ദില്ലി: ഇന്ത്യാമഹാരാജ്യത്തിന്റെ തലസ്ഥാനമാണ് ദില്ലി. 'ദിൽവാലോം കാ ശഹർ' അഥവാ 'സഹൃദയരുടെ നഗരം'  എന്നാണ് ദില്ലിയെപ്പറ്റി അവിടുള്ളവർ തന്നെ പറഞ്ഞുനടക്കുന്നത്. ദില്ലിയിലെ ലോകനഗരങ്ങൾക്ക് ഒപ്പമെത്തിക്കാനാണ് സർക്കാരിന്റെയും പരിശ്രമങ്ങൾ. എന്നാൽ, രാജ്യത്തെ നടുക്കിയ ഒരു ബലാത്സംഗക്കേസിലെ ഇര, സ്വന്തം ജീവന് നാട്ടിൽ അപകടമുണ്ട് എന്ന് തിരിച്ചറിഞ്ഞ് ദില്ലിയിൽ അഭയം തേടി വന്നപ്പോൾ, അവർക്ക് വാടകയ്ക്ക് താമസിക്കാൻ ഒരു വീട് കിട്ടാനില്ല ദില്ലിയിൽ. വീട് വാടകയ്ക്ക് ചോദിച്ചെത്തിയിരിക്കുന്നത് ഉന്നാവ് കേസിലെ പെൺകുട്ടിയാണ് എന്നറിയുന്നതോടെ സംസാരം അവിടെ അവസാനിക്കുന്നു. വാടകയ്ക്ക് തല്ക്കാലം കൊടുക്കുന്നില്ല എന്ന് അറുത്തുമുറിച്ച് പറഞ്ഞുകളയും വീട്ടുകാർ. 

തലസ്ഥാനനഗരിയുടെ പളപളപ്പിൽ ഉല്ലസിക്കാനുള്ള കൊതികൊണ്ടല്ല, യുപിയിൽ ജീവിക്കാനുള്ള പേടികൊണ്ടാണ് ആ പെൺകുട്ടി ദില്ലിയിലേക്ക് താമസം മാറ്റാൻ ആഗ്രഹിച്ചത്.  കഴിഞ്ഞ ജൂലൈ 28-ന് പരാതിക്കാരിയായ പെൺകുട്ടിയും രണ്ടു ചെറിയമ്മമാരും വക്കീലും കൂടി, കള്ളക്കേസിൽ കുടുങ്ങി  ജയിലിലായ അടുത്ത ബന്ധുവിനെക്കാണാൻ  റായ്ബറേലി ജയിലിലേക്ക് പോകും വഴി  അവരുടെ കാറിലേക്ക് ഒരു ട്രക്ക് ഇടിച്ചു കേറുന്നു. രണ്ടു ചെറിയമ്മമാരും തൽക്ഷണം മരിക്കുന്നു. ഏറെനാൾ ആശുപത്രിയിൽ കിടന്ന ശേഷമാണ് പെൺകുട്ടിക്കും അഭിഭാഷകനും ആരോഗ്യം വീണ്ടെടുക്കാനായത്. ഈ അപകടം സ്വാഭാവികമല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത്രയും നടന്ന സ്ഥിതിക്ക് ഇനിയും ഉത്തർപ്രദേശിൽ സെംഗാറിന്റെ സ്വാധീനവലയത്തിനുള്ളിൽ കഴിയുന്നത് തങ്ങളുടെ ജീവന് അപകടമാണ് എന്ന് ആ കുട്ടിക്ക് തോന്നിയാൽ കുറ്റം പറഞ്ഞുകൂടാ. 

തന്റെ കക്ഷിക്ക് ദില്ലിയിൽ വാടകയ്ക്ക് വീടുകൊടുക്കാൻ ആരും തയ്യാറാവുന്നില്ല എന്ന വിവരം യുവതിയുടെ അഭിഭാഷകൻ ധർമേന്ദ്ര കുമാർ മിശ്ര കോടതിയെ അറിയിച്ചതോടെ കോടതി ദില്ലി വനിതാ കമ്മീഷനോട് ഈ പ്രശ്നത്തിൽ ഇടപെടാനും യുവതിക്ക് ദില്ലിയിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയെത്തന്നെ ഒരു കുറ്റവാളിയെപ്പോലെ കാണുന്നതിൽപരം ദുരവസ്ഥ വേറെ എന്തുണ്ടെന്നും കോടതി നിരീക്ഷിച്ചു.  ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നത് രാജ്യത്തിന്റെ തലസ്ഥാനമായ ദില്ലിയിലാണ് എന്നോർക്കുക. 

വാർത്തകൾ എഴുതുമ്പോൾ ബലാത്സംഗ കേസുകളിലെ പീഡിതരായ സ്ത്രീകളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുത് എന്നാണ് ചട്ടം. അത് അവരെ സമൂഹം വിവേചനദൃഷ്‌ട്യാ കാണാതിരിക്കാനുള്ള മുൻകരുതലാണ്. അങ്ങനെ സ്ത്രീസൗഹൃദമായ നിയമങ്ങൾ പോലും നിലവിലുള്ള നമ്മുടെ രാജ്യത്ത് പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള വിവേചനങ്ങൾ നടക്കുന്നത്. കാരണം ലളിതമാണ്, ഏതൊരു ബലാത്സംഗത്തിലും ഇരയ്ക്കുമേൽ കുറ്റം ചാർത്താൻ വെമ്പുന്ന ഒരു സമൂഹം ഇവിടെയുണ്ട് എന്നതുതന്നെ.  ബലാത്സംഗത്തിന് വിധേയയാകുക. അതും സമൂഹത്തിൽ വളരെയധികം സ്വാധീനശക്തിയുള്ള ഒരാളാൽ. അത്, സ്വാഭാവികമായും സമൂഹത്തിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള കാരണമായി മാറുന്നു. കാരണം, ആ യുവതിയുമായി ഏതെങ്കിലും തരത്തിൽ സഹകരിച്ചാൽ അത് തങ്ങൾക്ക് അസൗകര്യങ്ങൾ വരുത്തി വെക്കും എന്ന ഭയമാണ് അവർക്ക്. 

ഉന്നാവിലെ പെൺകുട്ടിയുടെ പേര് എവിടെയും ആരും പറഞ്ഞിട്ടില്ല. അവരുടെ മുഖം എവിടെയും വെളിപ്പെട്ടിട്ടില്ല. അപ്പോൾ പിന്നെ അവർ പറയാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് അവരാരാണ് എന്നറിയാൻ ഒരു മാർഗവുമില്ല. ഒരു തെറ്റുമാത്രമേ ആ യുവതി ചെയ്തിട്ടുള്ളൂ. താൻ ആരാണ് എന്ന സത്യം ആദ്യമേ തന്നെ തുറന്നു പറഞ്ഞു എന്നത്. ആ സത്യത്തോട് ബന്ധപ്പെട്ടുകിടക്കുന്ന സാദ്ധ്യതകൾ ദില്ലിയിലെ സമ്പന്നരായ വീട്ടുടമകളെ ഭയപ്പെടുത്തുന്നു. അവർ ആ ഭയം 'നിങ്ങൾക്ക് തരാൻ ഇവിടെ വീടില്ല' എന്ന നിരാകരണത്തിലൂടെ അവർ ആ കുട്ടിയുടെ പ്രാണഭയം ഇരട്ടിപ്പിക്കുകയാണ്. ഈ അവസരത്തിൽ പെൺകുട്ടിയെ രക്ഷിക്കാൻ കോടതി കടന്നുവന്നിരിക്കുന്നത് ആശാവഹമായ കാര്യമാണ്. എന്നാൽ, നമ്മൾ അവനവന്റെ ഉള്ളിലേക്ക് ഒന്ന് എത്തിനോക്കെണ്ടതുണ്ട്, നമ്മളൊക്കെ എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ..!

കോടതി വനിതാ കമ്മീഷനോട് പെൺകുട്ടിക്ക് വാടകയ്ക്ക് വീടുമാത്രമല്ല, അവർക്ക് ഉചിതമായ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ കൂടി ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ കോടതി തന്നെയാണ്, കേസ് തെളിയിക്കാൻ വേണ്ടി ബലാത്സംഗം നടന്നതായി പറയപ്പെടുന്ന ദിവസം സെംഗർ സ്ഥലത്തുണ്ടായിരുന്നോ എന്നറിയാൻ ആപ്പിൾ കമ്പനിയോട് സെംഗറുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ആപ്പിളിനോട് ഒക്ടോബർ 9-ന് മുമ്പ് വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കോടതി ഈ കേസിൽ നടത്തുന്ന ഇടപെടലുകൾ ആശാവഹമാണ്. ഉന്നാവിലെ പെൺകുട്ടിക്ക്  ഇതുവരെ നേരിടേണ്ടി വന്ന ദുരിതങ്ങൾ തന്നെ ഒരു സാധാരണ മനുഷ്യന് താങ്ങാവുന്നതിൽ അപ്പുറമാണ്. ഇനിയെങ്കിലും അവരെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ കോടതിയുടെ ഈ നിർദേശങ്ങൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കാം.