നമ്മുടെ ദേശീയ പക്ഷിയായ മയിലിന്റെ സാന്നിധ്യം കഴിഞ്ഞ കുറച്ച് കാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഏകദേശം 35 വര്‍ഷത്തോളമായി പക്ഷിനിരീക്ഷകര്‍ ഇത് നിരീക്ഷണവിധേയമാക്കുന്നുമുണ്ട്. സാധാരണ കണ്ടുവരാത്ത പക്ഷികള്‍ നമ്മുടെ നാട്ടിലെത്തുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ചില വസ്‍തുതകളുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളിലേക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കും വിരല്‍ചൂണ്ടുകയാണ് ഇവിടെ ചില കണ്ടെത്തലുകള്‍.

'1990ന് ശേഷം കേരളത്തില്‍ മയിലുകളുടെ എണ്ണം കൂടുതലാകുകയും വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‍തതായി കണ്ടെത്തിയിട്ടുണ്ട്. മയിലുകള്‍ പൊതുവേ വരണ്ട പ്രദേശങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷികളാണ്. കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവയെ കൂടുതല്‍ വ്യാപകമായി ഇവിടെ കാണാന്‍ സാധിക്കുന്നതിന് പിന്നില്‍' കേരള കാര്‍ഷിക സര്‍വകലാശാലയിലെ വൈല്‍ഡ് ലൈഫ് സയന്‍സിന്റെ മേധാവിയും കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഡീനുമായ ഡോ. നമീര്‍ അഭിപ്രായപ്പെടുന്നു.

പക്ഷിമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഡോ. സലീം അലി 1933 -ല്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി നടത്തിയ ഒരു സര്‍വേ പ്രകാരം ഒരു മയിലിനെപ്പോലും കണ്ടെത്താനായില്ലെന്നതാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം പരിശോധിച്ച 19 പ്രദേശങ്ങളിലും മയിലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഈ സ്ഥിതിഗതികള്‍ മാറിവരികയാണെന്നാണ് ഇപ്പോള്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. 75 വര്‍ങ്ങള്‍ക്കുശേഷം അതേ സ്ഥലത്ത് സര്‍വേ നടത്തിയ പക്ഷിനിരീക്ഷകര്‍ക്ക് 10 പ്രദേശങ്ങളില്‍ മയിലുകളെ കണ്ടെത്താനായി. കേരളത്തില്‍ ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളായ പാലക്കാട്, കാസര്‍കോട്, തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു മയിലിന്റെ സാന്നിധ്യം അല്‍പ്പമെങ്കിലും കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ 14 ജില്ലകളിലും മയിലുകള്‍ക്ക് ജീവിക്കാവുന്ന സാഹചര്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ഡോ. നമീറും ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്പയര്‍ ഫെല്ലോ ആയി ഗവേഷണം നടത്തുന്ന പാലക്കാട് സ്വദേശി സാന്‍ജോ ജോസും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് കേരളത്തിലെ മയിലുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനെക്കുറിച്ചും അതുകാരണം പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും വിശദമാക്കുന്നത്.

'കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ കേരളത്തിലെ കാലാവസ്ഥയുടെ വിവരങ്ങളും മയിലിന്റെ എണ്ണത്തിലുള്ള മാറ്റവുമാണ് ഞങ്ങള്‍ പഠനവിഷയമാക്കിയത്. മയിലുകള്‍ കൂടുതലായി കേരളത്തിലെത്തുന്നുവെന്നതില്‍ നിന്നും അതിരൂക്ഷമായ വരള്‍ച്ചയിലേക്കാണ് നമ്മള്‍ പോകുന്നതെന്ന് മനസിലാക്കണം. ജീവജാലങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവുണ്ട്.' ഡോ. നമീര്‍ പറയുന്നു.

'കേരളത്തിലെ 1573 പ്രദേശങ്ങളില്‍ മയിലുകളെ കണ്ടെത്തിയ രേഖകള്‍ ഞങ്ങള്‍ വെബ്‌സൈറ്റ് വഴി കണ്ടെത്തുകയായിരുന്നു. 1979 -ലാണ് ആദ്യമായി മയിലുകളുടെ സാന്നിധ്യം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 1970 മുതല്‍ 2000 വരെയുള്ള ഡാറ്റ ശേഖരിച്ച് അന്നത്തെ കാലാവസ്ഥയിലുള്ള മാറ്റങ്ങളും പഠനത്തിന്റെ ഭാഗമായി മനസിലാക്കുകയായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില്‍ വരണ്ട കാലാവസ്ഥ വര്‍ധിക്കാനുള്ള സാഹചര്യത്തിലേക്കാണ്.' സാന്‍ജോ ജോസ് പറയുന്നു.

(ചിത്രം: ഡോ. അപര്‍ണ പുരുഷോത്തമന്‍)

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്താല്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും മയിലുകള്‍ക്ക് ജീവിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. നിലവിലുള്ള സാഹചര്യത്തില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ശേഖരിച്ച് നിര്‍ത്തപ്പെടാതെ രണ്ടോ മൂന്നോ ദിവസങ്ങളിലായി ശക്തിയായി പെയ്തു തീരുന്നതിനാല്‍ ഭാവിയില്‍ ചൂടിന്റെ കാഠിന്യം കൂടുതലാകാന്‍ തന്നെയാണ് സാധ്യതയെന്ന് ഇവരുടെ പഠനം വ്യക്തമാക്കുന്നു. ഇതുകൂടാതെ കര്‍ഷകരുടെ ഭാഗത്തുനിന്നും പല ബുദ്ധിമുട്ടുകളും രേഖപ്പെടുത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ മയിലുകള്‍ തങ്ങളുടെ വിളവുകള്‍ ഭക്ഷണമാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു പക്ഷികളേക്കാള്‍ വലുപ്പമുള്ള മയില്‍ കൃഷിഭൂമിയിലേക്കിറങ്ങിയാല്‍ത്തന്നെ വിളകള്‍ നശിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍കൂടി കണക്കിലെടുത്ത് ഒരു പ്രശ്‌നപരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

2050 ആകുമ്പോഴേക്കും മയിലുകളുടെ എണ്ണത്തില്‍ ഏകദേശം 55 ശതമാനത്തോളം വര്‍ധനവുണ്ടാകാമെന്നാണ് സൂചന. 2070 ആകുമ്പോഴേക്കും മഴ കൂടുതലുണ്ടാകാനും അന്നത്തെ കാലാവസ്ഥയില്‍ കേരളത്തിലെ ആവാസവ്യവസ്ഥയില്‍ മയിലുകള്‍ക്ക് അതിജീവിക്കാന്‍ കഴിയാതെ വരികയും ചെയ്യാമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

കേരളത്തില്‍ കണ്ടുവരുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത് നമുക്ക് നഷ്ടമായേക്കാവുന്ന പലയിനം ജൈവവൈവിധ്യങ്ങളെക്കുറിച്ചാണ്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥകള്‍ പരിരക്ഷിച്ച് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പശ്ചിമഘട്ട വനമേഖലയില്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേകതരം പക്ഷികളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്ന നിരീക്ഷണവും ഇവര്‍ നടത്തുന്നുണ്ട്. 

(Photo courtesy: Getty images / Dethan Punalur/ Krishna Kumar / EyeEm)