Asianet News MalayalamAsianet News Malayalam

തെരുവുനായ്ക്കളെ കൊല്ലാന്‍ മധുരപലഹാരത്തില്‍ വിഷം, ജീവന്‍ നഷ്ടപ്പെട്ടത് കുരുന്നിന്

സിന്ധ് സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം, 2021 ജൂൺ മുതൽ സെപ്തംബർ വരെ പ്രവിശ്യയിൽ 25,419 നായ്ക്കളെ കൊന്നൊടുക്കി. കറാച്ചിയിൽ മാത്രം 3,864 നായ്ക്കൾ കൊല്ലപ്പെട്ടു. പ്രവിശ്യയിൽ 28 ദശലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്ന് സിന്ധ് റാബിസ് കൺട്രോൾ പ്രോഗ്രാം പറയുന്നു. 

poisoned sweets for stray dogs but two year old died
Author
Karachi, First Published Dec 20, 2021, 11:02 AM IST

പാക്കിസ്ഥാനിലെ കറാച്ചിയിൽ(Pakistan’s Karachi) തെരുവ് നായ്ക്കളെ(Stray dogs) കൊന്നൊടുക്കുന്ന കൂട്ടത്തിൽ മരണപ്പെട്ടത് രണ്ട് വയസ്സുള്ള ഒരു കുരുന്നാണ്. നായ്ക്കളെ കൊല്ലാൻ ഉദ്ദേശിച്ചുള്ള വിഷം കലർത്തിയ മധുരപലഹാരങ്ങൾ കഴിച്ചാണ് അവൾ മരണപ്പെട്ടത്. അവളെ കൂടാതെ ആറ് കുട്ടികൾക്ക് കൂടി വിഷബാധയേറ്റു. വഴിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് കുട്ടികൾ ആരും കാണാതെ മധുരപലഹാരങ്ങൾ എടുത്ത് വീട്ടിൽ കൊണ്ട് പോയി കഴിക്കുകയായിരുന്നു. തുടർന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കറാച്ചി കോർപ്പറേഷൻ സൂപ്പർവൈസറാണ് മുനവർ അബ്ദുള്ള. അദ്ദേഹമാണ് വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന തന്റെ ബൈക്കിന്റെ പോക്കറ്റിൽ നായ്ക്കൾക്ക് നൽകാനുള്ള വിഷം കലർത്തിയ ലഡ്ഡു സൂക്ഷിച്ചത്. മഞ്ഞ നിറത്തിലുള്ള ആ പലഹാരങ്ങൾ തെരുവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അത് ആരും കാണാതെ വീട്ടിലേക്ക് കൊണ്ടുപോയി കഴിക്കുകയായിരുന്നു. താമസിയാതെ അവരുടെ ആരോഗ്യം മോശമാകാൻ തുടങ്ങി. രണ്ട് വയസ്സുള്ള മൂൺ വഖാസ് രക്ഷപ്പെട്ടില്ല. മറ്റുള്ളവരുടെ നില മെച്ചപ്പെട്ടതിനെ തുടർന്ന് അവർ വീട്ടിലേക്ക് മടങ്ങി. സംഭവം ആകെ ചർച്ചയായതോടെ, അബ്ദുള്ളയെ കോടതി റിമാൻഡ് ചെയ്തു.

പാകിസ്ഥാനിൽ വളരെ വർഷങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്‌നമാണ് തെരുവുനായ്ക്കൾ. അവിടെ ഓരോ വർഷവും ഏകദേശം 300,000 -ത്തോളം ആളുകൾക്ക് കടിയേറ്റ സംഭവങ്ങളും, 6,000 -ത്തോളം പേവിഷബാധ മൂലമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ട്, തന്നെ അവരെ കൊന്നൊടുക്കാനായുള്ള തീവ്രശ്രമത്തിലാണ് അധികാരികൾ. വർഷാവർഷം 50,000 തെരുവുനായ്ക്കളെ വരെയാണ് ഇതിന്റെ പേരിൽ കൊന്നൊടുക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളായ കറാച്ചിയിലും ലാഹോറിലുമാണ് ഏറ്റവും കൂടുതൽ കൊലകൾ നടക്കുന്നത്. മൃഗാവകാശ സംഘടനകളുടെ പ്രതിഷേധം ഉണ്ടായിട്ടും, മുനിസിപ്പൽ അധികാരികൾ നായ്ക്കളെ കൊല്ലുന്നത് തുടരുകയാണ്. മാംസത്തിലും മധുരപലഹാരങ്ങളിലും വിഷം നിറച്ച ഗുളികകൾ നൽകിയും, വെടിവച്ചും ഒക്കെയാണ് അവയെ ഇല്ലാതാക്കുന്നത്.  

സിന്ധ് സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം, 2021 ജൂൺ മുതൽ സെപ്തംബർ വരെ പ്രവിശ്യയിൽ 25,419 നായ്ക്കളെ കൊന്നൊടുക്കി. കറാച്ചിയിൽ മാത്രം 3,864 നായ്ക്കൾ കൊല്ലപ്പെട്ടു. പ്രവിശ്യയിൽ 28 ദശലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്ന് സിന്ധ് റാബിസ് കൺട്രോൾ പ്രോഗ്രാം പറയുന്നു. പ്രദേശത്തെ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു അബ്‍ദുള്ളയും. ജില്ലാ ഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് വിഷം കലർന്ന ഗുളികകൾ നായ്ക്കൾക്ക് നൽകുന്നത്. സംഭവത്തെ തുടർന്ന്, ജില്ലാ, ഡെപ്യൂട്ടി ഡയറക്ടർമാരെ സസ്‌പെൻഡ് ചെയ്‌തതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ദാരുണമായ സംഭവത്തിൽ, മൃഗസംരക്ഷണ പ്രവർത്തകർ വൻപ്രതിഷേധവുമായി മുന്നോട്ട് വരികയാണ്. 

Follow Us:
Download App:
  • android
  • ios