'പാക് സൈന്യം ആയുധം വച്ച് കൃഷിക്കിറങ്ങുമോ?'; ഇന്ത്യന്‍ അതിർത്തിയോട് ചേര്‍ന്ന മരുഭൂമിയില്‍ കൃഷി ഇറക്കാന്‍ പദ്ധതി
ഇന്ത്യയുടെ ഥാര്‍ മരുഭൂമിയോടും പോക്രാനോടും ചേര്‍ന്ന് കിടക്കുന്ന ചോളിസ്ഥാന്‍ മരുഭൂമിയിലെ പാക് സൈന്യത്തിന്‍റെ കൃഷിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന സംശയങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

പാകിസ്ഥാന്‍റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ പകുതിയോളം കാലം സൈന്യത്തിന്‍റെ ഏകാധിപത്യകാലമായിരുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിച്ച് കൊണ്ടായിരുന്നു ഓരോ തവണയും സൈന്യം രാജ്യത്തിന്‍റെ അധികാരം കൈയാളിയിരുന്നത്. എന്നാല്‍, ഇന്ന് പാകിസ്ഥാന്‍ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്‍റെ കടം അടിക്കടി വര്‍ദ്ധിക്കുന്നു. അതേസമയം വരുമാനം കുത്തനെ ഇടിഞ്ഞു. രാജ്യത്ത് പെട്രോളിനും അവശ്യഭക്ഷ്യ സാധനങ്ങള്‍ക്കും വില കുത്തനെ കയറുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. രാജ്യത്തെ ഈ പ്രതിസന്ധി മറികടക്കാന്‍ ഒടുവില്‍ സൈന്യം തന്നെ കളത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക തകർച്ച നേരിടുന്ന ഒരു രാജ്യത്ത് സൈന്യത്തിന്‍റെ വ്യാപകമായ സാന്നിധ്യത്തെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ സൈന്യം ഇന്ന് 'ടാങ്കുകളില്‍ നിന്ന് ട്രാക്ടറു'കളിലേക്ക് മാറുന്നതായി നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 1 ദശലക്ഷം ഏക്കർ ( ഏതാണ്ട് 4,05,000 ഹെക്ടർ) വരെ ഏറ്റെടുക്കാന്‍ സൈന്യം തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഏകദേശം ദില്ലിയുടെ മൂന്നിരട്ടിയോളം പ്രദേശം. എകെ 47 നും കലാഷ്നിക്കോവും ഏന്തിയ കൈകളില്‍ ഇനി ട്രാക്ടറിന്‍റെ വളയങ്ങളായിരിക്കുമെന്ന് അണിയറ വര്‍ത്തമാനം. ഗോതമ്പ്, പരുത്തി, കരിമ്പ്, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ 20 ഓളം വിളകൾ കൃഷി ചെയ്യുന്നതിന് സൈന്യത്തിന് 30 വർഷം വരെ ഈ പ്രദേശം പാട്ടത്തിന് നൽകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ കൃഷി ചെയ്യുന്ന വിളകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തില്‍ ഒരു പങ്ക് രാജ്യത്തെ കാർഷിക ഗവേഷണത്തിനും വികസനത്തിനുമായി നീക്കിവയ്ക്കും. ബാക്കിയുള്ളവ സൈന്യത്തിനും സംസ്ഥാന സർക്കാരിനും തുല്യമായി വിഭജിക്കുമെന്ന്, ഇത് സംബന്ധിച്ച് ചോര്‍ന്ന സർക്കാർ രേഖകൾ ഉദ്ധരിച്ച് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു.
ജലക്ഷാമം രൂക്ഷം; വെള്ളത്തിനായി ഐസ് കോണുകള്‍ നിര്‍മ്മിച്ച് ലഡാക്കികള്‍; ചിത്രങ്ങള്‍ കാണാം !
പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഭക്ഷ്യസുരക്ഷയുടെ പേരില്‍ വൻ ലാഭം സ്വന്തമാക്കാനും അതുവഴി ശക്തരായ പാക് സൈന്യത്തെ വീണ്ടും ശക്തരാക്കാനും ഒപ്പം പാക്കിസ്ഥാനിലെ 25 ദശലക്ഷം ഗ്രാമീണരും ഭൂരഹിതരായ ദരിദ്രരെ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടാനും ഇത് ഇടയാക്കുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. മാത്രമല്ല, പദ്ധതിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമകളായി സൈന്യം മാറുമെന്നും ആരോപണമുണ്ട്. അതേ സമയം 1,10,000 ഏക്കറോളം ഭൂമി സമീപ ജില്ലകളിലും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലു ഈ ഭൂമിയിലെ ഭൂരിഭാഗവും ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജലക്ഷാമത്തിന് പ്രശസ്ഥമായ ചോളിസ്ഥാന്‍ മരുഭൂമിയിലാണ്. ഭൂമി കൈമാറ്റം നിർത്തിവയ്ക്കാൻ ലാഹോർ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും ജൂലൈയിൽ മറ്റൊരു ബെഞ്ച് ഈ തീരുമാനം റദ്ദാക്കി.
ചെറുകിട കര്‍ഷകര്‍ കുടിയൊഴിക്കപ്പെടുമെന്ന ആശങ്കവേണ്ടെന്നാണ് മുൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ നടത്തുന്ന ഫൗജി ഫൗണ്ടേഷൻ നിക്ഷേപ ഗ്രൂപ്പിന്‍റെ ഭാഗമായ ഫോങ്‌ഗ്രോ പറയുന്നത്. കാരണം അനുവദിച്ചിരിക്കുന്ന ഭൂമി വരണ്ടതാണ്. അവിടെ നിലവില്‍ കൃഷിയില്ലെന്ന് അവര്‍ വ്യക്തമാകുന്നു. സ്വാഭാവികമായി മരുഭൂമിയില്‍ പാക് സൈന്യം എന്ത് കൃഷി ചെയ്യാനാണെന്ന ചോദ്യവും ഇതിനകം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, രാജ്യത്തെ നൂറ് കണക്കിന് തൊഴിലില്ലാത്ത കാര്‍ഷിക ബിരുദദാരികള്‍ക്ക് അതിനുള്ള കഴിവുണ്ടെന്നാണ് കാർഷിക കൺസൾട്ടന്‍റ് ആസിഫ് റിയാസ് താജ്, നിക്കി ഏഷ്യയോട് പറഞ്ഞത്. എന്നാല്‍, നിലവിലുള്ള പാക് സൈനിക ഫാമികളിലെ കര്‍ഷകരെ അടിമപ്പണി ചെയ്യിക്കുകയായിരുന്നുവെന്ന ആരോപണവും ഉയരുന്നു. ഇതിനെല്ലാം അപ്പുറത്ത് ഇന്ത്യയുടെ ഥാര്‍ മരുഭൂമിയോടും പോക്രാനോടും ചേര്‍ന്ന് കിടക്കുന്ന ചോളിസ്ഥാന്‍ മരുഭൂമിയിലെ പാക് സൈന്യത്തിന്‍റെ കൃഷിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന സംശയങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക