ജല്‍പൈഗുരി: പൗരത്വം തെളിയിക്കാനുള്ള രേഖകളെ കുറിച്ചുള്ള ആധിയില്‍ നാടന്‍പാട്ട് കലാകാരന്‍ ആത്മഹത്യ ചെയ്‍തു. NRC -യുടെ പേരില്‍ ബംഗാളിലെ ജല്‍പൈഗുരിയിലാണ് നാടന്‍പാട്ട് കലാകാരനായ 69 -കാരന്‍ സഹാബുദ്ദീന്‍ മുഹമ്മദ് ജീവനൊടുക്കിയത്. വ്യാഴാഴ്‍ച വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ക്കായി ആവര്‍ത്തിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു അദ്ദേഹമെന്ന് വീട്ടുകാര്‍ പറഞ്ഞു.  ബിജെപി നേതാക്കള്‍ നിരന്തരം NRC -യെ കുറിച്ച് പറയുന്നത് അതിര്‍ത്തി ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ വല്ലാതെ പരിഭ്രാന്തി പരത്തിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പരിഭ്രാന്തനായി സ്വന്തം രേഖകളെല്ലാം തെരയുകയായിരുന്നു മൂന്നുമക്കളുടെ അച്ഛനായ ആ പാവം പിടിച്ച കലാകാരനെന്ന് ബന്ധുക്കള്‍ പറയുന്നു. 

'അദ്ദേഹം ഒരു അറിയപ്പെടുന്ന ഒരു നാടന്‍പാട്ട് കലാകാരനായിരുന്നു. പരിഭ്രാന്തി കൊണ്ട് അദ്ദേഹം സ്വന്തം ജീവനെടുത്തുവെന്നത് വേദനാജനകമാണ്' എന്ന് ജല്‍പൈഗുരിയില്‍ ഗവേഷകനായ ഉമേഷ് ശര്‍മ്മ പറയുന്നു. 

സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് NRC -യുമായി ബന്ധപ്പെട്ട് ഏകദേശം പത്തോളം ആളുകള്‍ മരിച്ചുവെന്നാണ് പറയുന്നത്. അതില്‍ അഞ്ചുപേരും ജല്‍പൈഗുരിയിലാണ്. NRC -യുമായി ബന്ധപ്പെട്ട് നിരന്തരം മംമ്‍താ ബാനര്‍ജി പ്രസ്‍താവനകളിറക്കുന്നുണ്ട്, ബോധവല്‍ക്കരണ ക്യാമ്പയിനുകളുമുണ്ടാകുന്നുണ്ട്. എങ്കിലും ജനങ്ങള്‍ക്കിടയിലെ ഭീതി ഒഴിയുന്നില്ലെന്നാണ് സഹാബുദ്ദീന്‍റെ ആത്മഹത്യ തെളിയിക്കുന്നത്. 

അന്നന്നത്തെ അന്നം കണ്ടെത്താന്‍ വീടിനടുത്ത് അദ്ദേഹമൊരു കൊച്ചുകട കൂടി നടത്തിയിരുന്നുവെന്ന് സഹാബുദ്ദീന്‍റെ മരുമകന്‍ അലിമുല്‍ അലാം പറയുന്നു. ''ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ട് അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. ടിവിയിലൂടെ അദ്ദേഹം എന്നും NRC -യുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണുന്നുണ്ടായിരുന്നു. ആ രേഖകള്‍ കണ്ടെത്താനായില്ലെങ്കില്‍ തനിക്ക് തന്‍റെ പൗരത്വം തെളിയിക്കാനാകില്ലല്ലോ എന്ന് അദ്ദേഹം നിരന്തരം വേവലാതിപ്പെട്ടിരുന്നു. ചില നേതാക്കളുടെ സമീപകാലത്തെ പ്രസ്‍താവനകളും അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നു'' - അലിമുല്‍ പറയുന്നു. 

സഹാബുദ്ദീന് ഒരു മകനും രണ്ട് പെണ്‍മക്കളുമാണ്. അവര്‍ പറയുന്നത് പിതാവ് ചില രേഖകള്‍ക്കായി തെരച്ചിലിലായിരുന്നുവെന്നാണ്. വ്യാഴാഴ്‍ച ബന്ധുക്കള്‍ അദ്ദേഹത്തെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

മരണത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 'പ്രാഥമികാന്വേഷണത്തില്‍ മനസിലായത് സഹാബുദ്ദീന്‍ വിഷാദത്തിലായിരുന്നുവെന്നാണ്. കേസ് അന്വേഷിച്ചു വരികയാണ്' ജല്‍പൈഗുരി അസിസ്റ്റന്‍റ് എസ് പി വൈ. ശ്രീകാന്ത് പറയുന്നു. സഹാബുദ്ദീന് മുമ്പ് നാലുപേര്‍ ജല്‍പൈഗുരിയില്‍ മാത്രം NRC യുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‍തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തൃണമൂല്‍ നേതാവും ജല്‍പൈഗുരി ജില്ലാ പരിഷത്ത് ഡെപ്യൂട്ടി ചീഫുമായ ദുലാല്‍ ദേബ്‍നാത് പറയുന്നത് ഈ ആത്മഹത്യകള്‍ക്കെല്ലാം കാരണം ബിജെപി നേതാക്കള്‍ NRC -യുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‍താവനകളാണ് എന്നാണ്. സഹാബുദ്ദീന്‍ അങ്ങനെയാണ് ആത്മഹത്യ ചെയ്‍തത്. ആളുകളെല്ലാം പരിഭ്രാന്തരാണ് എന്നും ദേബ്‍നാത് പറയുന്നു. 

എന്നാല്‍, ബിജെപി നേതാവായ ദേബാസിസ് ചക്രബര്‍ത്തി ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സഹാബുദ്ദീന്‍ ആത്മഹത്യ ചെയ്‍തത് എന്നും പറഞ്ഞ് അതിനെ തള്ളിക്കളയുകയായിരുന്നു.