Asianet News MalayalamAsianet News Malayalam

ഒന്നിപ്പിന്റെ പാട്ടുകള്‍ക്ക് 30 വയസ്സ്; പാടാമൊന്നായ്  സംഗീത സായാഹ്നം ഇന്ന് ഓണ്‍ലൈനില്‍

ഇന്ന് (ഏപ്രില്‍  17 ശനി) വൈകിട്ട് ഏഴ് മണിമുതല്‍ സൂം പ്ലാറ്റ്‌ഫോമിലാണ്  'പാടാമൊന്നായ്' സംഗീത പരിപാടി നടക്കുന്നത്.

paadamonnay   online music eve on Zoom  by scm
Author
Thiruvananthapuram, First Published Apr 17, 2021, 1:55 PM IST

കേരളത്തിന്റെ ജനകീയ സമരമുഖങ്ങള്‍ക്ക് സംഗീതത്തിന്റെ ജീവശ്വാസമേകിയ പാട്ടുകള്‍ക്ക് ഇന്ന് മൂന്ന് പതിറ്റാണ്ട്. വിശ്വസവും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സമാന്തരമായി കൊണ്ടുനടന്ന സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ്  (SCM) ഒരുക്കിയ ഗാനശാഖയുടെ മുപ്പതാം വാര്‍ഷികം ഓണ്‍ലൈന്‍ സംഗീത സായാഹ്‌നത്തോടെ ആഘോഷിക്കുകയാണ്.

ഇന്ന് (ഏപ്രില്‍  17 ശനി) വൈകിട്ട് ഏഴ് മണിമുതല്‍ സൂം പ്ലാറ്റ്‌ഫോമിലാണ്  'പാടാമൊന്നായ്' സംഗീത പരിപാടി നടക്കുന്നത്. നര്‍മദാ സമരനായിക മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രോപൊലീത്ത, ആത്മദാസ് യമി, റവ. ഡോ. വി.ടി വിനയരാജ്, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍, കനവ് സ്ഥാപകനായ കെ. ജെ ബേബി,  സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ഗായകരായ പുഷ്പവതി,  രശ്മി സതീഷ്, സമീര്‍ ബിന്‍സി തുടങ്ങിയവര്‍ പങ്കെടുക്കും.  പാടാമൊന്നായ് സമാഹാരത്തിലെ ഗാനങ്ങളുടെ രചയിതാക്കള്‍, സംഗീതം നല്‍കിയവര്‍, വിവിധ കാലഘട്ടത്തില്‍ ഈ പാട്ടുകള്‍ ഏറ്റുപാടിയവര്‍ എന്നിവരും പരിപാടിയില്‍ സംഗമിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം ഗായകസംഘങ്ങള്‍ പാട്ടുകള്‍ അവതരിപ്പിക്കും. 


സൂം ലിങ്ക്: https://us02web.zoom.us/j/7827657306?pwd=UkhiSHB5dnpGZ0gxZGpFK0VPbUEz-UT09.

Zoom ID: 7827657306. Passcode: 12345. 

 

paadamonnay   online music eve on Zoom  by scm


'പാടാമൊന്നായ്'

1980 കാലത്ത് എസ് സി എം കൂട്ടായ്മയിലെ വിദ്യാര്‍ത്ഥികളും സഹയാത്രികരും ചേര്‍ന്നു രചിച്ച് സംഗീതം നല്‍കിയ ഗാനങ്ങളുടെ സമാഹാരമാണ് 'പാടാമൊന്നായ്'. അക്കാലത്തെ വിശ്വാസ ബോധ്യങ്ങളും സാമൂഹിക പ്രതിബദ്ധതകളും ഉള്ളടങ്ങിയ ഈ ഗാനങ്ങളോട് പില്‍ക്കാലത്ത്, പ്രത്യേകിച്ച് 90കളില്‍, നിരവധി ഗാനങ്ങള്‍ കണ്ണിചേര്‍ക്കപ്പെട്ടു. ക്രൈസ്തവ മണ്ഡലങ്ങളില്‍ മാത്രമല്ല, മതേതര ഇടങ്ങളിലും ഈ ഗാനങ്ങള്‍ സ്വീകരിക്കപ്പെട്ടു. 

വിശ്വാസം കര്‍മനിരതമാണെന്ന ആശയം മുന്നോട്ടുവെക്കുന്ന വിമോചന ദൈവശാസ്ത്രത്താല്‍ പ്രചോദിതമായ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എസ് സി എം എഴുപതുകളില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അത് ആഴത്തില്‍ ഇടപെട്ടു.  1980-90 കാലഘട്ടങ്ങളില്‍ അത് ജനകീയ സമരമുഖങ്ങളില്‍ ഭാഗഭാക്കായി. സംഘടനയ്‌ക്കൊപ്പം സമാന്തരമായി സഞ്ചരിച്ച മതേതര, ജനാധിപത്യ, ബഹുസ്വര കൂട്ടായ്മയായ 'ഡയനാമിക് ആക്ഷന്‍' അക്കാലത്തെ കലകാരന്‍മാരുടെയും ആക്ടിവിസ്റ്റുകളുടെയും ഇടമായിരുന്നു. ആ ഇടത്തിലാണ്, പാട്ടുകളും കലാപ്രവര്‍ത്തനങ്ങളും രൂപംകൊണ്ടത്. 

 

 

പാട്ടുകാലത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് 

വായനയും ചര്‍ച്ചയും എഴുത്തും കലാപ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും അണിനിരന്ന ഈ കൂട്ടായ്മ കേരളത്തിലെ പരിസ്ഥിതി, ദലിത്, ആദിവാസി, സ്ത്രീ, മല്‍സ്യത്തൊഴിലാളി സമരമുഖങ്ങളിലും നിറഞ്ഞുനിന്നു. പാട്ടുകളായിരുന്നു ഈ കൂട്ടായ്മയുടെ മുഖമുദ്ര.  ഒന്നിച്ച് പാടുന്ന പാട്ടുകള്‍ രചിക്കുകയും സംഗീതം നല്‍കുകയും ഒന്നിച്ച് സമരമുഖങ്ങളില്‍ ആലപിക്കുകയുമായിരുന്നു ഇവര്‍. കൂട്ടായ്മയുടെ മഹത്വം വിളിച്ചോതുന്ന ആ പാട്ടുകള്‍ അക്കാലത്തെ ജനകീയ സമരമുഖങ്ങള്‍ ഒന്നിച്ച് പാടി. അത്തരം പാട്ടുകളുടെ സമാഹാരമായിരുന്നു 'പാടാമൊന്നായ്'. സന്തോഷ് ജോര്‍ജ്, ബാബു കോടംവേലില്‍ തുടങ്ങിയവരായിരുന്നു അന്ന് ആ പാട്ടുകൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത്. 

കേരളത്തിലെ ആദ്യ പാരിസ്ഥിതിക മുന്നേറ്റമായി കരുതപ്പെടുന്ന മാവൂര്‍ ഗ്രാസിം സമരമുഖം മുതല്‍ പാട്ടുകളുമായി ഈ കൂട്ടായ്മ എത്തിയിരുന്നു. പിന്നീട് കേരളത്തിലുടനീളമുള്ള വിവിധ സമരവേദികള്‍ ആ പാട്ടുകള്‍ നെഞ്ചേറ്റി. വമ്പന്‍ അണക്കെട്ടിനായി ആവാസ വ്യവസ്ഥ ഇല്ലാതാവുന്നതിനെതിരെ നര്‍മദയില്‍ നടന്ന ജനകീയ സമരത്തിലും ഉത്തരേന്ത്യയിലെ വിവിധ ജനകീയ സമര വേദികളിലും ഈ പാട്ടുകള്‍ മുഴങ്ങി.  മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം, ആ കൂട്ടായ്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു കൂടി സാക്ഷ്യം വഹിക്കുകയാണ് ഇന്നത്തെ സംഗീതസായാഹ്‌നം. 

Follow Us:
Download App:
  • android
  • ios