Asianet News MalayalamAsianet News Malayalam

അതിക്രൂരമായ സാത്താൻകുളം ലോക്കപ്പ് പീഡനത്തിന്റെ വിശദവിവരങ്ങളോടെ സിബിഐ കുറ്റപത്രം;പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരും കോൺസ്റ്റബിൾമാരും ഒക്കെ ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയും അവർ ചെയ്ത കൊലപാതകവും സിബിഐ അന്വേഷണത്തിൽ നിസ്സംശയം തെളിഞ്ഞിട്ടുണ്ട് എന്നാണ് ഈ കുറ്റപത്രം പറയുന്നത്. 
 

Police brutally tortured father and son to death, says charge sheet of CBI in Sathankulam Case
Author
Sathankulam, First Published Oct 27, 2020, 3:49 PM IST

കഴിഞ്ഞ ജൂൺ 18 -ന്, ലോക്ക് ഡൌൺ സമയത്ത് വൈകുന്നേരം കട അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് പൊലീസുമായി ഉണ്ടായ ഒരു തർക്കത്തെത്തുടർന്ന്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പി ജയരാജ്(59), ബെനിക്സ്(31) എന്ന് പേരായ രണ്ട് വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്ത്, ലോക്കപ്പിലിട്ട മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു. അച്ഛനെയും മകനെയും പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി, അടിച്ച് കാൽമുട്ടിന്റെ ചിരട്ട തകർത്ത്, പുറം പൊളിച്ച്, സ്റ്റീൽ ടിപ്പ്ഡ് ലാത്തി ഇരുവരുടെയും ഗുദത്തിലേക്ക് പലവട്ടം കയറ്റിയിറക്കിയാണ് പൊലീസ് കൊന്നുകളഞ്ഞത്. ആദ്യം പ്രാദേശിക തലത്തിൽ അന്വേഷിക്കപ്പെട്ട ഈ കേസ് പിന്നീട് പൊതുജന സമ്മർദ്ദത്തെ തുടർന്ന് സിബിഐക്ക് കൈമാറുകയുണ്ടായി. രാജ്യത്തെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞ ഈ കേസിൽ പോലീസുകാർക്കെതിരെ ഗുരുതരമായ കുറ്റാരോപണങ്ങൾ അടങ്ങിയ ഒരു ചാർജ്ഷീറ്റ് ഇപ്പോൾ സിബിഐ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. സാത്താൻകുളം സ്റ്റേഷനിലെ എസ്‌ഐമാരായ ശ്രീധർ, ബാലകൃഷ്‌ണൻ, രഘു ഗണേഷ്, കോൺസ്റ്റബിൾമാരായ മുരുഗൻ, മുത്തുരാജാ, ബാൽദുരൈ എന്നിവരടക്കം പത്തുപേർക്കെതിരെയാണ് സിബിഐ കുറ്റപത്രം.അതിന്റെ ഒരു പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങളിലൂടെ. 

ഈ കേസിൽ ആദ്യഘട്ട മർദ്ദനം-കൊലപാതകം എന്നിവയിലും, രണ്ടാം ഘട്ടത്തിൽ അത് മറച്ചുവെക്കാൻ വേണ്ടി നടന്ന തെളിവ് നശിപ്പിക്കലിലും സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരും കോൺസ്റ്റബിൾമാരും ഒക്കെ ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയും അവർ ചെയ്ത കൊലപാതകവും സിബിഐ അന്വേഷണത്തിൽ നിസ്സംശയം തെളിഞ്ഞിട്ടുണ്ട് എന്നാണ് ഈ കുറ്റപത്രം പറയുന്നത്. 

 

Police brutally tortured father and son to death, says charge sheet of CBI in Sathankulam Case

 

ജൂൺ 19 -ന് രാത്രി ഏഴരയോടെയാണ് ഇൻസ്‌പെക്ടർ കെ ബാലകൃഷ്ണൻ, എസ് ശ്രീധർ, കോൺസ്റ്റബിൾ മുത്തുരാജാ എന്നിവരടങ്ങുന്ന സംഘം ചേർന്ന് ബെനിക്സിന്റെ അച്ഛൻ ജയരാജിനെ കാമരാജർ ചൗക്കിൽ ഉള്ള തന്റെ കടയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നത്. തങ്ങളുടെ ടാറ്റ സുമോ വണ്ടിയിൽ കയറ്റി അവർ ജയരാജിനെ സ്റ്റേഷനിൽ എത്തിക്കുന്നു. വിവരമറിഞ്ഞ് അപ്പോൾ തന്നെ മകൻ ബെനിക്സ് സ്റ്റേഷൻ എസ്എച്ച്ഒ കൂടിയായ ശ്രീധറിനോട് എന്തിനാണ് അച്ഛനെ കൊണ്ടുപോകുന്നത് എന്ന് ചോദിക്കുന്നുണ്ട്. "എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ സ്റ്റേഷനിലേക്ക് വാ..." എന്നായിരുന്നു ഇൻസ്‌പെക്ടർ ബെനിക്സിന് അപ്പോൾ നൽകിയ മറുപടി. 

ബെനിക്സ് തന്റെ സുഹൃത്തായ രവിശങ്കറിനൊപ്പം ഒരു ബൈക്കിൽ പൊലീസ് ജീപ്പിനു പിന്നാലെ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നു. സ്റ്റേഷനകത്തേക്ക് ചെന്ന ബെനിക്സ് കാണുന്നത് തന്റെ അച്ഛനെ എസ്‌ഐ ബാലകൃഷ്ണൻ മർദ്ദിക്കുന്ന രംഗമാണ്. അതുകണ്ടപ്പോൾ ബെനിക്സ് എസ്ഐയുടെ കൈക്ക് പിടിച്ച് അച്ഛനെ അടിക്കുന്നത് തടയുന്നു. "എന്തിനാണ് ഇങ്ങനെ അച്ഛനെ തല്ലുന്നത്..." എന്ന് ചോദിച്ചുകൊണ്ടാണ് ബെനിക്സ് തടുക്കുന്നത്. ആ ഇടപെടൽ എസ്‌ഐ ബാലകൃഷ്ണന് അപമാനകരമായി തോന്നുന്നു. അവർക്കിടയിൽ അത് ഒരു വഴക്കിന് കാരണമാകുന്നു. ഉന്തും തള്ളും നടക്കുന്നു. തന്നെ പിടിക്കാൻ വന്ന മുത്തുരാജയെ ബെനിക്സ് തള്ളി മാറ്റുന്നു. അതുകണ്ട എസ്‌ഐ ബാലകൃഷ്‌ണൻ ബെനിക്സിന് നേർക്ക് പാഞ്ഞടുക്കുന്നു. അതിനിടെ ബാലൻസ് തെറ്റി ബാലകൃഷ്‌ണൻ നിലത്ത് വീണുപോകുന്നു. അതോടെ അപമാനബോധം ഇരട്ടിച്ച എസ്‌ഐ സ്റ്റേഷനിലെ മറ്റു പൊലീസുകാർക്കൊപ്പം ചേർന്ന് അച്ഛനെയും മകനെയും കെട്ടിയിട്ട് തുടരെ ലാത്തികൊണ്ട് പ്രഹരിക്കുന്നു.  

 

Police brutally tortured father and son to death, says charge sheet of CBI in Sathankulam Case

 

ഈ മർദ്ദനം തുടരുന്നതിനിടെയാണ് അതുവരെ സ്ഥലത്തില്ലാതിരുന്ന ശ്രീധർ എന്ന എസ്എച്ച്ഒ എത്തുന്നത്. ആയാലും ഈ മർദ്ദനത്തിൽ പങ്കുചേരുന്നു. മർദ്ദനത്തിന് പുറമെ, സ്റ്റേഷനിലെ പൊലീസുകാരെ പറഞ്ഞ് ഇളക്കി വിട്ട് കൂടുതൽ കൂടുതൽ മർദ്ദനങ്ങൾക്ക് പ്രേരിപ്പിച്ചു എന്നൊരു കുറ്റവും എസ് ഐ ശ്രീധറിനുമേൽ കുറ്റപത്രത്തിൽ സിബിഐ ചുമത്തുന്നുണ്ട്. പ്രതികളെ നഗ്നരാക്കി മർദ്ദിക്കാൻ ആവശ്യപ്പെട്ടത് ശ്രീധർ ആണത്രേ. സ്റ്റേഷനിലെ മേശപ്പുറത്ത് കൈകൾ വെച്ച് കാലുകൾ അകത്തിവെച്ച്, കൈകാലുകൾ നാലുപൊലീസുകാർ ചേർന്ന് ബലമായി പിടിച്ചുവച്ച് അഞ്ചാമതൊരു പൊലീസുകാരനായിരുന്നു അടിച്ചിരുന്നത്. സ്റ്റേഷനിലെ പൊലീസുകാർ മാറിമാറി മണിക്കൂറുകളോളം അച്ഛനെയും മകനെയും ഇങ്ങനെ മാറിമാറി മർദ്ദിച്ചുകൊണ്ടിരുന്നു. ഇരുവരുടെയും ഗുദത്തിലൂടെ പൊലീസുകാർ നിരവധി തവണ ഇരുമ്പുചുറ്റിയ ലാത്തി കയറ്റിയിറക്കി അവരെ ഉപദ്രവിച്ചു.

Police brutally tortured father and son to death, says charge sheet of CBI in Sathankulam Case


'കുറ്റാരോപിതരായ എസ് ഐ ബാലകൃഷ്‌ണൻ, രഘു ഗണേഷ്, മുരുഗൻ, മുത്തുരാജാ, ശ്രീധർ എന്നിവർ'

താനൊരു രക്താതിസമ്മർദ്ദരോഗിയാണെന്നും ഇങ്ങനെ തല്ലിയാൽ താൻ ചത്തുപോകും എന്നും കരഞ്ഞുകൊണ്ട് ജയരാജ് പറഞ്ഞിരുന്നു എങ്കിലും പൊലീസുകാർ അതൊന്നും ചെവിക്കൊള്ളാതെ മർദ്ദനം തുടരുകയായിരുന്നുവത്രെ. അടുത്ത രണ്ട് ദിവസം തുടർച്ചയായി അവർ മർദ്ദനങ്ങൾക്ക് വിധേയരായി. ഈ സമയത്തുതന്നെ ജയരാജനും ബെനിക്സിനും എതിരെ നിരവധി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കള്ളക്കേസും ചാർജ് ചെയ്യപ്പെട്ടു. 

ജയരാജോ ബെനിക്സോ യാതൊരു വിധത്തിലുള്ള ലോക്ക് ഡൌൺ ചട്ട ലംഘനങ്ങളും നടത്തിയിട്ടുണ്ടായിരുന്നില്ല എന്നും സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. സ്റ്റേഷൻ ലോക്കപ്പിനുള്ളിലെ നിരന്തരമർദ്ദനങ്ങൾ ജയരാജിന്റെയും ബെനിക്സിന്റെയും പൃഷ്ഠഭാഗത്തു നിന്ന് കടുത്ത രക്തസ്രാവം ഉണ്ടാകാൻ കാരണമായി. അത് സ്വന്തം അടിവസ്ത്രം ഊരി തുടച്ചുമാറ്റാൻ അവരെ കുറ്റാരോപിതരായ പൊലീസുകാർ നിർബന്ധിച്ചു എന്നാണ് കുറ്റപത്രത്തിൽ. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെക്കൊണ്ടും ചോരപുരണ്ട പ്രതലങ്ങളെല്ലാം തന്നെ തുടച്ച് വൃത്തിയാക്കി തെളിവുകൾ എല്ലാം നശിപ്പിക്കാൻ ശ്രമം ഉണ്ടായി. 

Police brutally tortured father and son to death, says charge sheet of CBI in Sathankulam Case

 

ജൂൺ 20 -ന് ജയിലേക്ക് റിമാണ്ടിന് അയക്കും മുമ്പ് സാത്താൻകുളം ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. വിനിലയ്ക്ക് മുന്നിൽ പൊലീസുകാർ ഈ രണ്ട് പ്രതികളെയും ഹാജരാക്കി എങ്കിലും, ഇത്രയധികം മുറിവുകളും, നിലയ്ക്കാത്ത ബ്ളീഡിങ്ങും, ഉയർന്ന രക്തസമ്മർദ്ദവും ഒക്കെ ഉണ്ടായിരുന്നിട്ടും, മരണാസന്നരായിക്കഴിഞ്ഞിരുന്ന അച്ഛനെയും മകനെയും ആ ഡോക്ടർ ജയിലിലേക്ക് പറഞ്ഞയക്കാനും മാത്രം ആരോഗ്യമുള്ളവരാണ് എന്ന സർട്ടിഫിക്കറ്റ് നൽകി പൊലീസുകാർക്കൊപ്പം അയച്ചു. മെഡിക്കൽ ചെക്കപ്പിനുവേണ്ടി ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ രണ്ടുവട്ടം രക്തത്തിൽ കുതിർന്നു പോയതിന്റെ പേരിൽ ഇരുവരുടെയും വസ്ത്രങ്ങൾ മാറ്റേണ്ടി വന്നിരുന്നു പൊലീസിന്. ആശുപത്രിയിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴി ഒരിക്കൽ കൂടി ചോരയിൽ കുതിർന്ന ലുങ്കി മാറ്റി വേറെയുടുപ്പിച്ചു പൊലീസ്.  ഇങ്ങനെ മാറ്റിയ ലുങ്കികൾ സ്റ്റേഷന് മുന്നിലെ ചവറുകൂനയിലേക്ക് വലിച്ചെറിഞ്ഞത് പിന്നീട് സിബിഐ സംഘം കണ്ടെടുത്തിരുന്നു. 

 

Police brutally tortured father and son to death, says charge sheet of CBI in Sathankulam Case

ജൂൺ 19 -ന് പൊലീസ് അറസ്റ്റുചെയ്യുമ്പോൾ ജയരാജിനോ മകൻ ബെനിക്സിനോ, യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും കുറ്റപത്രത്തിൽ പറയുന്നു. വളരെ മോശപ്പെട്ട ആരോഗ്യാവസ്ഥയിൽ കോവിൽപെട്ടി ജയിലിൽ അടക്കപ്പെട്ട ഇരുവരും കടുത്ത പനിയും ശ്വാസം മുട്ടും കാരണം മരിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios