യോക് ഷെയര്‍ റിപ്പര്‍ ജയിലില്‍ വച്ച് ഫ്രൈഡ് ചിക്കനും കേക്കുമായി പിറന്നാള്‍ ആഘോഷിച്ചുവെന്ന വാര്‍ത്ത ഇരകളുടെ വീട്ടുകാര്‍ക്ക് ഞെട്ടലുണ്ടാക്കുകയാണ്. എഴുപത്തിമൂന്നാമത്തെ പിറന്നാളാണ് ഇയാള്‍ ജയിലില്‍ സഹതടവുകാര്‍ക്കൊപ്പം ആഘോഷിച്ചത്. പീറ്റര്‍ സറ്റ്ക്ലിഫ് എന്ന റിപ്പര്‍ ക്രൂരമായി കൊലപ്പെടുത്തിയത് 13 സ്ത്രീകളെയാണ്. 20 ജീവപര്യന്തങ്ങളായിരുന്നു ഇയാള്‍ക്കുള്ള ശിക്ഷ.

'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സഹതടവുകാരില്‍ ഒരാളാണ് ഇയാള്‍ക്ക് ഫ്രൈഡ് ചിക്കന്‍ തയ്യാറാക്കി നല്‍കിയത്. 

13 കൊലപാതകങ്ങള്‍

സറ്റ്ക്ലിഫ് കൊല ചെയ്തത് 13 സ്ത്രീകളെയാണ്. 1976 മുതല്‍ 1981 വരെയുള്ള വര്‍ഷങ്ങളിലാണ് ഇയാള്‍ ഈ കൊലപാതകങ്ങളത്രയും നടത്തിയത്. ഏഴ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു ഇയാള്‍. ലോറി ഡ്രൈവറായിരുന്ന ഇയാള്‍ ലൈംഗിക തൊഴിലാളികളായിരുന്ന സ്ത്രീകളെയാണ് ലക്ഷ്യം വച്ചിരുന്നത്. കത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങള്‍ വച്ചാണ് കൊലകളത്രയും നടത്തിയത്. ആദ്യമാദ്യം വീടിന് പരിസരത്തുള്ളവരെയായിരുന്നു കൊലപ്പെടുത്തിയിരുന്നതെങ്കില്‍ പിന്നീടത് റെഡ് ലൈറ്റ് ജില്ലകളിലേക്ക് വ്യാപിച്ചു. 

2017 -ല്‍ 14 വയസ്സുള്ള ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അക്രമം നടത്തിയതിനെ കുറിച്ച് സറ്റ്ക്ലിഫ് തുറന്ന് പറഞ്ഞിട്ടുണ്ട്. ലൈംഗിക തൊഴിലാളിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമിച്ചത് എന്നും ഇയാള്‍ സമ്മതിച്ചിരുന്നു. കൊലപാതകങ്ങളെ കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ ലൈംഗിക തൊഴിലാളികളെ കൊല്ലാന്‍ ദൈവമാണ് തന്നെ ഇങ്ങോട്ട് അയച്ചത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. 

1984 -ല്‍ പാരനോയ്ഡ് സ്കീസോഫ്രീനിയ ആണെന്ന് പറഞ്ഞ് ഇയാളെ ചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നു. 2015 -ല്‍ ഇനി ചികിത്സയുടെ ആവശ്യമില്ലെന്ന് മെന്‍റല്‍ ഹെല്‍ത്ത് ട്രിബ്യൂണല്‍വ്യക്തമാക്കിയതോടെ തിരികെ ജയിലിലേക്ക് തന്നെ അയക്കുകയായിരുന്നു.