ഒരുഭാഗം കിടക്ക വാടകയ്ക്ക്, മാസവാടക 54000 രൂപ!
ദിവസേന വാടക കൂടിക്കൂടി വരുന്നതിനാൽ തന്നെ പലർക്കും വീട് വാടകയ്ക്ക് എടുക്കാൻ സാധിക്കുന്നില്ല. അതുപോലെ തന്നെ എടുത്താലും ഒറ്റയ്ക്ക് വാടക കൊടുക്കാൻ സാധിക്കാറുമില്ല.

ലോകത്തെല്ലായിടത്തും വീടുകൾക്ക് വില കൂടി വരികയാണ്. വില മാത്രമല്ല, വാടകയും അങ്ങനെ തന്നെ, ഒടുക്കത്തെ വാടകയാണ്. പ്രത്യേകിച്ച് പ്രധാന നഗരങ്ങളിൽ. അങ്ങനെ ഒരു നഗരമാണ് ടൊറന്റോ. അതിനാൽ തന്നെ ഇവിടെ വാടകയും വളരെ വളരെ കൂടുതലാണ്. ഇവിടെ വീടുകളേക്കാളും അവിടുത്തെ സ്ഥിരം താമസക്കാരേക്കാളും കൂടുതൽ ഒരുപക്ഷേ കുടിയേറ്റക്കാരായിരിക്കും. ഇതൊക്കെ കൊണ്ടുതന്നെ ചെറിയ വാടകയ്ക്ക് ഒരു താമസസ്ഥലം കിട്ടുക വളരെ അധികം പ്രയാസമുള്ള സംഗതിയാണ്.
എന്നാൽ, ഓരോ പുതിയ പ്രശ്നമുണ്ടാകുമ്പോഴും ആളുകൾ അതിനെ മറികടക്കാൻ ഓരോ വഴിയും കണ്ടെത്തും എന്നല്ലേ? അങ്ങനെ, ഇപ്പോൾ തങ്ങളുടെ കിടക്കയുടെ ഒരു ഭാഗം ഷെയർ ചെയ്യാൻ ആളുകളെ തിരഞ്ഞുകൊണ്ടിരിക്കയാണ് പലരും. അതായത് ഒരു ഭാഗം കിടക്ക വാടകയ്ക്ക്. ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇത്തരം ഒരു പരസ്യത്തിൽ ഒരു ഭാഗം കിടക്കയ്ക്ക് ചോദിക്കുന്ന വാടക മാസം $650 ആണ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 54000 രൂപ വരും ഇത്.
ദിവസേന വാടക കൂടിക്കൂടി വരുന്നതിനാൽ തന്നെ പലർക്കും വീട് വാടകയ്ക്ക് എടുക്കാൻ സാധിക്കുന്നില്ല. അതുപോലെ തന്നെ എടുത്താലും ഒറ്റയ്ക്ക് വാടക കൊടുക്കാൻ സാധിക്കാറുമില്ല. ജോലി ചെയ്യാനും പഠനാവശ്യത്തിനും ഒക്കെയായി നഗരത്തിൽ എത്തുന്നവരെ സംബന്ധിച്ച് മറ്റ് മാർഗവും ഇല്ല. ഏതായാലും ഈ പ്രതിസന്ധിയെ മറികടക്കാനാവണം അവർ ഇങ്ങനെ ഒരു പുതിയ ഐഡിയ കണ്ടെത്തിയിരിക്കുന്നത്.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ (CREA) സമീപകാലത്തെ പ്രതിമാസ ഡാറ്റ പ്രകാരം രാജ്യത്തെ ഭവന വിപണി ഇപ്പോഴും ഇടിവ് നേരിട്ടു കൊണ്ടിരിക്കയാണത്രെ. വീടുകളുടെ വില്പന വളരെ കുറവാണ് എന്നും കണക്കുകൾ പറയുന്നു.
വായിക്കാം: അഴിയാക്കുരുക്കിൽ രണ്ടുദിവസം, ദുരിതം തിന്ന് മാൻ, രക്ഷയ്‍ക്കെത്തി ഉദ്യോഗസ്ഥർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം