ചൈനയിൽ രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ 12 വയസ്സുകാരൻ ലൈറ്റർ ഉപയോഗിച്ച് കളിക്കുന്നതിനിടെ തീ പടർന്നു. പിന്നാലെ ഓഫീസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. പക്ഷേ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം.

ചൈനയിൽ മാതാപിതാക്കളോടൊപ്പം ഓഫീസിലെത്തിയ 12 വയസ്സുകാരൻ തമാശയ്ക്ക് കത്തിച്ച തീയിൽ ഓഫീസ് പൂർണ്ണമായും നശിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള നിങ്ബോ നഗരത്തിൽ ഏപ്രിൽ 30 -നായിരുന്നു സംഭവം. ജോലിത്തിരക്കിനിടയിൽ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ് വലിയ അപകടത്തിന് കാരണമായത്. സംഭവത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ, കുട്ടിയുമായുള്ള വൈകാരിക അടുപ്പം വർദ്ധിപ്പിക്കുന്നതിനായി മാതാപിതാക്കളിൽ ഒരാൾ മകനെ ഓഫീസിലേക്ക് കൂടെക്കൂട്ടിയതായിരുന്നു. ജോലിസ്ഥലത്ത് തനിയെ ഇരുന്നപ്പോൾ ബോറടിച്ച കുട്ടി, കൈവശമുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിച്ചു കളിക്കാൻ തുടങ്ങി. ടിഷ്യൂ പേപ്പറിൽ നിന്നും ചിതറിയ തീപ്പൊരി അടുത്തുള്ള മേശയിലേക്കും മറ്റ് ഫയലുകളിലേക്കും പടരുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പെട്ടെന്നുണ്ടായ അഗ്നിബാധയിൽ ഓഫീസിനുള്ളിലെ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും കത്തിനശിച്ചു. കുട്ടി ഉടൻ തന്നെ രക്ഷകർത്താവിനെ വിവരമറിയിക്കുകയും അഗ്നിശമന സേനയെ വിളിക്കുകയും ചെയ്തു. ജീവനക്കാർ ചേർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓഫീസിനുള്ളിലെ വസ്തുവകകൾ പൂർണമായും നശിച്ചു.

ഭാഗ്യവശാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് യുവാൻ (ലക്ഷക്കണക്കിന് രൂപ) നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. കുട്ടിയുടെ അശ്രദ്ധയായ പെരുമാറ്റത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. പന്ത്രണ്ട് വയസ്സായിട്ടും തീ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടിക്ക് അറിവില്ലാതെ പോയത് മാതാപിതാക്കളുടെ പിഴവാണെന്ന് പലരും അഭിപ്രായപ്പെട്ടു.

'കുട്ടികൾക്ക് എല്ലാത്തിനോടും കൗതുകമുണ്ടാകുമെങ്കിലും സുരക്ഷാബോധം കുറവായിരിക്കും. അതിനാൽ മാതാപിതാക്കൾ എപ്പോഴും ജാഗ്രത പാലിക്കണം' എന്ന് സംഭവസ്ഥലത്തെത്തിയ ഫയർ ഓഫീസർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിനെതിരെ നിയമനടപടി ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.