കഴിഞ്ഞ ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത പരിപാടി 'മന്ത്രവാദത്തെ' അപലപിക്കുന്നതിനാണ് നടത്തിയതെന്ന് ലോക്ക് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
'ഹാരി പോട്ടർ', 'ട്വൽറ്റ്' തുടങ്ങിയ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് ഒരു ടെന്നസി പാസ്റ്റർ(Pastor). ഫെബ്രുവരി 2 -ന് നടന്ന പുസ്തകം കത്തിക്കൽ ചടങ്ങിൽ തന്റെ അനുയായികളോട് അവരുടെ കൈയിലുള്ള 'ഹാരി പോട്ടർ', 'ട്വൈലൈറ്റ്'(Harry Potter,’ ‘Twilight’) പകർപ്പുകൾ തീയിൽ എറിയാൻ പ്രേരിപ്പിക്കുകയായിരുന്നു. ഗ്ലോബൽ വിഷൻ ബൈബിൾ ചർച്ചിലെ ഹെഡ് പാസ്റ്ററായ ഗ്രെഗ് ലോക്കാണ്(Pastor Greg Locke of the Global Vision Bible Church) ബുധനാഴ്ച രാത്രി പുസ്തകം കത്തിക്കൽ പരിപാടി സംഘടിപ്പിച്ചത്. 'പൈശാചിക സ്വാധീന'ത്തിനെതിരെ പോരാടാനായിട്ടാണ് ഇത്തരം പുസ്തകങ്ങൾ കത്തിച്ചതെന്നാണ് ഇയാളുടെ വാദം.
ടാരോട്ട് കാർഡുകൾ, വൂഡൂ പാവകൾ, ക്രിസ്റ്റലുകൾ, ഓജോ ബോർഡുകൾ തുടങ്ങി മറ്റെല്ലാം നശിപ്പിക്കാനും അവരോട് പറഞ്ഞു. 'തിന്മ നിറഞ്ഞ മാലിന്യങ്ങൾ' എന്നാണ് ഇതിനെയെല്ലാം അയാൾ വിശേഷിപ്പിച്ചത്. 'ഇത് 100 ശതമാനം മന്ത്രവാദമാണ്' ലോക്ക് തിങ്കളാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. 'ഹാരി പോട്ടർ', 'ട്വൈലൈറ്റ്' പോലുള്ള പുസ്തകങ്ങൾ മന്ത്രവാദങ്ങളും ഭൂതവിദ്യയും നിഗൂഢതയും നിറഞ്ഞതാണെന്നും കൂട്ടിച്ചേർത്തു. പിശാചിന്റെ സ്വാധീനമുള്ള ഇത്തരം പുസ്തകങ്ങൾ കത്തിക്കാൻ ദൈവം കല്പിച്ചുവെന്നാണ് ആൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത പരിപാടി 'മന്ത്രവാദത്തെ' അപലപിക്കുന്നതിനാണ് നടത്തിയതെന്ന് ലോക്ക് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
സ്‌കൂളുകളിൽ അറിയപ്പെടുന്ന സാഹിത്യകൃതികൾക്ക് നിരോധനം ഏർപ്പെടുത്താൻ രാജ്യവ്യാപകമായ പ്രവർത്തനം നടക്കുന്നതിനിടെയാണ് സംഭവം. മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ ജീവചരിത്രത്തിന്റെ എല്ലാ പകർപ്പുകളും ലൈബ്രറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഈ മാസം ആദ്യം, ടെക്‌സാസിലെ ഒരു രക്ഷിതാവ് തന്റെ കുട്ടിയുടെ സ്‌കൂളിനോട് ആവശ്യപ്പെട്ടു. ജീവചരിത്രം 'ഇടതുപക്ഷ പ്രബോധനമാണ്' എന്നാണ് രക്ഷിതാവ് വാദിച്ചത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മോശമായി ചിത്രീകരിക്കുകയും വെളുത്ത പെൺകുട്ടികളെ അപമാനിക്കുകയും ചെയ്യുന്നു എന്നും രക്ഷിതാവ് പറഞ്ഞു. ജനുവരിയിൽ, ടെന്നസി സ്കൂൾ ബോർഡ്, പുലിറ്റ്സർ സമ്മാനം നേടിയ ഗ്രാഫിക് നോവൽ 'മൗസ്' അതിന്റെ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാൻ ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. ആളുകൾ തൂങ്ങിക്കിടക്കുന്നതായും, കുട്ടികളെ കൊല്ലുന്നതായും അതിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതായിരുന്നു കാരണം.
'ഹാരി പോട്ടർ' പുസ്തകവും മുമ്പ് പലതവണ നിരോധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2019 -ൽ ടെന്നസിയിൽ, ഒരു പ്രാദേശിക കാത്തലിക് അക്കാദമിയിലെ ഒരു പാസ്റ്റർ സ്കൂൾ ലൈബ്രറിയിൽ നിന്ന് ജനപ്രിയ പുസ്തക പരമ്പര നീക്കം ചെയ്തു. 'പുസ്‌തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന മന്ത്രങ്ങൾ മനുഷ്യർ വായിക്കുന്നത് അപകടകരമാണ്. അത് വായിക്കുന്നത് ദുരാത്മാക്കളെ ആകർഷിക്കും' എന്നായിരുന്നു പറഞ്ഞത്. ലോക്ക് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാസ്റ്ററെ ട്വിറ്ററിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ട്. കൂടാതെ പള്ളിയിൽ വരുന്നവർ മാസ്ക് ധരിച്ചാൽ അവരെ പിന്തിരിപ്പിക്കുമെന്നും പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പിശാചുബാധയുണ്ടെന്ന് ലോക്ക് അവകാശപ്പെട്ടു. രോഗനിർണയം ബൈബിളിൽ ഇല്ലെന്നും ഇയാൾ വാദിച്ചു.
