ജോര്‍ജ്ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് യു എസ് വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ആ പ്രതിഷേധങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അത് ആരെങ്കിലും സംഘടിപ്പിച്ചതല്ല, പ്രത്യേകം നേതാക്കളാരും തന്നെ ഇല്ലാതെയും, ആളുകള്‍ ഒത്തുകൂടുകയും അവരുടെ അമര്‍ഷവും വേദനയും എതിര്‍പ്പുമെല്ലാം പ്രകടിപ്പിക്കുകയുമായിരുന്നു. പൊലീസിന്‍റെ ക്രൂരമായ ഇത്തരം ചെയ്‍തികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രതിഷേധം ലോകത്തിന്‍റെയാകെ ശ്രദ്ധനേടി. ലക്ഷക്കണക്കിനുപേര്‍ക്ക് ജോലി നഷ്‍ടമായിരിക്കുന്ന ഈ സമയത്ത് ഇത് ജോര്‍ജ്ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധം എന്നതിലുപരി വര്‍ഷങ്ങളായി അമേരിക്കയില്‍ നിലനിന്നുപോരുന്ന വംശവെറിക്കെതിരെ, പൊലീസിന്‍റെ ക്രൂരമായ നടപടികള്‍ക്കെതിരെ, സാമ്പത്തിക അസമത്വത്തിനെതിരെ ഒക്കെയുള്ള പ്രതിഷേധമായി മാറുകയായിരുന്നു. 

''എവിടെയാണോ മനുഷ്യര്‍ തകര്‍ന്നിരിക്കുന്നത്, അവിടെ പിന്തുണകളൊന്നുമില്ലാതെ, നേതാക്കളില്ലാതെ, എന്ത് സംഭവിക്കുമെന്ന് തീര്‍ച്ചയില്ലാതെ തന്നെ ഇത്തരം പ്രതിഷേധങ്ങളുണ്ടാവുന്നു. അത് രോഷത്തില്‍നിന്നും, ക്രോധത്തില്‍നിന്നും, പ്രതീക്ഷ നശിച്ചിടത്തുനിന്നും പിറവിയെടുക്കുന്നതാണ്.'' -ആഫ്രിക്കന്‍ അമേരിക്കന്‍ പഠനങ്ങളില്‍ ഗവേഷകനായ കീയാംഗ യമാഹ്‍ത ടൈലര്‍ പറയുന്നു. 

ഈ സമരങ്ങള്‍ക്ക് 1381 -ലെ പെസന്‍റ് റിവോള്‍ട്ടുമായി സാമ്യങ്ങളുണ്ട്. എന്തായിരുന്നു പെസന്‍റ് റിവോള്‍ട്ട്? ആ കര്‍ഷക കലാപത്തിന്‍റെ ഫലങ്ങളെന്തായിരുന്നു? അന്ന് ഇംഗ്ലണ്ടിലെ തൊഴിലാളികള്‍ അവരുടെ തൊഴിലുടമകള്‍ക്ക് വേണ്ടി തുച്ഛമായ കൂലിക്ക്, കരാറിന്‍റെ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ കാലമായിരുന്നു. കര്‍ഷകരുടെ ആ സമരം പൊട്ടിപ്പുറപ്പെടുന്നതും അങ്ങനെയാണ്. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന ഒരു സമൂഹത്തിന്‍റെ സ്വാഭാവികമായ പ്രതികരണമായിരുന്നു കര്‍ഷകരുടെ ഈ പ്രതിഷേധത്തിന്‍റെ സത്തയും. 

ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന സമൂഹത്തിലെ ഉന്നതരുടെ കയ്യിലായിരുന്നു ഭൂരിഭാഗം സ്വത്തും അന്ന്. അവയെല്ലാം ഈ സവര്‍ണ വിഭാഗം കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് ബ്യൂബോണിക് പ്ലേഗ് പടര്‍ന്നുപിടിക്കുന്നത്. ആളുകളെ കൊന്നൊടുക്കുന്ന മഹാമാരിയായി അത് രാജ്യമാകെ വ്യാപിച്ചതോടെ പാവപ്പെട്ട, അധികാരമില്ലാത്ത, സാധാരണക്കാരായ ജനങ്ങള്‍ പട്ടിണി മാറ്റാനായി എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. എന്നാല്‍, സാധാരണക്കാരായ തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ അധികാരവര്‍ഗം എന്നത്തേയും പോലെ അന്നും തയ്യാറായിരുന്നില്ല. 

പയ്യപ്പയ്യെ സഹികെട്ട് കര്‍ഷകര്‍ തിരിച്ചും പോരാടാന്‍ തന്നെ തീരുമാനിച്ചു. വളരെ വേഗത്തിലാണ് മഹാമാരി വ്യാപിച്ചത്. അത് ഭയവും നഷ്‍ടവുമുണ്ടാക്കി. ആദ്യത്തെ വ്യാപനത്തില്‍ത്തന്നെ യൂറോപ്യൻ ജനസംഖ്യയുടെ മൂന്നിലൊന്ന് മുതൽ പകുതി വരെ ആളുകൾ മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. മരണം വ്യാപിച്ചപ്പോള്‍ തൊഴിലാളിക്ഷാമവും കൂടി. അന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, 'പാടങ്ങളില്‍ പണി നടക്കാതെയായി, ഗ്രാമങ്ങളെല്ലാം ആളൊഴിഞ്ഞു, ശൂന്യമായ ഗ്രാമപ്രദേശങ്ങളില്‍ കന്നുകാലികള്‍ അലഞ്ഞുതിരിഞ്ഞു നടന്നു' എന്നാണ്. 

ഇംഗ്ലീഷുകാരായ തൊഴിലാളികള്‍ ഈ സമയത്ത് തങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. അവര്‍ കൂടുതല്‍ വേതനം ആവശ്യപ്പെടാന്‍ തുടങ്ങി. ചില കൃഷിക്കാരാകട്ടെ തങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതല്‍ ബോധ്യമുള്ളവരാവുകയും കൃഷിസ്ഥലം വിട്ട് മറ്റ് തൊഴിലുകള്‍ അന്വേഷിച്ച് പോവുകയും ചെയ്‍തു തുടങ്ങി. എന്നാല്‍, എഡ്വേഡ് മൂന്നാമന്‍ രാജാവ് ഈ ഘട്ടത്തില്‍ ചെയ്‍ത പ്രവൃത്തികളെല്ലാം കര്‍ഷകര്‍ക്കെതിരായിട്ടായിരുന്നു. 1349 -ൽ പ്ലേഗിനു മുൻപുള്ള വേതനം അദ്ദേഹം മരവിപ്പിച്ചു. കാരണമില്ലാതെ ജോലി ഉപേക്ഷിച്ച  തൊഴിലാളികളെയെല്ലാം ജയിലിലടച്ചു. ഈ ഓർഡിനൻസുകളെല്ലാം വരേണ്യ ഭൂവുടമകള്‍ക്ക് അവരുടെ സ്വത്ത് ഉറപ്പാക്കുന്നവയായിരുന്നു. 

എഡ്വേർഡ് മൂന്നാമൻ തുടർച്ചയായി നിയമങ്ങൾ നടപ്പാക്കി, തൊഴിലാളികൾ അവരുടെ സമ്പാദ്യം വർധിപ്പിക്കില്ലെന്ന് ഉറപ്പുവരുത്താനും വരേണ്യവര്‍ഗത്തിന് തങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നതായിരുന്നു ആ നിയമങ്ങളെല്ലാം. ഇംഗ്ലണ്ടിൽ പ്ലേഗ് പടർന്നുപിടിക്കുകയും തൊഴിൽ ക്ഷാമം തുടരുകയും ചെയ്തപ്പോൾ തൊഴിലാളികൾ ഒരു മാറ്റത്തിനുവേണ്ടി തങ്ങളുടെ ശബ്‍ദം കൂടുതലുയര്‍ത്തിത്തുടങ്ങി. 

15 വർഷത്തിനുള്ളിൽ മൂന്നാമത്തെ വോട്ടെടുപ്പ് നികുതി പ്രഖ്യാപിച്ചതാണ് കർഷക കലാപത്തിന്‍റെ പെട്ടെന്നുണ്ടായ കാരണം. വോട്ടെടുപ്പ് നികുതി ഓരോ വ്യക്തിക്കും ബാധകമായിരുന്നു. അതിനാല്‍ത്തന്നെ അവ സമ്പന്നരെക്കാൾ ദരിദ്രരെയാണ് കൂടുതലും ബാധിച്ചത്. എന്നാൽ, ഫ്ലോയ്‍ഡിന്‍റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് സമാനമായി, കർഷക വിപ്ലവം ശരിക്കും തകർന്ന പ്രതീക്ഷകളുടെയും വർഗ പിരിമുറുക്കങ്ങളുടെയും ഫലമായിരുന്നു. 30 വര്‍ഷമായി സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ചുപോന്ന അടിച്ചമര്‍ത്തലുകളോടുള്ള പൊട്ടിത്തെറി കൂടിയായിരുന്നു അത്. 

1381 ജൂണിലാണ് കാര്യങ്ങളതിന്‍റെ പാരമ്യത്തിലെത്തുന്നത്. കണക്കനുസരിച്ച് 30,000 -ത്തോളം ഗ്രാമീണ തൊഴിലാളികൾ രാജാവിനെ കാണണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലേക്ക് മാര്‍ച്ച് നടത്തി. വാട്ട് ടൈലർ എന്ന മുൻ യുവ സൈനികനും ജോൺ ബോൾ എന്ന പ്രബോധകനുമാണ് സംഘത്തെ നയിച്ചത്. പുരോഹിതനായ ജോണ്‍ ബോള്‍ കര്‍ഷകര്‍ക്കുവേണ്ടി ശബ്‍ദമുയര്‍ത്താന്‍ മടിയില്ലാത്തയാളായിരുന്നു. എല്ലാ വൈരുധ്യങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം ക്ലാസ് സമ്പ്രദായത്തെ വിമര്‍ശിച്ചു. ജനങ്ങളോട് നിരന്തരം സംവദിച്ചു. തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച കര്‍ഷകരേക്കാള്‍ ഉന്നതരായ നിലയിലാണ് തങ്ങളെന്ന് തെളിയിക്കാന്‍ പ്രഭുക്കന്മാര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. 

ലണ്ടനിലെ കര്‍ഷകരുടെ സഹായത്തോടെ കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിക്കുകയും കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്‍തു. അടുത്തതായി ലണ്ടന്‍ ടവറിലേക്ക് ചെന്ന കര്‍ഷകര്‍ കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ്പ് അടക്കം പലരേയും വധിച്ചു കളഞ്ഞു. ഈ പ്രതിഷേധങ്ങള്‍ക്ക് ഒരറുതിയുണ്ടാക്കാനായി എഡ്വേഡിന്‍റെ പിന്തുടര്‍ച്ചാവകാശിയും പതിനാലുകാരനുമായ റിച്ചാര്‍ഡ് രണ്ടാമന്‍ ലണ്ടന് പുറത്ത് വെച്ച് കര്‍ഷകരെ കാണുകയും കര്‍ഷകരെ അടിച്ചമര്‍ത്താനുപയോഗിച്ചിരുന്ന ഫ്യൂഡല്‍ കരാറുകള്‍ ഇല്ലാതാക്കുന്നതായും അറിയിച്ചു. ഒപ്പം കര്‍ഷകരെല്ലാം സ്വതന്ത്രരായിരിക്കുമെന്നറിയിക്കുന്ന ചാര്‍ട്ടറും ഒപ്പിട്ടുനല്‍കി. 

ആദ്യം ഈ ചാര്‍ട്ടറില്‍ കര്‍ഷകര്‍ തൃപ്‍തരായിരുന്നു. പക്ഷേ, കാര്യങ്ങള്‍ അപ്പോഴും നല്ല രീതിയില്‍ കലാശിച്ചില്ല. പിറ്റേന്ന് കര്‍ഷകരുടെ സംഘം റിച്ചാര്‍ഡിനെ കാണാനായി ചെന്നു. എന്നാല്‍, മനപ്പൂര്‍വമോ അബദ്ധത്തിലോ എന്നറിയില്ല. റിച്ചാര്‍ഡിന്‍റെ സംഘത്തിലെ ജോണ്‍ സ്റ്റാന്‍ഡിഷ് എന്നയാളാല്‍ ടൈലര്‍ വധിക്കപ്പെട്ടു. ബാക്കി കര്‍ഷകരെല്ലാം രക്ഷപ്പെട്ടു. ഇത് അധികാരികള്‍ മികച്ച അവസരമായിക്കണ്ടു. അവര്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ കണ്ടെത്താനും വധിക്കാനും ഉത്തരവിട്ടു. ജോൺ ബോളിനെ പിടികൂടി. 1381 സെപ്റ്റംബർ 29 -ന്, റിച്ചാർഡ് രണ്ടാമനും പാർലമെന്‍റും അവരുടെ ഫ്യൂഡൽ കുടിയാന്മാരുടെ കർഷകരെ മോചിപ്പിക്കുന്ന ചാർട്ടർ പ്രഖ്യാപിച്ചു. പക്ഷേ, അപ്പോഴും സമൂഹത്തിലെ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ ശ്രേണികൾ തമ്മിലുള്ള സാമ്പത്തിക അസമത്വം തുടർന്നു.

അമേരിക്കയിലെ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് മധ്യകാല കൃഷിക്കാർക്ക് ഇല്ലാത്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്. എന്നിരുന്നാലും, ഈ തൊഴിലാളികൾ അവരുടെ ജോലികളെ പൂര്‍ണമായും ആശ്രയിച്ചു ജീവിക്കുന്നവരാണ്. അതിനാല്‍ത്തന്നെ, ഒരു ചെറിയ വരുമാനനഷ്ടം പോലും വഹിക്കാൻ അവര്‍ക്ക് കഴിയില്ല. ഇപ്പോഴും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുതലാളിത്തം അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ട്. ലോകത്ത് സമ്പത്ത് ഏറെയും ഒരുവിഭാഗം ആളുകളുടെ വരേണ്യവര്‍ഗ്ഗത്തിന്‍റെ, മുതലാളിമാരുടെ കയ്യില്‍ത്തന്നെയാണ്. 

സാമ്പത്തികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടന്ന സമരം അന്ന് പ്രതിഷേധത്തിന്‍റെ മുഖമായി മാറിയെങ്കില്‍, ജോര്‍ജ്ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ പ്രതിഷേധം നൂറ്റാണ്ടുകളായി തുടരുന്ന വംശീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ്. അതുകൊണ്ടുതന്നെയാണ് അതിങ്ങനെ കത്തിപ്പടരുന്നതും.