രംഗം ഇന്ത്യാ ആർട്ട് ഫെയർ നടക്കുന്ന ദില്ലി ഓഖ്‌ലാ മൈതാനം. ഇന്ത്യയിലെ പ്രസിദ്ധരായ ചിത്രകാരന്മാരും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുകളും ഒക്കെ ഒന്നിക്കുന്ന വേദികൂടിയാണ്  ഇന്ത്യാ ആർട്ട് ഫെയർ. അവിടെ പല ഭാഗങ്ങളിലായി ലൈവ് പെർഫോമൻസുകളും ചിത്രംവരയും ഒക്കെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ദില്ലി പൊലീസിന് ഒരു പരാതി ചെല്ലുന്നു. ഒരു ഊമക്കത്ത്. ഓഖ്‌ലാ മൈതാനം പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രചാരണം നടത്താൻ വേണ്ടി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു പരാതി. 

 

പരാതി കിട്ടിയപാടെ ദില്ലി പൊലീസ് മൈതാനത്തേക്ക് പാഞ്ഞെത്തി. 'ഹം ഏക് ഹേ' എന്നായിരുന്നു വിവാദാസ്പദമായ ആ ആർട്ട് വർക്കിന്റെ പേര്. വന്നപാടെ പൊലീസ് ചോദിച്ചത് ആ വർക്കിലെ ചിത്രങ്ങൾക്കിടയിൽ കുറിച്ചിട്ട ഉറുദു പദ്യശകലത്തെപ്പറ്റിയായിരുന്നു. അവർക്ക് വേണ്ടിയിരുന്ന ഒരു അപകടം നിറഞ്ഞ വാക്ക് ഒരു പക്ഷേ, ആ കവിതയിലെ വരികൾക്കുള്ളിൽ ഒളിഞ്ഞിരുപ്പുണ്ട്. ആ രണ്ടുവരിക്കവിത ഇങ്ങനെയായിരുന്നു, 

"തൂ ഷാഹീൻ ഹേ, പർവാസ് ഹേ കാം തേരാ
  തേരെ സാംനെ ആസ്മാൻ ഓർ ഭി ഹേ... " 

അതായത്,

" നീ ഒരു പരുന്താണ്, നിന്റെ നിയോഗം പറക്കലാണ് 
 നിനക്ക് മുന്നിൽ ആകാശങ്ങൾ വേറെയുമുണ്ട്.." 

പൊലീസിനെന്ത് കവിത...! ഉറുദു പദ്യശകലം വായിച്ചു കേട്ട പാടേ, അവർക്ക് ആഗ്രഹിച്ചിരുന്ന തൊണ്ടിമുതൽ കിട്ടിയ ആഹ്ളാദമായി. കവിതയിൽ കേട്ട ഒരു വാക്ക് ഏറെ അപകടകരമായ ഒന്നാണ്. 'ഷാഹീൻ'. ആ വാക്ക് ഷാഹീൻ ബാഗിലുണ്ടല്ലോ. അപ്പോൾ ആ കവിത ഷാഹീൻ ബാഗിനെക്കുറിച്ചും, തദ്വാരാ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ആണല്ലോ. അതോടെ പരിപാടി തടസ്സപ്പെടുത്തിയ പൊലീസ് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്ന ചോദ്യം ഇതായിരുന്നു, "ഇത്ര പ്രകോപനപരമായ, രാജ്യത്തിനെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ് പ്രദർശിപ്പിക്കുന്നത് എന്ന് മുൻകൂട്ടി അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ്..?"

ചിത്രത്തിലെ 'ഷാഹീൻ' എന്ന വാക്ക് പണ്ടേക്കുപണ്ടേ അല്ലാമാ ഇക്‌ബാൽ എന്ന കവി തന്റെ ഗസലിൽ എഴുതി വെച്ചതാണ് എന്നും, അതിന്റെ അർഥം പരുന്ത് എന്നാണെന്നും, ഷാഹീൻബാഗുമായി അതിനെ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച ആർട്ടിസ്റ്റുകൾ പറഞ്ഞു. ഇനി ബന്ധമുണ്ടെങ്കിൽ തന്നെ, അങ്ങനെ ഒരു വാക്ക് ഉൾക്കൊള്ളുന്ന കവിത, ഒരു കൊളാഷിന്റെ ഭാഗമാകുന്നതുകൊണ്ട് എന്ത് ക്രമാസമാധാനപ്രശ്നമാണുണ്ടാകാൻ പോകുന്നതെന്നും അവർ ചോദിച്ചു. ഇത് കലാസൃഷ്ടിയെപ്പറ്റി യാതൊരു വിവരവുമില്ലാത്ത ഏതോ ഒരു കാണി, ചിത്രത്തിൽ മുസ്‌ലിം ലുക്കുള്ള സ്ത്രീകളുടെ അടുത്തായി പ്രതിഷ്ഠിച്ച ഷാഹീൻ എന്ന വാക്ക് കണ്ടപ്പോൾ തെറ്റിദ്ധരിച്ച് പൊലീസിനെ വിളിച്ചുവരുത്തിയതാവാം എന്നും അവിടെ കൂടിയ കലാകാരന്മാരിൽ പലരും പറഞ്ഞു. 

ആ രണ്ടു വരി അല്ലാമാ ഇക്‌ബാൽ എന്ന ഉറുദു കവിയുടെ സുപ്രസിദ്ധമായ ഒരു ഗസലിലേതായിരുന്നു ." സിതാരോം കെ ആഗേ ജഹാ ഓർ ഭി ഹേ, അഭി ഇഷ്‌ക് കാ ഇംതിഹാൻ ഓർ ഭി ഹേ..." - എന്നുവെച്ചാൽ ഈ കാണുന്ന നക്ഷത്രങ്ങൾക്കും അപ്പുറം വേറെയും ലോകങ്ങളുണ്ട്, പ്രണയത്തിന്റെ പാതയിൽ  പരീക്ഷണങ്ങൾ ഇനിയുമേറെയുണ്ട്..." 

നമ്മളെല്ലാം ഒന്നാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ആർട്ട് ഇൻസ്റ്റലേഷൻ ആയിരുന്നു അത്. വളരെ രസകരമായ ഒരു പ്രവൃത്തിയായിരുന്നു സംഘാടകർ അതിനൊപ്പം ചെയ്തത്. സായി ക്ഷേത്രത്തിൽ നിന്ന് മൗലി എന്നറിയപ്പെടുന്ന ചുവന്ന നിറത്തിലുള്ള ഹിന്ദുക്കളുടെ ഒരു പവിത്രച്ചരട് കൊണ്ടുവന്നു അവർ. ഒപ്പം നിസാമുദ്ദീൻ ദർഗയിലെ ചരടും. ആ ചരട് കൂട്ടിക്കെട്ടുമ്പോൾ പശ്ചാത്തലത്തിൽ ഒരു ഗായകൻ ഈ ഗസൽ ആലപിച്ചുകൊണ്ടിരുന്നു. കാണികൾക്കൊക്കെ അവർ ഈ രണ്ടു ചരടുകളും വിതരണം ചെയ്തിരുന്നു. അവരും ഈ ഗസൽ ആലാപനത്തിന്റെ പശ്ചാത്തലത്തിൽ തന്നെ ഈ ചരടുകൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടിരുന്നു. വിവരണാതീതമായ ഒരു ഉത്കർഷം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു ആ വേദിയിൽ. ഗസലും, ഈ ചരടുകൾ കെട്ടലും ഒക്കെയായി ആകെ ഒരു സൂഫി അന്തരീക്ഷം. ആ ആർട്ട് വർക്കുമായി അവിടെ ഉണ്ടായിരുന്നവർ എല്ലാം സാകല്യത്തിലായ ആ ഒരു നിമിഷത്തെ ഭേദിച്ചുകൊണ്ടാണ് അവിടേക്ക് സൈറൺ മുഴക്കിക്കൊണ്ട് പൊലീസ് കടന്നുവന്നത്. പൊലീസിന്റെ അപ്രതീക്ഷിതമായ ആ ഇടപെടൽ അവിടെയുണ്ടായിരുന്ന എല്ലാവർക്കും വല്ലാത്തൊരു ഷോക്കാണ് പകർന്നു നൽകിയത്. 

ദി വാൾ എന്ന ഇൻസ്റ്റലേഷന്റെ ഭാഗമായ ആ ഒരു കൊളാഷ് വർക്കിനെ അതിനെപ്പറ്റി മനസ്സിലാക്കാൻ പോലും മിനക്കെടാതെയാണ് പൊലീസ് ഏറെ നിർവികാരമായ രീതിയിൽ സമീപിച്ചതും, ഒരു വാക്കിനെ അടര്തിയെടുത്തുകൊണ്ട് ഒരു കലാസൃഷ്ടിയെത്തന്നെ അപഹസിക്കാൻ ശ്രമിച്ചതും എന്ന് ഇൻസ്റ്റലേഷന്റെ ക്യൂറേറ്റർ ആയ മൈനാ മുഖർജി ആരോപിച്ചു. ഒരു ആർട്ട് ഫെയർ നടക്കുന്ന ഇടം പോലും രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വാതന്ത്രമല്ലാത്ത സ്ഥിതി ഏറെ പരിതാപകരമാണെന്ന് കലാകാരന്മാർ പ്രതികരിച്ചു.