മത്സരത്തിൽ വിജയിച്ചതോടെ, ഈ മത്സരത്തിന്റെ സ്പോൺസറായ മഗ് റൂട്ട് ബിയറിന്റെ ലിമിറ്റഡ് എഡിഷൻ ടിന്നുകളിലും ഇനി ടെറ്റൂണിയയുടെ ചിത്രം വരുമത്രെ.
'ലോകത്തിലെ ഏറ്റവും വിരൂപരായ നായ'യെ കണ്ടെത്താനുള്ള മത്സരത്തിൽ ഒന്നാം സമ്മാനം നേടി ഇംഗ്ലീഷ്-ഫ്രഞ്ച് ബുൾഡോഗ് മിക്സ് നായയായ പെറ്റൂണിയ. നായ്ക്കുട്ടിയും അതിന്റെ ഉടമ ഷാനൻ നൈമാനും 4.3 ലക്ഷം രൂപ (5,000 ഡോളർ) ആണ് സമ്മാനമായി നേടിയത്. കഴിഞ്ഞ ആഴ്ചയാണ് കാലിഫോർണിയയിലെ സാന്താ റോസയിൽ സോനോമ കൗണ്ടി മേളയിൽ ഈ വ്യത്യസ്തമായ മത്സരം നടന്നത്. ഒറിഗോണിലെ യൂജിനിൽ നിന്നുള്ള നായ്ക്കുട്ടിയാണ് സമ്മാനം നേടിയ പെറ്റൂണിയ. ലാസ് വെഗാസിലെ ഒരു ബ്രീഡറിൽ നിന്നുമാണ് പെറ്റൂണിയയെ രക്ഷിച്ച് 'ലുവബിൾ ഡോഗ് റെസ്ക്യൂ ഒറിഗോണി'ലേക്ക് കൊണ്ടുവന്നത്.
ശരിയായ രീതിയിൽ ബ്രീഡിംഗ് നടത്തുന്നയാളായിരുന്നില്ല ഇയാൾ. അയാളുടെ ഈ ക്രൂരത കരാണം തന്നെ പെറ്റൂണിയയ്ക്ക് രോമം വളർന്നില്ല. മത്സരത്തിൽ പങ്കെടുത്തതും സമ്മാനം വാങ്ങിയതും പെറ്റൂണിയയ്ക്ക് ഇഷ്ടപ്പെട്ടെന്നാണ് താൻ കരുതുന്നത് എന്നാണ് അവളുടെ ഉടമയായ ഷാനൻ നൈമാൻ പറയുന്നത്. 'അവൾക്ക് വലിയ സന്തോഷം തോന്നുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. എല്ലാ ശ്രദ്ധയും, എല്ലാ വാത്സല്യവും അവളിലേക്കെത്തുന്നതും എല്ലാവരും അവളെ ലാളിക്കുന്നതും അവൾക്ക് അല്ലെങ്കിലും ഇഷ്ടം തന്നെയാണ്' എന്നും നൈമാൻ പറഞ്ഞു.
മത്സരത്തിൽ വിജയിച്ചതോടെ, ഈ മത്സരത്തിന്റെ സ്പോൺസറായ മഗ് റൂട്ട് ബിയറിന്റെ ലിമിറ്റഡ് എഡിഷൻ ടിന്നുകളിലും ഇനി ടെറ്റൂണിയയുടെ ചിത്രം വരുമത്രെ. 'മറ്റ് നായകളെയും പൂച്ചകളെയും ആളുകളെയും ഒക്കെ സ്നേഹിക്കുന്ന ശാന്തസ്വഭാവക്കാരിയാണ് പെറ്റൂണിയ' എന്നാണ് അവളെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിരൂപരായ നായകളെ കണ്ടെത്താനുള്ള ഈ മത്സരം ഏകദേശം 50 വർഷമായി നടക്കുന്നുണ്ട്. ഈ നായകളെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്ന അവയുടെ പ്രത്യേകതകൾ ആഘോഷിക്കാനായിട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
