എട്ടുമാസം തുടർച്ചയായി പൊലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എന്ന് പറഞ്ഞാൽ പോരാ, പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ ഒരു മുറിയിലെ ജനലഴിയിൽ കയറുകൊണ്ട് കാലിൽ കുരുക്കിട്ട് കെട്ടി വെച്ച നിലയിൽ അഞ്ചു മാസം കഴിച്ചുകൂട്ടേണ്ടി വന്ന ഒരു പോരുകോഴിക്ക് കഴിഞ്ഞ ദിവസം കോടതിയുടെ ഇടപെടലിൽ മോചനമായിരിക്കുകയാണ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഘോട്ടമിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം.

പാകിസ്ഥാനിൽ കോഴിപ്പോര് നിയമ വിരുദ്ധമാണ്. ഇടയ്ക്കിടെ റെയിഡുകൾ നടക്കും. കോഴിപ്പോര് നടത്തുന്നവർ പിടിയിലുമാകും. കഴിഞ്ഞ കുറി നടന്ന റെയ്‌ഡിൽ പത്തുപന്ത്രണ്ടു പേരെയും അഞ്ചു കോഴികളെയും കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കപ്പെട്ടവർ ആദ്യം റിമാണ്ടിലായെങ്കിലും പിന്നീട് അവർക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, അന്ന് പിടിച്ചെടുത്ത കോഴികൾക്ക് മേലെ അവകാശവും സ്ഥാപിച്ചുകൊണ്ട് അവരിൽ ആരും തന്നെ വരാതെയായപ്പോൾ കുടുങ്ങിയത് തൊണ്ടിമുതലായി ഈ കോഴികളെ പിടിച്ചെടുത്ത പൊലീസ് ആണ്. കേസ് തീരും വരെ തൊണ്ടിമുതലിനെ ജീവനോടെ സൂക്ഷിക്കേണ്ട ചുമതല അവരുടേതായി.

പൊലീസ് പക്ഷേ ആ കോഴികളെ ലോക്കപ്പിലിട്ട് പീഡിപ്പിക്കാനൊന്നും മുതിർന്നില്ല. ഒരു ഹാളിലാണ് പാർപ്പിച്ചത്. പക്ഷേ, എങ്ങും ഓടിപ്പോകാതിരിക്കാൻ കാലിൽ കയറുകെട്ടി വെച്ചിരുന്നു. വലിയ പൊല്ലാപ്പായി ഈ കോഴികളുടെ സംരക്ഷണം മാറിയിരുന്നു പൊലീസിന്. കാരണം ഈ കോഴികൾ തൊണ്ടിമുതലാണ്. കോടതി പറയുന്ന നിമിഷം ഹാജരാക്കേണ്ടവ. അവറ്റയെ എങ്ങാനും പൂച്ചയോ പട്ടിയോ പിടിച്ചു തിന്നാലും സംഗതി കോടതിയുടെ കണ്ണിൽ കസ്റ്റഡി/ലോക്കപ്പ് മരണം എന്ന കണക്കിലാവും പെടുക. അതിനും ഉത്തരം പറയേണ്ടത് എസ്എച്ച്ഓ ആയിരിക്കും. അതുകൊണ്ട് എസ്‌ഐ തന്നെ കോഴികളുടെ സംരക്ഷണം നേരിട്ട് ഏറ്റെടുത്തിരുന്നു.

 ആ ഉത്തരവാദിത്തം പക്ഷേ എസ്ഐയുടെ കീശകീറുന്ന ഒന്നായിരുന്നു. ചില്ലറ ഭക്ഷ്യമൊന്നും പോരാ ഈ പോരുകോഴികൾക്ക്. ദിവസേന നൂറുരൂപയ്ക്കുള്ള ബാജ്‌റ അകത്താക്കും ഒരു കോഴി. അങ്ങനെ കഴിഞ്ഞ എട്ടുമാസമായി എല്ലാദിവസവും നാലുനേരം സുഭിക്ഷ ഭക്ഷണം, അസുഖം വന്നാൽ വെറ്ററിനറി ഡോക്ടറുടെ പരിചരണം എന്നിങ്ങനെ കോഴിപരിപാലനം യഥാവിധി നടന്നുകൊണ്ടിരിക്കെയാണ് അതിൽ ഒരു കോഴിയുടെ ഉടമസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ച്, പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിട്ടുള്ള തന്റെ വളർത്തുകോഴിയെ തനിക്ക് തിരികെ വിട്ടുതരണം എന്ന് അപേക്ഷിച്ചത്. ബിസിനസ് ആവശ്യങ്ങൾക്കായി ദീർഘകാലമായി താൻ കറാച്ചിയിൽ ആയിരുന്നതിനാലാണ് ഇതുവരെ അവകാശവാദവുമായി വരാതിരുന്നത് എന്നും അയാൾ ബോധിപ്പിച്ചു. ആ ആവശ്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി പൊലീസിനോട് കസ്റ്റഡിയിലുള്ള കോഴികളെ വിട്ടയക്കാൻ ഉത്തരവിട്ടത്.

ഇങ്ങനെ ജീവനുള്ള തൊണ്ടിമുതലുകൾ പിടിച്ചെടുക്കുമ്പോൾ അവയെ എങ്ങനെ പരിരക്ഷിക്കണം എന്നത് സംബന്ധിച്ച് പാകിസ്താനിലെ നിയമങ്ങളിൽ അവ്യക്തതയുണ്ടെന്നും, അതിൽ കുറേക്കൂടി വ്യക്തത വരേണ്ടതുണ്ടെന്നും പൊലീസ് ഇൻസ്‌പെക്ടർ പ്രതികരിക്കുകയുണ്ടായി. വൈകിയെങ്കിലും വന്നെത്തിയ ഈ കോടതി ഉത്തരവ് പൊലീസ് സ്റ്റേഷൻ അധികാരികൾക്ക് എന്തായാലും വല്ലാത്ത ഒരു ആശ്വാസമായാണ് അനുഭവപ്പെട്ടത്.