെ ചോദ്യം ചെയ്യൽ സഹിക്കാൻ കഴിയാതെ എന്ന് ചിലരും, ടാപ്പർ രാജനെ അടിച്ചു കൊന്നും, ഭാര്യ ദേവകിയെ ബലാത്സംഗം ചെയ്തുകൊന്നും പൊലീസ് കെട്ടിത്തൂക്കിയതായിരുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. അതുതന്നെ അന്നത്തെ അവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ച രാജന്റെ സുഹൃത്ത് കാനങ്ങോട്ടു രാജൻ പിന്നീട് മാതൃഭൂമിയോട് പറഞ്ഞിരുന്നു.

കക്കയത്ത് KSEB യുടെ നിരോധിത മേഖലയിൽ താമസക്കാരെ ഒഴിപ്പിച്ച് ക്രൈം ബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്ന് തട്ടിക്കൂട്ടിയ പീഡനപ്പുരയായിരുന്നു കക്കയം ക്യാമ്പ്. ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെക്കാൾ ഒന്നുകൊണ്ടും പിന്നിലായിരുന്നില്ല അതും. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്നുള്ള പത്തുമാസം അവിടെ അരങ്ങേറിയത് സമാനതകളില്ലാത്ത കൊടിയ പീഡനങ്ങൾ ആയിരുന്നു. വേണു എവിടെ എന്ന് ചോദിച്ചായിരുന്നു അടി. മരത്തിന്റെ ബെഞ്ചിൽ കിടത്തി, ഉലക്ക രണ്ടു പോലീസുകാർ രണ്ടറ്റത്തും പിടിച്ച്  അരമുതൽ മുട്ടുവരെയുള്ള മാംസളമായ ഭാഗം താഴേക്ക് അതിശക്തമായി അമർത്തിക്കൊണ്ട് ഉരുട്ടും. ഒന്നുരണ്ടു റൌണ്ട് ഉരുട്ടൽ കഴിയുമ്പോൾ തുടയിലെ മാംസം എല്ലിൽ നിന്നും തൊലിയിൽ നിന്നും വേർപെടും. നീരുവന്ന് വീർത്തു ചുവന്നു കിടക്കുന്ന അവിടെ കൂർപ്പിച്ച പെൻസിൽ കൊണ്ട് കുത്തും. പുലിക്കോടന്‍, ലക്ഷ്മണ, ജയറാം പടിക്കല്‍, മധുസൂദനന്‍, മുരളീകൃഷ്ണ ദാസ്, വേലായുധന്‍, ബീരാന്‍, ജയരാജ് , ലോറന്‍സ്, അബൂബക്കര്‍, ബാലഗോപാലന്‍, വി.ടി തോമസ് എന്നിവരായിരുന്നു അന്നവിടെ രാജാനടക്കമുള്ള നിരപരാധികളായ വിദ്യാർത്ഥികളെ കൊണ്ടുചെന്നു ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരുന്നത്. ഉരുട്ടലിനു ശേഷമുള്ള ക്രൂരമായ ചോദ്യം ചെയ്യലിനിടെ ബൂട്‍സിട്ട കാലുകൊണ്ട് നെഞ്ചത്ത് കിട്ടിയ ചവിട്ടാണ് രാജന്റെ ജീവനെടുത്തത് എന്ന് അന്ന് തൊട്ടടുത്ത ബെഞ്ചിൽ ഉരുട്ടലിന് വിധേയനായ, രാജൻ വധക്കേസിലെ സാക്ഷി കൂടിയായിരുന്ന, കാനങ്ങോട്ടു രാജൻ പിന്നീട് പറഞ്ഞിട്ടുണ്ട്.

രാജനെ തിരഞ്ഞ് ഈച്ചരവാര്യർ എന്ന ഹതഭാഗ്യനായ അച്ഛൻ കാലുവെന്ത നായ കണക്കിന് നടന്നു ചെല്ലാത്തിടങ്ങളില്ല. മുട്ടാത്ത വാതിലുകളില്ല. രാജന്റെ കാര്യത്തിൽ നടന്നത് വളരെ ലളിതമായ ഒരു കാര്യമായിരുന്നു. രാജൻ എന്ന മിടുക്കനായ എഞ്ചിനീയറിങ് വിദ്യാർത്ഥി കുറ്റക്കാരനാണോ അല്ലയോ എന്ന് ആരും അന്വേഷിച്ചില്ല. അവനെ പിടിച്ചുകൊണ്ടുപോവുക, മർദ്ദിക്കുക, കൊല്ലുക. ഇത്രയേ ഉണ്ടായുള്ളു. ആ അച്ഛന്റെ ചോദ്യം ഏതൊരു മലയാളിയുടെയും നെഞ്ചിലേക്ക് ഒരു ചാട്ടുളി പോലെ തുളച്ചു കയറാൻ പോന്നതാണ്. "കക്കയം ഡാമിൽ കെട്ടിത്താഴ്ത്തിയതാണോ പഞ്ചസാരയിട്ടു കത്തിച്ചതാണോ അതോ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്സ് ഫാമിലെ പന്നിക്കൂട്ടങ്ങൾക്ക് നിങ്ങളുടെ മകനെ കൊത്തിയരിഞ്ഞിട്ടു നൽകിയതാണോ എന്നറിയാതെ മരണം വരെ ഒരേയൊരു മകനു വേണ്ടി നിങ്ങൾക്കു കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ?"  

പ്രൊഫ. ഈച്ചരവാര്യർ എഴുതിയ 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' പുസ്തകത്തിലെ വരികൾ ആരുടെയും മനസ്സിനെ നോവിക്കുന്നതാണ്. ഒരിക്കൽ രാജനെ അന്വേഷിച്ച് കക്കയം ക്യാമ്പിലേക്ക് ചെന്നപ്പോഴുള്ള അനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചു, "ഏകാന്തമായ കാത്തിരിപ്പിനിടയിൽ ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. കക്കയം ക്യാമ്പിന്റെ അകത്തളങ്ങളിലെ തടവുമുറിയുടെ സുഷിരങ്ങളിൽ നിന്ന് മകന്റെ 'അച്ഛാ' എന്ന വിളി ഉയരുന്നുണ്ടെന്നു ഞാൻ സംശയിച്ചു. കുറേക്കഴിഞ്ഞ് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. ഒരിക്കൽകൂടി ക്യാമ്പിലേയ്ക്കു തിരിഞ്ഞുനോക്കി. ആ പൊലീസുകാരൻ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. പെട്ടെന്നയാൾ കുന്നിലെ പച്ചപ്പിലേയ്ക്കു കണ്ണു തിരിച്ചു." തന്റെ മകനെ പൊലീസ് പിടിച്ചു കൊണ്ടുപോയി തല്ലിയിട്ടുണ്ടാകാം. ഉരുട്ടിയിട്ടുണ്ടാകാം. ജീവച്ഛവമാക്കിയിട്ടുണ്ടാകാം. എന്നാലും അവനെ അവർ കൊന്നുകളഞ്ഞിട്ടുണ്ടാകും എന്ന് ആ അച്ഛൻ ഒരിക്കലും മനസ്സിൽ കരുതിയില്ല. തന്റെ പ്രതീക്ഷകൾ അദ്ദേഹം ഇങ്ങനെ കുറിച്ചു,"രാജൻ വരുമെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറു കരുതി വയ്ക്കാൻ ഞാൻ ഭാര്യയോടു പറഞ്ഞു കൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണികിടന്ന് വിശന്ന വയറോടെ ചടച്ച ശരീരത്തോടെ അവൻ വരുമ്പോൾ അവനുവേണ്ടി ചോറ് കരുതിവച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല. പട്ടികൾ അകാരണമായി കുരയ്ക്കുകയും ഓളിയിടുകയും ചെയ്ത രാത്രികളിൽ ഉമ്മറവാതിൽ തുറന്ന് അച്ഛാ എന്ന വിളി ഉയരുന്നുണ്ടോ എന്ന് ഇരുട്ടിലേയ്ക്കു ചെവി കൂർപ്പിച്ച് പലതവണ ഞാൻ നിന്നു. പിന്നെ വാതിലടയ്ക്കാതെ കിടക്കയിലേയ്ക്കു വീണു. കുഞ്ഞിമോനേ എന്ന കരച്ചിൽ എന്റെ നെഞ്ചിലെ ഗദ്ഗദത്തിൽ കുഴഞ്ഞു. എന്റെ കണ്ണിൽ നിന്നു കണ്ണീരടരുന്നതും എനിക്കു തടയേണ്ടതുണ്ടായിരുന്നു. അവന്റെ അമ്മ, രാധ ഇതൊന്നും അറിഞ്ഞുകൂടാ..."

ഒരാൾ കൊലപാതകിയോ മാവോയിസ്റ്റോ ആണെന്നു തീരുമാനിക്കാനും ശിക്ഷ നടപ്പാക്കാനുമുള്ള അധികാരം പൊലീസിനും സമൂഹത്തിനും നൽകുന്ന അവസ്ഥ വളരെ പരിതാപകരമാണ്. മകന്റെ കാര്യത്തിൽ ആ ദുര്യോഗം അനുഭവിച്ചാണ് അദ്ദേഹം മരിച്ചത്. മരിക്കും വരെയും പ്രൊഫസറെ സമൂഹം ഒരു നക്സലൈറ്റിന്റെ അച്ഛനായിട്ടാണ് കണ്ടത്. തന്റെ ആത്മനൊമ്പരങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പറഞ്ഞു നിർത്തുന്നിടത്ത് അദ്ദേഹത്തിന്റെ ഏറെ മർമ്മഭേദകമായ ഒരു ചോദ്യമുണ്ട്, "എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?"

Follow Us:
Download App:
  • android
  • ios