ഏറെ പ്രശസ്തമായ ഡൺജിയൻ ഫൈറ്റർ ഓൺലൈൻ എന്ന മൊബൈൽ ഗെയിമുമായി ബന്ധപ്പെട്ടായിരുന്നു വറുത്ത തവള ടോപ്പിംഗ് പുറത്തിറക്കിയത്
ബെയ്ജിങ്: പിസ ഹട്ടിന്റെ പുതിയ പരീക്ഷണത്തിന്റെ പേരിൽ തമ്മിലടിച്ച് സമൂഹമാധ്യമങ്ങൾ. പിസയുടെ ടോപ്പിംഗായി ഡീപ്പ് ഫ്രൈഡ് തവളയെ ഉപയോഗിച്ചതാണ് വലിയൊരു വിഭാഗം ഭക്ഷണ പ്രേമികളെ ബാധിച്ചത്. ലിമിറ്റഡ് എഡിഷനായി ചൈനയിലെ പിസ ഹട്ട് ഇറക്കിയ ഗോബ്ലിൻ പിസയിലാണ് ടോപ്പിംഗായി വറുത്ത തവളയെ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഏറെ പ്രശസ്തമായ ഡൺജിയൻ ഫൈറ്റർ ഓൺലൈൻ എന്ന മൊബൈൽ ഗെയിമിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു വറുത്ത തവള ടോപ്പിംഗ് പുറത്തിറക്കിയത്.
സ്പൈസി സോസിനൊപ്പമുള്ള വറുത്ത തവളയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതിന് പിന്നാലെ വലിയ രീതിയിലാണ് വിഭിന്ന അഭിപ്രായ പ്രവാഹം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. പ്രമുഖ പാചക വിദഗ്ധർ അടക്കമുള്ളവരാണ് വേറിട്ട ലിമിറ്റഡ് എഡിഷൻ പരീക്ഷണത്തിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്. പ്രമുഖ പാചക വിദഗ്ധനും ഭക്ഷണ പ്രേമിയുമായ ജെയിംസ് വാക്കർ പിസയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിസ ഹട്ടിന്റെ പുതിയ പരീക്ഷണം കഴിക്കുന്നോയെന്നാണ് ജെയിംസ് വാക്കർ എക്സിൽ കുറിച്ചത്. സസ്യാഹാര പ്രേമികൾ പിസയിൽ പരീക്ഷണത്തിനായി ടോപ്പിംഗായി പൈൻ ആപ്പിൾ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്താണ് ജെയിംസ് വാക്കറുടെ കുറിപ്പ്.
പിസ ക്രസ്റ്റും ടൊമാറ്റോ സോസും മല്ലിയിലയ്ക്കും ഒപ്പമാണ് വറുത്ത തവളയുടെ ടോപ്പിംഗ് എത്തുന്നത്. ബോബ ബോളുകൾ അടക്കം ഉപയോഗിച്ചുള്ള പരീക്ഷണത്തിന്റെ ചിത്രങ്ങളും ഡീപ് ഫ്രൈഡ് ഫ്രോഗ് പിസയുടെ ചിത്രത്തിന് പ്രതികരണമായി എത്തുന്നുണ്ട്.
