പറ്റുമെങ്കിൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങി വരിക എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇല്ലെങ്കിൽ ഇന്ത്യയിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഒരു കെയർടേക്കറെ ഏർപ്പാടാക്കുക.

ഇന്ന് പലരും വിദേശത്താണ് ജോലിക്കായി പോകുന്നത്. പിന്നീട്, അവിടെ തന്നെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. മിക്കവാറും പ്രായമായ അച്ഛനമ്മമാർ തനിച്ച് നാട്ടിൽ ജീവിക്കുകയായിരിക്കും. ചിലരെല്ലാം വിദേശത്ത് പോകാൻ മടിക്കുന്നവരായിരിക്കാം. ചിലർക്ക് മാതാപിതാക്കളെ കൂടി കൊണ്ടുപോകാൻ സാധിക്കാത്തതായിരിക്കാം. എന്തായാലും, അങ്ങനെയുള്ള എൻആർഐ -കളോടായി ചില കാര്യങ്ങൾ പറയുകയാണ് ഒരു ബാങ്കർ.

എക്സിലാണ് (ട്വിറ്റർ) ബാങ്കറും എഴുത്തുകാരനുമായ അമരുവി ദേവനാഥൻ ഈ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കാൻ ഒരാളെ ഏർപ്പാടാക്കുന്നതിനെ കുറിച്ചും അവരെ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.

പറ്റുമെങ്കിൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങി വരിക എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇല്ലെങ്കിൽ ഇന്ത്യയിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഒരു കെയർടേക്കറെ ഏർപ്പാടാക്കുക. അതിന് അവർ സമ്മതിക്കുന്നില്ലായെങ്കിൽ അവരെ വൃദ്ധരെ പരിചരിക്കുന്ന ഒരു കേന്ദ്രത്തിലേക്ക് മാറ്റുക. രണ്ട് വർഷത്തിലൊരിക്കലെങ്കിലും അവരെ സന്ദർശിക്കുക. മാതാപിതാക്കൾക്ക് 75 വയസ്സ് തികയുമ്പോൾ അവർ ക്ഷീണിച്ച് തുടങ്ങും. 80 വയസിന് മുകളിലുള്ള മാതാപിതാക്കൾ വളരെ ദുർബലരാണ്, അവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻപോലും കഴിയില്ല. ഞാൻ ദിവസവും അത്തരത്തിലുള്ള അനേകം എൻ‌ആർ‌ഐ മാതാപിതാക്കളുമായി ഇടപഴകുന്നയാളാണ് എന്നും പോസ്റ്റിൽ പറയുന്നു.

Scroll to load tweet…

അതിനാലാണ് താനിതെഴുന്നത്. യുഎസ്സിൽ നിങ്ങൾ‌ ദൈവങ്ങൾക്കായി പലതും സംഘടിപ്പിക്കുന്നുണ്ടാവാം. എന്നാൽ, നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവന്ന യഥാർത്ഥ ദൈവങ്ങൾ ക്ഷീണിതരാവുകയാണ് എന്നും പോസ്റ്റിൽ കാണാം.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവരും ഇത്തരത്തിലുള്ള ഒരുപാട് മാതാപിതാക്കളെ കാണാറുണ്ട് എന്നും അവരുടെ അവസ്ഥ വളരെ മോശമാണ് എന്നും അഭിപ്രായപ്പെട്ടു. അതേസമയം, അച്ഛനമ്മമാർ കൂടി മക്കൾക്കൊപ്പം മാറാനുള്ള മനസ് കാണിക്കണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.