വിടെയും പ്ലാസ്റ്റിക് വലിച്ചെറിയുക എന്നത് മനുഷ്യന്‍റെ ശീലമാണ്. യാത്ര പോയാല്‍ അവിടെ, കടലിലേക്ക്... തുടങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങളില്ലാത്ത ഇടങ്ങളില്ല എന്നായിരിക്കുന്നു. ജലത്തിലേക്ക് എന്തും വലിച്ചെറിയാം, അത് അവിടെ ഇല്ലാതായിക്കോളും എന്നാണ് പലരുടേയും ധാരണ. എന്നാല്‍, വലിച്ചെറിയുന്നതിനെ എന്തിനേയും അതുപോലെ തിരികെത്തന്നിരിക്കും സമുദ്രം. ഏതായാലും സമീപകാലത്തായി, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്ത് മനുഷ്യര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ ചിലയിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യത്തെ പുനരുപയോഗിക്കാനും അവ ഇല്ലാതാക്കാനുമുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അതില്‍ ചിലത് ഇതാ:

പ്ലാസ്റ്റിക് ബാഗിന് പകരം മുള

അന്‍ഡമാന്‍ ഐ എഫ് എസ് ഓഫീസര്‍മാര്‍ ചെടികള്‍ നടാനായി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മുളയുടെ പാത്രങ്ങളുപയോഗിച്ച് തുടങ്ങിയത് കുറച്ച് കാലം മുമ്പാണ്. വിപുല്‍ പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് ഇതിന് തുടക്കം കുറിച്ചത്. ഓരോ നഴ്സറിയിലും ചെടികള്‍ നടുന്നതിനായി എത്രമാത്രം പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. മുള കൊണ്ടുള്ള പാത്രത്തിലായപ്പോഴേക്കും അത്രയും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറഞ്ഞു. പതിയെ പതിയെ ഇത് ഓരോ നഴ്സറികളിലേക്കായി വ്യാപിപ്പിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിന് പകരം മറ്റുപലതും പരീക്ഷിച്ചുവെങ്കിലും അതിലൊന്നും ചെടികള്‍ വേണ്ടപോലെ വളര്‍ന്നില്ല. ഒടുവിലാണ് മുള എന്നതിലേക്ക് എത്തിപ്പെടുന്നത്. 

ആഗ്ര ജയിലിലെ കാഴ്ച

പഴയപോലെയല്ല, ജയിലുകളില്‍ തടവുകാര്‍ പലതരത്തിലുള്ള ജോലികള്‍ ചെയ്യുന്നു, രുചികരമായ ഭക്ഷണം തയ്യാറാക്കുന്നു, കലാപരമായ കഴിവുകളുപയോഗിക്കുന്നു അങ്ങനെ പലതും... ഇവിടെ ആഗ്രയില്‍ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തിനാണ് ഇവര്‍ സഹായിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ട് 'എക്കോ ബ്രിക്ക്' നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്തത്. 

പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ പകരം ഊണ്

ഇന്ത്യയിലെ ആദ്യത്തെ 'ഗാര്‍ബേജ് കഫെ' ഛത്തീസ്‌ഗഢില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ വീടില്ലാത്തവരോ, പാവപ്പെട്ടവരോ ആയ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കിയാല്‍ അവര്‍ക്ക് ഭക്ഷണം ലഭിക്കും. പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം എന്നതിലുപരി പാവപ്പെട്ട മനുഷ്യര്‍ക്ക് ഭക്ഷണത്തിനുള്ള വക എന്ന നിലയില്‍ കൂടി ഇത് ശ്രദ്ധിക്കപ്പെട്ടു.

 

ഒരു കിലോ പ്ലാസ്റ്റിക്ക് കൊണ്ടുവരുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും. ഇതിലൂടെ ലക്ഷ്യം വെക്കുന്നത് നഗരം വൃത്തിയായി സൂക്ഷിക്കുക എന്നതാണെന്ന് മേയര്‍ അജയ് ടിര്‍ക്കി പറഞ്ഞിരുന്നു. ഓരോ കിലോ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഉച്ചഭക്ഷണം നല്‍കും. അരക്കിലോ മാലിന്യം നല്‍കിയാല്‍ വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രഭാതഭക്ഷണം നല്‍കും. 550,000 രൂപയാണ് ബജറ്റില്‍ അധികൃതര്‍ ഇതിനായി വകയിരുത്തിയിട്ടുള്ളത്.

ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം

ഗുവാഹത്തിയിലെ ഒരു സ്കൂളില്‍ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ മതി. കുട്ടികള്‍ ഒരു കവറില്‍ പ്ലാസ്റ്റിക്കുമായി എത്തുകയും അത് സ്കൂളിലേക്ക് ഫീസായി നല്‍കാനും തുടങ്ങി. പാര്‍മിത ശര്‍മ്മ, മസീന്‍ മുക്താര്‍ എന്നിവര്‍ ചേര്‍ന്ന് 2016 -ല്‍ സ്ഥാപിച്ച സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കുക, അതുവഴി അവരെ ഒരു ജീവിതമാര്‍ഗം കണ്ടെത്തുന്നതിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂള്‍ ഈ പ്ലാസ്റ്റിക് ഫീസ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

പ്ലാസ്റ്റിക്കില്‍ നിന്നും റോഡ്

ലഖ്നൗ ഡെവലെപ്മെന്‍റ് അതോറിറ്റി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഒരു റോഡ് തന്നെ നിര്‍മ്മിച്ചു. ഗോമിത് നഗര്‍ പൊലീസ് സ്റ്റേഷന്‍ മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്‍റ് വരെയാണ് റോഡ്. 

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍

ഹൈദരാബാദിലുള്ള പ്രൊഫ. സതീഷ് കുമാര്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ ചെയ്തത് പ്ലാസ്റ്റിക് ഉപയോഗിച്ച് പെട്രോളുണ്ടാക്കലാണ്. അത് ലിറ്ററിന് 40 രൂപാ വിലയില്‍ വില്‍ക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥാപനം തന്നെ അദ്ദേഹത്തിനുണ്ട്. സാമ്പത്തികനേട്ടം തന്‍റെ ലക്ഷ്യമല്ലെന്നും പരിസ്ഥിതിയെ ചൊല്ലിയാണ് താനിത് ചെയ്യുന്നത് എന്നുമാണ് സതീഷ് പറയുന്നത്. 

അലങ്കാരവസ്തുക്കളായി മാറുന്ന പ്ലാസ്റ്റിക് 

മംഗളൂരുവില്‍ നിന്നുള്ള മേഖ എന്ന കലാകാരിയുടെ കരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്ലാസ്റ്റിക് അതിമനോഹരമായ അലങ്കാര വസ്തുക്കളായി മാറുകയാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക, പ്ലാസ്റ്റിക് മാലിന്യത്തെ മനോഹരമായി പുനരുപയോഗിക്കുക എന്നതാണ് മേഖ ചെയ്യുന്നത്. കേരളത്തിലടക്കം നിരവധി പേര്‍ ഇന്ന് പ്ലാസ്റ്റിക് കുപ്പികള്‍ അലങ്കാര വസ്തുക്കളാക്കി മാറ്റുന്നുണ്ട്.

പ്ലാസ്റ്റിക് കവറിന് പകരം വാഴയില 

തായ്‍ലന്‍ഡിലെ റിംപിങ് സൂപ്പര്‍മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമുപയോഗിക്കുന്നത് വാഴയിലയാണ്. വാഴയിലയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികളുടെയും മറ്റും ഫോട്ടോ വലിയ തോതിലാണ് സാമൂഹ്യമാധ്യമങ്ങളേറ്റെടുത്തത്.

 

തീര്‍ന്നില്ല, പ്ലാസ്റ്റിക് കൊണ്ട് ബോട്ട്, ചെരുപ്പ് അങ്ങനെ പലതും ഉണ്ടാക്കുന്നവരുണ്ട്. ഇതിലൂടെയൊക്കെ ഉദ്ദേശിക്കുന്നത് അവയെ ഭൂമിക്ക് ഭാരമാക്കാനായി വലിച്ചെറിയാതെ പുനരുപയോഗിക്കുക എന്നത് തന്നെയാണ്. 

കടലില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കടല്‍ജീവികളുടെ സര്‍വനാശത്തിനു തന്നെ കാരണമായേക്കാം എന്ന് രാജ്യാന്തര സമുദ്ര ഉച്ചകോടി തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇങ്ങനെതന്നെ ഇതു തുടരുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും കടലില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ആയിരിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഇന്തോനേഷ്യയിലെ വക്കാതോബി ദേശീയ പാര്‍ക്കിന്‍റെ ഭാഗമായുള്ള കപോട്ടാ ദ്വീപിനടുത്ത് കരക്കടിഞ്ഞ ഭീമന്‍ തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നും ആറ് കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കണ്ടെത്തിയത്. John Cancalosi എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രവും ലോകത്താകെ വലിയ ചര്‍ച്ചയാണുണ്ടാക്കിയത്. പ്ലാസ്റ്റിക് കവറിനകത്ത് കുടുങ്ങിയ യൂറോപ്യന്‍ വെണ്‍ബകത്തിന്‍റെ (White stork) ചിത്രമായിരുന്നു അത്. 

ഏതായാലും ബോധ്യപ്പെടുമ്പോഴെങ്കിലും നമ്മള്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും അവ പുനരുപയോഗിക്കാനുമുള്ള വഴികള്‍ തേടിയില്ലെങ്കില്‍ വലിയ ആഘാതമായിരിക്കും പരിസ്ഥിതിക്കേല്‍ക്കുക.