Asianet News MalayalamAsianet News Malayalam

ഭഗത് സിംഗിന്റെ രക്തസാക്ഷിത്വദിനത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾ വെടിവെച്ചുകൊന്ന വിപ്ലവകവി

'പാശി'ന്റെ  പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന 'ആന്റി-47' എന്നുപേരായ മാസികയാണ് ഖാലിസ്ഥാനി തീവ്രവാദികളെ അദ്ദേഹത്തിനെതിരാക്കിയത്.  ആ മാസികയുടെ പേര് തന്നെ, 1947 -ലെപ്പോലെ ഒരിക്കൽകൂടി ഇന്ത്യയെ പിളർപ്പിലേക്ക് നയിക്കാനുള്ള ഖാലിസ്ഥാനികളുടെ സ്ഥാപിതതാത്പര്യങ്ങൾക്ക് എതിരെയുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു. അതായിരുന്നു യന്ത്രത്തോക്കുകളാൽ വെടിയുണ്ടകൾ വർഷിച്ച് അദ്ദേഹത്തെ ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിച്ചത്. 

Pash, the revolutionary Punjabi Poet who got killed by Khalistani Terrorists on Bhagat Singh's death anniversary
Author
Trivandrum, First Published Mar 23, 2019, 4:39 PM IST

മുപ്പത്തൊന്നു വർഷങ്ങൾക്കു മുമ്പുള്ള  ഇന്നേ ദിവസത്തെ പകൽ. ലോകമെങ്ങും ശഹീദ് ഭഗത് സിംഗിന്റെ ചരമവാർഷികം ആചരിച്ചുകൊണ്ടിരിക്കെ, 1988  മാർച്ച് 23-ന് പഞ്ചാബിൽ പുരോഗമനത്തിന്റെ മറ്റൊരു സ്വരം കൂടി നിശബ്ദമാക്കപ്പെട്ടു. അതായിരുന്നു അവതാർ സിങ്ങ് സന്ധു. 'പാശ്' എന്നപേരിൽ പഞ്ചാബിൽ വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്വപ്നാടനങ്ങളുടെയും കവിതകളെഴുതിയിരുന്നു സന്ധു. ഭഗത് സിംഗിന്റെ  കവിതകളിൽ കൊളുത്തിവെച്ചിരുന്ന ആ വിപ്ലവകവി,പട്ടാപ്പകൽ തന്റെ വീട്ടിനടുത്തുള്ള കിണറ്റിൻ കരയിൽ വെച്ച് ഖാലിസ്ഥാനി തീവ്രവാദികളുടെ തോക്കിനിരയായി.  താൻ ദൈവതുല്യം കണ്ട് ആരാധിച്ചുപോന്നിരുന്ന ഭഗത് സിംഗ് ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട അതേദിവസം തന്നെയായിരുന്നു പാശിന്റെയും അകാലമൃത്യു എന്നത് വല്ലാത്തൊരു ആകസ്മികതയായിരുന്നു.

1950-ൽ ജലന്ധറിലെ താൽവന്ദി സലേം എന്ന ഗ്രാമത്തിലായിരുന്നു അവതാർ സിങ്ങ് സന്ധുവിന്റെ ജനനം. പട്ടാളക്കാരനായിരുന്ന അച്ഛൻ സോഹൻ സിംഗ് സന്ധു കവിതകൾ എഴുതുമായിരുന്നു.ഭീകരവാദപ്രവർത്തനങ്ങളാൽ പഞ്ചാബ് അസ്വസ്ഥമായിരുന്ന നാളുകളിലായിരുന്നു സന്ധുവിന്റെ ബാല്യകൗമാരയൗവ്വനങ്ങൾ പിന്നിട്ടത്. പഞ്ചാബിൽ കാർഷികവിപ്ലവവും അതിനൊപ്പിച്ചുതന്നെ നേട്ടം കൊയ്തുകൊണ്ടിരുന്ന കാലം. 
 
എഴുപതിൽ, തന്റെ ഇരുപതാം വയസ്സിൽ പാശിന്റെ ആദ്യ കവിതാ സമാഹാരമായ  'ഇരുമ്പിന്റെ കഥ' പുറത്തുവരുന്നു. വളരെ തീവ്രമായി ചിന്തിക്കുകയും, പ്രസംഗിക്കുകയും ചെയ്തിരുന്ന പാശിന്റെ മേൽ അക്കാലത്ത് ഒരു കൊലപാതകക്കുറ്റം ചാർത്തപ്പെട്ടു. രണ്ടു വർഷം വിചാരണത്തടവുകാരനായി ഇരുന്നതിനു ശേഷം അദ്ദേഹം കുറ്റവിമുക്തനായി. തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ പഞ്ചാബിലെ മാവോയിസ്റ്റ് ഫ്രണ്ടുകളിൽ അദ്ദേഹം സാന്നിധ്യമറിയിച്ചു. അക്കാലത്ത് സിയാർ എന്ന മാസികയുടെ പത്രാധിപരായി. 1985 -ൽ പഞ്ചാബി സാഹിത്യ അക്കാദമി അംഗത്വം. നിരവധി കവിതകൾ അദ്ദേഹം അക്കാലത്ത് തുടർച്ചയായി എഴുതി. അടുത്തവർഷം ഇംഗ്ലണ്ടിലും അമേരിക്കയിലും സന്ദർശനങ്ങൾ നടത്തി.  1988 -ൽ തിരിച്ച് വിസപുതുക്കാനായി വന്ന കാലത്ത്, തന്റെ വീടിനരികിൽ വെച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. 
 
ഭഗത് സിംഗിനെപ്പോലെ പാശും ഒരു തികഞ്ഞ നാസ്തികനായിരുന്നു. മതത്തിന്റെ പേരിൽ നടന്നുപോന്ന എല്ലാവിധ തീവ്രവാദത്തെയും അദ്ദേഹം എതിർത്തിരുന്നു.  അതിനെതിരെ നിരന്തരമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു അദ്ദേഹം. 
 
 തന്റെ 'സബ്‌തോം ഖത്തർനാക്.." എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നുണ്ട്. 
 
" ഏറ്റവും അപകടകരം
നിന്റെ അധ്വാനം
അവര്‍ കൊള്ളയടിക്കുന്നതല്ല..
ഏറ്റവും ഭീകരം
പോലീസിന്റെ പീഡനമല്ല...
ഏറ്റവും അപകടം പിടിച്ചത്
വഞ്ചനയുടെയും ദുരാഗ്രഹത്തിന്റെയും
മുഷ്ടിയുമല്ല…
കുറ്റമേതും ചെയ്യാതെ വെറുതെ
പിടിക്കപ്പെടുന്നത് കഷ്ടമാണ്..
നിശ്ശബ്ദതയിലേക്കൊരാള്‍
കുഴിച്ചുമൂടപ്പെടുന്നതും
കഷ്ടം തന്നെ.
ഏറ്റവും അപകടകരം
മരവിച്ച ഒരു ശാന്തത
ഉള്ളില്‍ വന്നു നിറയുന്നതാണ്.
ഒരിക്കല്‍പ്പോലും നെഞ്ചൊന്നു
നോവുകയേ ചെയ്യാതിരിക്കലാണ്.
എല്ലാം വെറുതേ സഹിച്ചിരിക്കലാണ്.
പക്ഷെ ഏറ്റവും അപകടകരമായത്
അതൊന്നുമല്ല.
ഏറ്റവും അപകടകരം
നമ്മുടെ സ്വപ്നങ്ങളുടെ മരണമാണ്…! "
 
Pash, the revolutionary Punjabi Poet who got killed by Khalistani Terrorists on Bhagat Singh's death anniversary
 
മാക്സിം ഗോർക്കിയുടെ 'അമ്മ ' എന്ന നോവൽ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ച ഒരു കൃതിയായിരുന്നു. അതിലെ കഥാനായകന്റെ പേരായ 'പാഷ' എന്നതിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം തന്റെ തൂലികാനാമമായ പാശ് എന്ന.തിലേക്ക് എത്തിപ്പെട്ടത്.  മാക്സിം ഗോർക്കിയുടെ പാഷയ്ക്കും നമ്മുടെ പാശിനും തമ്മില്‍ അപാരമായ ചില സാമ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരും വിപ്ലവം മനസ്സിലുള്ളവരായിരുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ശബ്ദമായിരുന്നു രണ്ടുപേരും. എന്നും വ്യവസ്ഥിതിയ്ക്ക് എതിരായിരുന്നു അവര്‍. മതകേന്ദ്രീകൃത സെറ്റപ്പുകളെ രണ്ടുപേരും വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ പഞ്ചാബിൽ ആർജ്ജിച്ച അപാരമായ ജനപ്രീതി അവ ഹിന്ദിയിലേക്കും താമസിയാതെ അന്യഭാഷകളിലേക്കും മൊഴിമാറ്റപ്പെടുന്നതിന് കാരണമായിരുന്നു. 
 
അറുപതുകളുടെ തുടക്കത്തിൽ കമ്യൂണിസ്റ്റുപാർട്ടിയുടെ യുവജന വിഭാഗത്തിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയ പാശിന് അധികം താമസിയാതെ തന്നെ പാർട്ടിക്ക് തീവ്രത പോരാ എന്നു തോന്നിത്തുടങ്ങി. താമസിയാതെ അദ്ദേഹം നക്സലൈറ്റ് ചിന്താധാരകളിൽ ആകൃഷ്ടനായി, കൃഷിക്കാരുടെ ക്ഷേമം സായുധസമരങ്ങളിലൂടെ എന്ന ലൈനിലെത്തിച്ചേർന്നു.  എഴുപതുകളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ പാശ് അതിനെ നിശിതമായി അപലപിച്ചുകൊണ്ട് നിരന്തരം എഴുതി. ഇന്ദിരാ ഗാന്ധിയെ അദ്ദേഹം തന്റെ കവിതകളിലൂടെ പേരെടുത്തു തന്നെ വിമർശിച്ചു. 
 
അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന 'ആന്റി-47' എന്നുപേരായ മാസികയാണ് ഖാലിസ്ഥാനി തീവ്രവാദികളെ അദ്ദേഹത്തിനെതിരാക്കിയത്. അദ്ദേഹം ഗവേഷണബുദ്ധ്യാ സിഖുമതഗ്രന്ഥങ്ങളെ പഠിച്ചുകൊണ്ട് ഖാലിസ്ഥാൻ വിഘടനവാദികളെ വിമർശിച്ചുതുടങ്ങിയത് അവർക്ക് രസിച്ചില്ല. ആ മാസികയുടെ പേര് തന്നെ, 1947 -ലെപ്പോലെ ഒരിക്കൽകൂടി ഇന്ത്യയെ പിളർപ്പിലേക്ക് നയിക്കാനുള്ള ഖാലിസ്ഥാനികളുടെ സ്ഥാപിതതാത്പര്യങ്ങൾക്ക് എതിരെയുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു. അതായിരുന്നു യന്ത്രത്തോക്കുകളാൽ വെടിയുണ്ടകൾ വർഷിച്ച് അദ്ദേഹത്തെ ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിച്ചത്. 
 
 
Pash, the revolutionary Punjabi Poet who got killed by Khalistani Terrorists on Bhagat Singh's death anniversary
 
കവികളെ അവരെഴുതിയ വരികളുടെ പേരിൽ വെടിയുണ്ടകൾക്കിരയാക്കുന്നത് ചരിത്രത്തിൽ അപൂർവമായി മാത്രം നടക്കുന്ന ഒരു സംഭവമാണ്. അവരെഴുതിയ  വരികൾ വിജയിക്കുന്നത് ആ വരികൾ ജനസാമാന്യം ഹൃദിസ്ഥമാക്കി പാടിനടക്കുകയും, അതേ വരികൾ ഭരണകൂടത്തിന് ചതുർത്ഥിയാവുകയും ചെയ്യുമ്പോഴാണ്. ഹിന്ദിയിലെ വിഖ്യാത ചിന്തകൻ നാംവർ സിങ്ങ് അതുകൊണ്ടുതന്നെ പാശിനെ താരതമ്യപ്പെടുത്തിയത് സുപ്രസിദ്ധ സ്പാനിഷ് കവി ഫ്രഡറിക്കോ ലോർക്കയുമായാണ്. പാശ് കൊല്ലപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തിലായിരുന്നു എങ്കിൽ ഭരണകൂടത്തിന്റെ ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിൽ വെടിയേറ്റുമരിക്കാനായിരുന്നു ലോർക്കയുടെ യോഗം. 
 
2006 -ൽ NCERT യുടെ പതിനൊന്നാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിൽ പാശിന്റെ 'സബ്തോം ഖത്തർനാക്ക് ..' ( ഏറ്റവും അപകടകരം ..) എന്ന കവിത ഉൾപ്പെടുത്തി. വർഷങ്ങളോളം ആ കവിത കുട്ടികൾ പഠിച്ചു.  പ്രത്യേകിച്ച് ഒരാകാശവും ഇടിഞ്ഞു വീണില്ല ആദ്യത്തെ കുറേക്കൊല്ലം. ആ കവിത വായിച്ചു പഠിച്ചവരൊക്കെ  പാശ് ആയി എന്ന് പറയുന്നില്ല. എന്നാലും അവർ മനുഷ്യർ എന്ന നിലയിൽ അല്പമെങ്കിലും മെച്ചപ്പെട്ടുകാണും ആ കവിതയുടെ സ്വാധീനത്താൽ.  
 
പാശിന്റെ കവിതകൾ എന്നും വ്യവസ്ഥിതികളോട് പൊരുതുന്നതായിരുന്നു. അതിൽ അസഹിഷ്ണുതയുള്ള ഒരു ഭരണകൂടം അധികാരത്തിൽ വന്നയുടനെ ഈ കവിത അടിയന്തരമായി പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യണം എന്ന ആവശ്യം ഉയർന്നുവന്നു.  അതിന്റെ പേരിൽ ഏറെ കോലാഹലങ്ങളുമുണ്ടായി. ആ കവിത സിലബസ്സിൽ  ഉൾപ്പെട്ട അന്നുമുതൽ ആർഎസ്എസ് ആ കവിതയെ വേട്ടയാടാൻ തുടങ്ങിയിരുന്നു. ഒടുവിൽ നരേന്ദ്രമോദി ഗവണ്മെന്റ് 2017 -ൽ ആ കവിത സിലബസിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ടു. " ഏറ്റവും അപകടകരം, നമ്മുടെ സ്വപ്നങ്ങളുടെ മരണമാണ്.. " - ഇത് ആ കവിതയിലെ ഒരു വരിയാണെങ്കിലും, അതിൽ ഒരു മുഴുവൻ കവിത തന്നെ ഒളിഞ്ഞിരിപ്പുണ്ട്.. 
പാശ് ഒരിക്കൽ മരണത്തെപ്പറ്റി ഇങ്ങനെ എഴുതി,
 
"  കഴുവേറ്റിയ അന്ന് 
  അവന്റെ സെല്ലിലെ കിടക്കയിൽ നിന്നും 
  ലെനിന്റെ ഒരു പുസ്തകം കിട്ടി, 
  അതിലെ ഒരു പേജ് 
   അവൻ വായിച്ചു മടക്കി  വെച്ചിരുന്നു.
  പഞ്ചാബിലെ യുവതയ്ക്ക് ഇനി പോവാനുള്ളത്  
  ആ മടക്കിനും മുന്നോട്ട്, 
   ആ അന്ത്യനാളിനും അപ്പുറത്തേക്കാണ്..!
 
 
Follow Us:
Download App:
  • android
  • ios