നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മൂന്നു വയസുകാരിയെ വീട്ടില്‍വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ ബുദ്ധിസ്റ്റ് ധ്യാനഗുരുവിനെ തടവിന് ശിക്ഷിച്ചു. കൊജി ടേക്കൗചി എന്ന എണ്‍പതുകാരനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ബുദ്ധ മൈത്രേയ എന്ന പേരിലാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. ധ്യാനത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ അമ്മയും അച്ഛനും അടുത്തില്ലാത്ത സമയത്ത് കുട്ടിയെ ചൂഷണം ചെയ്‍തുവെന്നാണ് പരാതി. പ്രശസ്‍തനായ ഇയാളുടെ ഗാര്‍ഡനില്‍ ഓരോ വര്‍ഷവും പതിനായിരത്തോളം പേരാണ് സന്ദര്‍ശനത്തിനെത്താറുണ്ടായിരുന്നത്.

1975 മുതല്‍ 1981 വരെ ഇയാള്‍ കുട്ടിയോട് അതിക്രമം കാണിച്ചിരുന്നതായി പറയുന്നു. കുട്ടിയുടെ വീട്ടില്‍ ബുദ്ധിസ്റ്റുകള്‍ക്കായി ധ്യാനം നടത്താന്‍ ഇയാളെ ക്ഷണിച്ചിരുന്നു. രാത്രികാലങ്ങളില്‍ അയാള്‍ അവിടെ കഴിഞ്ഞിരുന്നു. വീട്ടില്‍ താമസിക്കാനനുവദിച്ചതിനു പകരമായിട്ടെന്നോണം അച്ഛനെയും അമ്മയെയും ഉറങ്ങാനനുവദിച്ച് കുട്ടിയെ രാവിലെ ഇയാള്‍ നോക്കുമായിരുന്നു. ആദ്യത്തെ തവണ തനിച്ചായപ്പോള്‍ തന്നെ അയാള്‍ കുട്ടിയോട് അതിക്രമം കാണിച്ചു തുടങ്ങിയിരുന്നു. 'ഞാന്‍ നിന്‍റെ ബോയ്ഫ്രണ്ടാണ്, നീയെന്‍റെ ഗേള്‍ഫ്രണ്ടും. ഇത് നമുക്കിടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു രഹസ്യമായിരിക്കണം' എന്നാണത്രെ അയാള്‍ കുട്ടിയോട് പറയാറുണ്ടായിരുന്നത്.

അയാള്‍ കാരണം തന്‍റെ കുട്ടിക്കാലം നശിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. 'മുതിര്‍ന്നവര്‍ക്കിടയില്‍ സ്ഥാനവും ബഹുമാനവും നേടിയിരുന്ന ആളായിരുന്നു ഈ സന്യാസി. അതിനാല്‍ത്തന്നെ തന്നെ ആരും മുഖവിലക്കെടുക്കില്ല എന്ന ഭയം കൊണ്ടാണ് ആരോടും ഒന്നും പറയാനാവാത്തത്. എന്‍റെ കുട്ടിക്കാലം എന്നില്‍ നിന്നും അയാള്‍ തട്ടിയെടുത്തു. ഒരിക്കലും എനിക്കത് തിരികെ കിട്ടില്ല' എന്നും അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീ (സര്‍വൈവര്‍) പ്രതികരിച്ചു. തന്‍റെ സ്ഥാനവും തന്നിലുള്ള വിശ്വാസവും മുതലെടുത്താണ് പ്രതി അതിക്രമം കാണിച്ചതെന്ന് കോടതിയും പറഞ്ഞു. 'സാഹചര്യം മുതലെടുത്ത് ഒരു ചെറിയ പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയാണ് നിങ്ങള്‍ ചെയ്‍തത്. അത് അവരുടെ ജീവിതത്തിലെ തുടര്‍ന്നുള്ള വര്‍ഷങ്ങളെ പോലും ബാധിച്ചു'വെന്നും കോടതി പറഞ്ഞു.

ആകെ എട്ട് വര്‍ഷം തടവിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ പെടുത്തി കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതില്‍ നിന്നും ഇയാളെ വിലക്കിയിട്ടുമുണ്ട്. നോട്ടിംഗ്ഹാംഷെയറിലും ഇന്ത്യയിലും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ജപ്പാനിലെ നാഗോയയ്ക്കടുത്തുള്ള ഹണ്ടയിൽ നിന്നുള്ളയാളാണ് ഇയാള്‍. ഇയാള്‍ മുമ്പ് ഒരു സെൻ സന്യാസിയായി ജീവിക്കുകയും ജ്ഞാനോദയമുണ്ടായതായി സ്വയം പറയുകയും ചെയ്‍തയാളാണ്. ലോകമെമ്പാടും അനുയായികളുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. കൂടാതെ ഇന്ത്യയിലെ രണ്ട് പ്രോജക്റ്റുകൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി തന്റെ വെബ്സൈറ്റ് ഉപയോഗിക്കുന്നുമുണ്ട്.

ഇയാളുടെ നോട്ടിംഗ്ഹാംഷെയറിലെ ഗാര്‍ഡനില്‍ ഓരോ വര്‍ഷവും പതിനായിരത്തോളം സന്ദര്‍ശകരുണ്ടാകാറുണ്ടെന്നാണ് പറയുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലവിലത് അടച്ചിട്ടിരിക്കുകയാണ്. അലൻ ടിച്ച്മാർഷിന്റെ 2015 -ലെ ടിവി സീരീസ് ബ്രിട്ടനിലെ ബെസ്റ്റ് ബാക്ക് ഗാർഡന്റെ എപ്പിസോഡില്‍ ഈ ഗാര്‍ഡനുള്‍പ്പെടുത്തിയിരുന്നു. കൊവിഡുമായി ബന്ധപ്പെട്ടും അഭിപ്രായങ്ങളുമായി ബിബിസിയടക്കം വിവിധ ദേശീയ മാധ്യമങ്ങളിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'കൊറോണ പ്രകൃതിയില്‍ നിന്നുള്ള മുന്നറിയിപ്പാണെന്നും അത്തരം പകര്‍ച്ചവ്യാധികളെ തടയാന്‍ ഈ ഭൂമിയില്‍ നമ്മള്‍ ജീവിക്കുന്ന രീതി മാറ്റേണ്ടതുണ്ട്' എന്നുമാണയാള്‍ പറഞ്ഞിരുന്നത്. ഏതായാലും, നാല്‍പത് വര്‍ഷം മുമ്പ് ഒരു കുഞ്ഞുപെണ്‍കുട്ടിയോട് കാണിച്ച ക്രൂരതയ്ക്ക് ഇനി ഇയാള്‍ ശിക്ഷ അനുഭവിച്ചേ മതിയാവൂ.