ട്രെയിൻ യാത്ര പുരോഗമിക്കുന്നതിനിടയിലാണ് കുഞ്ഞിന് വേണ്ടി കയ്യിൽ കരുതിയിരുന്ന ചെറിയ സൈസ് ഡയപ്പർ തീർന്നുപോയത്.

യാത്രക്കിടയിൽ അപ്രതീക്ഷിതമായി പ്രതിസന്ധിയിലായ യുവാവിന് ഇന്ത്യൻ റെയിൽവേ നൽകിയ വളരെ പെട്ടെന്നുള്ളൊരു സേവനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞുമായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദെബിപ്രസാദ് എന്ന യാത്രികനാണ് തനിക്കുണ്ടായ അനുഭവം എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തത്.

ട്രെയിൻ യാത്ര പുരോഗമിക്കുന്നതിനിടയിലാണ് കുഞ്ഞിന് വേണ്ടി കയ്യിൽ കരുതിയിരുന്ന ചെറിയ സൈസ് ഡയപ്പർ തീർന്നുപോയത്. എന്തുചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലായ അദ്ദേഹം, ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പരാതി പരിഹാര പോർട്ടലായ 'റെയിൽവേ മദാദ്' (RailMadad) ആപ്പ് വഴി സഹായം തേടാൻ തീരുമാനിച്ചു.

രാവിലെ 10:07-നാണ് അദ്ദേഹം റെയിൽവേ മദാദിൽ ഇത് സംബന്ധിച്ച് സഹായം തേടിയത്. സഹായം തേടി മിനിറ്റുകൾക്കകം റെയിൽവേ മദാദ് അധികൃതരിൽ നിന്നും പാൻട്രി കാർ മാനേജരിൽ നിന്നും അദ്ദേഹത്തിന് ഫോൺ കോൾ എത്തി.

'ഗയ ജങ്ഷനിൽ എത്തുമ്പോൾ നിങ്ങൾക്ക് ഡയപ്പർ എത്തിച്ചു തരാം' എന്നായിരുന്നു മറുപടി. യാത്രാമധ്യേ ഔദ്യോഗികമായി നൽകിയ പരാതി താൽക്കാലികമായി ക്ലോസ് ചെയ്തെങ്കിലും, ഓഫ്‌ലൈനായി ആവശ്യമായ സഹായം നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി.

Scroll to load tweet…

പറഞ്ഞതുപോലെ ട്രെയിൻ ഗയ ജങ്ഷനിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാർ ദെബിപ്രസാദിന് ആവശ്യമായ ഡയപ്പർ എത്തിച്ചു നൽകി. ഇതിനുള്ള തുക അദ്ദേഹം നേരിട്ട് നൽകുകയും ചെയ്തു. സൗജന്യ സേവനങ്ങൾ ദുരുപയോഗം ചെയ്യാതെ, അത്യാവശ്യ ഘട്ടത്തിൽ പണം നൽകി സേവനം പ്രയോജനപ്പെടുത്തുകയാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

'ഡിജിറ്റൽ പരാതി പരിഹാര സംവിധാനവും അതിവേഗത്തിലുള്ള യാത്രാ സേവനങ്ങളും ഇന്ത്യൻ റെയിൽവേയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. മുൻപൊക്കെ ഇത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് അറിയുമായിരുന്നില്ല, എന്നാൽ ഇന്ന് കാര്യങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നത്' - ദെബിപ്രസാദ് എക്സിൽ കുറിച്ചു.