കടുത്ത വേനലിൽ റാപ്പിഡോ ഡ്രൈവർക്ക് കൂൾ ഡ്രിങ്ക് നൽകിയ യാത്രക്കാരി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളെപ്പോലുള്ളവരെ ആരും ഓർക്കാറില്ലെന്ന ഡ്രൈവറുടെ വാക്കുകളാണ് നെറ്റിസണ്‍സിനെ സ്പര്‍ശിച്ചിരിക്കുന്നത്. 

കടുത്ത വേനൽച്ചൂടിൽ വലഞ്ഞ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർക്ക് കൂൾ ഡ്രിങ്ക് നൽകിയ യാത്രക്കാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യാത്രയുടെ അവസാനത്തിൽ തനിക്ക് ലഭിച്ച ഈ സ്നേഹസമ്മാനത്തോട് ഡ്രൈവർ പ്രതികരിച്ച രീതി നെറ്റിസൺസിന്റെ കണ്ണു നനയിക്കുന്നതാണ്. കഠിനമായ കാലാവസ്ഥയിലും ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ റോഡിലിറങ്ങുന്ന ഡെലിവറി-ക്യാബ് തൊഴിലാളികളെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്രക്കാരി തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ: 'യാത്രയ്ക്കിടയിൽ റാപ്പിഡോ ചേട്ടനും ഞാനും ചെറിയ രീതിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളിൽ താങ്ങാനാകാത്ത ചൂടാണെന്ന് അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്റെ കൈവശമുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക് അദ്ദേഹത്തിന് നൽകിക്കൊണ്ട് എപ്പോഴും വെള്ളം കുടിക്കണമെന്നും ഓർമ്മിപ്പിച്ചു'. ഡ്രിങ്ക് വാങ്ങിയപ്പോൾ ഡ്രൈവർ അതീവ വികാരാധീനനാവുകയും, തങ്ങളെപ്പോലെയുള്ള സാധാരണക്കാരെക്കുറിച്ച് ചിന്തിക്കാൻ അധികം ആളുകളുണ്ടാകാറില്ലെന്ന് പറയുകയും ചെയ്തു.

'അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുപോയി. 'ഞങ്ങളെപ്പോലുള്ളവരെക്കുറിച്ച് ഇവിടെ ആര് ചിന്തിക്കാനാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ചെറിയൊരു കാരുണ്യപ്രവൃത്തി പോലും മറ്റുള്ളവർക്ക് എത്രമാത്രം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്' യാത്രക്കാരി കൂട്ടിച്ചേർത്തു. 'നമ്മൾ മനുഷ്യർ മറ്റുള്ളവരോട് അല്പം കൂടി ദയ കാണിക്കാൻ തയ്യാറായാൽ ഈ ലോകം എത്ര മനോഹരമായേനെ എന്ന് ഈ സംഭവം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു' എന്നും യുവതി പറയുന്നു.

Scroll to load tweet…

പോസ്റ്റ് വൈറലായതോടെ, കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പലപ്പോഴും സമൂഹം വിസ്മരിക്കുകയാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തെ പ്രശംസിക്കാനും നെറ്റിസൺസ് മറന്നില്ല.