കാമറോൺ ബാറ്റിസൺ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്‌ഷെയറിലുള്ള ഒരു 'പീഡോഫൈൽ വിജിലാന്റി' ആയിരുന്നു. അതായത് കുട്ടികളോടുള്ള ലൈംഗിക പീഡനങ്ങൾ അവസാനിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പോരാളി. അയാൾക്ക് ജന്മനാ ചെറിയ ഒരു ചെറിയ ബൗദ്ധികവൈകല്യമുണ്ടായിരിക്കുന്നു. 'ഓട്ടിസം സ്പെക്ട്രം ഡിസോർഡർ' എന്ന ഒരു അസുഖത്തിന്റെ അടിമയായിരുന്നു അയാൾ. അത് അയാളെ എത്രകണ്ട് ബാധിച്ചിരുന്നു എന്നത് വ്യക്തമല്ല എങ്കിലും,  മറ്റുള്ളവരെപ്പോലെ ചിന്തിക്കുകയോ സാമൂഹികമായ ബന്ധങ്ങളിൽ ഏർപ്പെടുകയോ ചെയ്യാൻ അയാൾക്ക് സാധിച്ചിരുന്നില്ല എന്ന് വ്യക്തം. 

കോളേജിൽ പഠിക്കുന്ന കാലത്താണ് കാമറോൺ രാഷ്ട്രീയപരമായി കൂടുതൽ ബോധവാനാകുന്നത്.  സ്ത്രീകളോടും കുട്ടികളോടും സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ അയാളെ ചിന്താകുലനാക്കി. വിശേഷിച്ചു, കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ. അയാൾ സദാസമയവും ഇതേപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടിട്ടാവും അയാളുടെ ഒരു സ്ത്രീ സുഹൃത്ത് അയാൾക്ക് വളരെ വിചിത്രമായ ഒരു സാധ്യതയെപ്പറ്റി പറഞ്ഞു കൊടുക്കുന്നത്. അതായത്, ഇന്റർനെറ്റിൽ നിരവധി നിയമവിരുദ്ധമായ വെബ്‌സൈറ്റുകളുണ്ട്. നാട്ടിലെ പകൽമാന്യന്മാരിൽ പലരും വ്യാജ ഐഡന്റിറ്റികളിൽ ഈ സൈറ്റുകളിൽ സജീവമാണ് എന്നും അതിൽ നുഴഞ്ഞു കേറിയാൽ ഒരു പക്ഷേ, ഒരല്പം അന്വേഷണ ബുദ്ധിയുണ്ടെങ്കിൽ അവരുടെ മുഖം മൂടികൾ വലിച്ചു കീറാൻ സാധിക്കും എന്നും അവൾ അയാളോട് പറഞ്ഞു.  

അയാൾക്ക് തന്റെ ജീവിതം സാർത്ഥകമാക്കാനുള്ള പുതിയൊരു പിടിവള്ളി വീണു കിട്ടിയ പോലെ തോന്നി. അവൾ പറഞ്ഞുകൊടുത്ത ചില അണ്ടർഗ്രൗണ്ട് പീഡോ വെബ്‌സൈറ്റുകളിൽ അയാൾ അംഗത്വം സംഘടിപ്പിച്ചു. തന്റെ മിഷന്റെ ഭാഗമായി അയാൾ രഹസ്യമായി നിരീക്ഷണങ്ങളും, ബന്ധങ്ങൾ സ്ഥാപിക്കലും ഒക്കെ തുടങ്ങി. പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ  നിരവധി പെർവെർട്ടുകളുടെ മുഖം മൂടി അയാൾക്ക്‌ മുന്നിൽ അഴിഞ്ഞുവീണു. 

അവിടെയാണ് ട്വിസ്റ്റ്..! അവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുക എന്നതാവുമല്ലോ ഒരു പോരാളിയുടെ മുന്നിലെ അടുത്ത ലക്‌ഷ്യം. എന്നാൽ, ആ ഒരു ഘട്ടത്തിൽ വെച്ച്, താൻ എന്തിനാണ് ഇറങ്ങിപ്പുറപ്പെട്ടത് എന്ന കാര്യം അയാൾ  മറന്നുപോയി. തന്റെ നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഭാഗമായി അയാൾ ഡൗൺലോഡ് ചെയ്തെടുത്തിരുന്ന   അശ്‌ളീല ചിത്രങ്ങളിൽ   അയാൾ തന്നെ ആകൃഷ്ടനായി. എന്തിനെ എതിരിട്ട് പരാജയപ്പെടുത്താൻ താൻ തുനിഞ്ഞിറങ്ങിയോ അതേ തിന്മ തന്നിലും ഉറങ്ങിക്കിടന്നിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞില്ല. വന്ന കാര്യം പാടെ മറന്ന് അയാൾ തന്റെ ഗവേഷണങ്ങളിൽ പൂർണ്ണമായും മുഴുകാൻ തുടങ്ങി. സൈറ്റുകളിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന ചിത്രങ്ങളിൽ വൈവിധ്യം പോരാതെ വന്നപ്പോൾ അയാൾ ആ സൈറ്റുകളിലെ മറ്റു പീഡോഫൈലുകളുമായി വ്യക്തിഗത സമ്പർക്കം പുലർത്തി അവരോട് അയാൾക്ക് യഥാർത്ഥ ചിത്രങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെട്ടു തുടങ്ങി. 

അങ്ങനെ, അയാൾ പതുക്കെ, വിർച്വലായെങ്കിലും ഒരു പീഡോഫൈൽ ആയിമാറി. തന്റെ കയ്യിലുള്ള അശ്‌ളീല ചിത്രങ്ങൾ പകരം കൈമാറി അയാൾ പുതിയ പുതിയ ചിത്രങ്ങൾ സംഘടിപ്പിച്ചു. അങ്ങനെ ഒടുവിൽ അയാളുടെ ആക്ടിവിറ്റി വല്ലാതെ അധികരിച്ചപ്പോൾ നഗരത്തിലെ പൊലീസിന്റെ പീഡോ വാച്ച് ലിസ്റ്റിൽ ആയാലും പെട്ടു. താമസിയാതെ പൊലീസ് വിരിച്ച വലയിൽ കാമറോണും വീണു. അയാളുടെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസ് വീട്ടിലെ പേഴ്‌സണൽ കമ്പ്യൂട്ടർ കണ്ടുകെട്ടി. സൈബർ ഫോറൻസിക് വിദഗ്ധർ ആ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ അതിൽ നിന്നും കിട്ടിയത് 700-ലധികം ചൈൽഡ് പോൺ ചിത്രങ്ങളും വീഡിയോകളും മറ്റുമായിരുന്നു. അതോടെ സംഗതി ക്രിമിനൽ ഒഫൻസായി. അയാളെ കോടതിയിൽ ഹാജരാക്കി. 

വിചാരണാ വേളയിലാണ് ഏറെ നിഷ്കളങ്കമെന്നു തോന്നും വിധം തന്റെ സൈബർ പ്രയാണങ്ങളെപ്പറ്റി കാമറോൺ ജഡ്‌ജിന്‌ മുന്നിൽ വിവരിച്ചത്. ശിശുപീഡകരെ കുടുക്കുക എന്ന സദുദ്ദേശത്തോടെ ഈ ഗ്രൂപ്പുകളിൽ അംഗത്വമെടുത്ത താൻ എപ്പോഴാണ് ഇത് ആസ്വദിക്കാൻ തുടങ്ങിയത് എന്ന് നിശ്ചയമില്ലെന്ന് കാമറോൺ കോടതിയോട് പറഞ്ഞു. തന്റെ ക്ലയന്റ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിതനാണെന്നും അതിനാൽ വന്നുപെട്ട ഒരു വിവേകശൂന്യതയാണ് ഇതെന്നും കാമറോണിന്റെ വക്കീൽ കോടതിയിൽ വാദിച്ചു.

പക്ഷേ, കാമറോൺ ചെയ്തതിന്റെയെല്ലാം പഴി ഒറ്റയടിക്ക് ഓട്ടിസം എന്ന അസുഖത്തിനുമേൽ ചാർത്താൻ ജഡ്ജ് വിസമ്മതിച്ചു. ഈ ചിത്രങ്ങൾ നിരന്തരം കാണുന്ന ഒരു സമൂഹം ഓൺലൈൻ ആയി നിലനിൽക്കുന്നതുകൊണ്ടാണ്, അവർക്ക് പുതിയ ചിത്രങ്ങൾ ലഭ്യമാക്കാൻ വേണ്ടി പിന്നെയും കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്നും, അതിൽ ഭാഗികമായെങ്കിലും പങ്കുചേരുകയാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ കാണുന്നവരും എന്ന യാഥാർഥ്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്ന ജഡ്ജിന്റെ ചോദ്യത്തിന് മുന്നിൽ കാമറോൺ മൗനം പാലിച്ചു. 

ഈ ഒരു ഭ്രമം വന്നു പെട്ടതിൽ പിന്നെ കുട്ടികളുമായി സമ്പർക്കം വരുമോ എന്ന് ഭയന്ന് കാമറോൺ ഒരു പെറ്റ്സ് ഷോപ്പിൽ സെയിൽസ്മാൻ എന്ന തന്റെ ജോലി രാജിവെച്ച് വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. പ്രതിയുടെ രോഗാവസ്ഥയും ക്രിമിനൽ റെക്കോർഡ്‌സ് ഇല്ലാത്ത സാഹചര്യവും  പരിഗണിച്ചുകൊണ്ട്  , തൽക്കാലത്തേക്ക് ഒരു അനിശ്ചിതകാലത്തേക്കുള്ള ഒരു സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും,  നാനൂറു പൗണ്ട് കോടതിച്ചെലവും വിധിച്ച് കേസ് അവസാനിപ്പിച്ചിരിക്കുകയാണ് കോടതി.