നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്ന മൂന്നു വയസ്സുകാരിയുടെ ചിത്രം നിറക്കൂട്ടുകളുടെ സംഗമമായിരുന്നു. ഇരുളും അതിനുപുറത്തേക്ക്് പ്രവഹിക്കാന്‍ ശ്രമിക്കുന്ന വെളിച്ചവുമാണ് 15 കാരന്റെ കാന്‍വാസില്‍. വീട്, ആശുപത്രി വരാന്തകള്‍, സ്‌കൂള്‍, അച്ഛന്‍, അമ്മ  തുടങ്ങി ഉള്ളില്‍ പതിഞ്ഞ കാഴ്ചകള്‍ അവര്‍ കാന്‍വാസിലേക്ക് പകര്‍ത്തി. അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സയുടെ ഭാഗമായി നടത്തിയ മൂന്നു മാസം നീണ്ട വര്‍ക്ക്‌ഷോപ്പില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 

ബംഗളൂരു: 'അര്‍ബുദം ശരീരത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ. മനസ്സില്‍ നിന്ന് വര്‍ണങ്ങള്‍ മാഞ്ഞുപോയിട്ടില്ല'-ബംഗളൂരു നഗരത്തിലെ രംഗോലി മെട്രോ ആര്‍ട്‌സ് സെന്ററില്‍ സംഘടിപ്പിച്ച അര്‍ബുദ ബാധിതരായ കുഞ്ഞുങ്ങളുടെ ചിത്രപ്രദര്‍ശനം പറയുന്നത് ഇക്കാര്യമാണ്. ചികിത്സ കാരണം പഠനം മുടക്കേണ്ടി വന്ന കുട്ടികളുടെ ഏകദേശം 300 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 

നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്ന മൂന്നു വയസ്സുകാരിയുടെ ചിത്രം നിറക്കൂട്ടുകളുടെ സംഗമമായിരുന്നു. ഇരുളും അതിനുപുറത്തേക്ക്് പ്രവഹിക്കാന്‍ ശ്രമിക്കുന്ന വെളിച്ചവുമാണ് 15 കാരന്റെ കാന്‍വാസില്‍. വീട്, ആശുപത്രി വരാന്തകള്‍, സ്‌കൂള്‍, അച്ഛന്‍, അമ്മ  തുടങ്ങി ഉള്ളില്‍ പതിഞ്ഞ കാഴ്ചകള്‍ അവര്‍ കാന്‍വാസിലേക്ക്് പകര്‍ത്തി. അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സയുടെ ഭാഗമായി നടത്തിയ മൂന്നു മാസം നീണ്ട വര്‍ക്ക്‌ഷോപ്പില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 

 

 

അര്‍ബുദ ബാധിതരായ കുഞ്ഞുങ്ങളുടെ മുടങ്ങിയ വിദ്യാഭ്യാസം പുനരാരംഭിക്കുക, അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങേളാടെ ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമീക്ഷ ഫൗണ്ടേഷനാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.  ''കുട്ടികളുടെ വേദന പകര്‍ത്തലല്ല ഇതിന്റെ ലക്ഷ്യം. അവര്‍ക്ക്  വേദന മറക്കാനുള്ള വഴി തുറക്കലാണ്. റേഡിയേഷനും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും കാരണം പലരും ക്ഷീണിതരായിരുന്നെങ്കിലും നല്ല ഉത്സാഹത്തോടെയാണ്് അവര്‍ പങ്കെടുത്തത്''-സമീക്ഷയുടെ ആര്‍ട്ട് എഡ്യുക്കേറ്ററും പ്രോഗ്രാം ക്യൂറേറ്ററുമായ യുഗശ്രീ പറഞ്ഞു. 

 

 

3 മുതല്‍ 15 വയസ്സുള്ള കുട്ടികള്‍ക്കാണ് സമീക്ഷ പഠന സഹായം നല്‍കുന്നത്. കുട്ടികളില്‍ പലരും പാതിവഴിയില്‍ പഠനം നിര്‍ത്തിയവരാണ്. ''രോഗത്തോടുള്ള സമൂഹത്തിന്റെ സമീപനമാണ് മാറേണ്ടത്. അസുഖബാധിതരായ കുട്ടികളെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രവണത മാറണം. യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ ഇത്തരം സമീപനങ്ങള്‍ വച്ചു പുലര്‍ത്തുന്നവരുടെ മനസ്സിലാണ്'- യുഗശ്രീ പറഞ്ഞു. 

 

 

11 വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് സമീക്ഷ. ഇതിനകം അര്‍ബുദ ബാധിതരായ 6000 ത്തോളം കുട്ടികള്‍ക്ക് ആശ്രയമായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു. നഗരത്തിലെ കിഡ്വായ് കാന്‍സര്‍ സെന്ററിലാണ് സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍. ആശുപത്രിയില്‍ തന്നെ സജ്ജീകരിച്ച മുറികളിലിരുന്നാണ് കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്. കലാഭിരുചികള്‍ വളര്‍ത്തുന്നതിനായി ആര്‍ട്ട് ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. പഠനത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ടെന്നും യുഗശ്രീ പറഞ്ഞു.